Pages

Wednesday, August 29, 2012

ONAM IN GULF


ഗള്‍ഫില്‍  തിരുവോണം  മുതല്‍ സമൂഹസദ്യയും കലാപരിപാടികളും
 ഗള്‍ഫിലും ബുധനാഴ്ച ഓണമാഘോഷിക്കുകയാണ്. ബുധനാഴ്ച പ്രവൃത്തി ദിവസമാണെങ്കിലും ലീവെടുക്കാന്‍ പറ്റുന്നവരെല്ലാം ഇന്നത്തെ ദിവസം ഓഫീസുകളില്‍ നിന്നും വര്‍ക്ക്‌ഷോപ്പുകളില്‍ നിന്നും അര ദിവസത്തേക്കെങ്കിലും 'മുങ്ങും'. സന്ദേശങ്ങള്‍ അയയ്ക്കലും ഫോണ്‍വിളിയുമാണ് ഗള്‍ഫിലെ പ്രധാന ഓണപ്പരിപാടി. ഭക്ഷണം ഉണ്ടാക്കാന്‍ സാവകാശം ഉള്ളവര്‍ നാലുകറിയും കൂട്ടി സദ്യയുണ്ണും. ഹോട്ടലുകളില്‍ വിഭവസമൃദ്ധമായ ഓണസദ്യയുള്ളതുകൊണ്ട് ഉച്ചയൂണ് ഹോട്ടലിലാക്കുന്നവരാണ് ഏറെപ്പേരും. ഗള്‍ഫിലെ കഠിനമായ വെയിലിലും ചൂടിലും പണിയെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം കുബ്ബൂസും ഒരുകറിയും കൂട്ടിയായിരിക്കും ഇന്നത്തെ ഓണസദ്യ. 
രണ്ടുമൂന്നു ദിവസങ്ങളായി ഗള്‍ഫിലെ കച്ചവടകേന്ദ്രങ്ങളില്‍ ഓണത്തിരക്കുണ്ട്. പച്ചക്കറികളും വാഴയിലയും പൂവുകളും വസ്ത്രങ്ങളും വാങ്ങാന്‍ ചെറിയ പീടികകളിലും വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളിലും മലയാളികള്‍ തിക്കിത്തിരക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കൂടുതലാണെങ്കിലും സദ്യവട്ടങ്ങള്‍ക്ക് കുറവ് പാടില്ലല്ലോ. 
കുടുംബങ്ങളായി താമസിക്കുന്നവര്‍ ഓണസദ്യയൊരുക്കി സുഹൃത്തുക്കളെയെല്ലാം വിളിച്ചാണ് ഓണമുണ്ണുന്നത്. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതെയുള്ള ഒത്തുചേരല്‍ കേരളത്തിലേക്കാള്‍ ഗള്‍ഫിലാണിപ്പോള്‍ സംഭവിക്കുന്നത്. ബാച്ചിലര്‍ റൂമുകളില്‍ ഉത്രാടരാത്രി ഉത്സവരാത്രി കൂടിയാണ്. അവിടെ ബംഗാളിയും പാകിസ്താനിയും തമിഴനും ശ്രീലങ്കനും ഓണസദ്യയൊരുക്കാന്‍ മലയാളിക്ക് കൂട്ടുണ്ടാവും. പാട്ടും ബഹളവും ആര്‍പ്പുവിളികളും പുലരുംവരെ നീളും. മലയാളത്തിന്റെ പ്രിയപ്പെട്ട മഹാബലിയുടെ കഥ അറിയാവുന്ന ഭാഷയില്‍ മറ്റുരാജ്യക്കാരോട് മലയാളി വിളമ്പും. ആഗസ്ത് 30 വ്യാഴം മുതലാണ് ഗള്‍ഫില്‍ ഓണാഘോഷം പൊടിപൊടിക്കുക. വിവിധ സംഘടനകള്‍ വ്യാഴാഴ്ച രാത്രി മുതലാണ് ഓണസദ്യയ്ക്കു കോപ്പുകൂട്ടുക. ചെറുതും വലുതുമായ ഓണസദ്യകള്‍ ആഗസ്ത് 31 ന് വെള്ളിയാഴ്ചയാണ് നടക്കുക. തലേന്ന് രാത്രിതന്നെ പച്ചക്കറികളെല്ലാം പാകപ്പെടുത്തണം. ആയിരത്തിനു മുകളില്‍ ആളുകള്‍ പങ്കെടുക്കുന്ന സദ്യയുണ്ടാക്കാന്‍ നാട്ടില്‍നിന്നുള്ള പാചക വിദഗ്ധരും ഗള്‍ഫിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി കലാപരിപാടികളും പൂക്കള മത്സരങ്ങളും അരങ്ങേറും. സാംസ്‌കാരിക സംഘടനകളും പ്രാദേശിക കൂട്ടായ്മകളും വ്യവസായ സ്ഥാപനങ്ങളും ഓണസദ്യ ഒരുക്കുന്നുണ്ട്. ഗള്‍ഫിലെത്തി പാചക വൈദഗ്ധ്യം നേടിയവരാണ് പല അസോസിയേഷനുകളിലും ഓണസദ്യയ്ക്കു നേതൃത്വം നല്കുന്നത്. വടക്കന്‍ ശൈലിയും തെക്കന്‍ ശൈലിയും മധ്യ കേരളത്തിന്റെ രുചിക്കൂട്ടും സമ്മേളിക്കുന്ന വൈവിധ്യം നിറഞ്ഞ ഓണസദ്യയാണ് ഗള്‍ഫ് മലയാളിക്കു ലഭ്യമാവുന്നത്. 
കേരളത്തില്‍ ഓണം ടി.വി. ചാനലുകാര്‍ ആഘോഷിക്കുമ്പോള്‍ ഗള്‍ഫ് മലയാളി ടി.വി.ക്കു മുന്നില്‍ അടയിരിക്കുന്നില്ല. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും അവരുടെ കുടുംബങ്ങളും കുടുംബമില്ലാതെ കഴിയുന്നവരും വിവിധ സംഘടനകളുയെും കമ്പനികളുടെയും കൂട്ടായ്മകളില്‍ ഓണത്തിനൊത്തുകൂടുന്നു. ആഗസ്തിലെ വ്യാഴവും വെള്ളിയും കഴിഞ്ഞാല്‍ സപ്തംബറിലെ എല്ലാ വ്യാഴവും വെള്ളിയും ഗള്‍ഫിലെമ്പാടും കലാപരിപാടികളും ഓണസദ്യകളുമുണ്ട്. 
ആഘോഷങ്ങളൊന്നുമില്ലാത്ത സാധാരണ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഓണവും വിഷുവും ക്രിസ്മസും പെരുന്നാളും അവന് ഗൃഹാതുരസ്മരണകളാണ്. ജീവിതത്തിന്റെ വസന്തം മുഴുവന്‍ ഗള്‍ഫില്‍ ജീവിച്ചിട്ടും ഒന്നും നേടാനാകാതെ ഗള്‍ഫില്‍ കഴിയുന്ന ബഹുഭൂരിപക്ഷത്തിനും ഓണം നഷ്ടസ്വപ്നങ്ങളുടെ ദിനം കൂടിയാണ്.

പ്രൊഫ് .ജോണ്‍ കുരാക്കാര്‍

No comments: