Pages

Tuesday, September 11, 2012

ഉണരുന്ന കേരളം ഉറങ്ങുന്ന നേതാക്കള്‍


ഉണരുന്ന കേരളം
 ഉറങ്ങുന്ന നേതാക്കള്‍

വികസനത്തിലേക്ക്  കുതിക്കുന്ന  കേരളത്തെ  ജനങ്ങള്‍ പ്രതീക്ഷയോടെ  കാത്തിരിക്കുകയാണ് . കേരളത്ത്തിനകത്തുനിന്നും  പുറത്തുനിന്നും  വരുന്ന വ്യവസായ പദ്ധതികളെ  കുറിച്ച് അറിയാന്‍  മലയാളികള്‍ കാതോര്‍ത്തിരിക്കുകയാണ് . സാമ്പത്തിക വളര്‍ച്ചയുടെ  ഇരുണ്ട കാലഘട്ടം വിട്ട് പ്രകാശ പൂര്‍ണമായ  മറ്റൊരു കാലഘട്ടത്തിലേക്ക്  കേരളം വരാന്‍  തുടങ്ങുകയാണ്. നമ്മുടെ നാട്ടില്‍  ധാരാളം  തൊഴില്‍ ഉണ്ടാകണം . നമ്മുടെ ഭാഷയും സംസ്ക്കാരവും  വളരണം . കേരളത്തിനകത്തും പുറത്തുമുള്ള  മലയാളി സഹോദരങ്ങള്‍  ഒന്നിക്കണം . തലമുറകളുടെ ശോഭനമായ  ഭാവിക്കുവേണ്ടി  നമുക്ക് ഒന്നിക്കാം.മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി പഠന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ വികസന മാതൃകയില്‍ ദൂരവ്യാപക ഫലങ്ങളുണ്ടാക്കും. സംസ്ഥാനത്തെ 42 താലൂക്കുകളെ പരിസ്ഥിതി ലോല മേഖലയായി അത് തരംതിരിച്ചിരിക്കുകയാണ്. 25 പരിസ്ഥിതി ലോല പ്രദേശങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ ജൈവവൈവിധ്യത്തിന്റെ പ്രധാന കലവറയായ പശ്ചിമഘട്ടം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി ലോല മേഖലകളെ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മൂന്നായി തിരിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തോട് വളരെ അടുത്തു കിടക്കുന്നതാണ് ഒന്നാംമേഖല. ഇവിടെ സ്വകാര്യ വനപ്രദേശം വനേതര പ്രവര്‍ത്തനങ്ങള്‍ക്കോ കൃഷിക്കോ ഉപയോഗിക്കുന്നതിന് വിലക്ക് വരും. എന്നാല്‍, ജനപ്പെരുപ്പം കണക്കിലെടുത്ത് പാര്‍പ്പിട മേഖലയുടെ വിപുലീകരണം അനുവദിക്കും. റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. 14 താലൂക്കുകളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. വയനാട്ടിലും ഇടുക്കിയിലുമാണ് കൂടുതല്‍.രണ്ടാം മേഖലയില്‍, ഹോട്ടലുകളും റിസോര്‍ട്ടുകളും അടക്കമുള്ള കെട്ടിടങ്ങളുടെ വിപുലീകരണം അനുവദനീയമാണ്. നാല് താലൂക്കുകളാണ് ഈ മേഖലയില്‍ ഉള്ളത്. മൂന്നാം മേഖലയില്‍ കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാത്രമേ അനുവാദം നല്‍കൂ. പശ്ചിമഘട്ടാതിര്‍ത്തിയിലുള്ള 24 താലൂക്കുകള്‍ ഈ മേഖലയിലാണ്. ഒന്നും രണ്ടും മേഖലകളില്‍ ഖനനവും മോണോകള്‍ച്ചര്‍, യൂക്കാലിപ്റ്റസ്, വിദേശ സസ്യങ്ങള്‍ എന്നിവയുടെ കൃഷിയും ഗാഡ്ഗില്‍ കമ്മിറ്റി നിരോധിച്ചിട്ടുണ്ട്. മൂന്നു മേഖലകളിലും ജനിതക വ്യത്യാസം വരുത്തിയ വിളകള്‍ നിരോധിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. സംസ്ഥാന ജി.ഡി.പിയുടെ 66.28 ശതമാനവും സേവനമേഖലയില്‍ നിന്നാണ്. രാജ്യത്തിന്റെ മൊത്തം കണക്കെടുത്താല്‍ ഇത് 55.2 ശതമാനമാണ്. കേരളത്തിന് 17,348 കോടി രൂപയുടെ വരുമാനം നല്‍കുന്ന വിനോദസഞ്ചാരം ഇതില്‍ വളരെ പ്രധാനസ്ഥാനം വഹിക്കുന്നു. ഭൂമിക്കു മുകളിലെ സമ്മര്‍ദം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ചതുരശ്ര കിലോമീറ്ററിന് 859 ആണ് സംസ്ഥാനത്തെ ജനസാന്ദ്രത. ദേശീയ ശരാശരി 382 മാത്രമാണ്. വിനോദസഞ്ചാര മേഖലയില്‍ സര്‍ക്കാരും സംരംഭകരും പ്രാദേശിക കൂട്ടായ്മകളും വിനോദസഞ്ചാരികളും പങ്കാളികളാണ്. എന്നാല്‍, പരോക്ഷമായി കേരളത്തിന്റെ മലനിരകളെയും കായലുകളെയും കടല്‍തീരങ്ങളെയും കലകളെയും കരകൗശല വിദ്യകളെയുമാണ് എല്ലാവരും ആശ്രയിക്കുന്നത്. വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ ഇവയെല്ലാം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. മാത്രമല്ല, ഇവയൊന്നുമില്ലെങ്കില്‍ കേരളത്തില്‍ വിനോദസഞ്ചാരം നിലയ്ക്കുമെന്നും ഓര്‍ക്കുക. 

പ്രകൃതിസ്രോതസ്സുകളുടെ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നതാണ് നമ്മുടെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രധാനം. മതപരമോ ചരിത്രപരമോ ആയ സ്ഥലങ്ങളുടെ പ്രാധാന്യം കൊണ്ടല്ല കേരളത്തിന്റെ വിനോദസഞ്ചാര മേഖല വികസിച്ചത്. പകരം, പശ്ചിമഘട്ടവും കായലും കടല്‍തീരങ്ങളുമെല്ലാമാണ് ഈ അഭിവൃദ്ധിക്ക് കാരണം. പ്രകൃതിയുടെ ഈ ശോഭ നഷ്ടപ്പെട്ടാല്‍ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് കാലിടറുമെന്ന യഥാര്‍ഥ്യം ഇപ്പോഴും പലരും ഉള്‍ക്കൊള്ളുന്നില്ല.സംസ്ഥാനത്തിന്റെ ജൈവവൈവിധ്യ സംരക്ഷണവും പരിപാലനവുമായിരിക്കണം എല്ലാ നയതീരുമാനങ്ങളുടെയും ആണിക്കല്ല്. സുസ്ഥിര വികസനത്തിന് അവസരവാദപരമായ സമീപനങ്ങള്‍ക്ക് പകരം തന്ത്രപരമായ സമീപനങ്ങളാണ് വേണ്ടത്. സംസ്ഥാനത്തിന്റെ വികസന മാതൃകയെക്കുറിച്ച് ചിന്തിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നവര്‍ക്കിടയില്‍ അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. പുതിയൊരു ദിശാബോധം രൂപപ്പെടുത്താനാവുമോ? സ്വാര്‍ഥരായ വ്യവസായ സംരംഭകരില്‍നിന്നും ബ്യൂറോക്രസിയില്‍നിന്നുമുള്ള കടന്നാക്രമണങ്ങളില്‍ കാര്യങ്ങള്‍ കുരുങ്ങിപ്പോകുമോ? കേരളത്തിന്റെ ഭാഗധേയം നിശ്ചയിക്കുന്നവര്‍ക്കു മാത്രമേ ഇതിനുള്ള ഉത്തരം രൂപപ്പെടുത്താനാകൂ.
ഈ പശ്ചാത്തലത്തിലാണ്, കൊച്ചിയില്‍ നടക്കുന്ന എമര്‍ജിങ് കേരള സമ്മേളനത്തില്‍ പ്രകൃതിക്ക് ദോഷമില്ലാത്ത പദ്ധതികള്‍ മാത്രമേ അവതരിപ്പിക്കൂ എന്ന മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും നിലപാട് അഭിനന്ദനാര്‍ഹമാകുന്നത്. ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ബാലിശവും വീക്ഷണമില്ലാത്തതുമായ പദ്ധതികളെ പുനഃപരിശോധിക്കാനും മാറ്റിവെക്കാനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അസാമാന്യ ധൈര്യവും സമര്‍പ്പണവുമാണ് പ്രദര്‍ശിപ്പിച്ചത്. സത്യത്തില്‍ എമര്‍ജിങ് കേരള ഇപ്പോള്‍ എമര്‍ജിങ് ഹരിത സുസ്ഥിര കേരളമായി. രാഷ്ട്രീയ പ്രത്യയശാസ്ത്ര വ്യത്യാസമില്ലാതെ എല്ലാവര്‍ക്കിടയിലും ഭാവിയിലെ വളര്‍ച്ചാ മാതൃകയെ സംബന്ധിച്ച് സമവായം ഉണ്ടായിട്ടുണ്ട്. സമ്മേളനത്തിന് തിരശ്ശീല ഉയരും മുമ്പുതന്നെ ഇത് എമര്‍ജിങ് കേരളയുടെ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

സംസ്ഥാന ഉപദേശകന്‍ സാം പിട്രോഡ അവതരിപ്പിച്ച പത്തിന വികസന അജന്‍ഡ ഡോ. എ.പി.ജെ. അബ്ദുല്‍കലാം രാഷ്ട്രപതിയായിരുന്നപ്പോള്‍ അവതരിപ്പിച്ച പദ്ധതികളെ ഓര്‍മിപ്പിക്കുന്നതാണ്. ഹരിതകേരളം എന്ന പ്രഖ്യാപനമാണ് രണ്ടിലെയും രജതരേഖ. വ്യവസായ വളര്‍ച്ച പ്രകൃതിയുമായും പ്രാദേശിക സമൂഹവുമായും ഒത്തുചേര്‍ന്ന് പോകുന്നതായിരിക്കണം. കലാം അവതരിപ്പിച്ച ആശയങ്ങളില്‍ പലതും പിട്രോഡയുടെ അജന്‍ഡയിലും വരുമ്പോള്‍ ഇത് നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടോ എന്ന ചോദ്യമായിരിക്കും പലരുടെ മനസ്സിലും ഉയരുക. വികസന അജന്‍ഡ അട്ടിമറിക്കുന്ന കേവല രാഷ്ട്രീയം പാര്‍ട്ടികള്‍ ഒഴിവാക്കണം 
കലാമും പിട്രോഡയും ദര്‍ശനം ചെയ്ത തീരദേശ ജലഗതാഗത പദ്ധതി ഇതുവരെ നടപ്പില്‍ വരുത്തിയിട്ടില്ല. കാരണം, 'ആദായകരമായ' കരാറുകള്‍ ലഭിക്കുന്ന റോഡ് വികസനത്തിലാണ് ഇപ്പോഴും പലരുടേയും ശ്രദ്ധ. മാലിന്യ നിര്‍മാര്‍ജനത്തിലും ശുചിത്വം പരിപാലിക്കുന്നതിലുമുള്ള ഉദാസീനത സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാണ്. നമുക്ക് കിഴക്കിന്റെ വെനീസാകാം. പക്ഷേ, നമ്മുടെ കായലുകള്‍ ഒഴുക്ക് തടസ്സപ്പെട്ടവയും കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളുമായിരിക്കുകയാണ്. വളരെ കുറച്ച് വിനോദ സഞ്ചാരികള്‍ മാത്രമാണ് ഇവ വീണ്ടും കാണാന്‍ എത്തുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുള്ള പിന്തുണയുടെ കുറവുമൂലം മത്സ്യഉത്പാദനവും കുറഞ്ഞു വരികയാണ്.യൂറോപ്പില്‍ ഗതാഗതത്തിന്റെ 43 ശതമാനവും അമേരിക്കയില്‍ 15 ശതമാനവും ജലത്തിലൂടെയാണ്. എന്നാല്‍, 34 തടാകങ്ങളും 44 നദികളും അസംഖ്യം തോടുകളും 500 കി.മീ തീരദേശവുമുള്ള കേരളത്തില്‍ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഈ മാര്‍ഗം ഇന്ന് ഒന്നുമല്ലാതായിരിക്കുകയാണ്. വിവര വിനിമയ സാങ്കേതിക വിദ്യ(ഐ.സി.ടി), വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സേവനങ്ങള്‍ (ഐ.ടി.ഇ.എസ്), വിദ്യാഭ്യാസം, ജൈവസാങ്കേതിക വിദ്യ എന്നിവ പരിസ്ഥിതിക്ക് പ്രതികൂലമല്ലാത്തതും കേരളത്തിന് യോജിച്ചതുമാണ്. 2011-12ല്‍ കേരളത്തിന്റെ ഐ.ടി. കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ധിച്ചു. എന്നാല്‍, 3.83 ലക്ഷം കോടി വരുന്ന രാജ്യത്തെ മൊത്തം ഐ.ടി കയറ്റുമതിയുടെ ഒരു ശതമാനം മാത്രമാണ് കേരളത്തില്‍ നിന്നുള്ളത് - 3,618 കോടി. 

93 ലക്ഷം ആഭ്യന്തര സഞ്ചാരികളും 7.3 ലക്ഷം വിദേശ സഞ്ചാരികളുമാണ് ശരാശരി ഒരോ വര്‍ഷവും കേരളം സന്ദര്‍ശിക്കുന്നത്. 15 ശതമാനം വളര്‍ച്ചയും ഈ മേഖലയിലുണ്ട്. എന്നാല്‍, ശൗചാലയങ്ങളടക്കം അടിസ്ഥാനപരമായ സൗകര്യങ്ങള്‍ പോലും പല കേന്ദ്രങ്ങളിലും നമ്മള്‍ ഒരുക്കിയിട്ടില്ല.

രാജ്യത്തെ മറ്റ് ഐ.ടി. പാര്‍ക്കുകളെ അപേക്ഷിച്ച് കമ്പനി തുടങ്ങാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള ചെലവിന്റെ 50 ശതമാനവും വാടക തുടങ്ങിയ ഇനങ്ങളില്‍ 60 ശതമാനവും കേരളത്തില്‍ കുറവാണ്. എന്നാല്‍, ആശയവിനിമയം, കഠിനാധ്വാനം, പുതുമകണ്ടെത്തല്‍, നിരന്തര പ്രയത്‌നം തുടങ്ങിയ കാര്യങ്ങളിലെ കുറവുകള്‍ നികത്താന്‍ അധികൃതര്‍ ശ്രദ്ധിക്കണം. വ്യക്തിത്വ വികസനത്തിലും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിലും എന്‍ജിനീയറിങ് കോളേജുകള്‍ നിര്‍ബന്ധിത കോഴ്‌സുകള്‍ നടത്തണം. വിദ്യാഭ്യാസ-വ്യവസായ ബന്ധത്തിലൂടെ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് പുതിയ സാങ്കേതികവിദ്യാ മേഖലകളെ പരിചയപ്പെടാനാകൂ.
ഉദാസീനതയുണ്ടായാല്‍ വരുംകാലത്തിന് യോഗ്യമല്ലാത്ത ഒരു തൊഴില്‍വര്‍ഗമാണ് സൃഷ്ടിക്കപ്പെടുക. നൈപുണ്യങ്ങളുടെ കുറവ് നികത്താനുള്ള സര്‍ക്കാര്‍ നയം കേരളത്തെ ലോകത്തിലെ തന്നെ മനുഷ്യവിഭവ ഫാക്ടറിയാക്കിമാറ്റും. കേരളത്തില്‍ നിന്ന് ഓരോവര്‍ഷവും പുറത്തിറങ്ങുന്ന നഴ്‌സുമാരും മറ്റ് മെഡിക്കല്‍ ജീവനക്കാരും ലോകത്താകമാനം ഈ മേഖലയിലെ കുറവു നികത്തുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്്. മറ്റ് മേഖലകളിലും ഇത് ആവര്‍ത്തിക്കാന്‍ നമുക്കാവും.ജൈവ സാങ്കേതിക കമ്പനികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഏഷ്യാ-പസഫിക് മേഖലയില്‍ ഈ രംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനത്തുള്ള മുന്നേറ്റശക്തിയാണ്.ഇത്തരം340 കമ്പനികളുടെ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയുടെ ജൈവ സാങ്കേതിക രംഗം പ്രതിവര്‍ഷം 35-40 ശതമാനം വളര്‍ച്ച നേടുന്നുണ്ട്. കുറഞ്ഞ ചെലവും കൂടുതല്‍ മൂല്യവുമാണ് ഇവയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ഈ രംഗത്തേക്ക് ഇരുന്നൂറോളം ബഹുരാഷ്ട്രകമ്പനികള്‍ നിക്ഷേപമിറക്കിയതില്‍ അത്ഭുതമില്ല. രാജ്യത്തിന്റെ ജൈവസാങ്കേതികതയുടെ വികസനത്തില്‍ പ്രധാനസ്ഥാനമുള്ള ബാംഗ്ലൂരില്‍ 580 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് മൊത്തം നിക്ഷേപം. ഹൈദരാബാദിലെ ജിനോംവാലി പദ്ധതി അനേകം വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. സമുദ്ര ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നീ മേഖലകളില്‍ നമുക്കുള്ള മേല്‍ക്കോയ്മ ഈ രംഗത്ത് പ്രയോജനപ്പെടുത്താവുന്നതാണ്.
അപകടകരമായ മാലിന്യങ്ങളുടെ സംസ്‌കരണം സംബന്ധിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ട സമിതി കണ്ടെത്തിയത് സംസ്ഥാനത്ത് ഇത്തരം മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും സംഭരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും യാതൊരു സംവിധാനങ്ങളുമില്ല എന്നാണ്. മിക്ക വ്യവസായ സ്ഥാപനങ്ങളും ഇത്തരം മാലിന്യങ്ങള്‍ നേരേ പുറത്തേക്കൊഴുക്കുകയാണ്. പല സ്ഥലങ്ങളിലും വ്യവസായ മാലിന്യങ്ങള്‍ ജലത്തില്‍ കലരുന്നുണ്ടെന്നും സമിതി കണ്ടെത്തി. കേരളത്തിന്റെ ജീവരേഖയായ പെരിയാറിനെ കുറിച്ച് സമിതി പ്രത്യേക മുന്നറിയിപ്പ് നല്‍കി. അപകടകരമായ മാലിന്യങ്ങള്‍ വന്‍തോതില്‍ സംഭരിക്കുന്ന ഒന്നായി പുഴ മാറിയെന്നും സമിതി വ്യക്തമാക്കി.ഇത്തരം മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനം പുലര്‍ത്തുന്ന ഉദാസീനതയില്‍ മേല്‍നോട്ട സമിതി കടുത്ത ഉത്കണ്ഠ പ്രകടിപ്പിക്കുകയുണ്ടായി. സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നതില്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയും കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും വീഴ്ചവരുത്തിയതായും സമിതി ചൂണ്ടിക്കാട്ടി.ഏഴുകൊല്ലം മുമ്പ് സമിതി സംസ്ഥാനത്തിന് നിര്‍ദേശങ്ങളുടെ ഒരു പട്ടിക നല്‍കിയിരുന്നു. അപകടകരമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് പൊതുസംവിധാനം (Common Hazardous Waste Treatment, Storage and Disposal Facility - CHWTSDF) സമയബന്ധിതമായി നടപ്പിലാക്കണം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഊര്‍ജസ്വലവും കാര്യക്ഷമവുമാക്കുക, വീഴ്ച വരുത്തുന്ന വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് പിഴയീടാക്കി പെരിയാറിനെ രക്ഷിക്കുക തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇവയെല്ലാം കടലാസ് പുലികളായി അവശേഷിക്കുന്നു. അപകട സാധ്യതയുള്ള മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ശോച്യാവസ്ഥ, ഉയര്‍ന്ന ജനസാന്ദ്രത, പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ എന്നിവ പരിഗണിക്കുമ്പോള്‍ ദിവസേന അപകടകരമായ മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന വലിയ രാസഫാക്ടറികള്‍ കേരളത്തിന് താങ്ങാനാവില്ല.ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കേരളത്തില്‍ വലിയ മാലിന്യനിര്‍മാര്‍ജന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നത് വ്യക്തമാണ്. പ്രതിശീര്‍ഷ വരുമാനം വര്‍ധിക്കുമ്പോള്‍ ഉപഭോഗം വര്‍ധിക്കുന്നു. ഉപഭോഗം വര്‍ധിക്കുന്നതോടൊപ്പം മാലിന്യങ്ങളും വര്‍ധിക്കുന്നു. വരും വര്‍ഷങ്ങളില്‍ കേരളത്തിലെ മാലിന്യനിര്‍മാര്‍ജന പ്രതിസന്ധി മൂര്‍ച്ഛിക്കുകയേ ഉള്ളൂ.യൂറോപ്പ് ഈ പ്രശ്‌നം പരിഹരിച്ചത് പൊതുജനങ്ങള്‍, ഉത്പാദകര്‍, ഉപഭോക്താക്കള്‍, പുനരുത്പാദക വ്യവസായങ്ങള്‍, കച്ചവടക്കാര്‍, മുനിസിപ്പാലിറ്റികള്‍ എന്നിവര്‍ കൂട്ടുത്തരവാദിത്വം ഏറ്റെടുത്തതുകൊണ്ട് മാത്രമാണ്. കിട്ടാവുന്നതില്‍ മികച്ച പരിസ്ഥിതി-സൗഹൃദ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനരുത്പാദനം നടത്തുകയാണ് കേരളത്തിനുള്ള ഏക പരിഹാരം. മണ്ണില്‍ കുഴിച്ചുമൂടുന്നതിനേക്കാള്‍ ഇതാണ് അഭികാമ്യം. ഇതിനായി കടലാസ്, പ്ലാസ്റ്റിക്, ഗ്ലാസ്്, ലോഹം, ബാറ്ററികള്‍ തുടങ്ങിയ മാലിന്യങ്ങള്‍ നിര്‍ബന്ധമായി വേര്‍തിരിക്കണം. അതിനുള്ള കൃത്യമായ നിയമനടപടികള്‍ ഉണ്ടാവണം. മണ്ണില്‍ അലിഞ്ഞുചേരുന്ന മാലിന്യങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മാലിന്യത്തില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ ഇതിലൂടെ കഴിയണം.
നയപരമായ എല്ലാ പ്രഖ്യാപനങ്ങളും സുതാര്യവും പൊതുജന അംഗീകാരവുമുള്ളതായിരിക്കണം. എമര്‍ജിങ് കേരളയിലെ എല്ലാ പദ്ധതികളും ധാരണാപത്രം ഒപ്പിടുന്നതിന് മുമ്പ് പൊതുജനത്തിന്റെ വിലയിരുത്തലിന് വിധേയമായിരിക്കുമെന്ന് പറഞ്ഞതിലൂടെ മുഖ്യമന്ത്രി ഉദ്ദേശിച്ചത് ഇതുതന്നെയാണ്.എമര്‍ജിങ് കേരളയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരു 'ഹരിത, സുസ്ഥിര കേരള'ത്തിന്റെ കാര്യത്തില്‍ സമവായം ഉണ്ടാക്കി എന്നത് ആശ്വാസകരമാണ്.ഓരോ തലമുറയെയും അവര്‍ ഈ ഭൂമിയിലൂടെ കടന്നുപോകുന്ന യാത്രികരാണെന്ന് നമ്മള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അത് അവരുടെ സ്വന്തമല്ല.വരുംതലമുറകളെ ശിക്ഷിക്കാന്‍ ആര്‍ക്കും അവകാശമില്ല. മാനവരാശിയുടെ ഭൂതകാലം മായ്ച്ചുകളയാനോ ഭാവിയെ മങ്ങലേല്പിക്കാനോ അവര്‍ക്ക് അവകാശമില്ല. എല്ലാറ്റിനുമപ്പുറം ഈ ഭൂമി നമുക്ക് പൂര്‍വികരില്‍ നിന്ന് കിട്ടിയതല്ല, വരുംതലമുറയില്‍ നിന്ന് കടംവാങ്ങിയതാണ്. നമ്മുടെ ഭൂമിയെ സംരക്ഷിക്കാനുള്ള ബാധ്യത നമുക്കുണ്ട്.ഇത്  നമ്മുടെ കുഞ്ഞുങ്ങള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും  വരും തലമുറകള്‍ക്കും അവകാശപെട്ടതാണ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: