ഒന്നായി
മുന്നേറാം
വിദ്യാഭ്യാസവായ്പയുടെ ആനുകൂല്യങ്ങള്‍ മെറിറ്റിലുള്ളവര്‍ക്കായി പരിമിതപ്പെടുത്തിയത് പിന്‍വലിക്കണം, കടക്കെണിയിലായ കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം, ക്ഷേമനിധി ബോര്‍ഡുകളുടെ പണത്തിന് നികുതി ഒഴിവാക്കണം, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ ദേശീയകേന്ദ്രമാക്കണം എന്നിവ കേരളം ഉന്നയിച്ച ആവശ്യങ്ങളില്‍പ്പെടുന്നു. സാമൂഹികക്ഷേമത്തിനും സംസ്ഥാനത്തിന്റെ വികസനസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കേന്ദ്രത്തിന്റെ സഹായവും ആനുകൂല്യങ്ങളും കൂടിയേ കഴിയൂ. അതു ലഭിക്കാന്‍ രാഷ്ട്രീയസമര്‍ദം മാത്രം പോരാ. ആവശ്യങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ബോധ്യപ്പെടുത്തിയാലേ പരമാവധി കേന്ദ്രസഹായം ഉറപ്പാക്കാനാവൂ. വിശദമായ പഠനങ്ങളുടെയും കണക്കുകളുടെയും പിന്‍ബലത്തോടെയാവണം ആവശ്യങ്ങള്‍ കേന്ദ്രാധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. സാങ്കേതികകാര്യങ്ങളില്‍ വീഴ്ച വരാതിരിക്കാന്‍ ശ്രദ്ധിക്കുകയും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ തുടര്‍നടപടികളെടുക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും വേണം. ഇത്തരം കാര്യങ്ങളില്‍ അടുത്തകാലത്താണ് കേരളം ശ്രദ്ധിച്ചു തുടങ്ങിയത്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ ഇതില്‍ പുലര്‍ത്തുന്ന നിഷ്‌കര്‍ഷ നമുക്ക് മാതൃകയാക്കാവുന്നതാണ്. ഓരോഘട്ടത്തിലും ഡല്‍ഹിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നീക്കുന്നതിലും അവര്‍ ഏറേ ശ്രദ്ധിക്കുന്നു.
പ്രധാനമന്ത്രി പരിഗണിക്കാമെന്ന് പറഞ്ഞ പല ആവശ്യങ്ങളും അനുവദിച്ചു കിട്ടുന്നതിന് ഈ സമീപനം അത്യാവശ്യമാണ്. മന്‍മോഹന്‍സിങ്ങിന്റെ ചില പരാമര്‍ശങ്ങള്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിനുള്ള ബാധ്യതകള്‍ ഓര്‍മിപ്പിക്കുന്നുമുണ്ട്. പാലക്കാട് കോച്ച് ഫാക്ടറി പ്രശ്‌നം അവതരിപ്പിച്ചപ്പോള്‍ അത് തുടങ്ങിക്കഴിഞ്ഞുവെന്നാണ് താന്‍ ധരിച്ചതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രത്യേക പാക്കേജ് എന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ പ്രധാനമന്ത്രി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് വേണമെന്ന് നിര്‍ദേശിച്ചത് ശ്രദ്ധേയമാണ്. ദേശീയപാതകളുടെ ബൈപ്പാസുകള്‍ വികസിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമ്പോഴും ഈ രംഗത്ത് സംസ്ഥാനം സ്വന്തം നിലയ്ക്ക് ചെയ്യേണ്ട കാര്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍ പ്രധാനമന്ത്രി മറന്നില്ല. സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നല്‍കിയ പ്രതീക്ഷകള്‍ യഥാര്‍ഥ്യമാകണമെങ്കില്‍ കേരളത്തിന്റെ ഭാഗത്തുനിന്ന് ചിട്ടയായ തുടര്‍പരിശ്രമങ്ങള്‍ ഉണ്ടാകണം. പൊതുവികസനത്തിലായാലും ക്ഷേമപരിപാടികളിലായും വികാരത്തിനും പ്രചാരണത്തിനുമല്ല, യാഥാര്‍ഥ്യത്തിനും ദൂരക്കാഴ്ചയിലൂന്നിയ ശാസ്ത്രീയ സമീപനത്തിനുമാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അനുവദിച്ചിട്ടുള്ള കേന്ദ്രാനുകൂല്യങ്ങളും പദ്ധതികളും സമയബദ്ധമായി പരമാവധി പ്രയോജനപ്പെടുത്തുന്ന കാര്യത്തിലും കേരളം ശ്രദ്ധിക്കണം. എങ്കിലേ കൂടുതല്‍ സഹായങ്ങള്‍ക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനുള്ള ധാര്‍മികബലം കേരളത്തിന് കിട്ടൂ. വികസനകാര്യങ്ങളില്‍, പ്രതിരോധമന്ത്രി എ.കെ.ആന്റണി ഓര്‍മിപ്പിച്ചതുപോലെ, രാഷ്ട്രീയഭിന്നതകള്‍ മറന്നുള്ള സഹകരണം ഉണ്ടായാല്‍, കേരളത്തിനത് കൂടുതല്‍ ഗുണം ചെയ്യും.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment