Pages

Saturday, September 29, 2012

അല്‍തമാസ് കബീര്‍ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു


അല്‍തമാസ് കബീര്‍
 ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അല്‍തമാസ് കബീര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതിഭവനില്‍ 2012  സെപ്റ്റംബര്‍  29 നു നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. എസ്.എച്ച്. കപാഡിയ വെള്ളിയാഴ്ച വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് കബീര്‍ ഇന്ത്യയുടെ 39-ാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. കബീറിന് അടുത്ത ജൂലായ് 19 വരെ തുടരാം.2005-ലാണ് സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കബീര്‍ നിയമിക്കപ്പെട്ടത്. 1990 ആഗസ്ത് ആറിന് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സ്ഥിരംജഡ്ജിയായി നിയമിതനായി. 2005-ല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസായി.കേരളത്തിന്റെ തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ കേരളാപോലീസിന് അധികാരപരിധിയില്ലെന്നു കാണിച്ച് ഇറ്റലി നല്‍കിയ ഹര്‍ജി അല്‍തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേള്‍ക്കുന്നത്. കരുതല്‍ തടങ്കലുമായി ബന്ധപ്പെട്ട് നിര്‍ണായകവിധിയാണ് ജസ്റ്റിസ് കബീര്‍ പുറപ്പെടുവിച്ചത്. സാധാരണനിയമത്തിന് പകരമാവില്ല കരുതല്‍ തടങ്കലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് കബീര്‍, വിചാരണ കൂടാതെ ഒരുവ്യക്തിയെ തടവില്‍ വെക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്ന് വിധിച്ചു. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് സംസാരിച്ച അഭിഭാഷകനായ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യകേസ് പരിഗണിക്കുന്നതും കബീര്‍ അധ്യക്ഷനായ ബെഞ്ചാണ്. കള്ളപ്പണം തിരികെക്കൊണ്ടുവരാന്‍ കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാറിന്റെ ഹര്‍ജിയില്‍ അനുകൂല നിലപാടായിരുന്നു കബീറിന്. ഭിന്നവിധിയെത്തുടര്‍ന്ന് വിപുലമായ ബെഞ്ചിനു മുന്നിലാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ ഹര്‍ജി. ഭീകരസംഘടനയില്‍ അംഗമായതുകൊണ്ടുമാത്രം ഒരാളെ കുറ്റക്കാരനായി കാണാനാവില്ലെന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ വിധി പുനപ്പരിശോധിക്കണമെന്ന സര്‍ക്കാറിന്റെ ഹര്‍ജിയും അദ്ദേഹം പരിഗണിക്കും.

സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപനായ ജസ്റ്റിസ് കബീര്‍, ഇപ്പോള്‍ ബംഗ്ലാദേശിലെ ഫരീദ്പുരില്‍ 1948 ജൂലായ് 19-നാണ് ജനിച്ചത്. മുസ്‌ലിം സമുദായത്തില്‍നിന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസാകുന്ന നാലാമത്തെ വ്യക്തിയാണ് അദ്ദേഹം.ബംഗാളില്‍ അജോയ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയില്‍ അംഗമായിരുന്ന ജഹാംഗീര്‍ കബീറിന്റെ മകനാണ് കബീര്‍. ഡാര്‍ജിലിങ്ങിലെ മൗണ്ട് ഹെര്‍മോണ്‍ സ്‌കൂള്‍, കൊല്‍ക്കത്ത ബോയ്‌സ് സ്‌കൂള്‍, പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ജഹാംഗീര്‍ കബീറിന്റെ സഹോദരനായിരുന്നു മുന്‍ കേന്ദ്രമന്ത്രി ഹുമയൂണ്‍ കബീര്‍.
പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: