Pages

Sunday, September 30, 2012

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം വിജയിക്കട്ടെ


കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം  വിജയിക്കട്ടെ
ആരോഗ്യസംരക്ഷണ കാര്യത്തില്‍ പൊതുവേ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യകേരളം പദ്ധതിയും ശുചിത്വമിഷനും മറ്റുമായി സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആരോഗ്യപരിരക്ഷയ്ക്കായി പുതിയൊരു പദ്ധതി കൂടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നു. പതിവായി മരുന്നു കഴിക്കേണ്ടി വരുന്നവര്‍ക്ക് അവ വീട്ടിലെത്തിച്ചുനല്‍കാനുള്ള ദൗത്യം ഏറ്റെടുക്കുകയാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍. കോര്‍പ്പറേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്ത് 5,000 രൂപ അടയ്ക്കുന്നവര്‍ക്ക് അവശ്യമരുന്നുകള്‍ വീട്ടിലെത്തിച്ചുനല്‍കുന്നതാണ് പദ്ധതി. പദ്ധതി  വിജയിക്കട്ടെ  എന്ന്  ആശംസിക്കുന്നു . പതിവായി മരുന്ന് ആവശ്യമുള്ളവര്‍ക്ക്, പ്രത്യേകിച്ച് വയോജനങ്ങള്‍ക്ക് ഏറേ സൗകര്യമാവുന്നതാണ് ഇത്. ആരോഗ്യപരിരക്ഷാ രംഗത്തെ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുനല്‍കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ രൂപവത്കരിച്ചത്. മരുന്ന് വീടുകളില്‍ വേണ്ടസമയത്ത് എത്തിച്ചുനല്‍കുകയെന്ന, കോര്‍പ്പറേഷന്‍ പുതുതായി ഏറ്റെടുക്കുന്ന ചുമതല തികച്ചും ഗൗരവമുള്ളതാണ്. അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ക്കാണ് എന്നും മരുന്ന് വേണ്ടിവരുന്നത്. 

തനിച്ചു കഴിയുന്ന പ്രായം ചെന്നവര്‍ക്കും മറ്റും മരുന്നുവാങ്ങാന്‍ പുറത്തുപോകാന്‍ വിഷമമാണ്. അത്തരക്കാര്‍ക്ക് കോര്‍പ്പറേഷന്റെ ഈ പദ്ധതി ഗുണം ചെയ്യും. കുറഞ്ഞ നിരക്കിലാണ് മരുന്ന് നല്‍കുന്നതെന്ന മെച്ചവുമുണ്ട്. ഡോക്ടറുടെ കുറിപ്പുസഹിതം 5,000 രൂപ അടയ്ക്കുന്നവര്‍ക്കാണ് കൊറിയര്‍ വഴി മരുന്നെത്തിച്ചുനല്‍കുന്നത്. കൈയിലുള്ള മരുന്ന് കഴിയും മുമ്പ് തുടര്‍ന്നുള്ളത് എത്തിക്കേണ്ടതുണ്ട്. മരുന്നെത്തുമെന്നു കരുതി കാത്തിരിക്കുന്നവര്‍ക്ക് ഒരു നേരത്തേക്കുള്ള മരുന്ന് മുടങ്ങിയാല്‍പോലും ഏറേ ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നുവരും.
 കോര്‍പ്പറേഷന്റെ കൈയില്‍ നീക്കിയിരിപ്പുള്ള തുക തീര്‍ന്നാല്‍ മരുന്ന് നല്‍കാനാകില്ല. അതിനാല്‍ എത്ര തുക ബാക്കിയുണ്ടെന്നും കൂടുതല്‍ എത്ര തുക അടയ്ക്കണമെന്നും മറ്റുമുള്ള വിവരങ്ങള്‍ ഓരോ രോഗിയെയും അതത് സമയത്ത് അറിയിക്കണം. തുക ഈടാക്കുകയും വേണം. ഇത്തരം കാര്യങ്ങളില്‍ വീഴ്ച വന്നുകൂടാ. അതിനാല്‍ പദ്ധതി നടത്തിപ്പില്‍ അതിയായ ശ്രദ്ധ ആവശ്യമാണ്. പദ്ധതി ഇടയ്ക്കുവെച്ച് മുടങ്ങരുത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വാങ്ങി സൂക്ഷിച്ച മരുന്നുകള്‍ കെട്ടിക്കിടക്കുകയാണെന്നും മെഡിക്കല്‍ കോളേജിലേക്കുപോലും മരുന്നെടുക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കോര്‍പ്പറേഷന്‍ മരുന്ന് എത്തിക്കുന്ന സര്‍ക്കാറിനു കീഴിലെ ആസ്പത്രികളിലെ ഡോക്ടര്‍മാരാകട്ടെ മരുന്ന് പുറത്തേക്ക് എഴുതുകയായിരുന്നുവെന്നാണ് പരാതി. കാന്‍സര്‍ ചികിത്സയ്ക്കുള്ളതുള്‍പ്പെടെ 1200-ലധികം മരുന്നുകളാണ് കോര്‍പ്പറേഷന്‍ ശേഖരിച്ചുവെക്കുന്നതെന്നാണറിയുന്നത്. സാധാരണ ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്നവയാവണം ഇവ. നിലവാരം കുറഞ്ഞതാകുകയുമരുത്. എങ്കില്‍ മാത്രമേ അത് ഉപയോഗപ്രദമാകൂ. കോര്‍പ്പറേഷന്റെ കൈവശമുള്ള മരുന്നുകള്‍ കുറിച്ചുനല്‍കാന്‍ വൈകാതെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നാണ് പറയുന്നത്. ഏറേ സങ്കീര്‍ണതകളുള്ള ഈ പദ്ധതി ആദ്യഘട്ടമെന്നനിലയില്‍ തിരുവനന്തപുരത്താണ് നടപ്പാക്കുന്നത്. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണുദ്ദേശിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്കു കൂടി പ്രയോജനപ്പെടും വിധം ഇത് നടപ്പാക്കണം. നടപടിക്രമങ്ങള്‍ ഏറേ സങ്കീര്‍ണമാകാതെ നോക്കണം. ഇന്ന് ആസ്പത്രികളില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ജീവിതശൈലിയിലെ മാറ്റമാണ്. മധ്യവര്‍ഗകുടുംബങ്ങളില്‍പ്പോലും രക്താതിസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം തുടങ്ങി പല പ്രശ്‌നങ്ങളും പതിവാണ്. ഭക്ഷണ രീതിയിലെ മാറ്റവും വ്യായാമമില്ലാത്ത ജീവിതചര്യയും ഇതിന് കാരണമാവുന്നുണ്ട് . ഇത്തരം കാര്യങ്ങളില്‍ ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കാനും ആരോഗ്യകരമായ ശീലങ്ങളിലേക്ക് തിരികെക്കൊണ്ടുപോകാനും ശ്രമം വേണം. ചികിത്സയ്‌ക്കെന്നപോലെ, രോഗനിവാരണത്തിനും ആരോഗ്യവകുപ്പ് പദ്ധതികള്‍ തയ്യാറാക്കണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: