Pages

Thursday, July 5, 2012

ഫുകുഷിമ ദുരന്തം 'മനുഷ്യനിര്‍മിതം


ഫുകുഷിമ ദുരന്തം 'മനുഷ്യനിര്‍മിതം

ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിലുണ്ടായ അപകടത്തിന് കാരണം സുനാമി മാത്രമല്ലെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. ഈ ദുരന്തം 'മനുഷ്യനിര്‍മിതം'കൂടിയായിരുന്നുവെന്ന് ഫുകുഷിമ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജപ്പാന്‍ പാര്‍ലമെന്‍ററി പാനലിന്റെ അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞവര്‍ഷം മാര്‍ച്ച് 11നുണ്ടായ ഭൂകമ്പത്തിലും സുനാമിയിലുമാണ് ഫുകുഷിക ദൈയ്ച്ചി ആണവപ്ലാന്‍റിലെ ആറ് റിയാക്ടറുകള്‍ക്ക് നാശം സംഭവിച്ചത്. റേഡിയോ വികിരണങ്ങള്‍ അന്തരീക്ഷത്തിലേക്ക് പടര്‍ന്നതുകാരണം. പതിനായിരക്കണക്കിനാളുകളെ പ്രദേശത്തുനിന്നും ഒഴിപ്പിക്കേണ്ടിവന്നു. ഒന്‍പതുമാസത്തെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ഡിസംബറിലാണ് റിയാക്ടറുകളെ സാധാരണനിലയിലാക്കിയതെന്ന് ടെപ്‌കോ അറിയിച്ചു. ഇത്തരമൊരു ദുരന്തമുണ്ടായത് അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൊണ്ടുകൂടിയാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ബാധ്യത സര്‍ക്കാറും നിയന്ത്രണ അതോറിറ്റികളും ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനിയും നഷ്ടപ്പെടുത്തി. ഭൂകമ്പത്തേയും സുനാമിയേയും ചെറുത്തുനില്‍ക്കാനുള്ള കരുത്ത് 2011 മാര്‍ച്ച് 11 ന് ഫുകുഷിമ നിലയത്തിനുണ്ടായിരുന്നില്ല. ഫുകുഷിമയിലേത് ഒരു മനുഷ്യനിര്‍മിത ദുരന്തമാണെന്ന് വ്യക്തമാണ് -റിപ്പോര്‍ട്ടില്‍ പറയുന്നു.
കുഴപ്പങ്ങള്‍ പരിഹരിച്ച് ആണവനിലയം ശക്തിപ്പെടുത്താന്‍ നിയന്ത്രണ അതോറിറ്റികള്‍ക്കും ടെപ്‌കോയ്ക്കും ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ ഉത്തരവാദിതപ്പെട്ട ഇവര്‍ പ്രവര്‍ത്തനങ്ങള്‍ പിന്നീടത്തേക്ക് മാറ്റിവെക്കുകയാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സുനാമിയെത്തുടര്‍ന്നുണ്ടായ ദുരന്തം തടയാവുന്നതായിരുന്നെന്നും ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ആഘാതം ലഘൂകരിക്കാമായിരുന്നുവെന്നും അന്വേഷണക്കമ്മീഷന്‍ കണ്ടെത്തി. സുരക്ഷാ നടപടികളെടുക്കാതിരുന്ന അധികാരികളെ ചോദ്യം ചെയ്യാത്ത പതിവുപാരമ്പര്യത്തെയും പാനലില്‍ കുറ്റപ്പെടുത്തുന്നു.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍



No comments: