വിമുക്തഭടന്മാരുടെ ആവശ്യങ്ങള്‍
പരിഗണിക്കണം
'ഒരു റാങ്ക്,
ഒരു പെന്‍ഷന്‍' രീതി നടപ്പാക്കാന്‍
കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതോടെ വിമുക്തഭടന്മാരുടെ ഒരു ചിരകാലാവശ്യം
അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. സൈന്യത്തില്‍ ഒരേ കാലയളവില്‍ ഒരേ
റാങ്കിലുണ്ടായിരുന്നവര്‍ക്ക് ഒരേ പെന്‍ഷന്‍ നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്.
നേരത്തേ വിരമിച്ചവര്‍ക്ക് കുറഞ്ഞ പെന്‍ഷന്‍ വാങ്ങേണ്ട സ്ഥിതിയായിരുന്നു ഇതുവരെ.
പെന്‍ഷന്‍ വര്‍ധിപ്പിക്കുമ്പോള്‍ അതിന്റെ ആനുകൂല്യം നേരത്തേ പെന്‍ഷന്‍ പറ്റിയവര്‍ക്കും
ലഭിക്കും. ഇതു നടപ്പാക്കാന്‍ 2300 കോടി രൂപ വേണ്ടിവരും. ഒരു
റാങ്ക്, ഒരു പെന്‍ഷന്‍ സംവിധാനത്തിന്റെ ആനുകൂല്യം കുടുംബപെന്‍ഷന്‍കാര്‍ക്കും
നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സൈനിക, സൈനികേതരസര്‍വീസുകളില്‍
പ്രവര്‍ത്തിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇരട്ടപെന്‍ഷന്‍ കൈപ്പറ്റുന്നതിനുള്ള അനുമതി
തുടരും. വിമുക്തഭടന്മാരുടെ, മാനസിക, ശാരീരികവൈകല്യമുള്ള
മക്കള്‍ക്ക് നല്‍കിവരുന്ന കുടുംബപെന്‍ഷന്‍ വിവാഹശേഷവും നല്‍കാനുള്ളതാണ് മറ്റൊരു
തീരുമാനം.
തങ്ങളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും അനുവദിക്കുന്നതില്‍പ്പോലും
അധികൃതര്‍ അനാസ്ഥകാട്ടുന്നതായി വിമുക്തഭടന്മാരുടെ സംഘടനകളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു.
പലപ്പോഴും സമരമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പോലും അവര്‍ നിര്‍ബദ്ധരായി. രാജ്യസ്‌നേഹികളെയെല്ലാം
ഇത് അസ്വസ്ഥരാക്കിയിരുന്നു. സൈനികരുടെയെന്നപോലെ വിമുക്ത ഭടന്മാരുടെയും ആവശ്യങ്ങള്‍ക്കും
പ്രശ്‌നങ്ങള്‍ക്കും അര്‍ഹമായ പരിഗണന ലഭിച്ചു തുടങ്ങിയത് അടുത്തകാലത്താണ്.
പ്രതിരോധമന്ത്രി എ.കെ. ആന്റണി ഇക്കാര്യത്തില്‍ തികച്ചും അനുഭാവപൂര്‍വമായ
നിലപാടാണെടുത്തത്. ഇന്ത്യന്‍സൈന്യത്തിന്റെയും സൈനികസ്ഥാപനങ്ങളുടെയും സ്ഥിതി
പഴയകാലത്തെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അതിനനുസരിച്ചുള്ള ഉയര്‍ച്ച
സൈനികര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഉണ്ടാകണം. ഒരു റാങ്ക്, ഒരുപെന്‍ഷന്‍
രീതി നടപ്പാക്കിയത് വിമുക്തഭടന്മാരിലെന്നപോലെ സൈനികരിലും ആത്മവിശ്വാസം വളര്‍ത്തും.
കേന്ദ്ര, സംസ്ഥാനസര്‍ക്കാറുകള്‍ ധാരണയോടെ പ്രവര്‍ത്തിച്ചാലേ
വിമുക്ത ഭടന്മാരുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനാകൂ. വിരമിച്ച അര്‍ധസൈനികര്‍
ഉന്നയിച്ചിട്ടുള്ള ന്യായമായ ആവശ്യങ്ങളുടെ കാര്യത്തിലും ഉദാരമായ സമീപനം അധികൃതരുടെ
ഭാഗത്തുനിന്നുണ്ടാകണം.
പ്രൊഫ്.
ജോണ്‍ കുരാക്കാര്‍
No comments:
Post a Comment