Pages

Friday, August 3, 2012

രാഷ്ട്രീയകേരളം ലജ്ജിക്കുന്നു


രാഷ്ട്രീയകേരളം ലജ്ജിക്കുന്നു
      സി. പി. എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജനെ അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് ആ ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഉണ്ടായ അക്രമങ്ങള്‍ ജനാധിപത്യവിശ്വാസികളെയെല്ലാം അസ്വസ്ഥരാക്കുന്നു. എം. എസ്. എഫ്. പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ജയരാജനെ അറസ്റ്റുചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ചാണ് സി. പി. എം. പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയത്. കേസന്വേഷണങ്ങളിലും തുടര്‍നടപടികളിലും അതൃപ്തിയുണ്ടെങ്കില്‍ പ്രകടിപ്പിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍, പ്രതിഷേധക്കാര്‍ നിയമവാഴ്ചയെയും മാധ്യമസ്വാതന്ത്ര്യത്തെയും പരസ്യമായി വെല്ലുവിളിക്കുന്നതാണ് കണ്ണൂരില്‍ കണ്ടത്. അവര്‍ അക്രമികളെപ്പോലെ അഴിഞ്ഞാടിയപ്പോള്‍ രാഷ്ട്രീയകേരളം ലജ്ജകൊണ്ട് തലതാഴ്ത്തിയിരിക്കണം. പ്രതിഷേധപ്രകടനക്കാര്‍ പോലീസിനും വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കല്ലെറിഞ്ഞു. നിരവധി പത്ര ഓഫീസുകള്‍ക്ക് നേരേ ആക്രമണങ്ങളുണ്ടായി. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, സോഷ്യലിസ്റ്റ് ജനത ഓഫീസുകളും ആക്രമിക്കപ്പെട്ടു. പയ്യന്നൂരില്‍ പോലീസുകാരുടെ പാര്‍പ്പിടങ്ങള്‍ തകര്‍ത്തു. 

ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സി. പി. എം. ആഹ്വാനം ചെയ്ത ഹര്‍ത്താലിലും പലേടത്തും അക്രമങ്ങളുണ്ടായി. കാസര്‍കോട്ട് സംഘര്‍ഷത്തിനിടയില്‍ ഒരു ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സര്‍വീസ് നടത്തിയ കെ. എസ്. ആര്‍. ടി. സി. ബസ്സുകള്‍ക്കുനേരേ പലേടത്തും ഹര്‍ത്താനുകൂലികള്‍ കല്ലെറിഞ്ഞു. കേരളത്തില്‍  പലയിടത്തും  മനോരമ മാതൃഭൂമി ഏന്നിവയുടെ ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റവാളികളെ മുഴുവന്‍ പിടികൂടുകയും ചെയ്യണം. നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണെന്ന സങ്കല്പം യാഥാര്‍ഥ്യമാക്കാന്‍ എല്ലാനിലയ്ക്കും പരിശ്രമിക്കേണ്ട ബാധ്യത രാഷ്ട്രീയകക്ഷികള്‍ക്കുണ്ട്. എന്നാല്‍, നിയമത്തിന്റെ കൈകള്‍ തങ്ങളുടെ പ്രവര്‍ത്തകരിലേക്കും നേതാക്കളിലേക്കും നീളുന്നത് കാണുമ്പോള്‍ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ അസ്വസ്ഥരാകുന്നു. അത് എത്രമാത്രം ആപത്കരവും അപലപനീയവുമാകാമെന്ന് കഴിഞ്ഞ രണ്ടുദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നിയമം കൈയിലെടുത്ത് ജനങ്ങള്‍ക്ക് ഭീതിയും രാഷ്ട്രീയത്തിന് അപമാനവും ഉണ്ടാക്കുന്നവര്‍ ജനാധിപത്യവ്യവസ്ഥിതിക്കുതന്നെ ഭീഷണിയാണ്. ഇക്കൂട്ടരുടെ അസഹിഷ്ണുതയ്ക്ക് അതിരില്ലെന്നാണ് അവര്‍ മാധ്യമസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരേ നടത്തിയ അക്രമങ്ങള്‍ തെളിയിക്കുന്നത്. പലയിടത്തും മാധ്യമപ്രവര്‍ത്തരെ കൈയേറ്റം ചെയ്തു. ചിലസ്ഥലങ്ങളില്‍ പത്രക്കെട്ടുകള്‍ നശിപ്പിക്കപ്പെട്ടു.
 നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. അത് നിറവേറ്റുന്ന മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ സത്യത്തെ ഭയപ്പെടുന്നവരാകണം. ഭീഷണിയിലൂടെയും അക്രമത്തിലൂടെയും മാധ്യമങ്ങളെ അവയുടെ ധര്‍മത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം അപഹാസ്യമാണ്. മാധ്യമസ്വാതന്ത്ര്യം ലോകമെങ്ങും ജനങ്ങളുടെ സ്വാതന്ത്ര്യം തന്നെയായി വിശേഷിപ്പിക്കപ്പെടുന്നു. അത് തകര്‍ക്കാന്‍ കേരളത്തിലെ പ്രബുദ്ധസമൂഹം അനുവദിക്കുകയില്ലെന്ന് അക്രമങ്ങള്‍ നടത്തുന്നവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അപ്രതീക്ഷിതമായി നടത്തുന്ന ഹര്‍ത്താലുകള്‍ ജനങ്ങളെ വല്ലാതെ വലയ്ക്കും. അതിനിടെ അക്രമങ്ങളും കൂടി ഉണ്ടായാലുള്ള സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വ്യക്തികളെയും കക്ഷികളെയും മാധ്യമങ്ങ ളെയും കൈക്കരുത്തുകൊണ്ട് നേരിടുന്ന ശൈലി ഫാസി സ്റ്റുകളുടേതാണ്. കണ്ണൂര്‍ ജില്ലയിലെയും മറ്റ് പലസ്ഥലങ്ങളിലെയും അക്രമങ്ങള്‍ അണികള്‍ പെട്ടെന്നുണ്ടായ ആവേശത്തില്‍ നടത്തിയവയാണെന്ന് കരുതാനാകില്ല. അവയില്‍ പലതും ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമാണ്. അക്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അപലപനീയമാണ്. രാഷ്ട്രീയനേതൃത്വം ദൃഢമായ നിലപാടെടുത്താല്‍ അണികളെ അക്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാകും. പ്രതിഷേധം സമാധാനപരമായ മാര്‍ഗങ്ങളിലൂടെയാകണം. അങ്ങനെയൊരു രാഷ്ട്രീയവിവേകമാണ് ഈ ഘട്ടത്തില്‍ കേരളം ആഗ്രഹിക്കുന്നത്. 
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: