രാജ്യങ്ങള്‍ പരസ്പരം സഹകരിച്ച്
മുന്നോട്ടു പോകുക
തര്‍ക്കങ്ങള്‍
നിലവിലുണ്ടെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ സാധ്യമായ മേഖലകളിലെല്ലാം പരസ്പരം
സഹകരിച്ച് മുന്നോട്ടു പോകുകയെന്നതാണ് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍
ലഘൂകരിക്കാനുള്ള ഒരേയൊരു വഴി. ഇന്ത്യയും ചൈനയും ഈ വഴിയാണ് പിന്തുടരുന്നത്. ഇരു
രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാനുള്ള പോംവഴികള്‍ ഇപ്പോഴും
ഉരുത്തിരിഞ്ഞുവന്നിട്ടില്ല. എങ്കിലും ദശാബ്ദങ്ങളായി അതിര്‍ത്തി മേഖല ശാന്തമാണ്.
ഇരു പക്ഷവും കരുതല്‍ പുലര്‍ത്തുന്നതുകൊണ്ടു കൂടിയാകാം ഇത്. ഈ സാഹചര്യത്തില്‍ ഇരു
രാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലുള്ള സഹകരണം മുന്നോട്ടു കൊണ്ടുപോകാന്‍
തീരുമാനിച്ചത് അത്ര അപ്രതീക്ഷിതമല്ല. ചൈനയുടെ പ്രതിരോധ മന്ത്രി ജനറല്‍ ജിയാങ്
ഗ്വാങ്‌ലീയൂം ഇന്ത്യന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും തമ്മില്‍ ഇതു സംബന്ധിച്ച്
നടത്തിയ ചര്‍ച്ചയില്‍ അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താനും സംയുക്ത സൈനികാഭ്യാസം
പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംയുക്ത സൈനികാഭ്യാസം 2007 -ലും 2008-ലും നടത്തിയിരുന്നുവെങ്കിലും 2010-ല്‍ വിസാ പ്രശ്‌നങ്ങളെച്ചൊല്ലി
അതു മുടങ്ങുകയുണ്ടായി. പരസ്പരധാരണ വളര്‍ത്താനും അതിര്‍ത്തിയില്‍ അനിഷ്ടസംഭവങ്ങള്‍
ഉണ്ടാവുന്നത് തടയാനും ഇടയ്ക്കിടെയുള്ള കൂടിച്ചേരലുകള്‍ സഹായിക്കും.കടലില്‍ അപകടമുണ്ടാവുമ്പോള്‍ തിരച്ചില്‍ നടത്തുന്നതിലും രക്ഷാപ്രവര്‍ത്തനം
നടത്തുന്നതിലും ഇരു രാജ്യങ്ങളുടെയും നാവിക സൈന്യങ്ങള്‍ സഹകരിച്ചു വരുന്നുണ്ട്.
ഏദന്‍ ഉള്‍ക്കടലിലും സൊമാലിയയ്ക്കു സമീപവും ചരക്കുകപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിലേക്കും
ഈ സഹകരണം വളര്‍ന്നിരിക്കുന്നു. ജപ്പാനും ഇക്കൂട്ടത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
സൈന്യങ്ങള്‍ പരിശീലനത്തിന് അങ്ങോട്ടുംമിങ്ങോട്ടും ആളുകളെ അയയ്ക്കാനും പരിശീലന
കേന്ദ്രങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും ഇപ്പോള്‍
തീരുമാനിച്ചിരിക്കയാണ്.
പാക്കധീന കശ്മീരില്‍ നാലായിരത്തിനും അയ്യായിരത്തിനുമിടയില്‍ വരുന്ന ചൈനാ പട്ടാളക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നുണ്ടെന്ന വാര്‍ത്ത ചൈനാ പ്രതിരോധമന്ത്രി ഒരഭിമുഖത്തില്‍ നിഷേധിക്കുകയുണ്ടായി. അതുപോലെ മറ്റു രാജ്യങ്ങളില്‍ സൈനികത്താവളങ്ങള്‍ സ്ഥാപിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലെന്നും അവര്‍ പറയുന്നു. കടലില്‍ ദീര്‍ഘയാത്രയ്ക്കിടെയുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഏര്‍പ്പാടുകള്‍ മാത്രമേ തങ്ങള്‍ ചെയ്തു വരുന്നുള്ളൂ എന്നും ചൈനാ പ്രതിരോധ മന്ത്രി ജന.ജിയാങ് പറഞ്ഞു. സെയ്‌െഷല്‍സില്‍ ചൈന ലക്ഷ്യമിടുന്നത് ഒരു നാവികത്താവളമാണെന്ന് അല്പകാലം മുമ്പ് പത്ര റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ അയല്‍ദേശങ്ങളിലെ തുറമുഖങ്ങളില്‍ താവളങ്ങള്‍ സ്ഥാപിച്ച് ഇന്ത്യയെ വലയം ചെയ്യുകയെന്ന ഉദ്ദേശ്യം ചൈനയ്ക്കുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പത്രപംക്തികളില്‍ പ്രത്യക്ഷപ്പെടാറുള്ളതാണ്. അതേസമയം ഇതേക്കുറിച്ച് തങ്ങള്‍ ആശങ്കാകുലരാണെന്ന സൂചനയൊന്നും തന്നെ ഇന്ത്യന്‍ പ്രതിരോധകേന്ദ്രങ്ങള്‍ നല്‍കിയിട്ടില്ലെന്നും കാണാം. ഇത്തരത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നാനാരംഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്നു പറയുന്ന മത്സരത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ ഉയര്‍ത്തുന്ന ചൂട് തണുപ്പിക്കാന്‍ സഹായിക്കുന്നതായി പ്രതിരോധമന്ത്രിമാര്‍ തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ച. നിക്ഷേപത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെങ്കിലും വ്യാപാരരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇക്കാലത്തിനിടയില്‍ വലിയ തോതില്‍ വളര്‍ന്നിട്ടുണ്ട്. ചൈനയുടെ സാമ്പത്തിക ഉയര്‍ച്ചയാണ് ഇതിന് പ്രധാനമായും കാരണം. നിര്‍മാണ സാമഗ്രികള്‍ ഉള്‍പ്പെടെ ധാരാളം ചരക്കുകള്‍ ഇപ്പോള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നു. തിരിച്ചങ്ങോട്ട് അത്ര തന്നെയില്ല. അസംസ്‌കൃത വസ്തുക്കളാണ് നമ്മുടെ കയറ്റുമതിയില്‍ കൂടുതലും. ഈ അസന്തുലിതാവസ്ഥ നീക്കണമെന്ന് ഇന്ത്യയ്ക്ക് താത്പര്യമുണ്ട്. ഇന്ത്യയും ചൈനയും തമ്മില്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ നിലവിലില്ല. ചൈനയില്‍ നിന്നുള്ള ചില ഇറക്കുമതിക്കുമേല്‍ ന്യായമല്ലാത്ത ചുങ്കം ചുമത്തുന്നുവെന്നും അവര്‍ക്ക് പരാതിയുണ്ട്. ഇന്ത്യയുമായി മാത്രമല്ല ചൈനയ്ക്ക് അതിര്‍ത്തി സംബന്ധിച്ച തര്‍ക്കമുള്ളത്. തെക്കന്‍ ചൈനാ കടലിലെ ദ്വീപുകളുടെ അവകാശത്തെച്ചൊല്ലി ചൈനയും മറ്റു തീരരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം നീണ്ടുപോകുകയാണ്. വിയറ്റ്‌നാമുമായി ചേര്‍ന്ന് അവിടെ ഇന്ത്യ എണ്ണപര്യവേക്ഷണത്തിനൊരുങ്ങിയത് അടുത്തിടെ ചില അഭിപ്രായവ്യത്യാസങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യയുമായുള്ള അതിര്‍ത്തിത്തര്‍ക്കവും നീണ്ടുപോകുകയാണല്ലോ. സാഹചര്യങ്ങള്‍ മാറുന്ന മുറയ്ക്ക് ഈ തര്‍ക്കങ്ങളും പരിഹരിക്കപ്പെടും. ചര്‍ച്ചകളിലൂടെയല്ലാതെ ഇവ പരിഹരിക്കപ്പെടുമെന്നു കരുതുന്നത് ബൂദ്ധിശൂന്യതയാവും.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment