Pages

Saturday, September 8, 2012

വഴിവാണിഭക്കാരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും


വഴിവാണിഭക്കാരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും

      വഴി വാണിഭത്തിന്  കേന്ദ്രനിയമം  വേണമെന്ന്  വളരെ കാലമായി  ഈ മേഖലയില്‍  ഉള്ളവരുടെ  ആഗ്രഹം  സഫലമായിരിക്കുകയാണ് .മിക്കവാറും എല്ലാ നഗരങ്ങളിലും വഴിവാണിഭം നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ പോലീസിന്റെയും നഗരസഭകളുടെയും പഞ്ചായത്ത്തിന്റെയും ഭാഗത്തുനിന്ന് എന്നും ഈ  വിഭാഗക്കാര്‍ക്ക് പീഡനമാണെന്നാണ് പരാതി. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് വഴിയോരക്കച്ചവടക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി സ്വാഗതാര്‍ഹമാണ്. വന്‍ നഗരങ്ങള്‍ക്കുപുറമേ ചെറുപട്ടണങ്ങളിലും വഴിവാണിഭക്കാരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും വ്യക്തമാക്കുന്നതാണ് പുതിയ ബില്‍. ഇത്തരമൊരു നിയമനിര്‍മാണം വഴി നിരത്തുവക്കിലെ കച്ചവടക്കാരില്‍ നിന്ന് പോലീസും നഗരസഭാ അധികൃതരും ഗുണ്ടാ മാഫിയയും കൈക്കൂലി വാങ്ങുന്നതും അനാവശ്യമായി ഒഴിപ്പിക്കപ്പെടുന്നതും തടയാനാകുമെന്നാണ് പ്രതീക്ഷ. വഴിവാണിഭം ലൈസന്‍സോടെ നിയമവിധേയമാകുമ്പോള്‍ കച്ചവടസ്ഥലം വൃത്തിയാക്കിവെക്കുന്നതുള്‍പ്പെടെ വഴിവാണിഭക്കാര്‍ അവരുടെ ചുമതല നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാകും. ലൈസന്‍സിന് ഫീസ് ഏര്‍പ്പെടുത്തുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വരുമാനവുമാകും. 
        ഓരോ നഗരത്തിലും തെരുവുകച്ചവടത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. നിലവില്‍ ഇക്കൂട്ടര്‍ക്കായി പ്രത്യേകം സ്ഥലമില്ലെന്നത് വലിയൊരു ന്യൂനതയാണ്. പദ്ധതി അഞ്ചുകൊല്ലം കൂടുമ്പോള്‍ പുതുക്കണം. വഴിക്കച്ചവടക്കാര്‍ക്ക് രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. അതുവഴി ഇവര്‍ക്കിടയില്‍ സാമൂഹികവിരുദ്ധര്‍ കടന്നുകൂടുന്നത് തടയാനാകും. സാക്ഷ്യപത്രത്തില്‍ കച്ചവടത്തിന്റെ വിശദവിവരം ഉണ്ടാകും. ഇതിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കച്ചവടം നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കപ്പെടും. കച്ചവടക്കാരുടെ കാര്യത്തില്‍ അധികൃതര്‍ക്ക് നിയന്ത്രണം ഉണ്ടാകാന്‍ ഇത് നല്ലതാണ്. പൊതു ആവശ്യം മുന്‍നിര്‍ത്തി കച്ചവടക്കാരെ അവരുടെ സ്ഥലത്തുനിന്ന് മാറ്റാം. അതിന് അധികൃതര്‍ ഒരാഴ്ചത്തെ നോട്ടീസ് നല്‍കി അവരെ കേള്‍ക്കണം. തെരുവുകച്ചവടക്കാരുടെ പരാതി കേള്‍ക്കാന്‍ സബ് ജഡ്ജിയുടെ അധ്യക്ഷതയില്‍ സ്ഥിരം സമിതിക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്. നിയമം വന്നാലും പോലീസിന്റെയും മറ്റും പിരിവ് തുടരുമെന്ന് ആശങ്ക തെരുവുകച്ചവടക്കാര്‍ക്കുണ്ട്. ആന്ധ്രാപ്രദേശില്‍ തെരുവുകച്ചവടം സംബന്ധിച്ച കരട് ബില്‍ വന്നിട്ടും കൈക്കൂലി പിരിവിന് ഒരു ശമനവുമില്ലെന്ന് വഴിയോരക്കച്ചവടക്കാരുടെ ദേശീയസംഘടന ചൂണ്ടിക്കാണിക്കുന്നു. ഈ അവസ്ഥയുണ്ടാകാതിരിക്കാന്‍ പ്രത്യേകശ്രദ്ധ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഒരിടത്തുനിന്ന് ഒഴിപ്പിച്ചുവിടുമ്പോള്‍ പകരം സ്ഥലം എന്ന ആവശ്യവും അധികൃതര്‍ പരിഗണിക്കണം. 
        നഗരങ്ങളില്‍ ജോലി തേടിയെത്തി അലയുന്നവരാണ് മിക്കപ്പോഴും വഴിവാണിഭത്തിലേക്ക് തിരിയുന്നത്. കാര്യമായ മുതല്‍മുടക്ക് വേണ്ടെങ്കിലും വരുമാനവും കുറവാണ്. മറ്റൊരു ഗതിയുമില്ലാതെയാണ് മാലയും വളയും തുണിത്തരങ്ങളും മറ്റുമായി ഇക്കൂട്ടര്‍ വഴിയരികിലിരിക്കുന്നത്. എന്നാല്‍ തിരക്കേറിയ റോഡുകളില്‍ ഇവര്‍ നടപ്പാത കൈയടക്കുമ്പോള്‍ കാല്‍നടക്കാര്‍ വിഷമത്തിലാകുന്നു. ഇത്തരം ഘട്ടങ്ങളില്‍ അധികൃതര്‍ക്ക് ഇടപെടേണ്ടിവരും. നിയമാനുസൃതം ഇതിനെല്ലാം പരിഹാരം കാണാന്‍ പുതിയ ബില്‍ സഹായകമാകേണ്ടതുണ്ട്. മുംബൈയില്‍ മാത്രം രണ്ട് ലക്ഷത്തിലധികം വഴിയോരക്കച്ചവടക്കാരുണ്ട്. ഇതാകട്ടെ ദിനംപ്രതി കൂടിവരികയും ചെയ്യുന്നു. ഇവര്‍ക്കെല്ലാം ലൈസന്‍സ് നല്‍കാന്‍ നഗരസഭാ അധികൃതര്‍ക്ക് സാധിക്കില്ലെന്ന് ഉറപ്പാണ്. ലൈസന്‍സ് നല്‍കുമ്പോള്‍ ഇവര്‍ എവിടെയിരുന്നാണ് ജോലി ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ട ബാധ്യത അധികൃതര്‍ക്കുണ്ടാവും. ഒരോ നഗരസഭയിലെയും സാഹചര്യം പരിഗണിച്ച് അതിനനുസൃതമായി അതത് നഗരസഭാ അധികൃതരാവും ലൈസന്‍സ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. അതിനാല്‍, ലൈസന്‍സിന്റെ മാനദണ്ഡം സംബന്ധിച് വ്യക്തമായ നിബന്ധനകള്‍ ആവശ്യമായി വരും. ലൈസന്‍സ് നിഷേധിക്കപ്പെടുന്നവരുടെ കാര്യത്തിലും കൃത്യമായ നിലപാട് ആവശ്യമാണ്. ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ നിയമ നിര്‍മാതാക്കള്‍ ശ്രദ്ധിക്കണം. വഴിവാണിഭത്തിന് നിയമസാധുത വരുന്നതോടെ കച്ചവടക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കുകയും വേണം. നിയമം അനുസരിക്കാന്‍ വഴി വാണിഭക്കാരും അധികാരികളും  തയ്യാറാകണം
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: