Pages

Wednesday, September 26, 2012

കാവലില്ലാത്ത ലെവല്‍ക്രോസുകള്‍ ദുരന്തങ്ങളുടെ തുടര്‍കഥകളാകുന്നു


കാവലില്ലാത്ത ലെവല്‍ക്രോസുകള്‍ ദുരന്തങ്ങളുടെ തുടര്‍കഥകളാകുന്നു

               ആലപ്പുഴ ജില്ലയിലെ അരൂരില്‍ ആളില്ലാ ലെവല്‍ക്രോസില്‍ തീവണ്ടി കാറിലിടിച്ച് അഞ്ചുപേര്‍ മരിച്ച സംഭവം ഇത്തരം ദുരന്തങ്ങളില്‍ അവസാനത്തേതായിരിക്കട്ടെ എന്നാശിക്കാം. 2010 ആഗസ്തില്‍ ആലപ്പുഴ ജില്ലയിലെ തന്നെ മാരാരിക്കുളത്ത് ആളില്ലാത്ത ലെവല്‍ക്രോസിലുണ്ടായ സമാനമായ അപകടത്തില്‍ ജര്‍മന്‍ ദമ്പതിമാര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. ചെറിയ അപകടങ്ങള്‍ പിന്നീടും ഉണ്ടായി. പലേടത്തും തലനാരിഴയ്ക്കാണ് അപകടങ്ങള്‍ ഒഴിവായത്. ആനിലയ്ക്ക്, പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി പരിഹാരത്തിന് വഴികള്‍ തേടാന്‍ ഒട്ടും വൈകിക്കൂടാ. രാജ്യത്ത് 16000 ത്തോളം കാവലില്ലാത്ത ലെവല്‍ക്രോസുകളുണ്ട്. കേരളത്തില്‍ ഇവ 147 ആണ്. അപകടമുണ്ടായതിനെത്തുടര്‍ന്ന് അരൂര്‍ ലെവല്‍ ക്രോസില്‍ കാവലാളെ നിയമിച്ചിട്ടുണ്ട്. മുന്‍പ് മാരാരിക്കുളത്ത് ദുരന്തമുണ്ടായപ്പോള്‍, ആളില്ലാ ലെവല്‍ക്രോസുകളിലെല്ലാം കാവല്‍ക്കാരെ നിയമിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. അഞ്ചുവര്‍ഷത്തിനകം എല്ലാ ആളില്ലാലെവല്‍ക്രോസുകളും ഒഴിവാക്കുമെന്നാണ് കഴിഞ്ഞ റെയില്‍വേബജറ്റില്‍ പ്രഖ്യാപിച്ചത്. ഇത്തരം വാഗ്ദാനങ്ങള്‍ സമയബദ്ധമായി പാലിക്കപ്പെടുന്നില്ല. ദുരന്തമുണ്ടാകുമ്പോള്‍ ജനരോഷം ഭയന്ന് ഉറപ്പുകള്‍ നല്‍കുകയും പിന്നീടത് മറക്കുകയും ചെയ്യുന്നതാണ് റെയില്‍വേയുടെ രീതി. സുരക്ഷിതത്വകാര്യങ്ങളെക്കുറിച്ച് റെയില്‍വേ ബോധവത്കരണം നടത്താറുണ്ട്. അതുകൊണ്ടുമാത്രമായില്ല. ഇക്കാര്യത്തില്‍ റെയില്‍വേ വകുപ്പ് കൂടുതല്‍ ഉത്തരവാദിത്വബോധം കാണിച്ചേ മതിയാകൂ.അപകടസാധ്യതയേറെയുള്ള ലെവല്‍ക്രോസുകളിലെങ്കിലും എത്രയും വേഗം കാവല്‍ക്കാരെ നിയമിക്കണം. കേരളത്തില്‍ വന്‍ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നസ്ഥിതിക്ക്, ഇവിടത്തെ ലെവല്‍ക്രോസുകള്‍ സുരക്ഷിതമാക്കുന്ന കാര്യത്തിന് റെയില്‍വേയെ പ്രേരിപ്പിക്കാന്‍ വേണ്ടതെല്ലാം സംസ്ഥാന സര്‍ക്കാറും ജനപ്രതിനിധികളും ചെയ്യണം. അതുവരെ, കാവല്‍ക്കാര്‍ ഇല്ലാത്ത ലെവല്‍ക്രോസുകളില്‍ അപകടം ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവരെല്ലാം അങ്ങേയറ്റത്തെ ജാഗ്രത പുലര്‍ത്താന്‍ മടിക്കരുത്. ലെവല്‍ക്രോസുകളിലുണ്ടായ പല ദുരന്തങ്ങള്‍ക്കും പ്രധാനകാരണമായത് വാഹനങ്ങള്‍ ഓടിക്കുന്നവരുടെ അശ്രദ്ധതന്നെയാണ്. ആളില്ലാത്ത ലെവല്‍ക്രോസുകള്‍ക്കു മുന്‍പായി സൂചനാബോര്‍ഡുകള്‍ റോഡിലൂടെ വരുന്നവര്‍ക്കെല്ലാം കാണത്തക്കവിധം തന്നെ വെക്കണം. ഇത്തരം ലെവല്‍ക്രോസുകള്‍ കടക്കുംമുന്‍പ് ഡ്രൈവര്‍മാര്‍ പല മുന്‍കരുതലുകളും എടുക്കണമെന്ന് മോട്ടോര്‍വാഹനനിയമത്തില്‍ വ്യക്തമാക്കി യിട്ടുണ്ട്. വാഹനം നിര്‍ത്തി ഡ്രൈവറോ സഹായിയോ ഇറങ്ങി പാളത്തിനടുത്തുചെന്ന് തീവണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കണം. പിന്നീട് വാഹനം സ്റ്റാര്‍ട്ടാക്കിയശേഷം, തീവണ്ടി വരുന്നില്ലെന്ന് വീണ്ടും ഉറപ്പുവരുത്തിയിട്ടേ പാളം മുറിച്ചുകടക്കാവൂ. 
       സുരക്ഷിതത്വത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ഇത്തരം വ്യവസ്ഥകള്‍ പല ഡ്രൈവര്‍മാരും പാലിക്കാറില്ല. തീവണ്ടിവരുന്നുണ്ടെന്നറിഞ്ഞാലും ലെവല്‍ ക്രോസ് മുറിച്ചുകടക്കുന്ന ഡ്രൈവര്‍മാരുമുണ്ട്. മുന്‍പ് ആലപ്പുഴ ജില്ലയില്‍ത്തന്നെ സ്‌കൂള്‍ വിദ്യാര്‍ഥികളെ കയറ്റിയ വാന്‍ പാളത്തില്‍ നിന്ന സമയത്ത് തീവണ്ടി പാഞ്ഞുവരുന്നുണ്ടായിരുന്നു. ആളുകള്‍ മുന്നറിയിപ്പുനല്‍കിയതിനെത്തുടര്‍ന്ന് തീവണ്ടി നിര്‍ത്താന്‍ കഴിഞ്ഞതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ലെവല്‍ക്രോസുകള്‍ക്ക് അടുത്തെത്തുമ്പോള്‍ തീവണ്ടിയിലെ ഡ്രൈവര്‍മാരും സുരക്ഷിതത്വം സംബന്ധിച്ചുള്ള നിബന്ധനകള്‍ പാലിക്കണം. ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ജനങ്ങള്‍ രോഷംകൊള്ളുന്നതും കാരണങ്ങളെച്ചൊല്ലി വിവാദങ്ങള്‍ ഉണ്ടാകുന്നതും സ്വാഭാവികമാണ്. അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അപകടങ്ങള്‍ ഒഴിവാക്കുക എന്നതാവണം ലക്ഷ്യം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: