Pages

Tuesday, August 21, 2012

LAND SLIP(ഉരുള്‍പൊട്ടല്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ സര്‍ക്കാരിനു കഴിയണം)


ഉരുള്‍പൊട്ടല്‍ ആവര്‍ത്തിക്കുന്നത് 
തടയാന്‍  സര്‍ക്കാരിനു  കഴിയണം
അടുത്തകാലത്ത് കേരളത്തിലുണ്ടായ ഉരുള്‍പൊട്ടലുകള്‍ ഒട്ടേറെപ്പേരുടെ മരണത്തിനും കനത്ത നാശനഷ്ടങ്ങള്‍ക്കും ഇടയാക്കി. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകളിലാണ് ഏറേ കെടുതികളുണ്ടായത്. എല്ലായിടത്തും ഒട്ടേറെ വീടുകള്‍ തകരുകയും കൃഷി നശിക്കുകയും ചെയ്തു. കെടുതികള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായധനവും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുമാത്രം അധികൃതരുടെ ചുമതല തീരുന്നില്ല. ഇത്തരം വിപത്തുകള്‍ ആവര്‍ത്തിക്കുന്നത് തടയാനും ഉണ്ടായാല്‍ത്തന്നെ കെടുതികള്‍ പരമാവധി കുറയ്ക്കാനുമുള്ള വഴികളെക്കുറിച്ചും ആലോചിക്കണം. ദൗര്‍ഭാഗ്യവശാല്‍, ഇക്കാര്യത്തില്‍ വേണ്ടത്ര താത്പര്യം അവര്‍ കാണിക്കുന്നില്ല. ഈ അനാസ്ഥ തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ ആപത്കരമാകും. മനുഷ്യര്‍ക്ക് പ്രകൃതിയെ ആശ്രയിക്കാതെ ജീവിക്കാനാവില്ല. ആശ്രയം പലേടത്തും പില്‍ക്കാലത്ത് കടുത്ത ചൂഷണമായി മാറി. പ്രകൃതിക്കുമേലുള്ള അമിതമായ കൈയേറ്റങ്ങള്‍ ഉരുള്‍പൊട്ടലുകള്‍ക്കും മറ്റും കാരണമാകുമെന്ന് വിദഗ്ധര്‍ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍, ഉരുള്‍പൊട്ടലിന് സാധ്യതയുള്ള മേഖലകളില്‍പ്പോലും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ മടിക്കുന്നു. കേരളത്തില്‍ ഉരുള്‍പൊട്ടലുകള്‍ വര്‍ഷംതോറും കൂടിവരുന്ന സ്ഥിതിക്ക് പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചേ മതിയാകൂ എന്ന് ഭൗമശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലിനെക്കുറിച്ച് വിവിധ സ്ഥാപനങ്ങള്‍ നടത്തിയ വിദഗ്ധപഠനങ്ങളില്‍ പറഞ്ഞിട്ടുള്ള ശുപാര്‍ശകള്‍ പൊതുവേ അവഗണിക്കപ്പെട്ടു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം എന്നീ ജില്ലകളിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, ഇതിനെക്കുറിച്ച് പഠനം നടത്തിയ വിവിധ സമിതികള്‍ കണ്ടെത്തിയിരുന്നു. ജനവാസമേറേയുള്ള സ്ഥലങ്ങളാണ് ഇവയില്‍ പലതും. കേരളത്തില്‍ പശ്ചിമഘട്ടത്തിന്റെ 80 ശതമാനവും ഉരുള്‍പൊട്ടല്‍ഭീഷണി കൂടുതലുള്ള മേഖലയായാണ് കണക്കാക്കപ്പെടുന്നത്. എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂരില്‍ 18 വര്‍ഷംമുന്‍പ് ഉരുള്‍പൊട്ടിയ സ്ഥലത്തുതന്നെയാണ് വെള്ളിയാഴ്ചയും പൊട്ടിയത്. ഇതിനടുത്തുള്ള മുള്ളരിങ്ങാട്ട് കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടലുണ്ടായി. ഈ സാഹചര്യത്തില്‍ അനുഭവങ്ങളും പഠനങ്ങളും മുന്‍നിര്‍ത്തി പ്രതിരോധ നടപടികളെടുക്കാന്‍ ഒട്ടും വൈകിക്കൂടാ. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഉപരിതലത്തിലെ ജലനിര്‍ഗമനമാര്‍ഗങ്ങള്‍ തടസ്സപ്പെടുത്തരുതെന്ന് വിദഗ്ധര്‍ പറയുന്നു. മലമ്പ്രദേശങ്ങളില്‍ 20 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള ഇടങ്ങളില്‍ മഴവെള്ളസംഭരണി നിര്‍മിക്കരുതെന്നതാണ് മറ്റൊരു പരിഹാരനിര്‍ദേശം. ഒരുപ്രാവശ്യം ഉരുള്‍പൊട്ടിയ പ്രദേശത്ത് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനു മുന്‍പ് ശാസ്ത്രീയപഠനങ്ങള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്. കനത്ത മഴയുണ്ടായാല്‍ ഇത്തരം പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ മാറണം, ചെങ്കുത്തായ ചെരിവുകളില്‍ വീടുകള്‍ പണിയരുത് തുടങ്ങിയവയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ബന്ധപ്പെട്ടവര്‍ മനസ്സുവെച്ചാല്‍ നടപ്പാക്കാവുന്നവയാണ് ഇവയില്‍ പലതും. അധികൃതരുടെ അനാസ്ഥയും മറ്റ് താത്പര്യങ്ങളുംമൂലം പലപ്പോഴും സുരക്ഷാകാര്യങ്ങള്‍പോലും അവഗണിക്കപ്പെടുന്നു. സുരക്ഷ മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളും തയ്യാറാകണം. വന്‍തോതിലുള്ള വനനശീകരണം ഉരുള്‍പൊട്ടലിന് കാരണമാകുന്നതായി ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. കൃഷികള്‍ക്കെന്ന പേരില്‍ വനം വ്യാപകമായി നശിപ്പിക്കുന്നതും സ്വാഭാവികനീര്‍ച്ചാലുകള്‍ തടയുന്നതുമാണ് മറ്റു ചില കാരണങ്ങള്‍. ഫലത്തില്‍, ഇവയെല്ലാം പരിസ്ഥിതി സംരക്ഷണത്തോട് ബന്ധപ്പെട്ടവയാണ്്. മലമ്പ്രദേശങ്ങളിലെ കൃഷിയും ജനവാസവും മറ്റും പൂര്‍ണമായി ഒഴിവാക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍, മുന്‍കരുതലുകളുടെ കാര്യത്തില്‍ വീഴ്ചവരുത്താന്‍ ആരെയും അനുവദിച്ചുകൂടാ. പ്രതിരോധനടപടികള്‍ കൂടി ലക്ഷ്യമിട്ടാണ് ഉരുള്‍പൊട്ടലിനെക്കുറിച്ച് വിവിധസ്ഥാപനങ്ങള്‍ പഠനം നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ അവയിലെ നിര്‍ദേശങ്ങളെ ഗൗരമായിത്തന്നെ കണ്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍



Print

No comments: