Pages

Saturday, September 22, 2012

OLD AGE HOMES


വയോജനങ്ങളും വൃദ്ധസദനങ്ങളും

          മുതിര്‍ന്നവരുടെ സംരക്ഷണം വൃദ്ധസദനങ്ങളെ ഏല്പിക്കുന്ന ശീലം ഗ്രാമ, നഗരഭേദമില്ലാതെ കേരളത്തിലും വ്യാപകമായിക്കഴിഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ വൃദ്ധ-മഹിളാ മന്ദിരങ്ങള്‍ വേണ്ടിവരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഈ സ്ഥിതിവിശേഷം സമൂഹത്തിന്, വിശേഷിച്ച് പുതുതലമുറയ്ക്, ആത്മപരിശോധനയ്ക്ക് പ്രേരകമാകേണ്ടതാണ്. എന്തായാലും അനാഥരോ ബഹിഷ്‌കൃതരോ ആയ വയോധികര്‍ക്കും സ്ത്രീകള്‍ക്കും സഹായവും സാന്ത്വനവും ലഭ്യമാക്കിയേ മതിയാകൂ. മഹിളാമന്ദിരങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍ തുടങ്ങിയവയുടെ നടത്തിപ്പ് സര്‍ക്കാറിതര സന്നദ്ധ സംഘടനകളെ ഏല്പിക്കുമെന്നാണ് മന്ത്രി എം.കെ. മുനീര്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാറിന് ഇത്തരം സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ വിഭവശേഷിയുടെ പരിമിതിയുണ്ടെന്ന് മന്ത്രി പറയുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വിചാരിച്ചാല്‍ത്തന്നെ, സംസ്ഥാനത്തെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നും അദ്ദേഹം ആശിക്കുന്നു. സാമൂഹിക ക്ഷേമവകുപ്പ് സര്‍ക്കാറിതര സംഘടനകളുടെ രൂപരേഖ തയ്യാറാക്കിവരികയാണെന്നും മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ചുള്ള നയം ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

മഹിളാ, വൃദ്ധമന്ദിരങ്ങളുടെയും മറ്റും നടത്തിപ്പ് സന്നദ്ധ സംഘടനകള്‍ ഏറ്റെടുക്കുന്നത് ഇത്തരം പ്രശ്‌നങ്ങളില്‍ കൂടുതല്‍ സാമൂഹിക ഇടപെടലുകളുണ്ടാകാന്‍ സഹായകമാകും. പീഡനം, അവഗണന, സ്വത്ത് തട്ടിയെടുക്കുന്നതിനായുള്ള ദ്രോഹങ്ങള്‍ തുടങ്ങിയവയെല്ലാം നിശ്ശബ്ദം സഹിക്കേണ്ടിവരുന്ന വയോജനങ്ങള്‍ ഒട്ടേറേയുണ്ട്. പ്രായംചെന്നവരെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആസ്പത്രികളിലാക്കുകയും രോഗം മാറിയാലും അവിടെ ഉപേക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തില്‍ അസാധാരണമല്ല. ഇന്ത്യയില്‍ വയോജന സംരക്ഷണത്തിന് നയവും നിയമവുമെല്ലാം വേണ്ടിവന്നത് ഇക്കാര്യത്തില്‍ മൂല്യശോഷണം രൂക്ഷമായതുകൊണ്ടാണ്. ഭൗതികമായ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും വീടിനുള്ളില്‍ പ്രിയപ്പെട്ടവരുടെ അവഗണന സഹിച്ച് തടവറയിലെന്നപോലെ കഴിയാന്‍ നിര്‍ബദ്ധരായ വയോജനങ്ങളും കുറവല്ല. വൃദ്ധസദനങ്ങളും മഹിളാമന്ദിരങ്ങളും മാതൃകാപരമായി പ്രവര്‍ത്തിച്ചാലേ അവകൊണ്ട് ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കൂ. ദൗര്‍ഭാഗ്യവശാല്‍, അവയില്‍ പലതിന്റെയും സ്ഥിതി തൃപ്തികരമല്ല. പല സ്ഥാപനങ്ങളെക്കുറിച്ചും പരാതികളുണ്ടാകുന്നു. അനാഥാലയങ്ങളുടെ മറവില്‍പ്പോലും കടുത്ത ചൂഷണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ചൂഷണത്തിന് ഏറേ സാധ്യതകളുള്ളവയാണ് ഈ സേവനമേഖലകള്‍. അതുകൊണ്ടുതന്നെ സര്‍ക്കാറിന്റെ ജാഗ്രത ഈ രംഗത്ത് അനിവാര്യമാണ്. സര്‍ക്കാറിതര സംഘടനകള്‍ ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ എത്രമാത്രം താത്പ
ര്യവും ആര്‍ജവവും കാണിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.

സര്‍ക്കാര്‍ പൂര്‍ണമായി പിന്‍വാങ്ങാതെ സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍ക്കും ഇതില്‍ പ്രാമുഖ്യം നല്‍കുന്നതാവും കൂടുതല്‍ ഉചിതം. സാര്‍ഥകമായ സാമൂഹിക സേവനത്തിനു കിട്ടുന്ന അവസരമായി ഇതിനെ കണക്കാക്കി സംഘടനകള്‍ രംഗത്തുവന്നാല്‍ വയോധികരുടെയും മറ്റും സ്ഥിതി ഏറേ മെച്ചപ്പെടും. സന്നദ്ധസംഘടനകള്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നത് മികച്ച നിലയിലാണെന്ന് ഉറപ്പുവരുത്താനും സര്‍ക്കാറിന് കഴിയണം. വയോധികരും സ്ത്രീകളും മറ്റും വേണ്ടവിധം സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ ഇതര മേഖലകളില്‍ നാം നേടിയ പുരോഗതിക്ക് മങ്ങലേല്‍ക്കും. അവശതയനുഭവിക്കുന്ന ഇത്തരക്കാര്‍ രാജ്യത്തെങ്ങുമുണ്ട്. സന്നദ്ധസംഘടനകള്‍ വിചാരിച്ചാല്‍ അവരുടെ ദുരിതത്തിന് വലിയൊരു പരിധിവരെയെങ്കിലും പരിഹാരം ഉണ്ടാക്കാനാവും. ഉത്തര്‍പ്രദേശില്‍ വൃന്ദാവനത്തിലെ വിധവകളുടെ ദുരവസ്ഥ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും മറ്റും ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അവരുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി യു.പി. സര്‍ക്കാറിനോട് ആവശ്യപ്പെടുകയുണ്ടായി. ഇത് ഇത്തരം കാര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം മാതൃകയാക്കാവുന്നതാണ്. സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും കൂട്ടായ ശ്രമമുണ്ടായാലേ അവശവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാവൂ.സംസ്ഥാനത്തെ വൃദ്ധമന്ദിരങ്ങളുടെ പ്രവര്‍ത്തനം    വിലയിരുത്താനും  നിയന്ത്രിക്കാനും സര്‍ക്കാരിനു കഴിയണം .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: