Pages

Monday, October 1, 2012

മാതാപിതാക്കളെ സംരക്ഷിക്കല്‍ മക്കളുടെ കടമയാണ്


മാതാപിതാക്കളെ സംരക്ഷിക്കല്‍ മക്കളുടെ കടമയാണ്
         മാതാപിതാക്കളെ  സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണ് .പ്രായംചെന്നവര്‍ക്ക് അവഗണനയും ക്ലേശവും അനുഭവിക്കേണ്ടിവരുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നത് പരിഷ്‌കൃതസമൂഹത്തിന് അപമാനമാണ്. സാമൂഹിക, സാമ്പത്തിക, ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുന്ന മുതിര്‍ന്ന പൗരന്മാര്‍ ഇന്ത്യയില്‍ ഒട്ടേറെയുണ്ട്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരാണ് സംസ്ഥാനത്തെ വയോജനങ്ങളില്‍ പകുതിയോളം പേര്‍. അമിത രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം, ശ്വാസതടസ്സം എന്നിവയാണ് അവരില്‍ കൂടുതലായി കണ്ടുവരുന്നത്. 
       സാമ്പത്തികശേഷിയുള്ള കുടുംബങ്ങളില്‍പ്പെട്ടവര്‍ക്ക് വിദഗ്ധചികിത്സയും മറ്റു സൗകര്യങ്ങളും ലഭിക്കുന്നുണ്ടാവാം. എന്നാല്‍, അവഗണിക്കപ്പെടുന്നവര്‍ ഇക്കൂട്ടത്തിലുമുണ്ട്. സാമ്പത്തികക്ലേശമുള്ള വയോജനങ്ങളില്‍ പലരുടെയും സ്ഥിതിയാകട്ടെ ഏറെ പരിതാപകരമാണ്. വയോജനങ്ങളില്‍ 60 ശതമാനത്തോളം പേര്‍ക്കും സ്വന്തമായി ചെലവുവഹിക്കാനുള്ള വരുമാനമില്ല. അവരുടെ ചികിത്സയും സംരക്ഷണവും കുടുംബാംഗങ്ങളുടെ സന്മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. കേരളത്തില്‍ വൃദ്ധസദനങ്ങള്‍ ഒട്ടേറെയുണ്ട്. വയോജനങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ എല്ലാ തട്ടുകളിലുള്ളവര്‍ക്കും പൊതുവെ ഒരു പ്രശ്‌നമായിട്ടുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.മാതാപിതാക്കളെ സംരക്ഷിക്കല്‍ ഓരോ പൗരന്റെയും കടമയാക്കിക്കൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റ് 2007ല്‍ വയോജന സംരക്ഷണനിയമം കൊണ്ടുവരികയുണ്ടായി. ഈ നിയമം അനിവാര്യമാക്കിയ സാഹചര്യത്തിന് അതിനുശേഷവും കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാകുന്നത്. പ്രായംചെന്നവരെ വൃദ്ധസദനങ്ങളിലാക്കുന്ന ശീലം വ്യാപകമായിരിക്കുന്നു. കുടുംബ വ്യവസ്ഥിതിയിലും ജീവിതശൈലിയിലും സങ്കല്പത്തിലും വന്ന മാറ്റങ്ങള്‍, പ്രായോഗിക വിഷമതകള്‍ തുടങ്ങിയവ ഇതിനു കാരണങ്ങളാണ്. 
         എന്നാല്‍, പലപ്പോഴും ഇവയ്‌ക്കൊപ്പം ആധുനിക സമൂഹത്തിന്റെ അസഹിഷ്ണുതയും സ്വാര്‍ഥതയും കൂടി ഈ ശീലത്തിന് കാരണമാകുന്നുണ്ട്. വയോജന പരിചരണത്തിനായി നടത്തപ്പെടുന്ന പല സ്ഥാപനങ്ങളും ഈ സ്ഥിതിവിശേഷത്തില്‍നിന്ന് മുതലെടുക്കാനും ശ്രമിക്കുന്നു. അവഗണനയുടെയും ക്രൂരതയുടെയും കഥകള്‍ പല സ്ഥാപനങ്ങളില്‍നിന്നും പുറത്തുവരാറുണ്ട്. വെറും വാണിജ്യ താത്പര്യങ്ങള്‍ ഈ മേഖലയിലേക്കും വ്യാപിക്കുന്നതിന്റെ ദുഷ്ഫലമാണിത്. കേരളത്തിലെ വൃദ്ധ, മഹിളാമന്ദിരങ്ങളുടെ നടത്തിപ്പ് സന്നദ്ധസംഘടനകള്‍ക്ക് കൈമാറുമെന്ന് സംസ്ഥാന സാമൂഹികക്ഷേമമന്ത്രി എം.കെ. മുനീര്‍ ഈയിടെ പറഞ്ഞു. വിഭവശേഷിയുടെ പരിമിതികാരണം സര്‍ക്കാറിന് ഇത്തരം സ്ഥാപനങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടാണെന്നും മന്ത്രി സൂചിപ്പിച്ചു. സാമൂഹിക സുരക്ഷ, മന്ത്രി പറഞ്ഞതുപോലെ, എല്ലാവരുടെയും ഉത്തരവാദിത്വമാണ്. എന്നാല്‍, അതിന് മാതൃക കാണിക്കേണ്ടത് ഭരണകൂടമാണെന്നതു മറന്നുകൂടാ. അതോടൊപ്പം സേവന താത്പര്യമുള്ള സര്‍ക്കാറിതര സംഘടനകളളെയും ഈ രംഗത്തേക്ക് കൊണ്ടുവന്നാല്‍ കൂടുതല്‍ മന്ദിരങ്ങള്‍ സ്ഥാപിക്കാനും അവ മികച്ച നിലയില്‍ നടത്താനുമാവും. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും  കേരളത്തിലുണ്ട്. പത്തനാപുരം ഗാന്ധിഭവന്‍, കലയപുരം സങ്കേതം , വിളക്കുടി സ്നേഹതീരം, കിഴാക്കെതെരുവ് സ്നേഹഭവന്‍  തുടങ്ങിയവ  സമൂഹത്തിനു  മാതൃകയാണ് .അനാഥരോ കുടുംബങ്ങളില്‍നിന്ന് പല കാരണങ്ങളാല്‍ ബഹിഷ്‌കൃതരോ സ്വയം കുടുംബം വിട്ടവരോ ആയ വയോജനങ്ങള്‍ക്കെല്ലാം ശിഷ്ടകാലം ക്ലേശരഹിതമായി കഴിച്ചുകൂട്ടുന്നതിനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. ഈ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വേണ്ടസമയത്തുതന്നെ ലഭ്യമാക്കാനും ക്ഷേമപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാനും കഴിയണം. വയോജനനിയമവും നയവും അവര്‍ക്ക് ഒട്ടേറെ അവകാശങ്ങള്‍ നല്‍കുന്നു. പ്രായംചെന്നവരുടെ വ്യക്തിത്വസംരക്ഷണംകൂടി അവ ലക്ഷ്യമാക്കുന്നുണ്ട്. നിയമങ്ങളും നയങ്ങളും പദ്ധതികളുംകൊണ്ട് വയോജനങ്ങളുടെ പൂര്‍ണസംരക്ഷണം ഉറപ്പാക്കാനാവില്ല. ഇക്കാര്യത്തില്‍ സാമൂഹിക ഇടപെടലിനും പരിധിയുണ്ട്. ഭൗതിക സൗഭാഗ്യങ്ങള്‍ക്ക് കുറവില്ലെങ്കിലും പ്രിയപ്പെട്ടവര്‍ അവഗണിക്കുന്നതിനാല്‍ വിഷമിച്ചുകഴിയുന്നവര്‍ ഏറെയാണ്. കുടുംബങ്ങളില്‍ തടവറയിലെന്നപോലെ കഴിയാന്‍ നിര്‍ബദ്ധരായവരാണ് മറ്റുചിലര്‍. ഇവയെക്കുറിച്ചെല്ലാം പരാതിപ്പെടാനോ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമനടപടികളെടുക്കാനോ മുതിരുന്നവര്‍ കുറവായിരിക്കും. ഇങ്ങനെ തങ്ങളുടെ വിധിയെ പഴിച്ച്, അവഗണനയുടെ വേദനകള്‍ നിശ്ശബ്ദം സഹിച്ച്, വീടുകള്‍ക്കുള്ളില്‍ നാളുകളെണ്ണിക്കഴിയുന്നവര്‍ക്ക് അല്പം ആശ്വാസം പകരാന്‍ ആര്‍ക്കാവും? അതിനുത്തരം തേടാനും വയോജനദിനാചരണം എല്ലാവര്‍ക്കും പ്രേരകമാകട്ടെ.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: