Pages

Friday, August 17, 2012

ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു


ഗള്‍ഫ്‌  രാജ്യങ്ങളില്‍   ഇന്ത്യന്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു

കുവൈത്ത് ഇന്ത്യയുടെ 66-ാം സ്വാതന്ത്ര്യദിനം കുവൈത്തില്‍ ഇന്ത്യന്‍ സമൂഹം വിവിധ വേദികളില്‍ സമുചിതമായി ആഘോഷിച്ചു.കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി സതീഷ് സി. മേത്ത രാവിലെ 7-ന് പതാക ഉയര്‍ത്തിയതോടെ വര്‍ണാഭമായ ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ചു. രാജ്യത്തിന്റെ 66-ാമത് സ്വാതന്ത്ര്യദിനവേളയില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ എംബസി അങ്കണത്തില്‍ പതിനായിരങ്ങള്‍ സന്നിഹിതരായിരുന്നു. വിവിധഇന്ത്യന്‍ സമൂഹങ്ങള്‍ക്കൊപ്പം കുവൈത്തിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആവേശത്തില്‍ മുഴുകിയിരുന്നു.ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് സ്ഥാനപതി രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. ആറരലക്ഷത്തോളം ഇന്ത്യക്കാരുടെ സാന്നിധ്യം കുവൈത്തിന്റെ വികസനത്തില്‍ വഹിക്കുന്ന പങ്ക് അഭിമാനാര്‍ഹമാണ്. മാതൃരാജ്യത്തെ സ്‌നേഹിക്കുന്നതിനോടൊപ്പം ആറരലക്ഷത്തോളം ഇന്ത്യക്കാര്‍ ജീവിക്കുന്ന ഈ രാജ്യത്തോടുള്ള കടപ്പാടും ആദരവും നിലനിര്‍ത്തി മുന്നോട്ടുപോകുന്നതിന് കഴിയട്ടെ എന്ന് സുദീര്‍ഘമായ ഒരു കാലഘട്ടത്തിന്റെ സവിശേഷമായ തുടര്‍ച്ചയാണ് കുവൈത്ത്- ഇന്ത്യാ ബന്ധം ശക്തിയാര്‍ജിക്കുന്നതെന്നും സ്ഥാനപതി ഓര്‍മിപ്പിച്ചു.ഗള്‍ഫ്‌രാജ്യങ്ങളില്‍ ഇന്ത്യയുടെ വിദേശനയത്തിന് എന്നും മികച്ച സ്വീകാര്യതയാണുള്ളത്. ഗള്‍ഫ് മേഖലയുമായുള്ള ശക്തമായ നയതന്ത്രബന്ധവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതില്‍ ഇന്ത്യഎപ്പോഴും ശ്രദ്ധാലുവാണ്.രാജ്യത്തെ വിദേശ ജനസംഖ്യയില്‍ പ്രഥമസ്ഥാനത്ത് ഇന്ത്യക്കാര്‍ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും പരമ്പരാഗതവുമായ ബന്ധംമൂലമാണ്. സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങളും പരസ്പര സഹകരണവുമാണ് തുടരുന്നത്. ഈയവസരത്തില്‍ രാജ്യത്തെ മുഴുവന്‍ കുവൈത്ത് ജനതയോടും ബഹുമാന്യ ഭരണാധികാരികളായ അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍-ജാബിര്‍ അല്‍-സബ , കിരീടാവകാശി ഷേഖ് നവാസ് അല്‍-അഹമ്മദ് അല്‍ ജാബിര്‍ അല്‍-സബ, കുവൈത്ത് പ്രധാനമന്ത്രി ഷേഖ് ജാബിര്‍ അല്‍-മുബാറക് അല്‍-സബ കൂടാതെ എല്ലാ ജനങ്ങള്‍ക്കും അഭിവാദ്യമര്‍പ്പിക്കുന്നതായി സ്ഥാനപതി പറഞ്ഞു.തുടര്‍ന്ന് ഇന്ത്യന്‍ എംബസി അങ്കണത്തില്‍ ബോറ സംഘം അവതരിപ്പിച്ച ബാന്റ് മേള, കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച ദേശഭക്തി ഗാനാലാപനവും ഹൃദ്യമായി. കൂടാതെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും ജനക്കൂട്ടത്തെ ആകര്‍ഷിച്ചു.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നെത്തിയ വലിയൊരു ജനക്കൂട്ടത്തെ സ്ഥാനപതി ഹസ്തദാനം നല്‍കി സ്വീകരിച്ചു.കൂടാതെ കുവൈത്തിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും സ്വാതന്ത്ര്യദിനാഘോഷം വിവിധ സംഘടനകളുടെ നേതൃത്വത്തിലും വിവിധ വേദികളില്‍ സ്വാതന്ത്ര്യദിന ചര്‍ച്ചകളും ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.അതോടൊപ്പം ഇന്ത്യയുടെ 66-ാമത് സ്വാതന്ത്ര്യ ദിനാഘോഷപരിപാടികള്‍ക്ക് കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍-അഹമ്മദ് അല്‍-ജാബിര്‍ അല്‍-സബ, കിരീടാവകാശി ഷേഖ് നവാസ് അല്‍-അഹമ്മദ് അല്‍- ജാബിര്‍ അല്‍-സബ, പ്രധാനമന്ത്രി ഷേഖ് ജാബിര്‍ അല്‍-മുബാരക് അല്‍-സബയും ആശംസകളര്‍പ്പിച്ച് സന്ദേശങ്ങള്‍ കൈമാറി.
 അബുദാബി: യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തിലും കോണ്‍സുലേറ്റിലും വിവിധ ഇന്ത്യന്‍ സംഘടനകളിലും വൈവിധ്യം നിറഞ്ഞ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അബുദാബി ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ എം.കെ. ലോകേഷ് എംബസി മുറ്റത്ത് ത്രിവര്‍ണപതാക ഉയര്‍ത്തി. എംബസി ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ എം.കെ. ലോകേഷ് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. തുടര്‍ന്ന് അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങളും നൃത്തരൂപങ്ങളും അവതരിപ്പിച്ചു. പരിപാടിയില്‍ അബുദാബിയിലെ ഇന്ത്യന്‍ സമൂഹം പങ്കെടുത്തു.അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ രാവിലെ ഏഴു മണിക്ക് ആക്ടിങ് പ്രസിഡന്റ് പി.എം. ജേക്കബ് പതാക ഉയര്‍ത്തി.ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ദുബായിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാന്നിധ്യത്തില്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ ദേശീയപതാക ഉയര്‍ത്തി. ഇന്ത്യന്‍ കോണ്‍സല്‍ എ.കെ. ഭരദ്വാജ്, ശോഭന ചന്ദ്രമോഹന്‍ എന്നിവര്‍ ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു.ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ രാവിലെ എട്ടു മണിക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ നരേഷ് മേത്ത പതാക ഉയര്‍ത്തി. അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ. റഹീം അധ്യക്ഷനായി. രാത്രി എട്ട്മണിക്ക് അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ മുഖ്യാതിഥിയായി. നൃത്തനൃത്യങ്ങള്‍, ഗാനമേള, തിരുവാതിരക്കളി, കോല്‍ക്കളി, ഒപ്പന തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു.ഖോര്‍ഫക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഡോ. മാത്യു എബ്രഹാം പതാക ഉയര്‍ത്തി.ഖല്‍ബ ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ ക്ലബില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. നാരായണന്‍ ദേശീയ പതാക ഉയര്‍ത്തി. ജന. സെക്രട്ടറി കെ.സി. അബൂബക്കര്‍ അധ്യക്ഷനായി. ദുബായിയില്‍ 'ജനത പ്രവാസി കള്‍ച്ചറല്‍ സെന്ററി'ന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. 'ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും സമകാലിക രാഷ്ട്രീയവും' എന്ന വിഷയം ദിനേശന്‍ ഏറാമല അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി രാജന്‍ കൊളാവിപ്പാലം അധ്യക്ഷനായി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹംസ പയ്യോളി, ചന്ദ്രന്‍ ആയഞ്ചേരി, നാരായണന്‍ വെളിയങ്കോട്, കെ. സദാശിവന്‍, വിനയന്‍ കെ., സയസ് ഇടിക്കുള, കെ. ജബാരി, ടി.എ. ഖാദര്‍, ടി.പി.രാജന്‍, നാസര്‍ പരദേശി, സുബൈര്‍ വെളിയങ്കോട്, സുനില്‍കുമാര്‍ മയ്യണ്ണര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ യു.എ.ഇ. ഭരണസാരഥികള്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിക്ക് ആശംസകള്‍ നേര്‍ന്നു. യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍സായിദ്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരാണ് ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്നത്.മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ സമൂഹം ഇന്ത്യയുടെ അറുപത്തിയാറാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം ബഹ്‌റൈന്‍ കേരളീയസമാജം അങ്കണത്തില്‍ നടന്നു.
രാവിലെ ഏഴിന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ ദേശീയപതാകയുയര്‍ത്തിയശേഷം രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിനസന്ദേശം വായിച്ചു. കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മരണം മൂലം മറ്റു കലാപരിപാടികളെല്ലാം റദ്ദാക്കി. ഇന്ത്യന്‍ സ്‌കൂളില്‍ രാവിലെ ഒന്‍പതുമണിക്ക് വൈസ് ചെയര്‍മാന്‍ ആര്‍. പവിത്രന്‍ ദേശീയപതാകയുയര്‍ത്തി. തുടര്‍ന്ന് കുട്ടികളുടെ ദേശഭക്തിഗാനാലാപനവും വിവിധകലാപരിപാടികളും അരങ്ങേറി. കേരളാ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രാവിലെ ആറേമുക്കാലിന് പ്രസിഡന്റ് ലിയോ ജോസഫ് ദേശീയപതാകയുയര്‍ത്തി. ഇന്ത്യന്‍ ക്ലബ്ബില്‍ രാവിലെ ഏഴിന് പതാകയുയര്‍ത്തല്‍ച്ചടങ്ങ് നടന്നു. പ്രസിഡന്റ് വിജയ്ഭാട്യ ഇന്ത്യന്‍ ദേശീയപതാകയും വൈസ് പ്രസിഡന്റ് തങ്കച്ചന്‍ വിതയത്തില്‍ ബഹ്‌റൈന്‍ പതാകയുമുയര്‍ത്തി. ശ്രീനാരായണാ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആസ്ഥാനത്ത് രാവിലെ എഴു മണിക്ക് ആക്ടിങ് ചെയര്‍മാന്‍ ഡി. ബൈജു പതാകയുയര്‍ത്തി. ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബാങ്കോക്ക് റെസ്റ്റോറന്റില്‍ നടന്ന ആഘോഷപരിപാടി ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി ഉദ്ഘാടനം ചെയ്തു.ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യക്കാര്‍ ആഹ്ലാദപൂര്‍വം ആഘോഷിച്ചു.ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുറ്റത്ത് ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി എഫയേഴ്‌സ് പി.എച്ച്. ശശികുമാര്‍ ദേശീയപതാക ഉയര്‍ത്തിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ദേശീയഗാനവും ദേശഭക്തിഗാനവും ആലപിച്ചു. കടുത്ത ചൂടില്‍ വിയര്‍ത്തുകുളിച്ചാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ പതാക ഉയര്‍ത്തല്‍ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
വാണിജ്യ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും എംബസി ഉദ്യോഗസ്ഥരും പതാക ഉയര്‍ത്തല്‍ ചടങ്ങിനെത്തി. രാഷ്ട്രപതിയുടെ സന്ദേശം ശശികുമാര്‍ വായിച്ചു.എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളില്‍ വൈസ് പ്രസിഡന്റ് വി.വി. മഹ്മൂദ് പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍.എ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ എം.സി. മുഹമ്മദ്, കെ.വി. അഷ്‌റഫ്. പ്രിന്‍സിപ്പല്‍ എ.പി. ശശിധരന്‍ തുടങ്ങിയ മാനേജിങ് കമ്മിറ്റി അംഗങ്ങളും ജീവനക്കാരും വിദ്യാര്‍ഥികളും പങ്കെടുത്തു.ബിര്‍ളാ പബ്ലിക് സ്‌കൂളില്‍ സ്ഥാപക പ്രസിഡന്റ് ഡോ. മോഹന്‍ തോമസും ഗോപിഷ്ഹാനിയും ചേര്‍ന്ന് പതാക ഉയര്‍ത്തി. ജീവനക്കാരും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.ദോഹാ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ജെയ്‌ഗോപാല്‍ സിന്ദര്‍ പതാക ഉയര്‍ത്തി.വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിവസിക്കുന്ന ഇന്ത്യക്കാരും വര്‍ണശബളമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ദോഹയിലെ വിവിധ ഇംഗ്ലീഷ് ദിനപ്പത്രങ്ങളും മലയാള ദിനപ്പത്രങ്ങളും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേകം സപ്ലിമെന്റുകള്‍ പുറത്തിറക്കി.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: