Pages

Monday, August 13, 2012

ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ പ്രയാണം അവസാനിച്ചു.

Olympics 2012

ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ പ്രയാണം അവസാനിച്ചു. 
120 കോടി ജനങ്ങള്‍ പ്രാര്‍ഥനാനിര്‍ഭരരായി കാത്തിരുന്നെങ്കിലും പൊന്നണിയാന്‍ ഇന്ത്യക്ക് യോഗമുണ്ടായില്ല. എങ്കിലും സുശീല്‍കുമാര്‍ ഗുസ്തിയില്‍ നേടിയ വെള്ളിമെഡലിന്റെ തിളക്കത്തില്‍ ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ പ്രയാണം അവസാനിച്ചു. 
ഗെയിംസ് കൊടിയിറങ്ങിയ അവസാന ദിവസമായിരുന്നു 66 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സുശീലിന്റെ നേട്ടം. ഫൈനലില്‍ ജപ്പാന്റെ തത്‌സുഹിറോ യോനെമിത്‌സുവിനോട് ഇന്ത്യന്‍ താരം പരാജയപ്പെട്ടു. 
സ്വര്‍ണപ്രതീക്ഷയോടെ രാജ്യം നിമിഷങ്ങളെണ്ണി കാത്തിരുന്ന ഫൈനല്‍. അതിനൊടുവില്‍ വെള്ളിയുടെ സാന്ത്വനം. ലണ്ടനില്‍ ഇന്ത്യയുടെ ആറാം മെഡല്‍. മെഡലുകളുടെ എണ്ണത്തില്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച പ്രകടനം. രണ്ടു വെള്ളിയും നാലു വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം. ഷൂട്ടിങ്ങില്‍ വിജയ്കുമാറും ഗുസ്തിയില്‍ സുശീല്‍കുമാറും വെള്ളിയും ഷൂട്ടിങ്ങില്‍ ഗഗന്‍ നാരംഗ്, ബാഡ്മിന്റണില്‍ സൈന നേവാള്‍, ബോക്‌സിങ്ങില്‍ മേരി കോം, ഗുസിതിയില്‍ യോഗേശ്വര്‍ ദത്ത് എന്നിവര്‍ വെങ്കലവും നേടി. ബെയ്ജിങ്ങില്‍ ഒരു സ്വര്‍ണവും രണ്ടു വെങ്കലവുമാണ് ലഭിച്ചത്. ഇത്തവണ മെഡല്‍നേട്ടം ഇരട്ടിയാക്കിയെങ്കിലും സ്വര്‍ണമില്ലാത്തത് നിരാശാജനകമായി. ഒളിമ്പിക് പതാക ഇനി ബ്രസീലിലെ റിയോഡി ജനൈറോയിലേക്ക്.
വീറുറ്റ പോരാട്ടങ്ങളിലൂടെ സുശീല്‍കുമാര്‍ ഫൈനല്‍ വരെയെത്തിയപ്പോള്‍ ഇന്ത്യ ഇമചിമ്മാതെ കാത്തിരുന്നു. ആറ്റുനോറ്റിരിക്കുന്ന സ്വര്‍ണം സുശീല്‍ നേടുമെന്ന വിശ്വാസം. എന്നാല്‍ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവായ ജപ്പാന്‍ താരത്തോട് സുശീല്‍ കാര്യമായി പോരാടാന്‍ പോലുമാകാതെ കീഴടങ്ങിയതോടെ പ്രതീക്ഷകള്‍ അസ്തമിച്ചു. വയറിന് അസുഖം ബാധിച്ചതാണ് സുശീലിന് തിരിച്ചടിയായത്. എങ്കിലും ലണ്ടനിലെ വേദികളില്‍ നിന്ന് നേടിയ അരഡസന്‍ മെഡലുകള്‍ ഇന്ത്യന്‍ കായികവേദിയെ വരുംനാളുകളില്‍ ഊര്‍ജസ്വലമാക്കും.
തുടര്‍ച്ചയായ ഒളിമ്പിക്‌സുകളില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സുശീല്‍ മാറി. 
ബെയ്ജിങ്ങിലെ വെങ്കലമെഡല്‍ ജേതാവാണ് സുശീല്‍. 1952-ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ കെ.ഡി. ജാദവിലൂടെയാണ് ഇന്ത്യ ആദ്യമായി ഗുസ്തിയില്‍ ഒരു മെഡല്‍ നേടുന്നത്. രാജ്യത്തെ ഗോദകള്‍ സജീവമാവുകയാണെന്ന സന്ദേശവുമായി ഇപ്പോഴിതാ രണ്ട് മെഡലുകള്‍. ശനിയാഴ്ച വീറുറ്റ പോരാട്ടത്തിലൂടെ യോഗേശ്വര്‍ ദത്ത് വെങ്കലം നേടിയിരുന്നു.
സംഭവബഹുലമായിരുന്നു ലണ്ടനിലെ മുപ്പതാം ഒളിമ്പിക്‌സ്. നാലുവര്‍ഷം മുമ്പ് ബെയ്ജിങ്ങില്‍ ആതിഥേയരായ ചൈനയ്ക്കുമുന്നില്‍ അടിയറവെച്ച ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച അമേരിക്കയും നാലാം ഒളിമ്പിക്‌സിനെത്തിയ അമേരിക്കന്‍ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്‌സിന്റെയും ജമൈക്കന്‍ മിന്നല്‍ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിന്റെയും ഇതിഹാസതുല്യമായ പ്രകടനങ്ങളും ലണ്ടന്‍ ഒളിമ്പിക്‌സ് വേദികളില്‍ നിറഞ്ഞുനിന്നു. 
പിഴവുകളില്ലാതെ ഒളിമ്പിക്‌സ് സംഘടിപ്പിക്കാനായതില്‍ ബ്രിട്ടനും അഭിമാനിക്കാം. ഇത്തവണ നാല് സ്വര്‍ണമടക്കം ആറ് മെഡലുകള്‍ നേടിയ ഫെല്‍പ്‌സ് മൂന്ന് ഒളിമ്പിക്‌സുകളില്‍ നിന്ന് 18 സ്വര്‍ണമുള്‍പ്പെടെ 22 മെഡലുകള്‍ വാരിയാണ് വിടപറഞ്ഞത്. 
ബെയ്ജിങ്ങില്‍ 100 മീ., 200 മീ., 4ന്ദ100 മീറ്റര്‍ റിലേ മത്സരങ്ങളില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടിയ ബോള്‍ട്ട്, മെഡല്‍ക്കൊയ്ത്ത് ആവര്‍ത്തിച്ചു. 
46 സ്വര്‍ണമുള്‍പ്പെടെ 104 മെഡലുകള്‍ നേടി അമേരിക്ക മടങ്ങുമ്പോള്‍ സ്വന്തം നാട്ടിലെ പ്രകടനം (51 സ്വര്‍ണമുള്‍പ്പെടെ 100 മെഡല്‍) ആവര്‍ത്തിക്കാനാവാതെയാണ് ചൈന ( 38 സ്വര്‍ണമടക്കം 87 മെഡല്‍) അരങ്ങൊഴിഞ്ഞത്.
സുശീല്‍ കുമാറിന്റെ നാടും വീടും
വെളളിത്തിളക്കത്തില്‍ ബാപ്രോല ഗ്രാമം വെട്ടിത്തിളങ്ങി. രാജ്യം മുഴുവന്‍ അവിടേക്ക് കണ്ണുപായിച്ചു. ഗുസ്തിയിലൂടെ ഒളിമ്പിക് വേദിയില്‍ നിന്ന് ഇന്ത്യയെ വെള്ളിയണിയിച്ച സുശീല്‍ കുമാറിന്റെ നാടും വീടും ആഹ്ലാദത്തിന്റെ പാരമ്യതയില്‍ നിര്‍വൃതിപൂണ്ടു. ഒരു ഗ്രാമം മുഴുവന്‍ സുശീലിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. ലണ്ടനിലെ ഓരോ മത്സരവും ശ്വാസമടക്കി നിന്ന് അവര്‍ വീക്ഷിച്ചു. നിലയ്ക്കാത്ത ആരവത്തില്‍ സുശീല്‍ കുമാറിന്റെ വീട് പൂരംപോലെ വിളങ്ങിനിന്നു.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നജഫ്ഗഢിലാണ് ബാപ്രോല ഗ്രാമം. മെട്രോപൊളിറ്റന്‍ നഗരത്തിലെ പാടങ്ങള്‍ പൂക്കുന്ന ബാപ്രോലയിലുള്ള വലിയ വീട്ടില്‍ ഈ വാരാന്ത്യം വന്‍തിരക്കായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സുശീല്‍ ജയിച്ചെന്നറിഞ്ഞതോടെ ഗ്രാമവാസികള്‍ മുഴുവന്‍ അവിടേക്ക് ഒഴുകുകയായിരുന്നു. സൂചികുത്താന്‍ ഇടമില്ലാത്ത ആള്‍ക്കൂട്ടത്തിലൂടെ സുശീലിന്റെ വീട്ടിനകത്തേക്ക് കടക്കാന്‍ അല്പം ഗുസ്തി തന്നെ അറിയണം.
കുടുംബക്കാരും ബന്ധുക്കളും അയല്‍ക്കാരും സഹപാഠികളും സുഹൃത്തുക്കളും വീട്ടില്‍ തമ്പടിച്ചു. ഇരുന്നൂറിലേറെ മാധ്യമപ്രവര്‍ത്തകര്‍ വേറെ. ക്വാര്‍ട്ടറിലെയും സെമിയിലെയും ഓരോ പോയന്റുകളും ആരവങ്ങള്‍ മുഴക്കിയാണ് ആഘോഷിച്ചത്. സുശീല്‍ കുമാര്‍ ഫൈനലില്‍ കടന്നതോടെ വീടിന് മുന്നിലെ റോഡ് മുഴുവന്‍ ആള്‍ക്കൂട്ടങ്ങളാല്‍ നിറഞ്ഞു. ത്രിവര്‍ണപതാക പാറിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ബൈക്കില്‍ ചീറിപ്പാഞ്ഞും ഗ്രാമവാസികള്‍ വിജയം ആഘോഷഭരിതമാക്കി.
വീടിന്റെ സ്വീകരണ മുറി നിറയെ സുശീലിന്റെ ട്രോഫികളും പുരസ്‌കാരങ്ങളുമാണ്. 77 ട്രോഫികളും 53 മെഡലുകളും 13 പ്രശസ്തി ഫലകങ്ങളും സ്വീകരണ മുറിയില്‍ മാത്രമുണ്ട്. ദേശീയ-അന്തര്‍ദേശീയ മത്സരവേദികളില്‍ നിന്ന് കിട്ടിയ ട്രോഫികള്‍ വീടിന്റെ എല്ലാ മുറികളിലുമുണ്ട്. സുശീല്‍ ഫൈനലിലേക്ക് കടന്നതോടെ അച്ഛന്‍ ദിവാന്‍ സിങ്ങിനും അമ്മ കമലാ ദേവിക്കും ആകെ ടെന്‍ഷനാണ്. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഡ്രൈവറായിരുന്ന ദിവാന്‍ സിങ് മകന്റെ ഫൈനല്‍ പ്രവേശത്തെക്കുറിച്ച് ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകര്‍ പലവട്ടം നിര്‍ബന്ധിച്ചെങ്കിലും ഫൈനലിന് ശേഷം മാത്രമേ പ്രതികരിക്കൂവെന്ന് ദിവാന്‍ സിങ് പറഞ്ഞു.
വിശാലമായ കിടപ്പുമുറിയില്‍ ബന്ധുക്കളായ സ്ത്രീകള്‍ മുഴുവനും ഒത്തുകൂടിയിട്ടുണ്ട്. ഫൈനലിന് മുമ്പ് അമ്മ കമലാ ദേവിയുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ പൂജ നടത്തി. ടെലിവിഷനുളള രണ്ട് മുറികളിലും വന്‍തിരക്കാണ്. ഫൈനലില്‍ സുശീല്‍ പരാജയപ്പെട്ടതോടെ അല്പനേരം നിശബ്ദത. ബന്ധുക്കളുടെ മുഖങ്ങളില്‍ നിരാശ. വേണ്ടത്ര പരിശീലനം ലഭിക്കാത്തതാണ് പരാജയ കാരണമെന്ന് ദിവാന്‍ സിങിന്റെ കുറ്റപ്പെടുത്തല്‍. എങ്കിലും മധുരം കഴിച്ച് ദിവാന്‍ സിങ് വെളളിനേട്ടത്തില്‍ ആശ്വാസം പൂണ്ടു. വഴിയിലുടനീളം ആള്‍ക്കൂട്ടങ്ങള്‍ രാവേറെചെല്ലുന്തോറും സുശീലിന്റെ വെളളിനേട്ടം ആഘോഷമാക്കി. ഈ വെളളി ഞങ്ങള്‍ക്ക് സ്വര്‍ണ്ണത്തിന് തുല്യമാണ്-സുശീലിന്റെ സഹോദരന്‍ മഞ്ജിത് പറഞ്ഞു. 
പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: