Pages

Thursday, October 11, 2012

മരുന്നുവില നിയന്ത്രിക്കണം


മരുന്നുവില നിയന്ത്രിക്കണം ഗുണം ഉറപ്പാക്കണം
അവശ്യ മരുന്നുകളുടെ വിലയിലുണ്ടായ വര്‍ധന താങ്ങാനാവാതെ സാധാരണക്കാരും പാവപ്പെട്ടവരും ക്ലേശിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ജനങ്ങള്‍ക്ക് മിതമായ വിലയ്ക്ക് മരുന്നുകള്‍ കിട്ടണമെന്ന ലക്ഷ്യത്തോടെയാണ് 350ഓളം അവശ്യമരുന്നുകളുടെ വിലയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, മരുന്നുകമ്പനികളുടെ താത്പര്യത്തിനു വഴങ്ങി വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്ന മരുന്നുകളുടെ എണ്ണം സര്‍ക്കാര്‍ പലപ്പോഴായി കുറച്ചു. നിയന്ത്രണം കൂടുതല്‍ പരിമിതപ്പെടുത്താനുള്ള 2002ലെ സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തെങ്കിലും രണ്ടുവര്‍ഷം മുന്‍പുമാത്രമാണ് കേസിന്റെ വാദം തുടങ്ങിയത്. പിന്നീട് 348 അവശ്യ മരുന്നുകളുടെ വിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും വിലനിര്‍ണയ രീതിയില്‍ മാറ്റം വരുത്താനും കേന്ദ്ര മന്ത്രിസഭാ ഉപസമിതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിലനിര്‍ണയത്തിനുള്ള പുതിയ രീതി ഔഷധവില കൂടാനിടയാക്കുന്നതാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍, വിലനിയന്ത്രണ സംവിധാനത്തില്‍ മാറ്റംവരുത്തരുതെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം ജനങ്ങള്‍ക്ക് ആശ്വാസകരമാണ്.

ഔഷധവില നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ്‌വര്‍ക്ക് ഫയല്‍ ചെയ്ത കേസിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ഇങ്ങനെ ആവശ്യപ്പെട്ടത്. ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ മരുന്നുകള്‍ക്ക് വിലനിശ്ചയിക്കുന്ന സമ്പ്രദായമാണ് 1999 മുതല്‍ രാജ്യത്ത് നിലവിലുള്ളത്. അവശ്യ മരുന്നുകള്‍ക്ക് വില നിശ്ചയിക്കുമ്പോള്‍ വിപണിയില്‍ ഏറ്റവുമധികം വില്‍ക്കുന്ന മൂന്ന് മരുന്നുകളുടെ വിലയുടെ ശരാശരി ഉയര്‍ന്ന വിലയായി കണക്കാക്കാന്‍ കമ്പനികളെ അനുവദിക്കണമെന്നാണ് ഉപസമിതിയുടെ ഒരു ശുപാര്‍ശ. കുത്തകക്കമ്പനികളുടെ മരുന്നുകളായിരിക്കും സാധാരണ കൂടുതല്‍ വില്‍ക്കപ്പെടുക. അവയുടെ വില മറ്റു കമ്പനികളുടെ മരുന്നുകളുടേതിനെക്കാള്‍ കൂടുതലുമായിരിക്കും.
 വിലകുറച്ചു വിറ്റുവരുന്ന മരുന്നുകളുടെപോലും വിലകൂട്ടാന്‍ പല കമ്പനികള്‍ക്കും ഇതുവഴി കഴിയും. ജീവന്‍രക്ഷാമരുന്നുകളുടെ വില കുതിച്ചുയരുകയാവും ഇതിന്റെ ഫലം. നിര്‍ദിഷ്ടനയം മരുന്നുകളുടെ വിലക്കയറ്റത്തിനു വഴിവെക്കുമെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. വിലനിയന്ത്രണപ്പട്ടികയിലുള്ള മരുന്നുകളുടെ ചേരുവയില്‍ ചെറിയ മാറ്റംവരുത്തി പല കമ്പനികളും വില ഉയര്‍ത്തുക പതിവാണ്. ചില ഡോക്ടര്‍മാര്‍ മരുന്നിന്റെ ബ്രാന്‍ഡ്‌നെയിം മാത്രം കുറിച്ചു നല്‍കുന്നതും രോഗികളെ വലയ്ക്കുന്നു. ഇതും പലപ്പോഴും കമ്പനികളുടെ താത്പര്യപ്രകാരം ചെയ്യുന്നതാണ്. നിശ്ചയിക്കപ്പെട്ടിട്ടുള്ളതിലുമധികം വില മരുന്നുകച്ചവടക്കാര്‍ ഈടാക്കുന്നതും അസാധാരണമല്ല.

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നതാണ് ഈ രംഗത്തെ മറ്റൊരു പ്രശ്‌നം. കേരളത്തില്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ മരുന്നു നല്‍കുന്ന കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് സ്വന്തമായി വേണ്ടത്ര പരിശോധനാസൗകര്യമില്ല. പിന്‍വലിച്ച മരുന്നുകള്‍പോലും രോഗികള്‍ക്കു ലഭിക്കാന്‍ ഇതിടയാക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സര്‍ക്കാര്‍തലത്തില്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ കുറെ സാമ്പിളുകളെങ്കിലും പരിശോധിക്കുന്നുണ്ട്. മെഡിക്കല്‍ഷോപ്പുകളിലെയും സ്വകാര്യ ആസ്പത്രികളിലെയും സാമ്പിളുകള്‍ പലപ്പോഴും വേണ്ടവിധം പരിശോധിക്കാറില്ല. ഈ സ്ഥിതിവിശേഷത്തിനും മാറ്റം ഉണ്ടാകണം.
 മരുന്നുകളുടെ ഉപയോഗത്തിലുണ്ടായ വര്‍ധന ഔഷധനിര്‍മാണ, വിതരണ രംഗങ്ങളില്‍ കടുത്ത മത്സരത്തിന് ഇടയാക്കിയിട്ടുണ്ട്. വ്യാജമരുന്നുകളും പലേടത്തും വിറ്റഴിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പൊതുജനാരോഗ്യസംരക്ഷണത്തിനായാണ് കേന്ദ്രവും സംസ്ഥാനങ്ങളും വരുമാനത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കുന്നത്. അതിന്റെ പ്രയോജനം പ്രധാനമായും ചികിത്സയുടെയും ഔഷധങ്ങളുടെയും മികവിനെ ആശ്രയിച്ചിരിക്കുന്നു. മരുന്നുകള്‍ വെറും കച്ചവടച്ചരക്കല്ല. ആ സമീപനത്തോടെയുള്ള മേല്‍നോട്ടം ഈ രംഗത്ത് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായേ മതിയാകൂ. മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനൊപ്പം അവയുടെ നിലവാരവും ലഭ്യതയും ഉറപ്പുവരുത്താനും കഴിയണം.

പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: