Pages

Thursday, July 5, 2012

SCIENCE AND PHILOSOPHY


ശാസ്ത്രവും തത്വചിന്തയും
ഒരു പരിധി കഴിയുമ്പോള്‍ ശാസ്ത്രം തത്ത്വചിന്തയോടടുക്കുന്നതായി തോന്നും. പ്രപഞ്ചഘടന വിശദീകരിക്കാനുള്ള ഗവേഷണങ്ങള്‍ ആത്യന്തികസത്യം തേടിയുള്ള അന്വേഷണമായി വ്യാഖ്യാനിക്കപ്പെടും. ദൈവസങ്കല്പവുമായി ഒരുവിധത്തിലും ബന്ധപ്പെടുത്താനാവാത്ത മൗലികകണം 'ദൈവകണ' മെന്നു വാഴ്ത്തപ്പെടുകയും അതു കണ്ടെത്തിയാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായെന്നു തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും. ഹിഗ്‌സ് ബോസോണ്‍ എന്ന മൗലികകണം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ക്ക് ഇത്രമാത്രം വാര്‍ത്താ പ്രാധാന്യം ലഭിക്കാനും അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനും 'ദൈവകണം' എന്ന വിശേഷണം കാരണമായിട്ടുണ്ട്. പക്ഷേ, ഈ ഗവേഷണത്തിന്റെ പ്രാധാന്യം അതിന്റെ വിളിപ്പേരിലെ കൗതുകത്തിലൊതുങ്ങുന്നില്ല. ഹിഗ്‌സ് ബോസോണിന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചാല്‍ അത് അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൗതികശാസ്ത്ര നേട്ടമായി മാറുമെന്ന് പറയുന്നത് അതുകൊണ്ടാണ്. പരീക്ഷണം നടത്തിയ യൂറോപ്യന്‍ ആണവോര്‍ജഗവേഷണ ഏജന്‍സി(സേണ്‍)ക്കും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ക്കും ഒപ്പം ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന നേട്ടം.സൂക്ഷ്മപ്രപഞ്ചത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നെന്നു കരുതുന്ന ഹിഗ്‌സ് ബോസോണ്‍ എന്ന മൗലിക കണത്തിന് ആധുനികഭൗതികത്തിലുള്ള പ്രാധാന്യം ലളിതമായി വിശദീകരിക്കാനാവില്ല. എന്താണ് ഹിഗ്‌സ് ബോസോണ്‍ എന്ന ചോദ്യത്തിനുപോലും എളുപ്പത്തില്‍ ഉത്തരം പറയാനാവില്ല. ചിരപരിചിതമായ വസ്തുക്കള്‍ ചൂണ്ടിക്കാണിച്ചും കണ്‍മുന്നിലുള്ള പ്രതിഭാസങ്ങള്‍ വിശദീകരിക്കാന്‍വേണ്ടിയും ആവിഷ്‌കരിച്ച മുന്‍കാല ശാസ്ത്ര തത്ത്വങ്ങളെപ്പോലെയല്ല ഇന്നത്തെ ശാസ്ത്ര സിദ്ധാന്തങ്ങള്‍ എന്നതു തന്നെയാണതിനു കാരണം. നമ്മുടെയീ പ്രപഞ്ചത്തിന്റെ തുടക്കം എങ്ങനെയായിരുന്നെന്നും അതിന്റെ ഘടന എന്താണെന്നും വിശദീകരിക്കാനുള്ള ആധുനിക സിദ്ധാന്തങ്ങള്‍ സങ്കീര്‍ണ ഗണിത സമീകരണങ്ങളിലൂടെയും സങ്കല്പനങ്ങളിലൂടെയുമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടന വിശദീകരിക്കാനുള്ള സിദ്ധാന്തങ്ങളില്‍ ഏറ്റവും സ്വീകാര്യതയുള്ള 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജിനും പ്രപഞ്ചോത്പത്തി വിശദീകരിക്കുന്ന 'മഹാവിസ്‌ഫോടന സിദ്ധാന്ത'ത്തിനും അക്കൂട്ടത്തിലാണുസ്ഥാനം. ഈ രണ്ടു സിദ്ധാന്തങ്ങളും പൂര്‍ണമാകണമെങ്കില്‍ പ്രപഞ്ചത്തിലെ ദ്രവ്യത്തിനു പിണ്ഡം നല്‍കുന്ന മൗലികകണത്തിന്റെ സാന്നിധ്യം കൂടി സ്ഥിരീകരിക്കപ്പെടേണ്ടതുണ്ടായിരുന്നു. ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് ഉള്‍പ്പടെയുള്ള ആറ് ഗവേഷകര്‍ ചേര്‍ന്ന് 1964-ല്‍ത്തന്നെ അത്തരമൊരു കണത്തിന്റെ സാധ്യതയെക്കുറിച്ചുള്ള സിദ്ധാന്തമവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിഖ്യാത ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ ബോസ് ആവിഷ്‌കരിച്ച് ഐന്‍സ്റ്റീന്‍ പരിഷ്‌കരിച്ചെടുത്ത ബോസ് -ഐന്‍സ്റ്റീന്‍ സാംഖികം എന്ന ഗണിത സമീകരണം അനുസരിക്കുന്ന 'ബോസോണു'കളെന്ന ബലവാഹിനികളായ മൗലികകണങ്ങളുടെ കൂട്ടത്തിലായിരുന്നു അതിന്റെ സ്ഥാനം. ഹിഗ്‌സിനോടും ബോസിനോടുമുള്ള ആദര സൂചകമായി ഹിഗ്‌സ് ബോസോണ്‍ എന്നു പേരിട്ട ഈ കണത്തിന് 'ദൈവകണം' എന്ന വിശേഷണം ലഭിക്കാന്‍ ഇടയാക്കിയത് ഒരു പുസ്തക പ്രസാധകന്റെ കുസൃതിയും. 

ദൈവത്തിന്റെ കണമൊന്നുമല്ലെങ്കിലും സൈദ്ധാന്തികതലത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള ഈ കണിക പ്രായോഗികതലത്തില്‍ കണ്ടെത്താന്‍ പതിറ്റാണ്ടുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലും ശാസ്ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല. ജനീവയ്ക്കു സമീപം സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ എന്ന കണികാ ത്വരകമുപയോഗിച്ച് സേണ്‍ 2008-ല്‍ തുടങ്ങിയ ബൃഹദ് പരീക്ഷണത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് ഇത്ര നാളും പിടികൊടുക്കാതെ കഴിഞ്ഞ ഈ കണങ്ങളുടെ അസ്തിത്വം തെളിയിക്കുക എന്നതായത് ഈ പശ്ചാത്തലത്തിലാണ്. 
പ്രകാശവേഗത്തില്‍, ഉന്നതോര്‍ജത്തില്‍ പ്രോട്ടോണ്‍ ധാരകള്‍ കൂട്ടിയിടിപ്പിച്ചു നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഹിഗ്‌സ് ബോസോണ്‍ എന്ന് ഏറെക്കുറെ ഉറപ്പിക്കാവുന്ന കണങ്ങള്‍ കണ്ടെത്തിയകാര്യം ബുധനാഴ്ച ശാസ്ത്രസംഘം വെളിപ്പെടുത്തിയത് വര്‍ഷങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമൊടുവിലാണ്. അതിനു ദൃക്‌സാക്ഷിയാവാന്‍ ഭാഗ്യം ലഭിച്ച പീറ്റര്‍ ഹിഗ്‌സിനും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടാതെ വിടപറയേണ്ടിവന്ന സത്യേന്ദ്രനാഥ ബോസിനുമുള്ള ആദരംകൂടിയായി ആ പ്രഖ്യാപനം.ഇന്ത്യക്കാരുള്‍പ്പെടുന്ന ശാസ്ത്രസംഘത്തിന്റെ നേതൃത്വത്തില്‍ പുതുതായി കണ്ടെത്തിയ കണം ഹിഗ്‌സ് ബോസോണ്‍ തന്നെയെന്ന് 99.999 ശതമാനം ഉറപ്പിക്കാനുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും തുടര്‍ പരീക്ഷണങ്ങളിലൂടെ മാത്രമേ ഇക്കാര്യം അസന്ദിഗ്ധമായി സ്ഥിരീകരിക്കൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇക്കാര്യം വെളിപ്പെടുത്തുന്നതിനുള്ള പത്രസമ്മേളനത്തില്‍ സേണിന്റെ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹ്യൂയര്‍ പറഞ്ഞത് - ''ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ നമ്മളതു കണ്ടെത്തിക്കഴിഞ്ഞു എന്നു പറയാം'' എന്നാണ്. ''എന്നാല്‍ ശാസ്ത്രലോകത്തിന് ഇനിയുമൊരുപാടു പോകാനുണ്ട്.വലിയൊരു യാത്രയുടെ തുടക്കം മാത്രമാണിത്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതാണു ശാസ്ത്രത്തിന്റെ രീതി. കണ്ടെത്തിയത് ഹിഗ്‌സ് ബോസോണ്‍ ആണെന്നുറപ്പാക്കിയാലും അന്വേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ശാസ്ത്രത്തിലായാലും തത്ത്വചിന്തയിലാണെങ്കിലും ചോദ്യങ്ങള്‍ മിക്കതും ഒന്നു തന്നെയാണ്. മതങ്ങള്‍ പഴയ ഉത്തരങ്ങളില്‍ത്തന്നെ കടിച്ചുതൂങ്ങും. ശാസ്ത്രമാകട്ടെ, ഉത്തരങ്ങള്‍ പുതുക്കാനുള്ള അന്വേഷണങ്ങള്‍ തുടരും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: