Pages

Wednesday, August 8, 2012

ശാസ്ത്രീയനേട്ടം മനുഷ്യരാശിയുടെ മുന്നേറ്റത്തിനു ഉപകരിക്കണം .


ശാസ്ത്രീയനേട്ടം മനുഷ്യരാശിയുടെ മുന്നേറ്റത്തിനു ഉപകരിക്കണം .

അമേരിക്കയുടെ പര്യവേക്ഷണ വാഹനമായ 'ക്യൂരിയോസിറ്റി' സുരക്ഷിതമായി ചൊവ്വയിലിറങ്ങിയതില്‍ ആ രാജ്യത്തിനു മാത്രമല്ല, ആഗോളസമൂഹത്തിനാകെ അഭിമാനിക്കാം. ബഹിരാകാശ ഗവേഷണ രംഗത്തെ അനുസ്യൂതമായ പുരോഗതിയുടെ ഫലമായ ഈ നേട്ടം ശാസ്ത്രലോകത്തിന് ആത്മവിശ്വാസവും ആവേശവും പകരും. നാലര ദശാബ്ദത്തോളം മുന്‍പ് മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിനു ശേഷമുള്ള ഏറ്റവും വലിയ ശാസ്ത്രസംഭവമായി ഇത് വിശേഷിപ്പിക്കപ്പെടുമ്പോള്‍ ഇതിനെ അതിശയിപ്പിക്കുന്ന നേട്ടം അകലെയല്ലെന്ന തോന്നലാണ് ശുഭാപ്തിവിശ്വാസികള്‍ക്കുണ്ടാകുക. ഭീമമായ ചെലവ്, ദൂരം,പര്യവേക്ഷണവാഹനങ്ങളുടെ സാങ്കേതികഭദ്രത ഉറപ്പാക്കല്‍ തുടങ്ങിയവ ചൊവ്വാദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പല രാജ്യങ്ങള്‍ക്കും തടസ്സമായി. ഏതാണ്ട് 13,750 കോടി രൂപയ്ക്ക് തുല്യമായ തുക ചെലവിട്ടാണ് 'ക്യൂരിയോസിറ്റി' പേടകം നിര്‍മിച്ചത്. അമേരിക്കയുടെ മുന്‍ ചൊവ്വാപര്യവേക്ഷണ പേടകങ്ങളെക്കാള്‍ വലുപ്പത്തിലും ഭാരത്തിലും മുന്നിലുള്ള ഇതിന്റെ സാങ്കേതികത്തികവ് ഉറപ്പാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് ഏറെ ക്ലേശിക്കേണ്ടിവന്നു. എന്നിട്ടും ലാന്‍ഡിങ്ങിന്റെ അന്ത്യഘട്ടത്തിലെ ഏഴ് നിമിഷങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം സംഭ്രമജനകങ്ങളായിരുന്നു. അവയും പേടകം സുരക്ഷിതമായി തരണം ചെയ്തപ്പോള്‍ ചെലവേറിയ ഒരു ദൗത്യത്തിനൊപ്പം ശാസ്ത്രലോകത്തിന്റെ പ്രതീക്ഷകള്‍ കൂടിയാണ് സഫലമായത്. എട്ടര മാസം കൊണ്ട് 57 കോടി കിലോമീറ്റര്‍ താണ്ടിയാണ് 'ക്യൂരിയോസിറ്റി' ചൊവ്വയിലെത്തിയത്. നിരന്തരമായ നിരീക്ഷണ, പരീക്ഷണങ്ങളിലൂടെ ദൗത്യം വിജയകരമാക്കിയ ശാസ്ത്രജ്ഞരടക്കമുള്ളവര്‍ എല്ലാവരുടെയും അഭിനന്ദനം അര്‍ഹിക്കുന്നു. ഭൂമിക്കു പുറത്ത് ജീവസാന്നിധ്യമോ ജീവനെ സഹായിക്കുന്ന എന്തെങ്കിലും ഘടകമോ ഉണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമാണ് ചൊവ്വാദൗത്യം. ആ ഗ്രഹത്തിന്റെ പ്രതലത്തിലൂടെ സഞ്ചരിച്ച്, മണ്ണും പാറയുമെല്ലാം തുരന്നാണ് പേടകം അന്വേഷണം നടത്തുക. അതുവഴി ലഭിക്കുന്ന പുതിയ വിവരങ്ങള്‍ക്കായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചൊവ്വയെക്കുറിച്ച് അറിയേണ്ട വിവരങ്ങളെല്ലാം ശേഖരിക്കാന്‍ ശേഷിയുള്ള സംവിധാനങ്ങള്‍ അടങ്ങിയതാണ് ക്യൂരിയോസിറ്റി. തിങ്കളാഴ്ച രാവിലെതന്നെ ചില ചിത്രങ്ങള്‍ പേടകം ഭൂമിയിലേക്ക് അയയ്ക്കുകയുണ്ടായി. വരും ദിവസങ്ങളില്‍ വ്യക്തമായ വര്‍ണചിത്രങ്ങള്‍ പേടകത്തില്‍ നിന്നു കിട്ടിത്തുടങ്ങും. ഗ്രഹത്തിന്റെ ഉപരിതലഘടനയുടെ സൂക്ഷ്മവിവരങ്ങള്‍ അതോടൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചൊവ്വയുടെ മധ്യരേഖയോടു ചേര്‍ന്ന് 154 കിലോമീറ്റര്‍ വീതിയില്‍ കിടക്കുന്ന ഗേല്‍ക്രേറ്ററിലെ അഞ്ചു കിലോമീറ്റര്‍ ഉയരമുള്ള പര്‍വതം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.

ചൊവ്വയില്‍ പണ്ട് ദ്രവജലം ഉണ്ടായിരുന്നു എന്നതിന്റെ സൂചനകള്‍ നേരത്തേ കിട്ടിയിരുന്നു. ജീവന് അനുകൂലമായ ഘടകങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഉണ്ടോ എന്നറിയലാണ് 'ക്യൂരിയോസിറ്റി'യുടെ പ്രധാന ദൗത്യം. അഞ്ചുവര്‍ഷം മുന്‍പ് അമേരിക്കയുടെ 'ഫീനിക്‌സ്' ചൊവ്വാദൗത്യം വിജയിച്ചപ്പോള്‍ അവിടത്തെ ബഹിരാകാശ ശാസ്ത്രമേധാവികള്‍ പറഞ്ഞത് അത് മനുഷ്യന്‍ ചൊവ്വയിലിറങ്ങുന്നതിന്റെ മുന്നോടിയായുള്ള പരീക്ഷണം കൂടിയാണെന്നാണ്. ഈ വിജയത്തെയും ആ നിലയ്ക്കുതന്നെ കാണാം. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയും ഇന്ന് വലിയൊരു ശക്തിയാണ്. അടുത്തകാലത്ത് ഇന്ത്യക്ക് ഈ മേഖലയില്‍ ഒട്ടേറെ നേട്ടങ്ങളുണ്ടായി. ചാന്ദ്രയാന്‍ ദൗത്യം അവയ്ക്ക് തിളക്കം കൂട്ടി. ചൊവ്വാ പര്യവേക്ഷണത്തിനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. അത് വിജയകരമായിത്തന്നെ നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ. 'ക്യൂരിയോ സിറ്റി' നമ്മുടെ ബഹിരാകാശശാസ്ത്രജ്ഞര്‍ക്കും ആവേശം പകരാതിരിക്കില്ല. ശാസ്ത്രം കൈവരിച്ച നേട്ടങ്ങളുടെ ഫലം ലോകം മുഴുവന്‍അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രീയനേട്ടങ്ങളെ, മറ്റെല്ലാ ഭിന്നതകളും മറന്ന്, മനുഷ്യരാശിയുടെ മുന്നേറ്റമായി കാണാന്‍ എല്ലാവര്‍ക്കും കഴിയണം. ഇങ്ങനെയൊരു സമീപനം ഉണ്ടാകുന്നത്, സമാധാനത്തിലും കൂട്ടായ്മയിലും ഊന്നിയ പുതിയ ലോകക്രമം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കും ഊര്‍ജമേകും.ശാസ്ത്രീയനേട്ടങ്ങള്‍മനുഷ്യരാശിയുടെ പുരോഗതിക്ക്  ഉപകരിക്കണം .

പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: