Pages

Monday, September 3, 2012

കല്‌പവൃക്ഷത്തെമലയാളി കൈവിടരുത്

കല്‌പവൃക്ഷത്തെമലയാളി  കൈവിടരുത്
വീട്ടുമുറ്റത്തൊരു തെങ്ങ് മലയാളിക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണ് . തെങ്ങിനെ സ്‌നേഹിക്കുമ്പോള്‍ത്തന്നെ ഇപ്പോള്‍ അവര്‍ അതിനെച്ചൊല്ലി സങ്കടപ്പെടുകയും ചെയ്യുന്നു. തേങ്ങ ഇടാന്‍ ആളില്ല. ഇട്ടാല്‍ത്തന്നെ കര്‍ഷകന് മതിയായ വില കിട്ടുന്നില്ല. വീട്ടാവശ്യത്തിന് തേങ്ങ വാങ്ങാന്‍ പോകുന്ന നഗരത്തിലെ മലയാളിയാകട്ടെ കടയില്‍ നല്‍കേണ്ടത് ഉയര്‍ന്ന വില. ഉയര്‍ന്ന കൂലി നല്‍കി ഇട്ട തേങ്ങ എടുക്കാനാളില്ലാതെ കിടക്കുമ്പോള്‍ കര്‍ഷകന്റെ ഉള്ളില്‍ തീയാണ്. കൊപ്ര സംഭരണത്തിന് സര്‍ക്കാര്‍ 280 സഹകരണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇത് ഫലപ്രദമായിട്ടില്ല. 50 സംഘങ്ങള്‍ മാത്രമാണ് സംഭരണ രംഗത്തുള്ളതെന്നാണ് സൂചന. കൊപ്രയുണക്കാനുള്ള ഡ്രയര്‍ ഇല്ലാത്തതാണ് ഇവയുടെ പ്രധാന പ്രശ്‌നം. അടുത്ത വര്‍ഷമാകുമ്പോഴേക്കും 200 ഡ്രയര്‍ എങ്കിലും ഒരുക്കണമെന്ന് കേരഫെഡ് പറയുന്നു. സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയാല്‍ ഇവ പഞ്ചായത്ത് തലത്തിലും സഹകരണ സംഘങ്ങളിലുമായി പ്രവര്‍ത്തന സജ്ജമാക്കാമെന്നാണ് കേരഫെഡ് ചൂണ്ടിക്കാട്ടുന്നത്. മുമ്പും കൊപ്രസംഭരണം ഇതേ കാരണത്താല്‍ മുടങ്ങിയിട്ടുണ്ട്. കേരകര്‍ഷകദിനാചരണങ്ങള്‍ മുടങ്ങാതെ നടത്തുമ്പോഴും ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നത് ഖേദകരമാണ്.തേങ്ങയില്‍ നിന്നുള്ള ഇളനീര്‍, കൊപ്ര, വെളിച്ചെണ്ണ, പിണ്ണാക്ക് തുടങ്ങിയവയ്ക്കു പുറമേ തെങ്ങിന്റെ ഓലയും തടിയും ചകിരിയും ചകിരിച്ചോറും ചിരട്ടയുമെല്ലാം ഉപയോഗപ്രദമാണെന്ന് നേരത്തേ മലയാളിക്കറിയാം. അതുകൊണ്ടുതന്നെ തെങ്ങിനെ കല്‍പവൃക്ഷമായി വാഴ്ത്തുകയും ചെയ്തു. എന്നാല്‍ തെങ്ങില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളെ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് രൂപപ്പെടുത്തേണ്ടതുണ്ട്. ഇത്തരം ഉത്പന്നങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ ലാഭകരമായി ഉണ്ടാക്കാനുള്ള ശ്രമം വേണ്ടത്ര ഫലം കണ്ടിട്ടില്ല. കയറുത്പന്നങ്ങളുടെ കാര്യത്തില്‍ ആലപ്പുഴയുടെ മാതൃക മുന്നിലുണ്ടെന്നത് ശരിതന്നെ. വിപണിയുടെ ആവശ്യം മനസ്സിലാക്കിയുള്ള ചകിരി ഉത്പന്നങ്ങള്‍ ഒരുക്കാന്‍ ആലപ്പുഴയിലെ കയര്‍ മേഖലയ്ക്ക് ഒരുപരിധിവരെ സാധിക്കുന്നുണ്ട്. ആലപ്പുഴയിലെ ചകിരിയാണ് കയര്‍ ഉത്പന്നങ്ങള്‍ക്ക് ഏറ്റവും ചേര്‍ന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് പ്രദേശങ്ങളിലെ ചകിരി കൂടി കയര്‍വ്യവസായത്തിന് ഇണങ്ങുംവിധം മെച്ചപ്പെടുത്തിയെടുക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങളാരായേണ്ടതാണ്. നിര്‍മാണാവശ്യത്തിന് തെങ്ങിന്‍തടി വിപുലമായി ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതയും ആരായണം. പച്ചത്തേങ്ങയില്‍ നിന്നുണ്ടാക്കുന്ന തേങ്ങാപ്പാല്‍, കൂടുതല്‍ കാലം സൂക്ഷിക്കാവുന്ന പാല്‍പ്പൊടി, ഇളനീര്‍ തുടങ്ങി ഒട്ടേറെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കുള്ള സാധ്യത വിപുലമായി പ്രയോജനപ്പെടുത്തണം. 

തേങ്ങയിടാന്‍ ആളെക്കിട്ടുന്നില്ലെന്ന വേവലാതിയില്‍ തലയില്‍ കൈവെച്ചു നില്‍ക്കുകയാണ് ചെറുകിട തെങ്ങുകര്‍ഷകനും വീട്ടുമുറ്റത്ത് ഒന്നോ രണ്ടോ തെങ്ങുള്ള സാധാരണക്കാരനുമൊക്കെ. ഉണങ്ങിയ തേങ്ങയും മടലും വീഴുമെന്ന് പേടിച്ച് അച്ഛനമ്മമാര്‍ കുട്ടികളെ തെങ്ങുള്ള മുറ്റത്ത് കളിക്കാന്‍ വിടുന്നില്ല. തെങ്ങ് കയറാന്‍ നാളികേര വികസന ബോര്‍ഡ് യുവതീ, യുവാക്കളെ പരിശീലിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു കൊല്ലത്തിനകം 6000 -ത്തോളം പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. ഇവരെല്ലാം എല്ലാക്കാലവും രംഗത്തുണ്ടാവുമെന്ന് കരുതാനാവില്ല. എങ്കിലും തേങ്ങയിടാനെത്തുന്ന ചങ്ങാതിക്കൂട്ടം വളരെനല്ലൊരു ചുവടുവെപ്പാണ്. കൂടുതല്‍ പേരെ ഇത്തരത്തില്‍ ഈ ജോലിക്ക് സജ്ജരാക്കാനുള്ള ശ്രമം തുടരണം. തെങ്ങില്‍ നിന്നുള്ള മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കൂടി കരുത്തില്‍ തെങ്ങുകൃഷി നഷ്ടക്കച്ചവടമാവില്ലെന്ന് വന്നാല്‍ നിലവിലുള്ളവര്‍ ഈ രംഗത്ത് തുടരും. കൂടുതല്‍ തെങ്ങ് വെച്ചുപിടിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്യും. ഇതോടൊപ്പം നാളികേരം കൃഷിക്കാരനില്‍ നിന്ന് ഇടനിലക്കാരുടെ ചൂഷണമില്ലാതെ നഗരങ്ങളിലെ ആവശ്യക്കാരിലെത്തിക്കാനും സംവിധാനമുണ്ടാക്കണം. ഉത്പന്നവൈവിധ്യവത്കരണം അത്യാവശ്യമാണെങ്കിലും ഇപ്പോള്‍ ഏറ്റവും പ്രധാനം കൊപ്രയുടെ സംഭരണം കാര്യക്ഷമമാക്കലാണ്. സര്‍ക്കാറും സര്‍ക്കാറിന്റെ കീഴിലുള്ള ഏജന്‍സികളായ കേരഫെഡും മാര്‍ക്കറ്റ് ഫെഡും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സംഭരണത്തിന് നിയോഗിക്കപ്പെട്ട സംഘങ്ങള്‍ അവരുടെ കടമ നിര്‍വഹിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. അവര്‍ മടിച്ചുനില്‍ക്കുന്നുവെങ്കില്‍ അതിന്റെ കാരണം മനസ്സിലാക്കി പരിഹാരം കാണണം. സംഘത്തിന് നഷ്ടം വരാത്തവിധമുള്ള കൊപ്രസംഭരണം ഉറപ്പാക്കണം.
 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: