Pages

Saturday, September 22, 2012

പാവപ്പെട്ടവരെ മദ്യവിപത്തില്‍ നിന്ന് രക്ഷിക്കണം


പാവപ്പെട്ടവരെ മദ്യവിപത്തില്‍ നിന്ന് രക്ഷിക്കണം
                    വ്യാജമദ്യം കള്ളുഷാപ്പുകളിലൂടെ വിറ്റഴിക്കപ്പെടുന്നത് തടയേണ്ടതാണെന്ന ഹൈക്കോടതിയുടെ അഭിപ്രായത്തോട് ആര്‍ക്കും വിയോജിപ്പുണ്ടാവില്ല. ചാരായനിരോധനം ഫലത്തില്‍ ഇല്ലാതാവുകയാണെന്ന നിരീക്ഷണത്തോടും ഏവരും യോജിക്കും. എന്നാല്‍, കള്ളുഷാപ്പുകള്‍ എടുത്തുമാറ്റുകയാണോ ഒരേയൊരു പോംവഴി? സമ്പൂര്‍ണ മദ്യനിരോധനം തത്കാലം നിലവിലില്ലാതിരിക്കെ, കള്ള് വില്പനയില്‍ കര്‍ശനമായി നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നതായിരിക്കും യാഥാര്‍ഥ്യബോധത്തിലൂന്നിയ നടപടി. പാവപ്പെട്ടവരെ മദ്യവിപത്തില്‍ നിന്ന് രക്ഷിക്കാന്‍ കള്ളുകച്ചവടം നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കേരള സര്‍ക്കാറിനോട് നിര്‍ദേശിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ പ്രേരിപ്പിച്ചത് കള്ളുകച്ചവടത്തിന്റെ മറവില്‍ നടക്കുന്ന ചാരായവില്പനയും വ്യാജമദ്യവില്പനയും തന്നെയാണ്. അടുത്ത ധനകാര്യ വര്‍ഷം മുതല്‍ നിരോധനം നടപ്പാക്കുന്നതുസംബന്ധിച്ച് തീരുമാനമെടുക്കണമെന്നും കോടതി പറയുകയുണ്ടായി. കോടതിയുടെ അഭിപ്രായത്തെച്ചൊല്ലി സ്വാഭാവികമായും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കള്ളല്ല പ്രശ്‌നമുണ്ടാക്കുന്നത്, നിയമം നടപ്പാക്കുന്നതിലെ ബലഹീനതകള്‍ മൂലമാണ് വ്യാജമദ്യം പെരുകുന്നതെന്നാണ് അതിലൊന്ന്. ചെത്തുവ്യവസായത്തില്‍ നിന്നുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് 'മറിക്കാന്‍' സര്‍ക്കാറിന് ആവശ്യമാണുതാനും. റോഡുവക്കിലെ കെട്ടിമേഞ്ഞ പുരകളിലും മറ്റും പ്രവര്‍ത്തിക്കുന്ന ഈ അപമാനകരമായ കച്ചവടം ആധുനിക കേരളത്തിന് യോജിച്ചതല്ല എന്ന നിരീക്ഷണം സമ്പന്ന പക്ഷപാതമായും വ്യാഖ്യാനിക്കപ്പെടാം.

ഏതാണ്ട് നാല്പതിനായിരത്തോളം പേരുടെ ഉപജീവന മാര്‍ഗമായ കള്ളുവ്യവസായത്തെ സംബന്ധിച്ച് കോടതി നിര്‍ദേശിച്ചരീതിയില്‍ ഒരു തീരുമാനം കൊക്കൊള്ളുക സര്‍ക്കാറിന് എളുപ്പമാകില്ല. എന്നാല്‍, കോടതിയുടെ നിരീക്ഷണങ്ങള്‍ സമൂഹത്തിന്റെ അടിയന്തരശ്രദ്ധ തിരിയേണ്ടുന്ന ചില വിപത്തുകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അതിലൊന്ന് കേരളത്തിലെ വര്‍ധിച്ചു വരുന്ന മദ്യപാനാസക്തിയാണ്. ആളോഹരി മദ്യോപഭോഗത്തില്‍ കേരളമാണ് ഇന്ത്യയില്‍ ആദ്യ സ്ഥാനത്ത്. ഇത് അഭിമാനിക്കാന്‍ വകയുള്ള ഒരു ഒന്നാം സ്ഥാനമല്ല.
 മദ്യം ഉപയോഗിച്ചുതുടങ്ങുന്ന പ്രായം കുറഞ്ഞുകുറഞ്ഞ് പതിന്നാല് വയസ്സുവരെ എത്തിയിട്ടുണ്ടത്രെ. 1986-ല്‍ ഇത് പത്തൊമ്പത് വയസ്സായിരുന്നേടത്ത് നിന്നാണ് '94 ആയപ്പോള്‍ ഈ 'പുരോഗതി' കൈവരിച്ചത്. ഇതിനര്‍ഥം കേരളത്തില്‍ എല്ലാവരും തന്നെ പതിന്നാലു വയസ്സില്‍ കുടി തുടങ്ങുന്നവരാണ് എന്നല്ല. എന്നാലും ചെറുപ്രായത്തില്‍ തന്നെ മദ്യം ഉപയോഗിച്ചു തുടങ്ങാനുള്ള ഒരു പ്രവണത നിലനില്‍ക്കുന്നു എന്നത് ആശങ്കാജനകമാണ്. 

മദ്യത്തിന്റെ അനിയന്ത്രിതമായ ഉപയോഗം മൂലമുണ്ടാവുന്ന വിപത്തുകള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് സമൂഹത്തിലെ ഒട്ടുമുക്കാലും പേര്‍ക്ക് ബോധമുണ്ടു താനും. എന്നിട്ടും ഇതാണ് സ്ഥിതി. കൈവശംവെക്കാവുന്ന മദ്യത്തിന്റെ അളവുചുരുക്കിയും മദ്യം ആവശ്യപ്പെടാനുള്ള പ്രായം ഇരുപത്തൊന്ന് ആക്കിയും ബോധവത്കരണ പ്രവര്‍ത്തനം നടത്തിയും എകൈ്‌സസ് വകുപ്പുതന്നെ നിയന്ത്രണത്തിനുള്ള ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നതാണ് പ്രധാനം.
 

കള്ളുവില്പനയുടെ കാര്യത്തില്‍ ഒരു കള്ളക്കളിയുണ്ടെന്നത് അത്ര രഹസ്യമല്ല. ഷാപ്പുകള്‍ ധാരാളം കാണാമെങ്കിലും അവിടെയൊക്കെ വില്‍ക്കാന്‍ വേണ്ടത്ര കള്ള് ലഭ്യമല്ല എന്ന വസ്തുത ആരും നിഷേധിക്കില്ല. ചാരായവും വ്യാജമദ്യവും കലര്‍ത്തി ഈ കുറവുനികത്തുകയാണെന്ന് പറയുന്നു. 2006-ല്‍ നിരോധിക്കപ്പെട്ട ചാരായം അങ്ങനെ വേഷംമാറി കള്ളുഷാപ്പുകളില്‍ എത്തുകയും ആ നിരോധനത്തിന് അര്‍ഥമില്ലാതാവുകയും ചെയ്യുന്ന സ്ഥിതിയുണ്ടെന്ന് കോടതി പറഞ്ഞത് വാസ്തവമാണ്. കാര്യംനടന്നു പോകുന്നുണ്ടല്ലോ, ഇത് അങ്ങനെയങ്ങ് തുടരട്ടെ എന്ന് കരുതുന്നത് ഒട്ടും ഭൂഷണമല്ല.മദ്യദുരന്തങ്ങളിലേക്ക് ഇതാണ് നയിക്കുന്നത്. കാല്‍ലക്ഷം അബ്കാരി കേസുകള്‍ കെട്ടിക്കിടപ്പുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. അവസാനത്തെ വില്പനക്കാരനാണ്, വന്‍തോക്കുകളല്ല കേസില്‍ കുടുങ്ങുന്നത് എന്ന ദയനീയമായ സ്ഥിതിയും കോടതി ചൂണ്ടിക്കാട്ടിയത് കണക്കിലെടുക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. മദ്യംപോലുള്ള വസ്തുക്കള്‍ വിലകുറച്ച് ലഭ്യമാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. അതേസമയം, ആളുകള്‍, വിശേഷിച്ചും സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ വിഷമദ്യത്തിലേക്ക് തിരിഞ്ഞു പോകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: