Pages

Thursday, August 23, 2012

നെല്ലിയാമ്പതി പ്രശ്‌നം സര്‍ക്കാരിന്റെ ഭാവിതന്നെ ഇല്ലാതാക്കിയേക്കും


നെല്ലിയാമ്പതി പ്രശ്‌നം സര്‍ക്കാരിന്റെ ഭാവിതന്നെ ഇല്ലാതാക്കിയേക്കും

സംസ്ഥാനത്തിന്റെ ഭാവി ഭദ്രമാക്കുമെന്നും ജനങ്ങളുടെ ജീവനും സ്വത്തും രക്ഷിക്കുമെന്നും സത്യവാചകംചൊല്ലി അധികാരമേറ്റ ഐക്യമുന്നണി സര്‍ക്കാര്‍ സ്വയം നാണംകെടുന്നതാണ് സമീപകാല കാഴ്ചകള്‍. സ്വന്തം നിലയും വിലയും മറന്ന് വേഷംകെട്ടിയാടുന്ന നേതാക്കളെ ജനങ്ങള്‍ പരിഹസിക്കുകയും വെറുക്കുകയും ചെയ്യുമെന്ന് അവര്‍ക്ക് അറിയാത്തതുമല്ല. എന്നാലും അതെല്ലാം തുടരാനാണ് ഭാവമെന്നാണ് കഴിഞ്ഞ ഏതാനുംമാസമായി സംസ്ഥാന രാഷ്ട്രീയത്തില്‍ അരങ്ങുകൊഴുപ്പിക്കുന്ന വിവാദങ്ങള്‍ തെളിയിക്കുന്നത്. നിയമസഭയിലെ വളരെ നേര്‍ത്ത ഭൂരിപക്ഷത്തിന്റെ ബലത്തില്‍ മുന്നോട്ടുപോകുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നെല്ലിയാമ്പതി പ്രശ്‌നത്തിന്റെപേരില്‍ നേരിടുന്ന പ്രതിസന്ധി ഗുരുതരമായ തലങ്ങളിലേക്ക് വളരുകയാണ്. ഇത് വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്ന സന്ദര്‍ഭങ്ങളുണ്ടായിരുന്നിട്ടും ഫലപ്രദമായി അതിന് ഒരു ചെറുവിരല്‍പോലും അനക്കാതെപോയതാണ് മുന്നണിനേതൃത്വത്തിനും കോണ്‍ഗ്രസ്സിനും സംഭവിച്ച വീഴ്ച.

സര്‍ക്കാര്‍ എന്തൊക്കെ നല്ലകാര്യങ്ങള്‍ചെയ്താലും എത്രയേറേ ഭാവനാപൂര്‍ണമായ വമ്പന്‍പദ്ധതികള്‍ കൊണ്ടുവന്നാലും അതിന് ജനകീയാടിത്തറ ഉറപ്പിക്കേണ്ട ബാധ്യത മുന്നണിക്കും ഘടകകക്ഷികള്‍ക്കുമുണ്ട്. അത് ബോധപൂര്‍വം മറന്ന്, പരസ്പരം തമ്മിലടിച്ച് നശിക്കാനാണ് തങ്ങള്‍ക്കിഷ്ടം എന്നമട്ടിലാണ് അവരുടെ പോക്ക്. അധികാരം കിട്ടുംവരെ ഒന്നിച്ചുനില്‍ക്കുകയും അത് കൈവന്നാല്‍ അധികാരത്തിലേറ്റിയ ജനങ്ങളെ വിസ്മരിച്ച് വിഴുപ്പലക്കി കൊഞ്ഞനംകുത്തി കാണിക്കുകയുംചെയ്യുന്ന പതിവുശൈലിക്ക് ഇക്കുറിയും മാറ്റമില്ലെന്ന് വിളിച്ചുപറയുന്നതാണ് ഐക്യജനാധിപത്യമുന്നണിക്കകത്ത് നടക്കുന്ന പൊറാട്ടുനാടകങ്ങള്‍. നെല്ലിയാമ്പതി പൂര്‍ണമായും ഒരു നിയമത്തര്‍ക്കമാണെന്നും രാഷ്ട്രീയതീരുമാനമെടുത്ത് അത് പരിഹരിക്കാനാവുന്നതല്ലെന്നും അറിയാത്തവരല്ല മുന്നണിനേതാക്കള്‍. അക്കാര്യം ബോധപൂര്‍വം കണ്ടില്ലെന്നുനടിച്ച്, പിഴച്ച രാഷ്ട്രീയനിലപാടുകളെടുത്ത് പ്രശ്‌നം വഷളാക്കിയതിന്റെ ഉത്തരവാദിത്വം അവര്‍ സ്വയം ഏറ്റെടുത്തേ മതിയാവൂ.നിയമസഭയില്‍ നെല്ലിയാമ്പതിയുടെ പേരില്‍ വനംമന്ത്രിയും മന്ത്രിപദവിയുള്ള ചീഫ്‌വിപ്പും തമ്മില്‍ വാക്‌പോര്, അങ്ങോട്ടുമിങ്ങോട്ടും ചീത്തവിളിക്കാന്‍ പത്രസമ്മേളനങ്ങള്‍, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍നടന്ന യോഗത്തില്‍ ചീഫ്‌വിപ്പും മന്ത്രിയും തമ്മില്‍ വാഗ്വാദം, അതിനൊടുവില്‍ മന്ത്രിയുടെ ഇറങ്ങിപ്പോക്ക്, തര്‍ക്കം തീര്‍ക്കാന്‍ ഒരു ഉപസമിതി, ആ സമിതിക്കുപിന്നാലെ മറ്റൊരു എം.എല്‍.എ. സംഘം, മന്ത്രിയും എം.എല്‍.എ.മാരും തമിഴ്‌നാട് സര്‍ക്കാറിന്റെ പക്കല്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന് ചീഫ്‌വിപ്പിന്റെ ആരോപണം. അതിന്റെപേരില്‍ എം.എല്‍.എ.മാരും ചീഫ്‌വിപ്പും തമ്മില്‍ ചീത്തവിളി, ആരോപണ പ്രത്യാരോപണങ്ങള്‍, സി.ബി.ഐ. അന്വേഷണംവേണമെന്ന മന്ത്രിയുടെ ആവ
ശ്യം. ഇത്രയെല്ലാമായിട്ടും കോണ്‍ഗ്രസ്സില്‍ അച്ചടക്കം അടിച്ചേല്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഭരണനായകനായ മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍, വിവാദങ്ങളോട് പ്രതികരിക്കരുതെന്നാണ് നേതാക്കള്‍ക്ക് എ.ഐ.സി.സി. നല്‍കിയ നിര്‍ദേശം. അത് എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടുതന്നെ അറിയണം. ഇതിനെല്ലാംപുറമേ, കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ച കലാപംകൂടിയായപ്പോള്‍ ഐക്യമുന്നണി വിരുദ്ധതാത്പര്യങ്ങളുടെ കൂടാരമായി മാറിക്കഴിഞ്ഞു.

സി.പി.എമ്മും ഇടതുമുന്നണിയും രാഷ്ട്രീയ അനിശ്ചിതത്ത്വത്തില്‍ ഉഴലുന്നതുകൊണ്ട് തങ്ങള്‍ക്കിപ്പോള്‍ എന്തുമാവാമെന്ന ഭാവത്തിലാണ് ഐക്യമുന്നണിയും ഘടകകക്ഷികളും. ഈ നില തുടരുന്നത് സര്‍ക്കാറിന്റെ സുസ്ഥിരതയെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനിടകൊടുക്കാതെ, വിവാദവിഷയങ്ങള്‍ പറഞ്ഞൊതുക്കാനും, അധികപ്രസംഗക്കാരുടെ വായടയ്ക്കാനും മുഖ്യമന്ത്രിക്കും കെ.പി.സി.സി. പ്രസിഡന്റിനും മറ്റ് ഘടകകക്ഷിനേതാക്കള്‍ക്കും കഴിയണം. ഭരിക്കുന്നത് ഒരു മുന്നണിയാണെന്ന് മനസ്സിലാക്കിക്കാനും എല്ലാ ഘടകകക്ഷികളും മുന്നണിമര്യാദ പാലിക്കണമെന്ന് നിഷ്‌കര്‍ഷിക്കാനും മുന്നണിനേതൃത്വത്തിന് സാധിച്ചേപറ്റൂ. അല്ലെങ്കില്‍, മുടന്തി മുന്നോട്ടുപോകുന്ന ഈ സര്‍ക്കാറിന്റെ ഭാവി അനിശ്ചിതത്വത്തിലേക്ക് വഴുതിവീഴും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: