ലോക
ഫുട്‌ബോളിന്
സ്‌പെയിന്‍ഉദാത്ത
മാതൃക
മികച്ചതെല്ലാം ഫൈനലിലേക്ക് കരുതിവെച്ചാണ് കളിച്ചതെന്ന തോന്നലുളവാക്കുന്നതായിരുന്നു കീവ് ഒളിമ്പിക് സ്റ്റേഡിയത്തിലെ അവസാനമത്സരം. പ്രാഥമിക റൗണ്ടില്‍ മാറ്റുരച്ചപ്പോള്‍ സമാസമം നിന്ന ടീമുകള്‍. കിരീടപ്പോരാട്ടത്തില്‍ മുഖാമുഖം വന്നപ്പോഴാവട്ടെ കുറവുകളെല്ലാം പരിഹരിച്ച് സ്‌പെയിനിന് കറതീര്‍ന്ന വിജയം. അതും യൂറോകപ്പിന്റെ ഫൈനലിലെ ഏറ്റവും ഏകപക്ഷീയമായ പ്രകടനത്തിലൂടെ. ഓരോ കളിയിലും മെച്ചപ്പെട്ടുവന്ന സെസാര്‍ പ്രാന്‍ഡേലിയുടെ ഇറ്റലിയെ വിസന്റെ ഡെല്‍ബോസ്‌കിന്റെ ശിഷ്യര്‍ ശരിക്കും വാരിക്കളഞ്ഞു. മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കുന്നതില്‍ പരാജയപ്പെട്ട ഇറ്റലി പിന്നീട് ആശയറ്റവരുടെ കൂട്ടമായി. രണ്ടു ഗോളിന് മുന്നിട്ടുനില്‍ക്കുന്ന ടീം സ്വാഭാവികമായും അന്തിമഘട്ടത്തില്‍ പ്രതിരോധതന്ത്രത്തിലേക്ക് വലിഞ്ഞ് കിരീടമുറപ്പിക്കാനാണ് ശ്രമിക്കാറ്. ഇതിനൊരപവാദമാണ് ഇത്തവണത്തെ ഫൈനല്‍. സ്‌പെയിനിന്റെ ഒടുവിലത്തെ രണ്ട് ഗോള്‍ അവസാന പത്തുമിനിറ്റിലാണെന്നോര്‍ക്കണം. പ്രതിരോധത്തിലേക്ക് മാറുന്നതിനു പകരം കളം അടക്കിവാണ് എതിരാളികളെ ഒന്നുമല്ലാതാക്കുകയായിരുന്നു സ്‌പെയിന്‍.
ഇറ്റലിയുടെ കുതിപ്പിന് ചരടുവലിച്ച ആന്ദ്രെ പിര്‍ലോയ്ക്കും ആക്രമണത്തിന് മൂര്‍ച്ച നല്കിയ മരിയോ ബലോട്ടെല്ലിക്കും ഫൈനലില്‍ സ്വാതന്ത്ര്യം കിട്ടിയത് ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍മാത്രം. സാവിയും ഇനിയേസ്റ്റയും സാബി അലോണ്‍സോയും ബുസെ്കറ്റ്‌സും മധ്യനിര പൂര്‍ണനിയന്ത്രണത്തിലാക്കിയപ്പോള്‍ ഇറ്റാലിയന്‍ താരങ്ങള്‍ കാഴ്ചക്കാരായി. മുന്‍മത്സരങ്ങളിലെ പിഴവുകള്‍ തീര്‍ത്ത് സാവി ഫൈനലില്‍ കളംനിറഞ്ഞു. ഇനിയേസ്റ്റ ചടുലതയാര്‍ന്ന നീക്കങ്ങളിലൂടെ പ്രതിരോധത്തെ പിളര്‍ത്തി. തടസ്സങ്ങള്‍ മറികടന്ന് ഇറ്റലിക്കാര്‍ വല്ലപ്പോഴുമൊക്കെ കയറിവന്നപ്പോള്‍ കാവലാളുകളായ റാമോസും പീക്വെയും ഗോള്‍വല കാത്ത നായകന്‍ ഇകേര്‍ കസീയസ്സും കോട്ട ഭദ്രമാക്കിനിര്‍ത്തി. വിങ്ങുകളിലാവട്ടെ മുന്നേറ്റനിരക്കാരെ കിടപിടിക്കുന്ന മിടുക്കായിരുന്നു ആല്‍ബയ്ക്കും അര്‍ബലോവയ്ക്കും. യൂറോയുടെ താരപദവി അര്‍ഹിച്ചതുപോലെ ഇനിയേസ്റ്റയെ തേടിയെത്തി. ഇങ്ങനെയൊരു ടീമിന് ഇനിയുമേറേക്കാലം നിലനില്ക്കാനാവുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു.
വ്യക്തിപ്രഭാവത്തേക്കാള്‍ കൂട്ടായ്മയാണ് സ്പാനിഷ് ടീമിന്റെ മുഖമുദ്ര. ടീമിലുള്ള ഓരോ കളിക്കാരനും അവനവന്റെ റോളിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ലോക ക്ലബ്ബ്ഫുട്‌ബോളിലെ ശക്തിദുര്‍ഗങ്ങളായ ബാഴ്‌സലോണയുടെയും റയല്‍മാഡ്രിഡിന്റെയും താരങ്ങളാണ് സ്‌പെയിനിന്റെ കരുത്ത്. തടിമിടുക്കിന് ഫുട്‌ബോളില്‍ അതിരുവിട്ട പ്രാധാന്യമില്ലെന്ന് സ്‌പെയിന്‍ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് സ്‌പെയിന്‍ പ്രചോദനമാണ്. സ്‌പെയിന്‍ ഏറേക്കാലമായി പയറ്റുന്ന ശൈലി മറ്റു ടീമുകള്‍ക്ക് ഇതുവരെ സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. അവരുടെ പരിശീലനരീതിയും തീവ്രതയും മറ്റു ടീമുകള്‍ക്ക് അനുകരിക്കാന്‍പറ്റാത്തത്ര തലത്തിലുള്ളതാവാം. അരഗോണ്‍സും പിന്നീട് ഡെല്‍ബോസ്‌ക്കും ദേശീയ ടീമില്‍ ഫലപ്രദമായി നടപ്പിലാക്കിയ, ബാഴ്‌സലോണയുടെ ടിക്കി -ടാക്ക കളിരീതി മുഷിപ്പനാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അതില്‍ കഴമ്പില്ലെന്ന് യൂറോയിലെ ആധികാരികവിജയത്തിലൂടെ സ്‌പെയിന്‍ അടിവരയിടുന്നു.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment