Pages

Wednesday, September 5, 2012

അഴിമതി ക്കാരെ മാതൃകാപരമായി ശിക്ഷിക്കണം


അഴിമതി ക്കാരെ  മാതൃകാപരമായി  ശിക്ഷിക്കണം
ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ ആര്‍.ടി. ഓഫീസുകളില്‍ പല പരിഷ്‌കാരങ്ങളും കൊണ്ടുവന്നെങ്കിലും ഈ മേഖലയില്‍ പല തലങ്ങളിലും അഴിമതി നിലനില്‍ക്കുന്നുണ്ട്. അധികൃതര്‍ ഇച്ഛാശക്തിയോടെ നീങ്ങിയാലേ അത് തുടച്ചുനീക്കാനാവൂ. ചെക്‌പോസ്റ്റുകളിലെ നിയമനം, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നേരിട്ട് നടത്തണമെന്ന തീരുമാനം അഴിമതി നിര്‍മാര്‍ജനത്തിന്റെ ഭാഗമായുള്ളതാണ്. ഇതുവരെ നിയമനം അതത് ജില്ലകളിലെ ആര്‍.ടി.ഒ.മാരാണ് നടത്തിയിരുന്നത്. ഒരു വിഭാഗം ഉദ്യോഗസ്ഥരെ മാത്രം ചെക്‌പോസ്റ്റുകളില്‍ സ്ഥിരമായി നിയമിക്കുന്നതായും ഇതിനു പിന്നില്‍ അഴിമതി ഉള്ളതായും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിയമനരീതിയില്‍ മാറ്റം വരുത്തിയത്. ലക്ഷ്യസാധ്യത്തിന് ഇത് വലിയൊരു പരിധിവരെയെങ്കിലും സഹായകമാകും. ചെക് പോസ്റ്റുകളില്‍ നിയമനം കിട്ടാന്‍ ചില ഉദ്യോഗസ്ഥരും ചിലരെ മാത്രം നിയമിക്കാന്‍ ആര്‍.ടി.ഒ.മാരും കാണിച്ചിരുന്ന താത്പര്യത്തിനു പിന്നില്‍ എന്താണുള്ളതെന്ന് വ്യക്തമാണ്. അഴിമതിവിരുദ്ധ ഉദ്യോഗസ്ഥരെ ഒഴിവാക്കി ഇഷ്ടമുള്ളവരെ മാത്രം ചെക്‌പോസ്റ്റുകളില്‍ നിയമിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ആ നിലയ്ക്ക് നിയമനരീതിയില്‍ മാറ്റം വരുത്തി പരീക്ഷിച്ചുനോക്കുന്നത് അഭികാമ്യമായിരിക്കും.

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുകയും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്താലേ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കൂ. ചെക്‌പോസ്റ്റുകളിലെ നിയമനം ഉദ്യോഗസ്ഥര്‍ ജോലിയില്‍ കാട്ടുന്ന ആര്‍ജവംകൂടി പരിഗണിച്ചായിരിക്കുമെന്ന് നിശ്ചയിച്ചത് സ്വാഗതാര്‍ഹമാണ്. ആദ്യ നിയമനകാലത്തെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടേ ഒരാളെ രണ്ടാമത് നിയമിക്കൂ എന്നാണ് തീരുമാനം. നിയമിക്കപ്പെടുന്നവരെ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാരാണ് വിലയിരുത്തുക. ആര്‍.ടി. ഓഫീസുകളിലെ എല്ലാ ജീവനക്കാരും ഇനി ചെക്‌പോസ്റ്റുകളില്‍ ജോലി ചെയ്തിരിക്കണമെന്നും നിയമനകാലയളവ് മൂന്നു മാസമെന്നത് ഒരു മാസമാക്കണമെന്നും നിശ്ചയിച്ചിട്ടുണ്ട്.ചെക്‌പോസ്റ്റുകളില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തന്നെ ഏറെക്കാലം പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. ഏതു ജില്ലയില്‍ നിന്നും ആളെ നിയമിക്കാമെന്നും തീരുമാനിച്ചിട്ടുണ്ട്. നിയമിക്കപ്പെടുന്നവരെ ആ കാലത്ത് ഓഫീസിലെ മറ്റ് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഒന്നില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുള്ള ചെക്‌പോസ്റ്റുകളില്‍ നിന്ന് 
ചിലര്‍ 'മുങ്ങുന്നത്' ഒഴിവാക്കാന്‍ ചുമതലകള്‍ വിഭജിച്ചിട്ടുമുണ്ട്. 
 
ചെക്‌പോസ്റ്റുകളില്‍ ഇങ്ങനെ പുതിയ മുഖങ്ങളും പുതിയ നിയമന സമ്പ്രദായവും വരുന്നത് അഴിമതിയെന്ന പോലെ ജീവനക്കാര്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ കുറയാനും ഇടയാക്കുമെന്ന് ആശിക്കാം. എന്തായാലും ലക്ഷ്യം നേടലാണ് പ്രധാനം. ആര്‍.ടി. ഓഫീസുകളില്‍ നിന്ന് കിട്ടേണ്ട മറ്റ് സേവനങ്ങളും ക്ലേശംകൂടാതെ വേണ്ടസമയത്ത് ജനങ്ങള്‍ക്ക് കിട്ടണം. പലേടത്തും ഇപ്പോഴും ഇടനിലക്കാരുടെ പ്രവര്‍ത്തനം ശക്തമാണ്. വാഹനങ്ങള്‍ സംബന്ധിച്ചുള്ള ഇടപാടുകള്‍ക്ക് പലരും ഇടനിലക്കാരെയാണ് ആശ്രയിക്കുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇതിന്റെ കാരണവും അന്വേഷിക്കേണ്ടതാണ്. ഇടനിലക്കാരുമായി ഒത്തുകളിക്കുന്ന ചില ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കും ചുമതലാബോധത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. വാഹനങ്ങളുടെ സുരക്ഷിതത്വകാര്യങ്ങളില്‍ പോലും ചില ജീവനക്കാര്‍ പണത്തിനുവേണ്ടി വിട്ടുവീഴ്ച ചെയ്യാറുണ്ട്. ആര്‍.ടി. ഓഫീസുകളിലൂടെ നടത്തേണ്ട കാര്യങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ തീര്‍ക്കാന്‍ ഹെല്‍പ് ഡസ്‌കുകളും രേഖകളും മറ്റും വേഗം നല്‍കാന്‍ ഫാസ്റ്റ് ട്രാക്ക് സേവനവും ഏര്‍പ്പെടുത്തുകയുണ്ടായി. ഇവയുടെയും പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നുറപ്പാക്കണം. ബോധവത്കരണപരിപാടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കുകയും വേണം. ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയവയ്ക്കായുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നത് ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും ഒരേപോലെ പ്രയോജനം ചെയ്യും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: