Pages

Monday, August 6, 2012

മുരളി – നടനും മനുഷ്യനും


മുരളി – നടനും മനുഷ്യനും

ഓര്‍മ്മകളില്‍  മുരളി 


              എന്‍ . ശശിധരന്‍


ആഗസ്റ്റ് 6- ഭാവങ്ങളുടെ നെയ്ത്തുകാരന്‍ മുരളി വിട പറഞ്ഞിട്ട് 3 വര്‍ഷം.
ഒരു ജന്മത്തില്‍ത്തന്നെ അനേകം മറുജന്മങ്ങള്‍ അനുഭവിച്ചുതീര്‍ക്കാന്‍ ഭാഗ്യം ലഭിച്ച
വരാണ് അഭിനേതാക്കള്‍. ഒരു നടന്‍ അഥവാ നടി മരിക്കുമ്പോള്‍ അയാളുടെ/അവരുടെ ഭൗതികസ്വത്വത്തിനപ്പുറത്ത്, ജീവന്‍ നല്കി അനശ്വരരാക്കിയ അനേകം കഥാപാത്രങ്ങളുടെ സ്വത്വങ്ങളും നമ്മെ വേട്ടയാടും. അഭിനേതാക്കള്‍ മാത്രമേ മരിക്കുന്നുള്ളൂ, അവര്‍ പകര്‍ന്നാടിയ കഥാപാത്രങ്ങള്‍ മരിക്കുന്നില്ല എന്നു നാം സ്വയം ആശ്വസിക്കും. പക്ഷേ, മുരളിയെപ്പോലെ ഒരു നടന്റെ അകാലമരണം ഭാവിയില്‍ അയാള്‍ ജീവന്‍ നല്കി അനശ്വരമാക്കാനിടയുള്ള അനേകം കഥാപാത്രങ്ങളുടെകൂടി മരണമാണ്. ആ നിലയ്ക്ക് ആലോചിക്കുമ്പോള്‍ ഈ വിയോഗംകൊണ്ട് മലയാളികള്‍ക്കുണ്ടായ നഷ്ടം ചെറുതല്ല. ജീവിതത്തെ അതിന്റെ സമഗ്രതയിലും ആഴത്തിലും അറിഞ്ഞ്, വന്യവും പരുഷവും മാനുഷികവുമായ ഉള്‍ക്കരുത്തോടെ മുരളി അവതരിപ്പിക്കേണ്ടിയിരുന്ന കഥാപാത്രങ്ങള്‍ ഇനി സങ്കല്പിക്കപ്പെടുകപോലുമില്ല എന്ന അറിവ് ഏറ്റവും വേദനാകരംതന്നെ. അഭിനയത്തിന്റെ രസതന്ത്രം എന്നത് മുരളി എഴുതിയ ഒരു പുസ്തകത്തിന്റെ പേരാണ്. മുരളിയുടെ അഭിനയകലയെ സംബന്ധിച്ച് സവിശേഷമായ അര്‍ഥവ്യാപ്തിയുള്ള പദമാണ് 'രസതന്ത്രം'. സംയോഗത്തിന്റെ ശാസ്ത്രമാണ് രസതന്ത്രം അഥവാ 'കെമിസ്ട്രി'. അനുഭവത്തെ സൂക്ഷ്മതലത്തില്‍ അറിയുകയും, ശരീരവും മനസ്സും ചേര്‍ന്ന സവിശേഷമായ ഒരു പ്രതലത്തില്‍ ആ അറിവുകളെ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോഴാണ് മഹത്തായ അഭിനയം ഉണ്ടാകുന്നത്. അനുകരണമോ താദാത്മ്യമോ അല്ല, പ്രതീതിജന്യമായ യാഥാര്‍ഥ്യമാണ് അതിന്റെ കാതല്‍. യാഥാര്‍ഥ്യമെന്ന് നമ്മെ വിശ്വസിപ്പിക്കുന്ന ഈ പ്രതീതി യാഥാര്‍ഥ്യം എത്തിപ്പിടിക്കാന്‍, വ്യക്തി-സമഷ്ടി ബന്ധങ്ങളെക്കുറിച്ചുള്ള ആഴമേറിയ തിരിച്ചറിവും സമഗ്രമായ ലോകബോധവും ആവശ്യമുണ്ട്. ഇന്ദ്രിയസംവേദനത്തിലൂടെ ആര്‍ജിക്കുന്ന ബഹുവിധമായ അനുഭവങ്ങളുടെ 'അയിരുകള്‍' വിചിത്രമായ ചേരുവകളില്‍ സംയോജിക്കുമ്പോഴാണ് അഭിനേതാവിന്റെ ഈ സൂക്ഷ്മബോധം രൂപപ്പെടുന്നത്.
  ബാല്യ-കൗമാരങ്ങള്‍ കുടവട്ടൂര്‍ എന്ന ജന്മഗ്രാമത്തില്‍ ചെലവഴിച്ച മുരളിക്ക് അടിത്തട്ടിലെ ജീവിതവുമായി ജൈവബന്ധം പുലര്‍ത്താനുള്ള അവസരങ്ങള്‍ ഒട്ടേറെ ഉണ്ടായിക്കാണണം. ഗ്രാമജീവിതത്തിലെ വൈവിധ്യവും മനുഷ്യരിലും പ്രകൃതിയിലുമുള്ള വൈരുധ്യവും അടുത്തറിഞ്ഞ ഒരു സാധാരണക്കാരന്റെ സ്വാഭാവികമായ വളര്‍ച്ചയും വികാസവുമാണ് മുരളിയുടെ അഭിനയസ്വത്വത്തിന്റെ അടിസ്ഥാനശില. മുരളിയുടെ കഥാപാത്രങ്ങളുട മുഖമുദ്രകളായ ചങ്കുറപ്പും പൗരുഷവും സ്‌ഥൈര്യവും മാനുഷികമായ ആര്‍ജവവും നൂറു ശതമാനവും ഗ്രാമജന്യമാണ്. നാഗരികവും ഉപരിവര്‍ഗസ്വഭാവമുള്ളതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍പ്പോലും ഈ ഗ്രാമീണമായ ഊര്‍ജത്തെ സര്‍ഗാത്മകമായി പരിവര്‍ത്തിപ്പിച്ച് പൊലിപ്പിച്ചെടുക്കുകയാണ് മുരളി ചെയ്തത്. നാടകത്തില്‍നിന്ന് ലഭിച്ച അഭിനയപാഠങ്ങള്‍ സിനിമ എന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിനുവേണ്ടി പാകപ്പെടുത്തുന്നതില്‍ ഏറ്റവും വിജയിച്ച മലയാളനടന്‍, ഒരുപക്ഷേ, മുരളിയായിരിക്കും. അഭിനേതാവിന് അരങ്ങില്‍ സ്വായത്തമാകുന്ന സ്വാതന്ത്ര്യവും ജൈവികതയും ക്യാമറയ്ക്കുമുന്നിലുള്ള വിഘടിതമായ ആവിഷ്‌കാരത്തിന് എങ്ങനെ സ്വാഭാവികമായി പ്രയോജനപ്പെടുത്താം എന്നത് വലിയ വെല്ലുവിളിതന്നെയാണ്. പ്രേക്ഷകരുമായി ജൈവബന്ധം പുലര്‍ത്തിക്കൊണ്ടുള്ള നാടകത്തിലെ അഭിനയം, കഥാപാത്രത്തിന്റെ ഭാവനാപരമായ നൈരന്തര്യവും നാടകീയതയും കൊണ്ട് വ്യത്യസ്തമാണ്. ചലച്ചിത്രാഭിനയത്തില്‍ നഷ്ടമാവുന്ന ഈ നൈരന്തര്യവും നാടകീയതയും സൂക്ഷ്മമായ കഥാപാത്രപരിചരണത്തിലൂടെ വേണം അതിജീവിക്കുക. ഇക്കാര്യത്തില്‍ മുരളിയോളം മികവു കാട്ടിയ നടന്മാര്‍ നമുക്ക് അധികമില്ല.
ഇടതുപക്ഷത്തായിരിക്കുമ്പോഴും എപ്പോഴും മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച മുരളിയുടെ രാഷ്ട്രീയം ആ നടന്റെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഒരാളുടെ രാ
ഷ്ട്രീയം അയാള്‍ ലോകത്തെ കാണുന്ന രീതിയെ നിര്‍ണയിക്കുന്നതിനാല്‍, സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങളില്‍ അതിന്റെ പ്രതിഫലനം ഉണ്ടാവാതെ വയ്യ. മനുഷ്യവ്യവഹാരത്തിന്റെ സമസ്തതലങ്ങളെയും നിഷ്‌കൃഷ്ടമായ നിരീക്ഷണബുദ്ധിയോടെ സമീപിക്കാനുള്ള കലാകാരന്റെ 'ടൂള്‍' തന്നെയാണ് വാസ്തവത്തില്‍ അയാളുടെ രാഷ്ട്രീയം. കക്ഷിരാഷ്ട്രീയത്തിനപ്പുറത്തുള്ള മാനുഷികതയില്‍നിന്ന് സ്വാഭാവികമായി ഉരുത്തിരിയുന്ന ഭാവുകത്വപരമായ സത്യസന്ധത മുരളിയിലെ നടനെ ഒട്ടൊന്നുമല്ല തുണച്ചത്. ഇതോടൊപ്പം ഉയര്‍ന്ന സഹൃദയത്വവും ജ്ഞാനതൃഷ്ണയും കൂടിച്ചേര്‍ന്നപ്പോള്‍ അഭിനയകലയില്‍ അനന്യമായ മൗലികത സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. കവിത, കഥ, നോവല്‍, സംഗീതം, ചിത്രകല, നാടന്‍കലാരൂപങ്ങള്‍, ജീവചരിത്രം, സംസ്‌കാരചരിത്രം എന്നീ മേഖലകളിലെല്ലാം അദ്ദേഹത്തിന്റെ അനേ്വഷണബുദ്ധി വ്യാപരിച്ചു. മലയാളത്തിലെ മുഖ്യധാരാസിനിമയില്‍ ഇത്രയേറെ ബൗദ്ധികജാഗ്രത പുലര്‍ത്തിയ മറ്റൊരു നടന്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. താരപദവിയുടെ ജഡത്വം ബാധിക്കാതെ, നടനായി, വെറും പച്ചമനുഷ്യനായി മണ്ണില്‍ കാല്‍ ചവുട്ടി നടക്കാന്‍ അദ്ദേഹത്തിനു സാധിച്ചത് അതുകൊണ്ടാണ്.സ്വാഭാവികവും അനായാസവുമായ ഒരു അഭിനയരീതി സ്വന്തമായി വികസിപ്പിച്ചെടുത്ത നടനാണ് മുരളി. മുഖമോ കൈകാലുകളോ അല്ല മുരളിയുടെ നടനത്തിന്റെ പ്രഭവകേന്ദ്രം. ശരീരം എന്ന സാകല്യത്തിലാണ് അതിന്റെ ഊന്നല്‍. മുഴുവന്‍ ശരീരത്തെയും മാധ്യമമാക്കിയുള്ള 'ടോട്ടല്‍ ആക്ടിങ്' ആണ് അത്. ഇക്കാര്യത്തില്‍ നസറുദ്ദീന്‍ഷായെപ്പോലുള്ള മഹാനടന്മാരുടെ ഗണത്തിലാണ് മുരളിയും ഉള്‍പ്പെടുക. കൈകള്‍ പിന്നില്‍ കെട്ടി ഗോവണിപ്പടി കയറുന്ന നസറുദ്ദീന്‍ഷായുടെ പിന്നില്‍നിന്നുള്ള ഒരു ദൃശ്യം (ഗുല്‍സാറിന്റെമിര്‍സാ ഗാലിബ് എന്ന സീരിയലില്‍) പൊട്ടിക്കരച്ചിലിന്റെ വക്കിലോളമെത്തിച്ച അനുഭവം ഓര്‍മയിലുണ്ട്. തലയുടെ സവിശേഷമായ ചരിവും പിന്‍കഴുത്തിലെ പേശികളുടെ മുറുക്കവും തോളെല്ലുകളുടെ ആലംബമില്ലായ്മയും കാലുകളുടെ അനാഥത്വവുംകൊണ്ട് ആ നടന്‍ സൃഷ്ടിച്ച ഏകാന്തതയും വ്യര്‍ഥതാബോധവും കണ്ടപ്പോള്‍, നടന് മുഖത്തിന്റെ ആവശ്യംപോലുമില്ലെന്നു തോന്നിപ്പോയി. മുരളിയുടെ ചിത്രങ്ങളിലെ ചില അഭിനയമുഹൂര്‍ത്തങ്ങള്‍ കണ്ടിരിക്കുമ്പോള്‍ എന്തുകൊണ്ടോ, നസറുദ്ദീന്‍ഷായെ ഓര്‍ത്തുപോവാറുണ്ട്.
  മുരളിയുടെ വേര്‍പാട് ആര്‍ട്ട് സിനിമയ്ക്കും മുഖ്യധാരാസിനിമയ്ക്കും ഒരുപോലെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. നല്ല സിനിമയുടെ പ്രായോഗികസാക്ഷാത്കാരത്തിനായി എന്ത് വിട്ടുവീഴ്ചകള്‍ ചെയ്യാനും മുരളി സന്നദ്ധനായിരുന്നു. കഥാപാത്രത്തിനുവേണ്ടി നടത്തുന്ന മനനവും ധ്യാനവും വൈയക്തികവും ശാരീരികവുമായ പരിമിതികളെപ്പോലും ലംഘിക്കുവാന്‍ നടനെ പ്രാപ്തനാക്കുമെന്ന് അദ്ദേഹം തെളിയിക്കുകയുണ്ടായി. മുഖ്യധാരാസിനിമയില്‍ മുരളിയുടെ അഭിനയപാടവംകൊണ്ടുമാത്രം നമ്മുടെ ഓര്‍മയില്‍ തങ്ങിനില്ക്കുന്ന ചിത്രങ്ങള്‍ ഒട്ടേറെയുണ്ട്. മുരളിയെപ്പോലുള്ള ഒരു നടന്റെ തിരോധാനം സൃഷ്ടിക്കുന്ന സാംസ്‌കാരികശൂന്യത, അന്യഥാ കലുഷമായ നമ്മുടെ സാമൂഹികകാലാവസ്ഥയില്‍ വേദനയും ആശങ്കകളും ഉയര്‍ത്തുന്നു.
മുരളി എന്ന മനുഷ്യനെപ്പറ്റി എഴുതുകയോ പറയുകയോ ചെയ്യുന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ എന്നെ സംബന്ധിച്ച് പീഡാകരമാണ്. മുരളിയെ അടുത്തറിഞ്ഞ അനേകായിരം മനുഷ്യരില്‍ ഇങ്ങേയറ്റത്തു നില്ക്കുന്ന ഒരു സാധാരണക്കാരന്‍ മാത്രമാണ് ഞാന്‍. മുരളിക്ക് ദേശീയപുരസ്‌കാരം ലഭിക്കാന്‍ നിമിത്തമായ പ്രിയനന്ദനന്റെ നെയ്ത്തുകാരന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിലാണ് സ്വാഭാവികമായും ഞാന്‍ അദ്ദേഹവുമായി ബന്ധപ്പെടുന്നത്. പക്ഷേ, ഞങ്ങളുടെ സൗഹൃദത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ ഈ വസ്തുത രണ്ടുപേരും വിസ്മരിക്കുകയുണ്ടായി. ഞങ്ങള്‍ തനിച്ചായിരിക്കുമ്പോഴെല്ലാം സ്‌നേഹത്തിന്റെ മഞ്ഞുകട്ടികൊണ്ട് പരസ്​പരം മൂടി, അന്യര്‍ക്കു പ്രവേശനമില്ലാത്ത ഒരു ശീതലോകം സൃഷ്ടിച്ച്, സംസാരിച്ചിരിക്കാനായിരുന്നു അദ്ദേഹത്തിനു താത്പര്യം. ആ സ്‌
നേഹത്തിന്റെ ഹൃദ്യമായ തണുപ്പ് എന്റെ സ്വകാര്യ അഭിമാനവും സന്തോഷവുമായിരുന്നു. ഏത് ആള്‍ക്കൂട്ടത്തില്‍വെച്ച് കണ്ടാലും പ്രിയപ്പെട്ടവരെ കൈകള്‍ വിടര്‍ത്തി ആശ്ലേഷിക്കുന്ന ശീലം മുരളിക്കുണ്ട്. ആ ആശ്ലേഷം അനുഭവിച്ചവര്‍ക്കു മാത്രമേ അറിയൂ, അതിന്റെ ഊഷ്മളതയും സ്‌നേഹവായ്പും. ഒരു മനുഷ്യന്റെ ആന്തരികസത്ത മുഴുവനായി കാന്തികപ്രസരണംപോലെ നമ്മുടെ ശരീരത്തിലേക്കും മനസ്സിലേക്കും പ്രവഹിക്കുന്നതുപോലുള്ള അനുഭവമാണിത്. അധികം പൊക്കമോ വണ്ണമോ ഇല്ലാത്ത ആ ശരീരം ആ നിമിഷങ്ങളില്‍ ഒരു വിരാട്‌രൂപമാര്‍ജിക്കുന്നതുപോലെ നമുക്കു തോന്നിപ്പോകും. സഹജമായ ജാള്യതകൊണ്ട് ആലിംഗനം ഭയന്ന് പലപ്പോഴും ആള്‍ക്കൂട്ടത്തില്‍വെച്ച് മുരളിയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടാതെ ഞാന്‍ രക്ഷപ്പെട്ടിട്ടുണ്ട്.ഏറ്റവും ദരിദ്രമായ സാഹചര്യങ്ങളിലായിരുന്നു നെയ്ത്തുകാരന്‍ സിനിമയുടെ ചിത്രീകരണം. പ്രിയനന്ദനന്റെ ആത്മബലം ഒന്നുകൊണ്ടുമാത്രമാണ് ആ സിനിമ പൂര്‍ത്തീകരിക്കാനായത്. പിറ്റേ ദിവസം യൂണിറ്റിന്റെ വണ്ടി ഓടാനുള്ള പെട്രോളിന്റെ കാശു തേടി തലേ രാത്രി മുഴുവന്‍ പ്രിയന്റെ സുഹൃത്തുക്കള്‍ വെപ്രാളപ്പെട്ട് ഓടിനടന്നത് ഓര്‍മയുണ്ട്. രാമനിലയത്തില്‍ ഒരു സാധാരണ മുറിയില്‍ നല്ല ഭക്ഷണംപോലും ലഭിക്കാതെ മുരളി 'അപ്പമേസ്ത്രി'യുടെ ആന്തരികസംഘര്‍ഷങ്ങളുമായി ഏകാകിയായി കഴിഞ്ഞു. ഒല്ലൂരിലും കണ്ണൂരിലുമായി ഇരുപതോളം ദിവസങ്ങള്‍ നീണ്ട ഷൂട്ടിങ്ങിനിടയില്‍ ഒരിക്കല്‍പ്പോലും ഭൗതികമായ അസൗകര്യങ്ങളെക്കുറിച്ച് അദ്ദേഹം പരിഭവപ്പെട്ടില്ല. വടക്കേ മലബാറിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ ജീവിച്ച അപ്പമേസ്ത്രി എന്ന ഒരു നെയ്ത്തുതൊഴിലാളിയുടെ ആന്തരികസ്വത്വം ആവാഹിക്കാനായി മുരളി സ്വയം നടത്തിയ ആത്മസമരങ്ങള്‍ എന്നെ അക്കാലത്ത് അദ്ഭുതപ്പെടുത്തുകതന്നെയുണ്ടായി. നെയ്ത്തുകാരനായി മെയ്ക്കപ്പിട്ട് ഷോട്ടിനുവേണ്ടി അനേകം മണിക്കൂറുകള്‍ കാത്തിരിക്കുന്നതിനിടയില്‍ ഞാന്‍ കൂടെയിരിക്കണമെന്ന് മുരളി നിര്‍ബന്ധിക്കുമായിരുന്നു. ആ സ്വകാര്യനിമിഷങ്ങളിലാണ് മുരളിയുടെ വ്യക്തിത്വത്തിന്റെ ബഹുലത എനിക്കു ബോധ്യപ്പെട്ടത്.
 

വടക്കന്‍മണ്ണിനോടും മനുഷ്യരോടും മുരളിക്ക് ഉള്ളില്‍ത്തട്ടിയ ഒരാത്മബന്ധം ഉണ്ടായിരുന്നു. മലബാറിലെ ആചാരാനുഷ്ഠാനങ്ങളോട് അദ്ദേഹത്തിനുണ്ടായിരുന്ന വൈകാരികബന്ധം പുലിജന്മത്തിലെ കാരിഗുരിക്കളില്‍ അസാധാരണമായ മികവോടെ മുദ്രിതമായിട്ടുണ്ട്. എന്‍. പ്രഭാകരന്റെ പുലിജന്മം എന്ന നാടകം പ്രിയനന്ദനന്‍ ചലച്ചിത്രമാക്കിയപ്പോള്‍ അതിന്റെ തിരക്കഥാരചനയില്‍ ഞാനും സഹകരിക്കുകയുണ്ടായി. പുലിജന്മം നാടകത്തെപ്പറ്റി, അതിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ സമകാലികപ്രസക്തിയെപ്പറ്റി, കണ്ടുമുട്ടുമ്പോഴെല്ലാം മുരളി മുന്‍േപ വാചാലനാകാറുണ്ടായിരുന്നു. തനിക്കുവേണ്ടി മാത്രമായി സൃഷ്ടിക്കപ്പെട്ട ഒരു കഥാപാത്രമായി കാരിഗുരിക്കളെ മുരളി വളരെക്കാലമായി മനസ്സില്‍ കൊണ്ടുനടക്കുകയായിരുന്നു. പുലിജന്മത്തിന്റെ ചിത്രീകരണത്തിന്റെ ഇടവേളകളില്‍ നെയ്ത്തുകാരന്റെ തുടര്‍ച്ചപോലെ ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചിരിക്കും. താന്‍ കാണാത്ത അഥവാ വായിക്കാത്ത ഒരു പുസ്തകം കിട്ടുമ്പോഴുള്ള ആനന്ദം മറ്റൊന്നിലും അദ്ദേഹം പ്രകടിപ്പിച്ചുകണ്ടിട്ടില്ല. പുലിജന്മത്തിന്റെ സഹസംവിധായകരിലൊരാളായ ശിവകുമാര്‍ കാങ്കോല്‍, എന്‍.പി. എരിപുരം എന്ന പേരില്‍ എന്‍. പ്രഭാകരനും എന്‍.എസ്. കുറ്റിയാട്ടൂര്‍ എന്ന പേരില്‍ ഞാനും ചെറുപ്പത്തില്‍ ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതിയിരുന്നു എന്ന കാര്യം മുരളിയോട് യാദൃച്ഛികമായി പറയുകയുണ്ടായി. അന്നുമുതല്‍ പ്രഭാകരനെ 'എരിപുര'മെന്നും എന്നെ 'കുറ്റിയാട്ടൂരേ' എന്നുമാണ് മുരളി സംബോധന ചെയ്തുപോന്നത്.  കാരിഗുരിക്കള്‍ എന്ന കഥാപാത്രം നടനെന്ന നിലയില്‍ മുരളിയെ അടിമുടി ആവേശിക്കുകയുണ്ടായി. ഷൂട്ടിങ്് കഴിഞ്ഞ് തിരുവനന്തപുരത്തെ 'കാര്‍ത്തിക'യിലേക്ക് തിരിച്ചുപോയ മുരളി എഴുന്നേറ്റുനടക്കാന്‍പോലും ശേഷിയില്ലാതെ അനേകദിവസങ്ങള്‍ അസ്വസ്ഥനായി കഴിച്ചുകൂട്ടി -കാരിഗുരിക്കള്‍ ഒരു ഒഴിയാബാധപോലെ തന്നെ ആവേശിച്ചിരിക്കുകയാണെന്നും ഇത്തരമൊരനുഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്നും മുരളി ഫോണിലൂടെ പറഞ്ഞുകേട്ടപ്പോള്‍ വേദന തോന്നി. ഒടുവില്‍ പ്രിയനന്ദനന്റെ നിര്‍ദേശപ്രകാരം ശിവകുമാര്‍ കാങ്കോല്‍, പുലിജന്മത്തിന്റെ വലിയൊരു ഭാഗം ഷൂട്ട് ചെയ്ത മാടായിയിലെ നീലിയാര്‍ കോട്ടത്ത്, മുരളിയുടെ പേരില്‍ പൂജ കഴിപ്പിച്ച് പ്രസാദം അയച്ചുകൊടുക്കുകയുണ്ടായി. അത് കിട്ടിയശേഷം വിയര്‍ത്തൊഴിയുന്ന പനിപോലെ കഥാപാത്രത്തിന്റെ ബാധയില്‍നിന്ന് താന്‍ മോചിതനായെന്ന് മുരളി പറഞ്ഞു. അടിയുറച്ച ഇടതുപക്ഷക്കാരനായിരിക്കുമ്പോഴും മുരളി മൂകാംബികാഭക്തനുമായിരുന്നു. ഈ വൈരുധ്യത്തെ സംബന്ധിച്ച് അവിശ്വാസിയായ ഞാന്‍ പലപ്പോഴും മുരളിയെ പരിഹസിച്ചിട്ടുണ്ട്. കണ്ണൂര്‍ ഭാഷ അനുകരിച്ചുകൊണ്ട് 'അത് അനക്ക് പറഞ്ഞാ മനസ്സിലാവൂല്ലാ' എന്നു പറഞ്ഞ് മുരളി ഉച്ചത്തില്‍ പൊട്ടിച്ചിരിക്കും. 
വായനക്കാരനും എഴുത്തുകാരനുമെന്ന നിലയില്‍ മുരളി പ്രകടിപ്പിച്ച ആര്‍ജവവും മൗലികതയും അടുത്തു പരിചയപ്പെട്ടവരെയെല്ലാം സ്​പര്‍ശിച്ചിരിക്കും. എപ്പോള്‍ കണ്ടുമുട്ടിയാലും ഏറ്റവും ഒടുവില്‍ വായിച്ച പുസ്തകത്തെക്കുറിച്ച് അറിയാനാണ് തിടുക്കംകൂട്ടുക. ഒരിക്കല്‍ ഓര്‍ഹന്‍ പാമുക്കിന്റെ ദ വൈറ്റ് കാസില്‍ എന്ന പുസ്തകത്തെക്കുറിച്ച് പച്ചക്കുതിര മാസികയില്‍ ഞാന്‍ എഴുതുകയുണ്ടായി. അതു വായിച്ച ഉടനെ മുരളി വിളിച്ചു. ലേഖനത്തിലെ ഒരു വരി അദ്ദേഹം എന്നെ വായിച്ചുകേള്‍പ്പിച്ചു: 'നഗ്നരായി കണ്ണാടിക്കു മുന്‍പില്‍ നിന്ന് 'ഞാന്‍ നീയാണ്' എന്ന് ഹോജ പറയുന്ന നിമിഷംമുതല്‍ തന്റെ സ്വത്വത്തിനുേമല്‍ തനിക്കുള്ള അധീശാധികാരം മുഴുവന്‍ ആഖ്യാതാവിന് അന്യമാകുന്നു.' ആ വാക്യത്തില്‍ ഒരു നാടകമുണ്ടല്ലോ എന്നാണ് മുരളി തുടര്‍ന്നു പറഞ്ഞത്. രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള ഒരു നാടകമായി അത് വികസിപ്പിക്കണമെന്നും തനിക്ക് ഹോജയായി അഭിനയിക്കണമെന്നുംകൂടി പറഞ്ഞുകേട്ടപ്പോള്‍ ഞാന്‍ സ്തബ്ധനായിപ്പോയി. വാസ്തവത്തില്‍ അങ്ങനെയൊരു സാധ്യത അതിനു മുന്‍പ് ഞാന്‍ ആലോചിക്കുകപോലും ചെയ്തിരുന്നില്ല. 
ഒരു മാസം കഴിഞ്ഞ് തലശ്ശേരിയില്‍വെച്ച് യാദൃച്ഛികമായി കണ്ടപ്പോള്‍ വൈറ്റ് കാസിലിന്റെ ഒരു കോപ്പി ഞാന്‍ മുരളിക്കു സമ്മാനിച്ചു. കളിപ്പാട്ടം കിട്ടിയ കുട്ടിയുടേതുപോലുള്ള നിര്‍വ്യാജമായ സന്തോഷവും ചിരിയും മനസ്സില്‍നിന്ന് മായുന്നില്ല.കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ദേശീയ നാടകോത്സവത്തിനിടയിലാണ് മുരളിയെ അവസാനമായി കണ്ടത്. തിരക്കുകള്‍ക്കിടയില്‍ 'ചെയര്‍മാനെ' ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി ഞാന്‍ മാറിനില്ക്കാന്‍ ശ്രമിച്ചു. സ്വകാര്യമുറിയിലേക്കു നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി അതീവരഹസ്യഭാവത്തില്‍ ഒരു പെഗ്ഗ് വോഡ്ക പകര്‍ന്നുതന്ന് സംസാരം തുടങ്ങി. നാടകത്തെപ്പറ്റിയും അടുത്ത വര്‍ഷം അക്കാദമി നടത്താനുദ്ദേശിക്കുന്ന ലോക നാടകോത്സവത്തെക്കുറിച്ചും വാചാലനായി. അര മണിക്കൂറിനിടയില്‍, കണ്ണൂരിലെ രാഷ്ര്ടീയകാലാവസ്ഥയെപ്പറ്റിയും പുതുതായി എഴുതാനിരിക്കുന്ന പൗരസ്ത്യമായ അഭിനയദര്‍ശനത്തെക്കുറിച്ചുള്ള പുസ്തകത്തെപ്പറ്റിയുമെല്ലാം ദീര്‍ഘമായി സംസാരിച്ചുകൊണ്ടിരുന്നു. പിരിയുന്നതിനുമുന്‍പ് നന്നേ ചെറിയ ഒരു കുപ്പിയില്‍നിന്ന് ചന്ദനത്തൈലം വിരലില്‍ തൊട്ട് എന്റെ നെറ്റിയിലും ചെവിയിലും പുരട്ടി. 'മൂകാംബികയില്‍നിന്ന് വാങ്ങിയതാ. ഒറിജിനിലാ' എന്നു പറഞ്ഞ് പൊട്ടിച്ചിരിച്ചു. വാതിലടച്ച് ഗോവണിപ്പടി ഇറങ്ങുമ്പോള്‍, എന്തിനെന്നറിയില്ല, മുരളി എന്നെ ആലിംഗനം ചെയ്തു. എനിക്കു കരച്ചില്‍ വരുന്നതുപോലെ തോന്നി. അതു മനസ്സിലാക്കിയപോലെ ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് കണ്ണൂര്‍ ഭാഷ അനുകരിച്ച് മുരളി പറഞ്ഞു: 'എനക്ക് നിങ്ങളെ പെരുത്ത് ഇഷ്ടാ!' 'വടക്കന്‍ഭാഷ ഇങ്ങനെയൊന്നുമല്ല' എന്നു പറഞ്ഞ് ഞാന്‍ ഉള്ളിലെ വിങ്ങലിനു മറയിട്ടു.
അക്കാദമിയിലെ തന്റെ സ്വകാര്യമുറിയില്‍ തന്നോടൊപ്പം മൂന്നോ നാലോ ദിവസം ആരുമറിയാതെ വന്നു താമസിക്കണമെന്നും ഒരുപാട് സംസാരിക്കാനുണ്ടെന്നും ഓര്‍മിപ്പിച്ചാണ് അന്ന് മുരളി എന്നെ യാത്രയാക്കിയത്. പിന്നീട് പലപ്പോഴും ഫോണ്‍ ചെയ്ത് എപ്പോഴാണ് വരിക എന്ന് ചോദിച്ചുകൊണ്ടിരുന്നു. എന്റെ വ്യക്തിപരമായ ബദ്ധപ്പാടുകള്‍ക്കിടയില്‍ ആ യാത്ര സംഭവിക്കാതെ പോയി. ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ 'കുറ്റിയാട്ടൂരേ' എന്ന ഹൃദയം നിറഞ്ഞ വിളിയും പൊട്ടിച്ചിരിയും ഇനി കേള്‍ക്കില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഞാനനുഭവിക്കുന്ന ശൂന്യത...(പുസ്തകങ്ങളും മനുഷ്യരാണ് എന്ന പുസ്തകത്തില്‍ നിന്ന്)

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: