Pages

Friday, September 28, 2012

പൊതുമേഖലാ ബാങ്കുകള്‍ ബ്ലേഡ് കമ്പനികള്‍ ആകരുത്



പൊതുമേഖലാ ബാങ്കുകള്‍
ബ്ലേഡ് കമ്പനികള്‍ ആകരുത്



പൊതുമേഖലാ ബാങ്കുകള്‍ബ്ലേഡ് കമ്പനികള്‍ ആകരുത്.ചില പൊതുമേഖലാബാങ്കുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ ഈ മേഖലയെ നിയന്ത്രിക്കുന്നവര്‍ക്കും സര്‍ക്കാറിനും മാര്‍ഗദര്‍ശകമാകേണ്ടവയാണ്. ചെറിയ കുടിശ്ശികത്തുക പിടിച്ചെടുക്കാന്‍, ഈടുവെച്ച വസ്തു ഏറ്റെടുത്ത് വന്‍ ലാഭമുണ്ടാക്കുന്ന പൊതുമേഖലാ ബാങ്കുകള്‍ ബ്ലേഡ് കമ്പനികളുടേതിനേക്കാള്‍ കഴുത്തറപ്പന്‍ രീതിയാണ് സ്വീകരിക്കുന്നതെന്ന്, ഇതു സംബന്ധിച്ചുള്ള ഒരു അപ്പീല്‍ പരിഗണിക്കെ, കോടതി പറഞ്ഞു. തങ്ങള്‍ ഈടുവെച്ച കെട്ടിടം ഏറ്റെടുത്ത് വാടകയ്ക്കു കൊടുക്കുകയും വില്‍ക്കുകയും ചെയ്തതുവഴി ബന്ധപ്പെട്ട പൊതുമേഖലാ ബാങ്കിനുണ്ടായ ലാഭം, കുടിശ്ശിക ഒഴികെ, തങ്ങള്‍ക്കു നല്‍കണമെന്നാണ് അപ്പീല്‍ സമര്‍പ്പിച്ചവര്‍ ആവശ്യപ്പെട്ടിരുന്നത്. ബാങ്കുകളുടെ ജോലി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സല്ലെന്നും വായ്പ നല്‍കലാണെന്നും ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി.എസ്. ഗോപിനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചു. ബാങ്കിന്റെ നടപടികള്‍ അഭികാമ്യമായ രീതിയിലല്ലെന്ന് കോടതി വിലയിരുത്തി. ഹര്‍ജിക്കാരിക്ക് 6.50 ലക്ഷം രൂപ തിരികെ നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു. ബന്ധപ്പെട്ട നിയമം സാങ്കേതികമായി ബാങ്കിന് അനുകൂലമാണെങ്കിലും ഹൈക്കോടതിയുടെ പ്രത്യേകാധികാരം വിനിയോഗിച്ചാണ് ഈ ഉത്തരവെന്നും കോടതി പറഞ്ഞു.

മാതൃകാപരമായ ധനകാര്യ സ്ഥാപനങ്ങളെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കേണ്ടവയാണ് പൊതുമേഖലാ ബാങ്കുകള്‍. എന്നാല്‍, സാമാന്യനീതിക്കോ ധാര്‍മികതയ്‌ക്കോ നിരക്കാത്ത നടപടികള്‍ പല ബാങ്കുകളില്‍ നിന്നും ഉണ്ടാകുന്നു. ഇതിന്റെ ദുഷ്ഫലം പലപ്പോഴും കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമാണ്. അവരുടെ വിഷമതകളോ പരാതികളോ വേണ്ടവിധം പരിഗണിക്കപ്പെടാറുമില്ല. വന്‍വ്യവസായികളുടെയും സ്വാധീനശക്തിയുള്ളവരുടെയും കോടിക്കണക്കിനു രൂപയുടെ വായ്പക്കുടിശ്ശിക എഴുതിത്തള്ളാന്‍ മടിക്കാത്ത ബാങ്കുകള്‍ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നുവെന്ന കോടതിയുടെ പരാമര്‍ശത്തില്‍ ജനവികാരം തന്നെയാണ് പ്രതിഫലിക്കുന്നത്. നിയമപ്രകാരമുള്ള നടപടികളെടുക്കുമ്പോള്‍ ബാങ്കുകള്‍ ഇടപാടുകാരോട് മാന്യത കാണിക്കണമെന്ന് കോടതി ഓര്‍മിപ്പിക്കുന്നു. ഹര്‍ജിക്കാര്‍ അല്പമെങ്കിലും ത്രാണിയുള്ളവരായിരുന്നുവെങ്കില്‍ ബാങ്കിന്റെ നടപടി മൂകമായി അനുവദിച്ചു കൊടുക്കില്ലായിരുന്നുവെന്നും കോടതി വിലയിരുത്തി. ബാങ്കുകളെക്കുറിച്ച് പൊതുവേ ഉന്നയിക്കപ്പെട്ടുപോരുന്ന ഒരു പരാതിക്ക് നീതിപീഠവും അടിവരയിടുകയാണ്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനശൈലിക്ക് ജനകീയമുഖം ഇനിയും കൈവന്നിട്ടില്ലെന്നാണ് അതിനര്‍ഥം.
 

വ്യവസ്ഥകള്‍ക്കും അവയുടെ സാങ്കേതികതയ്ക്കും ബാങ്കുകള്‍ അമിതപ്രാധാന്യം കൊടുക്കുന്നത് സാധാരണക്കാരുടെയോ പാവപ്പെട്ടവരുടെയോ കാര്യം വരുമ്പോഴാണ്. വിവിധപരാമര്‍ശങ്ങളിലൂടെ കോടതി ഓര്‍മിപ്പിക്കുന്നതും മറ്റൊന്നല്ല. വന്‍കിടക്കാരുടെ എഴുതിത്തള്ളപ്പെടുന്ന കുടിശ്ശികകളുടെ അമ്പരപ്പിക്കുന്ന കണക്കുകളും ചേര്‍ത്തു വായിക്കുമ്പോഴാണ് പല ബാങ്കുകളുടെയും സമീപനത്തിലെ ക്രൂരമായ വൈരുദ്ധ്യം കൂടുതല്‍ വ്യക്തമാകുക. സമൂഹത്തിന്റെ താഴത്തെത്തട്ടുകളിലുള്ളവര്‍ക്ക് വായ്പയും മറ്റ് ആനുകൂല്യങ്ങളും നടപടിക്രമങ്ങളുടെ പേരില്‍ ബാങ്കുകള്‍ വൈകിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത് സംബന്ധിച്ചുള്ള പരാതികള്‍ സാധാരണമാണ്. വായ്പത്തുക തിരിച്ചുപിടിക്കാന്‍ ചില ബാങ്കുകള്‍ ബ്ലേഡ് കമ്പനികളെപ്പോലെ നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരാറുണ്ട്. വിദ്യാഭ്യാസവായ്പ കുട്ടികളുടെ അവകാശമാണെന്ന് ഭരണാധികാരികള്‍ ആവര്‍ത്തിക്കുമ്പോഴും അര്‍ഹരായ പലര്‍ക്കും ബാങ്കുകള്‍ അത് നിഷേധിക്കുന്നതായും ആരോപണങ്ങള്‍ ഉയരുന്നു. ഇതിന്റെ പേരില്‍ ആത്മഹത്യകള്‍ പോലും ഉണ്ടായി. ഈ സാഹചര്യത്തില്‍, ബാങ്കുകളുടെ പ്രവര്‍ത്തനശൈലിയിലും സമീപനത്തിലും മാറ്റം ഉണ്ടാകണം. കോടതിയുടെ പരാമര്‍ശങ്ങള്‍ അതിന് പ്രേരകമാകുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ.


പ്രൊഫ്.ജോണ്‍ കുരാക്കാര്‍ 

No comments: