Pages

Thursday, September 27, 2012

AMRITA PURI- BIRTHDAY CELEBRATIONS


അമൃതപുരിയില്‍
പിറന്നാളൊരുക്കങ്ങള്‍

       മാതാ അമൃതാനന്ദമയിയുടെ 59-ാം ജന്മദിനാഘോഷങ്ങള്‍ക്ക് അമൃതപുരിയിലെത്തുന്ന ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. രണ്ടുലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തല്‍ ഉയര്‍ത്തിയിരിക്കുന്നത് അമൃത വിശ്വവിദ്യാപീഠത്തിനു സമീപമുള്ള വിശാലമായ സ്ഥലത്താണ്. 200 ഭക്ഷണ കൗണ്ടറുകള്‍. വിശ്രമ മുറികള്‍, ടെലിഫോണ്‍ സൗകര്യം, വൈദ്യസഹായം, മറ്റ് സേവനങ്ങള്‍ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. ഭക്തര്‍ ഇരിക്കുന്നിടത്ത്ദാഹജലമെത്തിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. 

    നൂറോളം രാജ്യങ്ങളില്‍നിന്നുള്ള ഭക്തര്‍ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. വിവിധ രാജ്യക്കാര്‍, വിവിധ ഭാഷക്കാര്‍, വിവിധ വസ്ത്രധാരികള്‍. പക്ഷേ എല്ലാവരുടെയും ചുണ്ടുകളില്‍ വിടരുന്നത് ഒരേ മന്ത്രം-അമ്മ. ഒട്ടേറെ പ്രമുഖ വ്യക്തികളും ജന്മദിനാശംസകളുമായി ആശ്രമത്തിലെത്തിയിട്ടുണ്ട്.
 രാവിലെ അഞ്ചുമണിക്ക് സൂര്യകാലടി ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന മഹാഗണപതി ഹോമത്തോടെയാണ് ജന്മദിനച്ചടങ്ങുകള്‍ തുടങ്ങുന്നത്. ഒമ്പതുമണിയോടെ അമ്മ വേദിയിലെത്തും. അമൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ മോഹിനിയാട്ടമാടിയാണ് അമ്മയെ വേദിയിലേക്ക് ആനയിക്കുന്നത്. ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് മുഖ്യാതിഥിയാവുന്ന ജന്മദിന സമ്മേളനത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍, കേന്ദ്രമന്ത്രിമാരായ പ്രൊഫ. കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, എം.പി. മാരായ എന്‍.പീതാംബരക്കുറുപ്പ്, എം.ഐ. ഷാനവാസ്, നിയമസഭാ സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.എം. മാണി, ആര്യാടന്‍ മുഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാര്‍, എം.കെ. മുനീര്‍, കെ.പി. മോഹനന്‍, പി.ജെ. ജോസഫ്, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, എം.എല്‍.എ. മാരായ കെ.മുരളീധരന്‍, സി.ദിവാകരന്‍, ടി.എന്‍. പ്രതാപന്‍, വി.ഡി. സതീശന്‍, ജി.സുധാകരന്‍, പി.സി. വിഷ്ണുനാഥ് ഹൈബി ഈഡന്‍ തൂടങ്ങിയവര്‍ പങ്കെടുക്കും. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ, പന്മന ആശ്രമ മഠാധിപതി പ്രണവാനന്ദ തീര്‍ഥപാദര്‍, എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ധീവരസഭാ സെക്രട്ടറി വി.ദിനകരന്‍, സി.വി. പദ്മരാജന്‍, കെ.ആര്‍. ഗൗരിയമ്മ, കുമ്മനം രാജശേഖരന്‍, പി.പരമേശ്വരന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി തുടങ്ങിയവര്‍ സമ്മേളനത്തിനെത്തും.
         ആഘോഷങ്ങളുടെ ഭാഗമായി അമൃതപുരിയും പരിസരപ്രദേശങ്ങളും പുഷ്പങ്ങളും ദീപങ്ങളുംകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വിദേശികളായ ആശ്രമവാസികള്‍ അര്‍പ്പണ മനസോടെ സേവന തത്പരരായി എങ്ങുമുണ്ട്. 
അമൃത വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും അന്തേവാസികളായ വളണ്ടിയര്‍മാരും വിവിധ ദേശങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്നിട്ടുള്ള ഭക്തരുടെ സുഖസൗകര്യങ്ങള്‍ ഒരുക്കാനായി അക്ഷീണം ഓടിനടക്കുന്നു.
അമ്മയുടെ ചിത്രങ്ങള്‍വച്ച് അലങ്കരിച്ച വാഹനങ്ങള്‍, ബൈക്ക് സംഘങ്ങള്‍ എന്നിവ ബുധനാഴ്ച വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്നു. ഭജനസംഘങ്ങളുടെ ഭക്തിഗാനങ്ങളും തിരുവല്ലയിലെ മഠത്തില്‍നിന്ന് എത്തിയ സംഘത്തിന്റെ വള്ളപ്പാട്ടും ജന്മദിനത്തലേന്ന് ആശ്രമത്തെ ആധ്യാത്മിക അന്തരീക്ഷത്തിലാഴ്ത്തി.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: