Pages

Monday, August 13, 2012

മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസംനല്‍കണം


മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസംനല്‍കണം

മത്സ്യത്തൊഴിലാളികള്‍ക്ക് വായ്പാ ഇളവ് നല്‍കാനായി കടാശ്വാസ കമ്മീഷന്‍ നിലവില്‍ വന്നത് മുന്‍ സര്‍ക്കാറിന്റെ കാലത്താണ്. അവര്‍ സഹകരണ, ദേശസാത്കൃത ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പകള്‍ എഴുതിത്തള്ളാന്‍ കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഗുണഫലം അവരില്‍ എത്താന്‍ വൈകുന്നുവെന്നാണ് റിപ്പോര്‍ട്ട്. തികച്ചും ഖേദകരമായ അവസ്ഥയാണിത്. കടാശ്വാസത്തിനായി നീക്കിവെച്ച 50 കോടി രൂപ വിനിയോഗിക്കപ്പെടാതെ ബാക്കിയിരിക്കുമ്പോഴാണ് ഈ അവസ്ഥ.  മത്സ്യത്തൊഴിലാളികള്‍ക്ക് വായ്പ ഇളവ് ശുപാര്‍ശ ചെയ്യാന്‍ മാത്രമേ കടാശ്വാസ കമ്മീഷന് അധികാരമുള്ളൂ എന്നും ശുപാര്‍ശ നടപ്പാക്കാത്ത ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കുകയും ബാങ്കുകളെ നടപടിക്ക് ബാധ്യസ്ഥരാക്കുകയും വേണം. ഇല്ലെങ്കില്‍ കടാശ്വാസ കമ്മീഷന് ഇതിനായി കൂടുതല്‍ അധികാരം നല്‍കണം. ആശ്വാസപദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങാനനുവദിക്കരുത്. 2009 ജനവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച കമ്മീഷന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസത്തിന് പദ്ധതി തയ്യാറാക്കുകയും അര്‍ഹരായ ഗുണഭോക്താക്കളുടെ കണക്ക് തയ്യാറാക്കുകയും ചെയ്തു. ഹഡ്‌കോ, ദേശീയ പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, ദേശീയ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയവ വഴി നല്‍കിയ വായ്പകളധികവും ഒഴിവാക്കി നല്‍കിയെന്നാണ് അറിയുന്നത്. 
അതോടൊപ്പം സഹകരണ, ദേശസാത്കൃത ബാങ്കുകള്‍ വഴി മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകള്‍ എഴുതിത്തള്ളാനും മുന്‍ സര്‍ക്കാറിന്റെ കാലത്തുതന്നെ കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. അന്ന് സര്‍ക്കാര്‍ 100 കോടി രൂപ നീക്കിവെക്കുകയും ചെയ്തു. എന്നാല്‍ ഈ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ബാങ്കുകള്‍ മടി കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വള്ളം, വല എന്നിവ വാങ്ങാനും മറ്റുമായി എടുത്ത 1.5 ലക്ഷം രൂപ വരെയുള്ള വായ്പയാണ് കടാശ്വാസ കമ്മീഷന്‍ ഇളവ് ചെയ്തു കൊടുക്കുന്നത്. വായ്പത്തുകയുടെ പകുതി ബാങ്കിന് സര്‍ക്കാര്‍ നല്‍കും. ബാക്കി പകുതി 12 ഗഡുക്കളായി ബാങ്കുകള്‍ക്ക് മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഈടാക്കാം. പലിശയും പിഴപ്പലിശയും ബാങ്കുകള്‍ ഒഴിവാക്കി നല്‍കണം. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പിഴപ്പലിശ നല്‍കില്ലെങ്കിലും പലിശയുടെ 25 ശതമാനം നല്‍കും. ഇത്തരമൊരു പാക്കേജ് ബാങ്കുകള്‍ക്ക് ബാധ്യതയാകില്ലെന്ന ധാരണയിലെത്തിയ ശേഷമായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. 1983 മുതല്‍ 2007 വരെയുള്ള കടമാണ് ഇത്തരത്തില്‍ എഴുതിത്തള്ളുന്നത്. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ വായ്പയുടെ പകുതിയും പലിശയുടെ ഒരു വിഹിതവും സര്‍ക്കാറില്‍ നിന്ന് ഒന്നിച്ചു കിട്ടുന്നത് ബാങ്കുകള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പലിശയും പിഴപ്പലിശയും ഒഴിവാക്കി നല്‍കിയാല്‍ ഗുണഭോക്താക്കളില്‍ നിന്ന് ബാക്കി തുക തിരിച്ചുപിടിക്കാന്‍ വലിയ വിഷമമുണ്ടാകാനിടയില്ല. എന്നിട്ടും ബാങ്കുകള്‍ കടാശ്വാസം നല്‍കാന്‍ മടിക്കുന്നുവെങ്കില്‍ അതിന്റെ കാരണം സര്‍ക്കാര്‍ പരിശോധിക്കേണ്ടതാണ്. അടിസ്ഥാനപ്രശ്‌നമെന്തെങ്കിലുമുണ്ടെങ്കില്‍ പരിഹരിക്കണം. ഓരോ ജില്ലയിലെയും അപേക്ഷ ക്ഷണിച്ച് അവ പരിഗണിച്ചാണ് കമ്മീഷന്‍ കടാശ്വാസത്തിനുള്ള ഗുണഭോക്താവിനെ കണ്ടെത്തുന്നത്. ഈ പദ്ധതി പ്രകാരം കമ്മീഷന്‍ അര്‍ഹരെന്ന് കണ്ടെത്തി ആനുകൂല്യത്തിനായി ശുപാര്‍ശ ചെയ്ത മത്സ്യത്തൊഴിലാളികള്‍ക്ക് വായ്പ ഇളവുചെയ്തു നല്‍കാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് കര്‍ശനമായ നിര്‍ദേശം നല്‍കേണ്ടതാണ്. മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരും ഇക്കാര്യത്തില്‍ ഇച്ഛാശക്തി കാണിക്കണം. പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബന്ധപ്പെട്ട ബാങ്കുകളിലെ ഉദ്യോഗസ്ഥരെ ബോധവത്കരിക്കണം. സഹകരണ, ദേശസാത്കൃത ബാങ്കുകളിലൂടെ മത്സ്യത്തൊഴിലാളികളെടുത്ത 2007 വരെയുള്ള വായ്പ എഴുതിത്തള്ളാന്‍ ആകെ 400 കോടി രൂപയോളം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായി ഇതിനകം 240 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ബാക്കി തുക കൂടി യഥാസമയം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. കാര്‍ഷിക കടാശ്വാസത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ കുടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്ത പല കര്‍ഷകരുടെയും വീട്ടുകാര്‍ക്ക് കടാശ്വാസം ലഭ്യമായിട്ടില്ലെന്നാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യത്തിലും സര്‍ക്കാര്‍ കാലതാമസം വരുത്താതെ ഫലപ്രദമായ നടപടിയെടുക്കണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍





No comments: