വെള്ളിത്തിരയിലും
രംഗവേദിയിലും അഭിനയത്തിന്റെ അലൗകികമാതൃകകള്‍ പൊലിപ്പിച്ചെടുത്ത തിലകന്‍ ചായവും
ചമയവുമില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുന്നു. എഴുപതുകളുടെ മധ്യാഹ്നത്തില്‍
പ്രമേയത്തിലും ഘടനയിലും മാറ്റത്തിനുവേണ്ടി നിലകൊണ്ട ഒരുപറ്റം ചലച്ചിത്രപ്രവര്‍ത്തകരുടെ
അഭിനയസങ്കല്പത്തിലെ അകാല്പനികരൂപമായിരുന്നു തിലകന്‍.അരങ്ങിലും അഭ്രപാളിയിലും
അരനൂറ്റാണ്ടിലേറെ കാലം അഭിനയത്തികവിന്റെ
സ്വര്‍ണ്ണ മുദ്ര ചാര്‍ത്തിയ അതുല്യ
നടനായിരുന്നു തിലകന്‍ . സ്വന്തം ശരീരത്തെ, അതിന്റെ
സാധ്യതകളെ ഈ നടന്‍ എല്ലാ അര്‍ഥത്തിലും തിരിച്ചറിഞ്ഞു. ഒരു ശരാശരിക്കാരനായ
കേരളീയന്റെ കുറിയ ശരീരംകൊണ്ട് കഥാപാത്രത്തിന്റെ പ്രത്യക്ഷസത്തയും ആന്തരിക
സ്വഭാവവും ഉള്‍ക്കൊള്ളാന്‍ ഈ പ്രതിഭാശാലിക്കു കഴിഞ്ഞു.കഥാപാത്രത്തിന്റെ അന്തര്‍ഗതങ്ങള്‍
തന്റെ ശരീരത്തിലേക്ക് പടര്‍ത്തി സ്വാഭാവികാഭിനയത്തിന്റെ കൊടുമുടിയില്‍ കയറി തിലകന്‍
നിന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍
കുടിപ്പള്ളിക്കൂടത്തിലെ മറിയ ആശാട്ടി എഴുതിയ നാടകത്തിലെ കഥാപാത്രത്തെ
അവതരിപ്പിച്ചുകൊണ്ട് ആരംഭിച്ചതാണ് ആ അഭിനയജീവിതം. പില്‍ക്കാലത്ത് കമ്യൂണിസത്തിന്റെ
ആദ്യകാലഭാവനകള്‍ കൂടി കടന്നുവന്നപ്പോള്‍ ആ യുവാവ് വിപ്ലവകാരിയായ റിബലായി.
കൊല്ലത്ത് എസ്.എന്‍. കോളേജില്‍, അപേക്ഷാഫോറത്തില്‍ ജാതിക്കോളം
പൂരിപ്പിക്കാതെ, തിലകന്‍ കലഹവാസന പ്രകടിപ്പിച്ചു. തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ പോലെ, ജീവിതത്തിലും
തിലകന്‍ പരുക്കന്‍ മാനങ്ങളുള്ള കഥാപാത്രമായി. പട്ടാളത്തില്‍ രണ്ടുകൊല്ലം
ചെലവഴിച്ചെങ്കിലും അഭിനയജീവിതത്തിന്റെ മധുചഷകത്തില്‍ വീണുപോയ തിലകന്‍ പിന്നീട്
മലയാളനാടകവേദിയുടെ രംഗഭൂമിയില്‍ നിത്യസാന്നിധ്യമായി. മലയാള സിനിമയുടെ
അഭിമാനവും
ആത്മവിശ്വാസവുമായിരുന്നു തിലകന്‍
.എവിടെയും തലകുനിക്കാത്ത പോരാളിയായിരുന്നു തിലകന്‍ .നിരീക്ഷണത്തിന്റെ സൂക്ഷ്മതയില്‍ അനുഭവങ്ങളുടെ ചിന്തേരിട്ടു മിനുക്കിയ പാഠങ്ങളില്‍ ഓരോ
സിനിമയിലും തന്നിലെ നടനെ പുതുക്കാന്‍ കാണിച്ച ശ്രദ്ധയില്‍
തിലകന്‍ അനന്യനായി , ആ
കഥാപാത്രങ്ങള്‍ അന്ശ്വരങ്ങളായി .
അഭിനയത്തിന്റെ അജ്ഞാതദേശങ്ങള്‍ തേടിയുള്ള ആ നടന്റെ മറ്റൊരു യാത്ര തുടങ്ങുന്നത് എഴുപതുകള്‍ക്കുശേഷമാണ്. സാങ്കേതികതയും ഭാവനയും കുതിച്ചൊഴുകുന്ന സിനിമയില്‍ മനോനില തകര്‍ന്ന ഒരു യുവാവിന്റെ വേഷമവതരിപ്പിച്ചുകൊണ്ടാണ് ക്യാമറയ്ക്കുമുമ്പില്‍ ആദ്യമായി എത്തിയത്. പി.ജെ. ആന്റണി സംവിധാനം ചെയ്ത പെരിയാറിലെ ആ വേഷത്തിനുശേഷം നാടകവേദിയിലേക്ക് മടങ്ങിയ തിലകന്‍ 'യവനിക'യിലൂടെ തിരിച്ചുവന്നു. തുടര്‍ന്നുള്ള മൂന്നു പതിറ്റാണ്ട് മലയാളസിനിമയില്‍ തിലകന്റെ സര്‍ഗാത്മകതയുടെ ചരിത്രംകൂടിയാണ്. നാടകത്തിലെ അഭിനയസങ്കല്പം സിനിമയില്‍ ബോധപൂര്‍വം തിരസ്‌കരിച്ച ആദ്യനടന്മാരില്‍ ഒരാളാണ് തിലകന്‍. സിനിമയിലെ ക്യാമറയ്ക്കു മുമ്പിലെ അഭിനയത്തെ, സാങ്കേതികതയെ ബഹുമാനിച്ചുകൊണ്ട് അദ്ദേഹം സ്വീകരിച്ചു. ജീവിത പരിസരങ്ങളില്‍നിന്നും അനുഭവങ്ങളില്‍നിന്നും സൂക്ഷ്മനിരീക്ഷണത്തിലൂടെ നേടിയ സ്വഭാവസവിശേഷതകള്‍ ഉപയോഗപ്പെടുത്തി കഥാപാത്രങ്ങള്‍ക്ക് തിലകന്‍ നല്‍കിയ ഭാവഭംഗി അനുപമമായിരുന്നു. 'സ്ഫടിക'ത്തിലെ ചാക്കോ മാസ്റ്ററുടെ കഥാപാത്രത്തിന്റെ അകവും പുറവും സ്വന്തംപിതാവിന്റെ ശീലങ്ങളില്‍നിന്ന് സ്വാംശീകരിച്ചെടുത്തതായിരുന്നു.
അച്ഛന്‍വേഷങ്ങള്‍ക്കും പുരോഹിതവേഷങ്ങള്‍ക്കും ഈ നടന്‍ പുതിയൊരു ആട്ടപ്രകാരം നല്‍കി. രൗദ്രവും ശൃംഗാരവും ഹാസ്യവും തനിക്കു വഴങ്ങുന്ന രസങ്ങളാണെന്ന് അദ്ദേഹം തെളിയിക്കുകയുംചെയ്തു. നിയന്ത്രിതമായ വികാരപ്രകടനത്തിലൂടെ പരമാവധി പ്രഭാവം കഥാപാത്രങ്ങള്‍ക്ക് നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ശബ്ദവിന്യാസവൈഭവവും അതിന്റെ പലതരം സ്വരഭേദങ്ങളും ഇത്രമേല്‍ സൂക്ഷ്മമായി പ്രയോഗിച്ച നടനില്ല. ചലനംകൊണ്ട് ശബ്ദത്തെയും ശബ്ദംകൊണ്ട് ചലനത്തെയും എത്രമേല്‍ പോഷിപ്പിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. കഥാപാത്രങ്ങളുടെ ഇമേജിനെക്കുറിച്ച് വേവലാതി കൊള്ളാത്ത നടന്മാരിലൊരാള്‍ തിലകനായിരുന്നു.അസുലഭമായ ആ അഭിനയജീവിതം അവസാനിക്കുമ്പോള്‍ മലയാള സിനിമയുടെ ഷോകേസുകളില്‍ അദ്ദേഹം ജീവനും ഊര്‍ജവും നല്‍കിയ ഒട്ടേറേ കഥാപാത്രങ്ങള്‍ സ്ഥാനംപിടിച്ചിരിക്കുന്നതു കാണാം.
'പെരുന്തച്ചനി'ലെ തച്ചനും 'മൂന്നാംപക്ക'ത്തിലെ മുത്തച്ഛനും 'സ്പിരിറ്റി'ലെ മുഴുക്കുടിയനും 'സ്ഫടിക'ത്തിലെ ചാക്കോമാഷും 'കാട്ടുകുതിര'യിലെ കൊച്ചുവാവയും 'നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പു'കളിലെ രണ്ടാനച്ഛനും 'സദയ' ത്തിലെ ഡോക്ടറും 'കിരീടത്തി'ലെ അച്യുതന്‍ നായരുമൊക്കെ തിലകനേക്കാള്‍ ഉയരംകൂടിയ കഥാപാത്രങ്ങളായിരുന്നു. ഇന്ത്യയുടെതന്നെ പരമോന്നത ബഹുമതികള്‍ നേടാന്‍ പര്യാപ്തമായിരുന്നു ആ കഥാപാത്രങ്ങളെങ്കിലും നിര്‍ഭാഗ്യം പലഘട്ടത്തിലും അതിനെതിരെ നിന്നു.
സിനിമയിലെ ലോബികളും ജാതിസംഘങ്ങളും തന്നെ പുറത്തുനിര്‍ത്തുകയാണെന്ന് പരിഭവിച്ചും അഭിനേതാക്കളുടെ സംഘടനയോട് യുദ്ധപ്രഖ്യാപനം നടത്തിയും അഭിനയത്തിനു പുറത്തുള്ള വേദികളിലും തിലകന്‍ പ്രക്ഷോഭകാരിയായി. പ്രായവും രോഗവും വേട്ടയാടിയ ഒരു മനുഷ്യന്റെ നിര്‍ബന്ധബുദ്ധിയെന്ന് കരുതി അതിനെ എഴുതിത്തള്ളാന്‍ പലര്‍ക്കും കഴിഞ്ഞതുമില്ല. അഭിനയിക്കാന്‍ വേണ്ടി മാത്രം പിറന്ന ആ നടന് അങ്ങനെ ഒരുപാട് കഥാപാത്രങ്ങളെ നഷ്ടമായി. എങ്കിലും കഥാപാത്രങ്ങളിലേക്ക് അയത്‌നലളിതമായി രൂപാന്തരം പ്രാപിക്കാന്‍ കഴിഞ്ഞ മലയാളത്തിലെ മഹാനടനാണ് തിലകന്‍ എന്ന വിശേഷണം ഇനിയും മലയാളത്തില്‍ നിലനില്‍ക്കും .
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment