ബഹിരാകാശഗവേഷണരംഗത്ത്
ഭാരതത്തിനു ചരിത്ര നേട്ടം
ഐ.എസ്.ആര്‍.ഒ. നൂറാമത്തെ ദൗത്യമായപി.എസ്.എല്‍.വി.സി.-21
വിക്ഷേപണത്തിന്റെ വിജയം നമ്മുടെ ബഹിരാകാശഗവേഷണമേഖലയ്ക്ക് കൂടുതല്‍ കരുത്തും
ആത്മവിശ്വാസവും നല്‍കും. നൂറാമത്തെ ഈ ദൗത്യം സഫലമാകുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച
എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. സതിഷ്ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന്
ഞായറാഴ്ച വിക്ഷേപിക്കപ്പെട്ട പി.എസ്.എല്‍.വി. ഫ്രാന്‍സിന്റെ 'സ്‌പോട് 6', ജപ്പാന്റെ 'പ്രോയിട്ടേഴ്‌സ്'
എന്നീ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്. രണ്ടില്‍നിന്നും
സന്ദേശങ്ങള്‍ കിട്ടിത്തുടങ്ങിയതായി ഐ.എസ്.ആര്‍.ഒ. അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഉപഗ്രഹവിക്ഷേപണത്തില്‍ രാജ്യം കൈവരിച്ച മികവിന് എല്ലാനിലയ്ക്കും അടിവരയിടുന്നതായി
നൂറാംദൗത്യത്തിന്റെ വിജയം. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്
അഭിപ്രായപ്പെട്ടതുപോലെ, ശാസ്ത്രഗവേഷണത്തില്‍ ഇന്ത്യയെ
സംബന്ധിച്ചിടത്തോളം ഇതൊരു നാഴികക്കല്ലാണ്. ഈ മേഖലയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍
പ്രാധാന്യംനല്‍കുകയും പണം അനുവദിക്കുകയും ചെയ്യുന്നതിന്റെ പ്രസക്തിയെന്തെന്നുകൂടി
തന്റെ പ്രസ്താവത്തിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. ഭൗമനിരീക്ഷണത്തിനുള്ള 'സ്‌പോട് 6' മറ്റൊരു രാജ്യത്തിനുവേണ്ടി ഇന്ത്യ ഏറ്റെടുത്തവയില്‍ ഏറ്റവും ഭാരമേറിയ
ഉപഗ്രഹമാണ്. 712 കിലോഗ്രാമാണ് അതിന്റെ ഭാരം. ഇറ്റലിയുടേതാണ്
ഇതിനുമുന്‍പ് ഏറ്റെടുത്തവയില്‍ ഏറ്റവും ഭാരംകൂടിയ വിദേശഉപഗ്രഹം. 17 കിലോഗ്രാം ഭാരമുള്ള മൈക്രോലെവല്‍ ഉപഗ്രഹമാണ് 'പ്രോയിട്ടേഴ്സ് '. ഇവയെല്ലാം ഈ വിക്ഷേപണവിജയത്തെ കൂടുതല്‍
ശ്രദ്ധേയമാക്കുന്നു. അരനൂറ്റാണ്ടുമുന്‍പ് തുമ്പയില്‍നിന്ന് ചെറുറോക്കറ്റുകള്‍
വിക്ഷേപിച്ച് ബഹിരാകാശപഠനത്തിന് തുടക്കംകുറിച്ച ഇന്ത്യ ഇന്ന് ഈ രംഗത്തെ വന്‍ശക്തികളില്‍
ഒന്നായിരിക്കുന്നു. ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ അഭിമാനകരമായ നേട്ടങ്ങള്‍
രാജ്യത്തിനുണ്ടായി. സ്വന്തമായി ഉപഗ്രഹം വികസിപ്പിച്ച് സ്വന്തം റോക്കറ്റ്
ഉപയോഗിച്ച് അത് ആകാശത്തെത്തിക്കലായിരുന്നു ആദ്യലക്ഷ്യം. പിന്നീട് വാര്‍ത്താവിനിമയ
ഉപഗ്രഹങ്ങളും സ്വന്തമായി വിക്ഷേപിണികളും ഇന്ത്യ വികസിപ്പിച്ചു. പി.എസ്.എല്‍.വി.യുടെ
വിജയം ഉപഗ്രഹവിക്ഷേപണരംഗത്ത് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും
ഇന്ത്യക്ക് അവസരം നല്‍കി. ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗം വന്‍വരുമാനം
ഉണ്ടാക്കിത്തുടങ്ങിയിരിക്കുന്നു. പല വിദേശരാജ്യങ്ങളും ഇന്ത്യയുടെ ബഹിരാകാശ
ഗവേഷണമേഖലയുടെ മികവിനെ അംഗീകരിച്ചതിന്റെ തെളിവാണിത്. വാര്‍ത്താവിനിമയത്തിനും കാലാവസ്ഥാപ്രവചനത്തിനും സഹായകമാകുന്ന
ഉപഗ്രഹങ്ങളും ഇന്ത്യ ബഹിരാകാശത്തെത്തിച്ചു. ചാന്ദ്രപര്യവേക്ഷണത്തിലും രാജ്യ ത്തിന്
വന്‍നേട്ടങ്ങളുണ്ടായി. ബഹിരാകാശഗവേഷണത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി പല
മേഖലകളിലും പുരോഗതി നേടാന്‍ നമുക്ക് കഴിഞ്ഞു. കൃഷി, വ്യവസായം,
വിദ്യാഭ്യാസം, കാലാവസ്ഥാപഠനം, ഭൗമനിരീക്ഷണം, വിദൂരവൈദ്യസേവനം, മീന്‍പിടിത്തം, രാജ്യസുരക്ഷ തുടങ്ങിയവയില്‍
ബഹിരാകാശശാസ്ത്രം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് കൂടുതല്‍ വ്യാപകമാക്കാനുള്ള
ശ്രമത്തിലാണ് ഈ രംഗത്തുള്ളവര്‍. ക്രയോജനിക് സാങ്കേതികവിദ്യയുടെ കാര്യത്തിലും
ലക്ഷ്യം നേടാന്‍ ഇന്ത്യ ശ്രമം തുടരുന്നു. ബഹിരാകാശഗവേഷണരംഗത്ത് ഇന്ത്യയുടെ പുരോഗതി
തടയാന്‍ മുന്‍പ് അമേരിക്കയടക്കമുള്ള ചില രാജ്യങ്ങള്‍ ഉപരോധത്തിലൂടെയും മറ്റും
ശ്രമിച്ചു. സാങ്കേതികജ്ഞാനമോ സഹായമോ നിഷേധിക്കപ്പെട്ടാലും തങ്ങള്‍ക്ക്
മുന്നേറാനാകുമെന്ന് ഇവിടത്തെ ശാസ്ത്രജ്ഞരടക്കമുള്ളവര്‍
തെളിയിച്ചുകൊണ്ടിരിക്കുന്നു. പരാജയത്തില്‍ പതറാതെ, അര്‍പ്പണബോധത്തോടെ
തങ്ങളുടെ ദൗത്യനിര്‍വഹണത്തില്‍ അവര്‍ മുഴുകിയതുകൊണ്ടാണ് ഈ രംഗത്ത് ഇന്ത്യ മുന്‍നിരയിലെത്തിയത്.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള പുതിയ ദൗത്യങ്ങള്‍ക്ക് രാജ്യം
ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ഭാവിപദ്ധതികളുടെ കാര്യത്തിലും ശുഭപ്രതീക്ഷ
വളര്‍ത്തുന്നതാണ് നൂറാം ദൗത്യത്തിന്റെ വിജയം. ബഹിരാകാശഗവേഷണത്തിന്റെ നേട്ടങ്ങള്‍
സാധാരണ ജനങ്ങള്‍ക്ക് പ്രയോജനപെടട്ടെ . നൂറാം ദൗത്യത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രകാരന്മാരെയും അഭിനന്ദിക്കുന്നു .
പ്രൊഫ്.
ജോണ്‍ കുരാക്കാര്‍
No comments:
Post a Comment