പൊതുമുതല്‍ നശീകരണം പോലെ തന്നെ സ്വകാര്യമുതല്‍
നശീകരണവും കുറ്റകരം തന്നെയാണ് സ്വകാര്യ മുതല്‍ നശിപ്പിച്ചത് സംബന്ധിച്ചുള്ള കേസുകളിലെ പ്രതികള്‍ ജാമ്യം കിട്ടാന്‍ തുക
കെട്ടിവെക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് എല്ലാനിലയ്ക്കും സ്വാഗതാര്‍ഹമാണ്.
പൊതുമുതല്‍ നശിപ്പിച്ച കേസുകളിലെ പ്രതികള്‍ ജാമ്യത്തിനായി തുക കെട്ടിവെക്കണമെന്ന്
ഹൈക്കോടതി വ്യവസ്ഥ ഏര്‍പ്പെടുത്തിയിരുന്നു. വ്യക്തികള്‍ക്കോ സ്വകാര്യസ്ഥാപനങ്ങള്‍ക്കോ
ഇങ്ങനെ നഷ്ടമുണ്ടാക്കുമ്പോഴും ജാമ്യത്തിന് ഇതേര്‍പ്പെടുത്തണമെന്ന സര്‍ക്കാറിന്റെ
അഭ്യര്‍ഥന സ്വീകരിച്ചു കൊണ്ടാണ് ജസ്റ്റിസ് പി. ഭവദാസന്‍ ഈ ഉത്തരവിട്ടത്.
കേരളത്തില്‍ തികച്ചും രചനാത്മകമായ രാഷ്ട്രീയസംസ്‌കാരം വളര്‍ന്നുവരുന്നതില്‍
നീതിപീഠത്തിനുള്ള താത്പര്യം അതില്‍ വ്യക്തമാകുന്നുണ്ട്. ഉത്തരവിന്റെ അന്തസ്സത്ത
ഉള്‍ക്കൊള്ളാന്‍ രാഷ്ട്രീയകക്ഷികളും വിവിധസംഘടനകളും തയ്യാറായാല്‍ സാമൂഹികഭദ്രത
നിലനിര്‍ത്താനെന്നപോലെ സംസ്ഥാനത്തിന്റെ വികസനത്തിനും അത് ഏറേ സഹായകമാകും. ജനാധിപത്യ വ്യവസ്ഥിതിയില്‍, പ്രതിഷേധം
പ്രകടിപ്പിക്കാനും സമരം ചെയ്യാനും ആര്‍ക്കും അവകാശമുണ്ട്. അത് സമുന്നതമായ
ജനാധിപത്യ മൂല്യങ്ങള്‍ക്ക് അനുസൃതമായാവണം ഉപയോഗിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍, കേരളത്തില്‍ പലപ്പോഴും കണ്ടുവരുന്നത് അതല്ല. സമരത്തിന്റെ പേരില്‍
മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും ഇവിടെ
ഗ്രാമ, നഗരഭേദമില്ലാതെ വ്യാപകമായിരിക്കുന്നു. അക്രമവും
നശീകരണവും സമരത്തിന് ശക്തികൂട്ടുമെന്ന മിഥ്യാധാരണ വിവിധകക്ഷികള്‍ക്കും സംഘടനകള്‍ക്കുമിടയില്‍
പ്രബലമായി. ഒട്ടേറേ സര്‍ക്കാര്‍വാഹനങ്ങളും സ്ഥാപനങ്ങളും മറ്റും സമരത്തിന്റെ പേരില്‍
തകര്‍ക്കപ്പെടുന്നു. ഇതിന്റെ നഷ്ടം ആത്യന്തികമായി ജനങ്ങള്‍ തന്നെയാണ്
സഹിക്കേണ്ടിവരിക.
ഇത്തരം നശീകരണപ്രവര്‍ത്തനം അതിനാസ്പദമായ സമരത്തിന്റെ ഉദ്ദേശ്യത്തെ ബാധിക്കുമെന്നുപോലും ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുന്നില്ല. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്നവരുടെ പ്രതിഷേധങ്ങളോ ഉപദേശങ്ങളോ അവര്‍ കാര്യമാക്കു ന്നുമില്ല. സമരകാലത്തെ, പൊതുമുതല്‍ നശീകരണമടക്കമുള്ള കേസുകളില്‍ കാര്യമായ നടപടികളുണ്ടാകാത്തത് ഈ 'സമരശൈലി' തുടരാന്‍ പലര്‍ക്കും പ്രേരകമായി. ആപത്കരമായ ഈ സാഹചര്യത്തിലാണ് പൊതുമുതല്‍നശീകരണത്തെ നീതിപീഠം ഗൗരവമായി കാണുകയും അതിലെ പ്രതികള്‍ ജാമ്യത്തിന് തുക കെട്ടിവെക്കണമെന്ന വ്യവസ്ഥ കൊണ്ടുവരികയും ചെയ്തത്. സ്വകാര്യമുതലിന്റെ കാര്യത്തിലും അതു ബാധകമാക്കിയ കോടതി നീതിയുടെ മണ്ഡലം കൂടുതല്‍ വിശാലമാക്കിയിരിക്കുന്നു.
സ്വകാര്യമുതല്‍ നശിപ്പിക്കുന്ന പ്രവണതയും വര്‍ധിച്ചുവരുന്നതായാണ് കോടതി വിലയിരുത്തിയത്. ഫലത്തില്‍ ഇതും കടുത്ത സാമൂഹികദ്രോഹംതന്നെയാണ്. സംഘടനകളുടെയും മറ്റും പിന്‍ബലത്തോടെ പലേടത്തും സ്വകാര്യമുതല്‍ നശിപ്പിക്കാറുണ്ട്. ഇത്തരം കേസുകളിലും പലപ്പോഴും ഗൗരവമായ അന്വേഷണമോ തുടര്‍നടപടികളോ ഉണ്ടാകാറില്ല. ജാമ്യത്തിന് തുക കെട്ടിവെക്കണമെന്ന വ്യവസ്ഥ വരുന്നത് ഈ ദുഷ്പ്രവണത തടയാന്‍ സഹായകമാകും. സ്വകാര്യമുതല്‍നശീകരണംകൊണ്ട് ബന്ധപ്പെട്ട വ്യക്തികള്‍ക്ക് സാമ്പത്തികനഷ്ടം മാത്രമല്ല, കടുത്ത മാനസികക്ലേശവും ഉണ്ടാകും. പൊതുമുതല്‍ നശീകരണമെന്നപോലെ ഇതും പൗരാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ്. കണ്ണൂരിലെ പിലാത്തറ കോണ്‍ഗ്രസ് ഓഫീസ് തല്ലിത്തകര്‍ത്ത് തീവെച്ചകേസിലെ പ്രതികളായ നാലുപേരുടെ ജാമ്യഹര്‍ജി പരിഗണിക്കേയാണ് ഇത്തരം സംഭവങ്ങളുടെ ഗൗരവം ഹൈക്കോടതി ഓര്‍മിപ്പിച്ചത്. ഹര്‍ജിക്കാരുടെ പ്രവൃത്തി ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. നാട്ടില്‍ ജനാധിപത്യം നിലനില്‍ക്കുന്നതുകൊണ്ടാണ് തങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്ന് രാഷ്ട്രീയകക്ഷികളും സംഘടനകളും ഓര്‍ത്താല്‍ ഈ ദുഷ്പ്രവണതകള്‍ തടയാവുന്നതേയുള്ളൂ. നീതിപീഠങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ താത്പര്യമെടുക്കേണ്ടിവരുന്ന സ്ഥിതി ബന്ധപ്പെട്ടവര്‍ക്കെല്ലാം ആത്മപരിശോധനയ്ക്ക് പ്രേരകമാകണം. സമര സമയത്ത് വിരോധമുള്ളവരുടെ സ്വത്ത് നശീപ്പിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു . കോടതി വിധി കേരളിയര്‍ക്കു ഒരു അനുഗ്രഹം തന്നെയാണ് .
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment