Pages

Sunday, September 9, 2012

മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോള്‍ നീതിന്യായ കോടതികള്‍ആശ്വാസമാകണം


മനുഷ്യാവകാശ ലംഘനങ്ങള്‍
 നടക്കുമ്പോള്‍ നീതിന്യായ കോടതികള്‍ആശ്വാസമാകണം

      മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോള്‍ നീതിന്യായ കോടതികള്‍ആശ്വാസമാകണംഐ.എസ്.ആര്‍.ഒ. മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് സംസ്ഥാനസര്‍ക്കാര്‍ നഷ്ടപരിഹാരമായി 10ലക്ഷംരൂപ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് അദ്ദേഹത്തിന് മാത്രമല്ല, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ആശ്വാസമേകും. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ഉള്‍പ്പെട്ട നമ്പിനാരായണന് 10ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍ നിര്‍ദേശിച്ചിരിന്നു. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് സിംഗിള്‍ബെഞ്ച് അത് റദ്ദാക്കി. ഇതിനെതിരെ നമ്പിനാരായണന്‍ നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായരും ജസ്റ്റിസ് സി.കെ. അബ്ദുള്‍റഹിമും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇടക്കാലനഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. നഷ്ടപരിഹാര അപേക്ഷ നല്‍കിയത് വൈകിയാണെന്നും അതിനാല്‍ തുക നല്‍കാനാവില്ലെന്നുമുള്ള സര്‍ക്കാറിന്റെ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. കേസ് നടപടികളുടെ പേരില്‍ ആരുടെയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടരുതെന്നാണ് അതിലൂടെ കോടതി ഓര്‍മിപ്പിച്ചിരിക്കുന്നത്.

       ഐ.എസ്.ആര്‍.ഒ.യില്‍ ശാസ്ത്രജ്ഞനായിരിക്കെ നമ്പിനാരായണനെ ദുരുദ്ദേശ്യത്തോടെയാണ് കേസില്‍ ഉള്‍പ്പെടുത്തിയതെന്നാണ് അദ്ദേഹത്തിനുവേണ്ടി സമര്‍പ്പിച്ച അപ്പീലിലെ വാദം. കേസ്‌നടപടി ഉണ്ടായി ഒരുകൊല്ലം കഴിഞ്ഞ് നല്‍കിയ അപേക്ഷ പരിഗണിച്ച് നഷ്ടപരിഹാരത്തിന് ഉത്തരവിട്ട കമ്മീഷന്റെ നടപടി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍, തന്നെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് മനുഷ്യാവകാശലംഘനം തെളിയിക്കപ്പെട്ടതെന്ന് നമ്പിനാരായണന്‍ വാദിച്ചു. സുപ്രീംകോടതി ഉത്തരവ് വന്ന് ഒരുവര്‍ഷത്തിനകം നഷ്ടപരിഹാര അപേക്ഷ നല്‍കിയതായും അദ്ദേഹം ബോധിപ്പിച്ചു. അനാവശ്യമായ കേസ് നടപടികള്‍മൂലം നമ്പിനാരായണന്റെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി പരമോന്നത നീതിപീഠം വ്യക്തമാക്കിയിരുന്നു. ആ നിലയ്ക്ക്, അദ്ദേഹം നഷ്ടപരിഹാരത്തിന് അര്‍ഹനാണ്. പ്രസക്തമല്ലാത്ത സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് അത് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നു. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്ന്. കേസന്വേഷണത്തിലെ വീഴ്ചകളും അന്വേഷണത്തിനിടെ ഉണ്ടാകുന്ന അനാവശ്യ നടപടികളും ഫലത്തില്‍ പലര്‍ക്കും ശിക്ഷയായിത്തീര്‍ന്നേക്കാം. ഇങ്ങനെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോള്‍ പലപ്പോഴും ശക്തമായി പ്രതികരിക്കുന്നത് നീതിപീഠങ്ങളാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും പലര്‍ക്കും നഷ്ടപരിഹാരം കിട്ടുക. എന്തായാലും പീഡനം അനുഭവിച്ചവരെ നീതിപീഠങ്ങള്‍ കൈവെടിയില്ല എന്ന സന്ദേശം നല്‍കാന്‍ അതിന് കഴിയും.
 
രണ്ട് ദശാബ്ദത്തോളം മുന്‍പ് ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ഉള്‍പ്പെട്ട നമ്പി നാരായണന് കടുത്ത മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ചാരക്കേസില്‍ ചാരവൃത്തി ഉണ്ടായിരുന്നില്ലെന്ന സി.ബി.ഐ. അന്വേഷണ നിഗമനം പിന്നീട് പുറത്തുവന്നു. മനുഷ്യാവകാശലംഘനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെക്കുറിച്ച് അന്വേഷിച്ച് പരിഹാരം കണ്ടെത്താനാണ് മനുഷ്യാവകാശക്കമ്മീഷന്‍ രൂപവത്കരിച്ചിരിക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തിലും കമ്മീഷനുകള്‍ പ്രവര്‍ത്തിക്കുന്നു. ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍ നല്‍കുന്ന നഷ്ടപരിഹാരനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന വാദം ആദ്യം ഉന്നയിച്ചത് ബിഹാര്‍ സര്‍ക്കാറാണ്. എന്നാല്‍, കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന നഷ്ടപരിഹാരനിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി വിധിച്ചു. അതോടെ എല്ലാ സംസ്ഥാന സര്‍ക്കാറുകളും അവ അനുസരിച്ചുവരുന്നു. പോലീസ് അന്വേഷണകാലത്ത് പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നതിനാണ് നമ്പി നാരായണന്‍ നഷ്ടപരിഹാരത്തിനായി ദേശീയമനുഷ്യാവകാശക്കമ്മീഷനെ സമീപിച്ചത്. കമ്മീഷന്റെ നിഗമനങ്ങള്‍ ഹൈക്കോടതി ശരിവെച്ചത് മനുഷ്യാവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഊര്‍ജം പകരും. കേസന്വേഷണത്തിനിടെ പോലീസിന്റെ ഭാഗത്തുനിന്ന് മനുഷ്യാവകാശധ്വംസനങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നു. അവ തെളിഞ്ഞാല്‍ പരാതിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സംവിധാനം കൂടുതല്‍ ഫലപ്രദമാക്കുകയാണ് വേണ്ടത്. നമ്പിനാരായണന്റെ നിയമപോരാട്ടം ഇങ്ങനെ നീതിതേടുന്നവര്‍ക്കെല്ലാം കൂടുതല്‍ ആത്മവിശ്വാസമേകും. മനുഷ്യാവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക്  ഈ വിധി ആഹ്ലാദകരമാണ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: