ഇന്ത്യയുടെ പാല്‍ക്കാരന്‍
വര്‍ഗീസ് കുര്യന് കുരാക്കാര്‍ സാംസ്ക്കാരിക വേദിയുടെ അശ്രുപൂജ
ധവളവിപ്ലവത്തിന്റെ പിതാവായ വര്‍ഗീസ് കുര്യന്‍ അക്ഷരാര്‍ഥത്തില്‍ത്തന്നെ ഇന്ത്യയുടെ പാല്‍ക്കാരനായിരുന്നു.
ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു എന്ന മഹാത്മാഗാന്ധിയുടെ ദര്‍ശനത്തെ
ആധുനികതയുമായി സംയോജിപ്പിച്ചുകൊണ്ട് കുര്യന്‍ നടത്തിയ പാല്‍വിപ്ലവം ഇന്ത്യക്ക്
വെളിച്ചംകാട്ടി. ഒരു മനുഷ്യന്റെ അര്‍പ്പണ ബോധവും ഇച്ഛാശക്തിയും ദര്‍ശനവും ഒരു
ജനതയുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്നതിന് കുര്യന്റെ കഥയോളംപോന്ന മറ്റൊരു
മാതൃകയില്ല. കുര്യന്‍ സൃഷ്ടിച്ച അമൂല്‍ വെറുമൊരു വ്യാപാരനാമം മാത്രമല്ല ഇന്ത്യക്ക്, ധവളവിപ്ലവത്തിന്റെയും
സഹകരണപ്രസ്ഥാനത്തിന്റെയും മാധുര്യം പടര്‍ത്തിയ അമൂല്യമായ ആശയമാണ്. ഇന്ത്യക്ക്
കേരളം സമ്മാനിച്ച മഹാപുരുഷന്മാരിലൊരാളായ കുര്യന്റെ നിര്യാണം സൃഷ്ടിക്കുന്ന
നഷ്ടബോധം അളവറ്റതാണ്. ഒരു ആയുഷ് മുഴുവന്‍ സാധാരണ ജനങ്ങളുടെ
ഉന്നമനത്തിനുവേണ്ടി നീക്കി വച്ച മഹാ പുരുഷനാണ് . ഇന്ത്യയെ ലോകത്തെ ഏറ്റവുംവലിയ
പാലുത്പാദക രാഷ്ട്രമാക്കി വളര്‍ത്തുകയും ആയിരക്കണക്കിന് പാവപ്പെട്ടവരുടെ
ജീവിതനിലവാരം ഉയര്‍ത്തിയെടുക്കുകയും ചെയ്ത കുര്യന്റെ മാതൃക വ്യവസായസംരംഭകര്‍ക്കും
ഉദ്യോഗസ്ഥര്‍ക്കും മാത്രമല്ല, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും
ഭാവിതലമുറകള്‍ക്കും മാതൃകയാണ്. ധവളവിപ്ലവത്തിന്റെ മുഖ്യ ആസൂത്രകനായിരുന്ന കുര്യന്‍
കൃഷിശാസ്ത്രജ്ഞനോ സാമ്പത്തിക ശാസ്ത്രജ്ഞനോ ആയിരുന്നില്ല. ലോഹവിദ്യപഠിച്ച എന്‍ജിനീയറായിരുന്നു
അദ്ദേഹം. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും അമേരിക്കയിലെ മിഷിഗന്‍
സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ്ങില്‍
ബിരുദാനന്തരബിരുദവുംനേടിയ കുര്യന്‍ 1949 മെയ് 13ന് ഗുജറാത്തിലെ ആനന്ദില്‍ എത്തിയതോടെയാണ് അസാധാരണമായ ആ വിപ്ലവകഥ
തുടങ്ങിയത്. ക്ഷീരകര്‍ഷകര്‍ നേരിടുന്ന ചൂഷണം തടയാന്‍ സര്‍ദാര്‍
വല്ലഭ്ഭായ്പട്ടേലിന്റെയും മൊറാര്‍ജി ദേശായിയുടെയും തദ്ദേശീയ കര്‍ഷകനേതാവായ ത്രിഭുവന്‍ദാസ്
പട്ടേലിന്റെയും ഉത്സാഹത്തില്‍ ആനന്ദില്‍ ആരംഭിച്ച ക്ഷീരകര്‍ഷക സഹകരണയൂണിയനെയാണ്
കുര്യന്‍ ആധുനികീകരിച്ച് ഇന്ത്യക്ക് മുഴുവന്‍ മാതൃകയാക്കി മാറ്റിയത്. ആനന്ദിലെ
പരീക്ഷണമാണ് പിന്നീട് നാഷണല്‍ ഡെയറി ഡെവലപ്‌മെന്റ് ബോര്‍ഡിനും ഗുജറാത്ത്
കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനും മറ്റ് ഇന്ത്യന്‍സംസ്ഥാനങ്ങളിലെ
സമാന സ്ഥാപനങ്ങള്‍ക്കും പ്രചോദനം നല്‍കിയത്. ആനന്ദ് ഉള്‍പ്പെടുന്ന കൈര ജില്ലയിലെ
പാലുത്പാദകരുടെ സഹകരണ യൂണിയന്റെ ബ്രാന്‍ഡായ അമുല്‍ (ആനന്ദ് മില്‍ക്ക് യൂണിയന്‍
ലിമിറ്റഡ്) പിന്നീട് രാജ്യമെങ്ങും പാലുത്പന്നങ്ങളുടെ പര്യായപദമായി മാറി.
ഗ്രാമതലത്തില്‍നിന്ന് തുടങ്ങി ചൂഷണരഹിതമായ ക്ഷീരശൃംഖല കെട്ടിപ്പടുക്കാനുള്ള കുര്യന്റെ യത്‌നമാണ് 1970-ല്‍ ധവളവിപ്ലവ(ഓപ്പറേഷന്‍ ഫ്ലഡ്)ത്തിന് വഴി തെളിച്ചത്. പട്ടിണിനിറഞ്ഞ ഇന്ത്യന്‍ഗ്രാമങ്ങളെ വിമോചിപ്പിക്കുക എന്ന സ്വപ്നത്തിനുവേണ്ടിയുള്ള യത്‌നമായിരുന്നു അത്. തന്റെ ആത്മകഥയ്ക്ക് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ വിഖ്യാതമായ പ്രസംഗത്തെ അനുസ്മരിപ്പിച്ചുകൊണ്ട് 'എനിക്കും ഒരു സ്വപ്നമുണ്ട്' എന്നാണ് കുര്യന്‍ പേരിട്ടത്. ആ സ്വപ്നം ദരിദ്രഗ്രാമീണരുടെ ജീവിതത്തെ പ്രകാശപൂര്‍ണമാക്കുക എന്നതായിരുന്നു. അതില്‍ കുര്യന് വിജയിക്കാന്‍ കഴിഞ്ഞു. പശുവിന്‍പാലില്‍നിന്നെന്നപോലെ എരുമപ്പാലില്‍നിന്നും ഉത്പന്നങ്ങള്‍ സൃഷ്ടിക്കുകയും അവ വിപണന വൈദഗ്ധ്യത്തോടെ കമ്പോളത്തിലെത്തിക്കുകയുംചെയ്ത കുര്യന്‍ ക്ഷീരോത്പന്ന വ്യവസായത്തിലെ ആഗോളക്കുത്തകകളോട് ഏറ്റുമുട്ടിയാണ് വിജയിച്ചത്. ആ വിജയഗാഥയുടെ ആവിഷ്‌കരണമായിരുന്നു ശ്യാം ബെനഗലിന്റെ പ്രശസ്ത ചലച്ചിത്രമായ 'മന്ഥന്‍'. ഗുജറാത്തിലെ ക്ഷീരകര്‍ഷകര്‍ രണ്ടുരൂപ സംഭവനനല്‍കി നിര്‍മിച്ച 'മന്ഥന്‍' ഒരുസംഘം ദരിദ്രകര്‍ഷകരുടെ വിജയകഥയാണ് പറഞ്ഞത്. ആ വിജയത്തിന്റെ യഥാര്‍ഥ ശില്പിയായിരുന്നു വര്‍ഗീസ് കുര്യന്‍. സഹകരണത്തിലൂടെയും ആധുനികീകരണത്തിലൂടെയും അധ്വാനിക്കുന്നവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ വിജയംനേടാനാവുമെന്ന് മാത്രമല്ല കുര്യന്‍ മാതൃക തെളിയിക്കുന്നത്. അര്‍പ്പണബുദ്ധിയുള്ള നേതൃത്വത്തിനും അഴിമതിയില്ലാത്ത പ്രവര്‍ത്തനത്തിനുമാണ് ഗ്രാമീണ ഇന്ത്യയെ ഉദ്ധരിക്കാനാവുക എന്ന മഹത്തായ സന്ദേശമാണ് കുര്യന്‍ തന്റെ ധന്യജീവിതംകൊണ്ട് പഠിപ്പിക്കുന്നത്. കുര്യന്‍ വികസിപ്പിച്ചെടുത്ത ക്ഷീരതന്ത്രം പല രാജ്യങ്ങളും പകര്‍ത്തിയിട്ടുണ്ട് . ധവളവിപ്ലവത്തിന്റെ പിതാവായ,മനുഷ്യ സ്നേഹിയായ വര്‍ഗീസ് കുര്യന് കുരാക്കാര്‍ സാംസ്ക്കാരിക വേദിയുടെയും , കേരള കാവ്യ കലസാഹിതിയുടെയും അശ്രുപൂജ
പ്രൊഫ്.
ജോണ്‍ കുരാക്കാര്‍
No comments:
Post a Comment