Pages

Saturday, August 18, 2012

ദേശീയ ഐക്യം നിലനിര്‍ത്താന്‍ അധികൃതര്‍ നടപടിയെടുക്കണം.


ദേശീയ ഐക്യം നിലനിര്‍ത്താന്‍ അധികൃതര്‍ നടപടിയെടുക്കണം.
 അസമിലെ കലാപത്തിന്റെ തുടര്‍ച്ചയെന്നോണം പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍മൂലം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ കടുത്ത അരക്ഷിതത്വത്തിലാണ്. ഈ അവസ്ഥയില്‍ മാറ്റം വരുത്താനും ദേശീയ ഐക്യം നിലനിര്‍ത്താനും അധികൃതര്‍ നടപടിയെടുക്കണം. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പഠിക്കാനും ജോലിക്കുമായെത്തിയ അസം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് യുവാക്കള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്. ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, പുണെ തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപ്പലായനം. ആക്രമിക്കപ്പെടുമെന്ന വ്യാജ എസ്. എം. എസ്. സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചതാണ് പ്രശ്‌നമായത്. അരക്ഷിതമായ സാഹചര്യങ്ങളില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരും ഹോസ്റ്റലുകളില്‍ കഴിയുന്ന വിദ്യാര്‍ഥികളുമാണ് തിരികെ പോകുന്നവരിലേറെയും. ഐ.ടി. മേഖലയിലും മറ്റും ഉയര്‍ന്ന ജോലി ചെയ്യുന്നവര്‍ ഇത്തരം വ്യാജസന്ദേശങ്ങളുടെ വഞ്ചനയില്‍ കുടുങ്ങുന്നില്ലെന്നാണ് കരുതേണ്ടത്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷ ഉറപ്പില്ലെന്നാണ് നാട്ടിലേക്ക് തിരിച്ചുപോകുന്ന യുവാക്കള്‍ പറയുന്നത്. ബാംഗളൂരില്‍ നിന്ന് മാത്രം 25,000-ത്തോളം പേര്‍ തിരിച്ചുപോയെന്ന് കണക്കാക്കപ്പെടുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ജോലിയും പഠനവുമായി മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നുണ്ട്. ഫലത്തില്‍ ഓരോ സംസ്ഥാനവും ഇന്ത്യയുടെ കൊച്ചുപതിപ്പാണ്. ആ സങ്കല്‍പം പോറലേല്‍ക്കാതെ നിലനിര്‍ത്തേണ്ട കടമ ഓരോ പൗരനുമുണ്ട്. ഇതിന് വിപരീതമായി ജാതി, മത, വര്‍ഗ വ്യത്യാസങ്ങളുടെ പേരിലും പ്രാദേശികത്വത്തിന്റെ പേരിലും ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമം അനുവദിക്കാനാവില്ല. അസമില്‍ ബോഡോ മേഖലയിലെ അസ്വസ്ഥതകളുടെയും അതിക്രമങ്ങളുടെയും തുടര്‍ച്ചയാണ് ഇപ്പോഴത്തെ വ്യാജസന്ദേശങ്ങളെന്നാണ് പറയുന്നത്. ജൂലായ് അവസാനവാരമാണ് അസമില്‍ ബോഡോ വംശജര്‍ താമസിക്കുന്ന കൊക്രജാറിലുംമറ്റും ന്യൂനപക്ഷ വിഭാഗക്കാര്‍ക്കെതിരെ വ്യാപകമായ അതിക്രമമുണ്ടായത്. അതേത്തുടര്‍ന്ന് 75-ലധികം പേര്‍ മരിച്ചു. നാല് ലക്ഷത്തിലധികം പേര്‍ക്ക് വീട് വിടേണ്ടിവന്നു. ഒട്ടേറെ വീടുകള്‍ അഗ്‌നിക്കിരയായി. ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും വീട്ടിലേക്ക് മടങ്ങാനാകാതെ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. പല ക്യാമ്പുകളിലെയും അവസ്ഥ ദുരിതമയമാണെന്ന് അവിടം സന്ദര്‍ശിച്ച ന്യൂനപക്ഷകമ്മീഷന്‍ അംഗങ്ങള്‍ പറയുന്നു. അസമില്‍ വീണ്ടുമൊരു കലാപം പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അസം കലാപത്തെക്കുറിച്ചന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അസം സര്‍ക്കാറും കൂടിയാലോചന നടത്തണം. അസം കലാപത്തില്‍ നീതി നിഷേധിക്കപ്പെട്ടുവെന്നാരോപിച്ച്, രാജ്യത്തെങ്ങും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്കെതിരെ അതിക്രമമുണ്ടാകുമെന്ന വ്യാജസന്ദേശമാണ് ഇപ്പോള്‍ പ്രശ്‌നം സൃഷ്ടിച്ചിട്ടുള്ളത്. സന്ദേശം അയച്ച ആറ് പേരെ ബാംഗ്ലൂരില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുപറയുന്നു. ഗ്രൂപ്പ് എസ്.എം.എസ്. നിരോധിച്ചതും നല്ലതുതന്നെ. അതിനിടെ, ലക്‌നൗവില്‍ ഒരു വിഭാഗമാള്‍ക്കാര്‍ പ്രതിഷേധപ്രകടനം നടത്താന്‍ ശ്രമിച്ചെന്നും ഇതേച്ചൊല്ലി അതിക്രമത്തിന് മുതിര്‍ന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാറുകളും ജാഗ്രത പുലര്‍ത്തണം. രാജ്യം മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാരോടൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി രാജ്യസഭയിലും ലോക്‌സഭയിലും ഉറപ്പുനല്‍കിയിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ സുരക്ഷ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഏതായാലും ഇതിനകം ഗുവാഹാട്ടിയിലേക്ക് വണ്ടി കയറിയവര്‍ക്ക് അവിടെ സുരക്ഷ ഉറപ്പാക്കണം. അസമില്‍ വീടുവിടേണ്ടിവന്നവര്‍ക്ക് സുരക്ഷിതരായി അവരുടെ വീടുകളില്‍ തിരികെപ്പോയി താമസിക്കാന്‍ അവസരം ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അസമില്‍ വിവിധവിഭാഗങ്ങള്‍ തമ്മില്‍ ഐക്യം ഉറപ്പാക്കണം. ഒപ്പം അസമിലെ പ്രശ്‌നത്തിന്റെ പേരില്‍ രാജ്യത്തെങ്ങും അരക്ഷിതത്വബോധം ഉണ്ടാക്കാനുള്ള ശ്രമത്തിന് തടയിടുകയും വേണം. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് വശംവദരാകുന്നവര്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത മുളയിലേ നുള്ളണം.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: