Pages

Saturday, August 18, 2012

വ്യാജപ്രചാരണത്തില്‍ വിശ്വസിക്കരുത്


വ്യാജപ്രചാരണത്തില്‍
 വിശ്വസിക്കരുത്

കലാപാന്തരീക്ഷത്തില്‍ നിന്ന് അസം മോചിതമാകുന്നു. അക്രമസംഭവങ്ങളൊന്നും കഴിഞ്ഞ രണ്ടുദിവസമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.എന്നാല്‍, വടക്കുകിഴക്കന്‍മേഖലയില്‍ നിന്നുള്ളവര്‍ക്കെതിരെ അക്രമമുണ്ടാകുമെന്ന വ്യാജപ്രചാരണം ഡല്‍ഹിയിലേക്കും പുണെയിലേക്കും വ്യാപിച്ചു.
അതിനിടെ, അക്രമം ഭയന്ന് ബാംഗ്ലൂര്‍വിട്ട അസംകാരുമായി രണ്ട് തീവണ്ടി സംസ്ഥാനത്തെത്തി. അസം കലാപത്തിന് പ്രതികാരമായി ആ മേഖലയില്‍ നിന്നുള്ളവര്‍ക്കെതിരെ തെക്കന്‍സംസ്ഥാനങ്ങളില്‍ അക്രമമുണ്ടാകുമെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍വഴിയും എസ്.എം.എസ്സായും പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ബാംഗ്ലൂരില്‍നിന്നും ഹൈദരാബാദില്‍നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപ്പലായനം ഉണ്ടായത്. 1700 പേരാണ് രണ്ട് തീവണ്ടിയിലായി ശനിയാഴ്ച നാട്ടിലെത്തിയത്. ഇവരില്‍ ഏറെപ്പേരും വിദ്യാര്‍ഥികളും സോഫ്‌വെയര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുമാണ്.വ്യാജസന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടിയെടുക്കുമെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെ ഡല്‍ഹിയിലും സമാനമായ പ്രചാരണം നടക്കുകയാണ്. എന്നാല്‍ ഇത്തരം പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് പോലീസ് അറിയിച്ചു. പോലീസ് കമ്മീഷണര്‍ നീരജ്കുമാര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയും പ്രചാരണം തള്ളാന്‍ വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ളവരോട് അഭ്യര്‍ഥിച്ചു.

അക്രമംഭയന്ന് മഹാരാഷ്ട്രയിലെ പുണെയിലും വടക്കുകിഴക്കന്‍ മേഖലക്കാര്‍പലായനത്തിന് ഒരുങ്ങുകയാണ്. അവരെ സമാധാനിപ്പിക്കാനുള്ള അധികാരികളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ശ്രമങ്ങള്‍ ഫലം കണ്ടിട്ടില്ല.വ്യാജപ്രചാരണത്തില്‍ ഭയചകിതരായ നാട്ടുകാരെ സമാധാനിപ്പിക്കാന്‍ മഹാരാഷ്ട്രയിലേക്കും കര്‍ണാടകത്തിലേക്കും ഉയര്‍ന്ന ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ മണിപ്പുര്‍ സര്‍ക്കാര്‍ തീരുമാനിച്ചു.അതിനിടെ അസമിലെ കലാപബാധിതപ്രദേശങ്ങളില്‍ സി.ബി.ഐ. സംഘം അന്വേഷണം തുടങ്ങി.
അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ അക്രമഭീതി പരത്തിയുള്ള വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പലായനം ചെയ്ത വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ എണ്ണം 40,000 കവിഞ്ഞു. എന്നാല്‍ ശനിയാഴ്ചയോടെ ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍നിന്ന് പോകുന്നവരുടെ എണ്ണം കുറഞ്ഞു. ഗുവാഹാട്ടിയിലേക്കുള്ള സ്‌പെഷല്‍ട്രെയിന്‍ സര്‍വീസും പിന്‍വലിച്ചിട്ടുണ്ട്. ശനിയാഴ്ച രണ്ടിടത്തുനിന്നുമായി പതിനായിരത്തോളം പേര്‍ മാത്രമാണ് യാത്രപുറപ്പെട്ടത്.
ചെന്നൈയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനക്കാരില്‍ അധികംപേരും ഇതിനകം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. അതേസമയം തമിഴ്‌നാടിന്റെ മറ്റുജില്ലകളില്‍നിന്നുള്ളവരാണ് ഇപ്പോള്‍ കൂടുതല്‍ എത്തുന്നത്. ശനിയാഴ്ച 500 പേര്‍ ഇവിടെനിന്ന് യാത്രയായി.ബാംഗ്ലൂരില്‍ ദ്രുതകര്‍മസേനയും സി.ആര്‍.പി.എഫും പലയിടത്തും റൂട്ടുമാര്‍ച്ച് നടത്തി. സ്ഥിതി ശാന്തമായിക്കഴിഞ്ഞെന്നാണ് ഡി.ജി.പി. ലാല്‍റോക്കുമാ പച്ചാവൂ അഭിപ്രായപ്പെട്ടത്. കഴിഞ്ഞദിവസം മിസോറാം സ്വദേശികള്‍ക്കുനേരേനടന്ന അക്രമത്തെത്തുടര്‍ന്ന് ചിലയിടങ്ങളില്‍ പ്രത്യേകസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമാണെങ്കില്‍ കൂടുതല്‍ പോലീസ്‌സേനയെ വിന്യസിപ്പിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ജ്യോതിപ്രകാശ് മിര്‍ജി പറഞ്ഞു. ലാങ്‌ഫോര്‍ഡ് ടൗണ്‍, ഈജിപ്പുര, നീലസാന്ദ്ര, ഓസ്റ്റിന്‍ ടൗണ്‍, വിവേക്‌നഗര്‍, ആനേപ്പാളയ, ആഡുഗൊഡി എന്നിവിടങ്ങളിലാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി റൂട്ട്മാര്‍ച്ചും നടന്നു. വ്യാജസന്ദേശങ്ങളുടെ യഥാര്‍ഥ ഉറവിടം അന്വേഷിക്കണം. വടക്കുകിഴക്കന്‍ സ്വദേശികളോട് നഗരം വിട്ട് പോകരുതെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.

അരുണാചല്‍ പ്രദേശ് എം.പി. തകംസഞ്‌ജോയുടെ നേതൃത്വത്തില്‍ എത്തിയ സര്‍ക്കാര്‍തലസംഘം ഉപമുഖ്യമന്ത്രി ആര്‍.അശോകയെ സന്ദര്‍ശിച്ചു. വടക്കുകിഴക്കന്‍ സ്വദേശികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംഘം അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. 
നഗരത്തിലെ പല തൊഴില്‍മേഖലകളിലും അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ പിന്‍മാറ്റം പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഇവര്‍ തിരിച്ചുവരുന്നതുവരെ താത്കാലിക നിയമനങ്ങള്‍ നടത്തിയാണ് പ്രശ്‌നം പരിഹരിക്കുന്നത്. വിദ്യാര്‍ഥികളുടെ കുറവുകാരണം ക്ലാസുകള്‍ മുടങ്ങിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യമാണെങ്കില്‍ പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അസം കലാപത്തിന്റെ ആസുത്രകരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സി.ബി.ഐ. ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കലാപത്തിലുള്‍പ്പെട്ടവരെ തിരിച്ചറിയാനോ അറസ്റ്റ് ചെയ്യാനോ സഹായിക്കുന്ന ഫോട്ടോഗ്രാഫ്, ഓഡിയോ വീഡിയോ ക്ലിപ്പുകള്‍ എന്നിവ സി.ബി.ഐ.യ്ക്ക് കൈമാറുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സി.ബി.ഐ. വക്താവ് ധരിണി മിശ്രയാണ് ന്യൂഡല്‍ഹിയില്‍ അറിയിച്ചത്.സംസ്ഥാനത്തെ മൂന്ന് ജില്ലകളിലുണ്ടായ വംശീയ കലാപവുമായി ബന്ധപ്പെട്ട ഏഴ് കേസുകള്‍ സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്. ഇതിനായി പ്രത്യക സംഘം അസമില്‍ തങ്ങുന്നുണ്ട്.അതിനിടെ, കൊക്രജാര്‍ ജില്ലയിലെ ഗോസ്സിയാഗാവില്‍ ഹോസ്റ്റലില്‍ നടന്ന ആക്രമണത്തിന്‍േറതെന്നു കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ സി.ബി.ഐ.യ്ക്ക് ലഭിച്ചു. ചില വാര്‍ത്താചാനലുകളില്‍നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നുമാണ് സി.ബി.ഐ. ഇത് കണ്ടെടുത്തത്.കൊക്രജാര്‍, ചിരാങ്, ധുബ്രി എന്നീ ജില്ലകളില്‍ നടന്ന കലാപത്തില്‍ 77 പേര്‍ മരിച്ചു. നാല് ലക്ഷം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു.
വടക്കുകിഴക്കന്‍സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കുനേരെ അക്രമം നടക്കുന്നുണ്ടെന്ന് അഭ്യൂഹം പ്രചരിക്കുന്ന സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ വഴിയുള്ള കൂട്ട എസ്.എം.എസ്സുകള്‍ക്കും എം.എം.എസ്സുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ 15 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി.ഇത് നടപ്പാക്കാന്‍ എല്ലാ മൊബൈല്‍ഫോണ്‍കമ്പനികളോടും ഉത്തരവിടാന്‍ ടെലികോം മന്ത്രാലയത്തോട് നിര്‍ദേശിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ് പറഞ്ഞു. നിയന്ത്രണമനുസരിച്ച് വെള്ളിയാഴ്ച മുതല്‍ ഒറ്റത്തവണയായി അഞ്ച് എസ്.എം.എസ്സുകളില്‍ കൂടുതല്‍ അയക്കാനാവില്ല. 20 കിലോബൈറ്റില്‍ കൂടുതല്‍ ഡാറ്റ അയക്കുന്നതിനും നിയന്ത്രണമുണ്ട്.അസ്സമിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുനേരെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ പരക്കെ അക്രമമുണ്ടാകുന്നതായി കഴിഞ്ഞദിവസം എസ്.എം.എസ്. സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. വ്യാജ വീഡിയോദൃശ്യങ്ങള്‍ എം.എം.എസ്. വഴിയും പ്രചരിപ്പിച്ചു. ഇത് ബാംഗ്ലൂര്‍, പുണെ തുടങ്ങിയ നഗരങ്ങളില്‍ കഴിയുന്ന വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ പലായനത്തിന് ഇടയാക്കി. ഈ സാഹചര്യത്തിലാണ് കൂട്ട എസ്.എം.എസ്സുകള്‍ക്ക് വിലക്ക് വന്നത്.

വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ ഐക്യത്തിനും സാമുദായിക സൗഹാര്‍ദത്തിനും തുരങ്കം വെക്കുന്നവരാണ് ഇത്തരം ചെയ്തികള്‍ക്കു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അസമില്‍ കലാപമുണ്ടായ കൊക്രജാറില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് 300 കോടി രൂപയുടെ സഹായപാക്കേജ് പ്രഖ്യാപിച്ചു.ശനിയാഴ്ച കൊക്രജാറിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. കലാപം രാജ്യത്തിന്റെ മുഖത്ത്പതിഞ്ഞ കറുത്ത പാടായെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് വഴിയൊരുക്കിയ സാഹചര്യത്തെക്കുറിച്ച് യുക്തമായ അന്വേഷണം നടത്തും. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കും -പ്രധാനമന്ത്രി പറഞ്ഞു.ഒമ്പതു ദിവസം മുമ്പ് അസമിലെ ബോഡോലാന്‍ഡ് മേഖലയായ കൊക്രജാറില്‍ പൊട്ടിപ്പുറപ്പെട്ട വംശീയകലാപത്തില്‍ ഇതിനകം
52 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നാലുലക്ഷത്തിലേറെപ്പേര്‍ ഭവനരഹിതരായി. സര്‍ക്കാര്‍ തുടങ്ങിയ 250-ഓളം ദുരിതാശ്വാസക്യാമ്പുകളിലാണ് അക്രമത്തിന് ഇരയായവര്‍ ഇപ്പോഴും കഴിയുന്നത്.

കലാപമേഖലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതില്‍ തുടക്കത്തില്‍ ബുദ്ധിമുട്ട് നേരിട്ടതായി പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ അക്രമം പടരുന്നത് തടയാന്‍ കേന്ദ്ര, സംസ്ഥാനസര്‍ക്കാറുകള്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സങ്കീര്‍ണമായ പ്രശ്‌നമാണ് അസമിലുള്ളത്. സമാധാനം പുനഃ സ്ഥാപിച്ചാലുടന്‍ അത് പരിശോധിക്കേണ്ടതുണ്ട്. ''നിങ്ങളുടെ സങ്കടവും വേദനയും പങ്കിടുന്നതിനായാണ് ഞാനിവിടെ എത്തിയത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. നമ്മളെല്ലാം ഇന്ത്യക്കാരാണ്. ഒരുമിച്ച് മുന്നോട്ടു പോകേണ്ടവരാണ്. ആരോപണപ്രത്യാരോപണങ്ങള്‍ക്കുള്ള സമയമല്ലിത്. മുറിവുകള്‍ ഉണക്കുന്നതിനാണ് ഇപ്പോള്‍ പ്രാമുഖ്യം കൊടുക്കേണ്ടത്'-പ്രധാനമന്ത്രി ദുരിതാശ്വാസക്യാമ്പിലെ അന്തേവാസികളോട് പറഞ്ഞു.

അക്രമത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ അടിയന്തരസഹായം ലഭിക്കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപയും വീട് പൂര്‍ണമായി തകര്‍ക്കപ്പെട്ടവര്‍ക്ക് 30,000 രൂപയും ഭാഗികമായി തകര്‍ക്കപ്പെട്ടവര്‍ക്ക് 20,000 രൂപയും സഹായം ലഭിക്കും. ഇതിനു പുറമേയാണ് വിവിധ കേന്ദ്രപദ്ധതികളില്‍ നിന്നായി 300 കോടി രൂപയുടെ പ്രത്യേകപാക്കേജ് പ്രഖ്യാപിച്ചത്.
ഇതിനിടെ കലാപമുണ്ടായ ജില്ലകളില്‍ 11,000-ലേറെ അര്‍ധസൈനികവിഭാഗക്കാരെക്കൂടി വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അസം സര്‍ക്കാറിനെ ചുമതലപ്പെടുത്തി. അക്രമത്തിന് ഇരയായവര്‍ക്ക് വൈദ്യസഹായമെത്തിക്കാന്‍ വ്യോമമാര്‍ഗം മെഡിക്കല്‍ സംഘങ്ങളെയും അസമിലേക്കയച്ചതായി കേന്ദ്രആഭ്യന്തരമന്ത്രാലയം അറിയിച്ചു. അര്‍ധസൈനികവിഭാഗത്തിലെ ഏഴായിരത്തിലേറെ ഭടന്മാരെ ഇതിനകം അക്രമമുണ്ടായ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമേയാണ് കൂടുതല്‍പേരെ നിയോഗിച്ചത്.അക്രമമുണ്ടായ മേഖലകളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി വരികയാണ്. 
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: