Pages

Saturday, July 28, 2012

FOOD SECURITY AND HOTELS


ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ വിപുലമായ സ്ഥിരംസംവിധാനം വേണം
അടുത്തകാലത്ത് സംസ്ഥാനത്തെ പല ഭക്ഷണശാലകളിലും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ വിപുലമായ സ്ഥിരംസംവിധാനം വേണമെന്നാണ് ഇതോര്‍മിപ്പിക്കുന്നത്. ശുചിത്വത്തിന്റെ കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്താത്തവയില്‍ ചില തട്ടുകടകളും ചെറുകിട, വന്‍കിട ഹോട്ടലുകളും മറ്റും ഉള്‍പ്പെടുന്നു. പഴകിയതും ആരോഗ്യത്തിനു ഹാനികരമായതുമായ ഭക്ഷണം പല സ്ഥലങ്ങളില്‍നിന്നും അധികൃതര്‍ പിടിച്ചെടുക്കുകയുണ്ടായി. കേരളീയരും ഇവിടെ വന്നുപോകുന്നവരുമായ ജനങ്ങളില്‍ വലിയൊരുവിഭാഗം ഹോട്ടല്‍ഭക്ഷണം കഴിക്കുന്നവരാണ്. ഇടയ്‌ക്കെങ്കിലും ഭക്ഷണം പുറത്തുനിന്ന് കഴിക്കുന്ന ശീലവും ജനങ്ങളില്‍ വ്യാപകമായിട്ടുണ്ട്. ഭക്ഷണത്തില്‍ മായമോ മാലിന്യമോ കലര്‍ന്നാല്‍ അത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമാത്രമല്ല, മരണത്തിന് തന്നെ കാരണമായേക്കാം. ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഈ മേഖലയില്‍ ഉണ്ടായേ മതിയാകൂ. ഭക്ഷണശാലകള്‍ക്ക് ഭക്ഷ്യസുരക്ഷാനിയമം അനുസരിച്ചുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ്.

ലൈസന്‍സും രജിസ്‌ട്രേഷനും എടുക്കുന്നതിനുള്ള കാലാവധി ആഗസ്ത് നാലില്‍ നിന്ന് നീട്ടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതു പരിഗണിച്ച് ആറുമാസം കൂടി സമയം അനുവദിച്ചതായാണ് റിപ്പോര്‍ട്ട്. ഈ നിയമപ്രകാരം ഭക്ഷണശാലകള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഒട്ടേറെ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിനാല്‍ ലൈസന്‍സും മറ്റും എടുക്കാന്‍ സാവകാശം വേണമെങ്കില്‍ അതനുവദിക്കേണ്ടതുതന്നെ. എന്നാല്‍ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാനും പരിശോധകര്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കാനും വൈകിക്കൂടാ. ഇക്കാര്യത്തില്‍ ജനതാത്പര്യം മുന്‍നിര്‍ത്തി സഹകരിക്കാന്‍ ഭക്ഷണശാലാ ഉടമകള്‍ തയ്യാറായാല്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍ എളുപ്പമാകും. ഹോട്ടലുകള്‍ക്കും മറ്റും ലഭിക്കുന്ന പച്ചക്കറി, പഴം, മാംസം തുടങ്ങിയവ നല്ലതാവണമെന്നില്ല. അതിനാല്‍ അവയുടെ നിലവാരം ഉറപ്പാക്കാനുള്ള സംവിധാനവും ഉണ്ടാകണം. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരപരിശോധനയ്ക്ക് സ്വന്തമായി സംവിധാനം ഒരുക്കാന്‍ ശ്രമിക്കുമെന്ന് ഹോട്ടലുടമാസംഘടന അറിയിക്കുകയുണ്ടായി. ഇത്തരം രചനാത്മകമായ സമീപനമാണ് ഈ ഘട്ടത്തില്‍ ആവശ്യം. ലൈസന്‍സും രജിസ്‌ട്രേഷനും എടുത്തുനല്‍കാന്‍ ഇടനിലക്കാര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് അധികൃതരുടെ അടിയന്തരശ്രദ്ധ പതിയേണ്ട ഒന്നാണ്. യഥാര്‍ഥഫീസിന്റെ ഇരട്ടിയിലധികം ഇവര്‍ കച്ചവടക്കാരില്‍നിന്ന് ഈടാക്കുന്നതായി പരാതിയുണ്ട്. ഭക്ഷ്യസുരക്ഷാഓഫീസുകളില്‍ നിന്ന് അപേക്ഷകള്‍ സൗജന്യമായാണ് ലഭിക്കുന്നതെങ്കിലും ഇതിനും ഇടനിലക്കാര്‍ ഫീസ് ഈടാക്കുന്നുണ്ടത്രെ.
 
ഇത്തരം തട്ടിപ്പുകള്‍ പറ്റാതെ നോക്കണമെന്ന് വ്യാപാരികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ രംഗത്തും ഇടനിലക്കാര്‍ വരുന്നത് വ്യാപാരികള്‍ കബളിപ്പിക്കപ്പെടാന്‍ മാത്രമല്ല, ഈ സംവിധാനത്തിന്റെലക്ഷ്യം തകരാനും ഇടയാകും. അഴിമതി നടക്കാന്‍ സാധ്യതയേറുമെന്നതാണ് ഇടനിലക്കാര്‍ക്ക് അവസരം ലഭിക്കുന്നതുകൊണ്ടുള്ള മറ്റൊരുദോഷം. വ്യാപാരികളും അധികൃതരും ജാഗ്രത പുലര്‍ത്തിയാലേ ഈ രംഗത്ത് നിന്ന് ഇടനിലക്കാരെ ഒഴിവാക്കാനാവൂ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ മറ്റുപല മേഖലകളിലും പരിശോധനകളും നടപടികളും വേണ്ടിവരും. ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കള്‍ ചേര്‍ത്ത പഴങ്ങളും മറ്റും വ്യാപകമായി വില്‍പന നടത്തുന്നുണ്ട്. ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പലേടത്തും ഇവ സൂക്ഷിച്ചിരിക്കുന്നത്. പരിശോധന കൂടാതെയുള്ള മാംസവില്‍പനയും ഗ്രാമ, നഗര ഭേദമില്ലാതെ പലേടത്തും നടക്കുന്നു. കുടിവെള്ളത്തിലെ മാലിന്യമാണ് ജനങ്ങളെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. ചില സ്വകാര്യ ഏജന്‍സികള്‍ ഒട്ടും ശുചിത്വമില്ലാത്ത ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ശുദ്ധീകരിക്കാത്ത ജലമാണ് ചില ഏജന്‍സികള്‍ വിതരണത്തിനെടുക്കുന്നത്. ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന ജലം പരിശോധിക്കാനും പലേടത്തും സംവിധാനമില്ല. ജലവിതരണ പൈപ്പ് പൊട്ടി മാലിന്യങ്ങള്‍ കുടിവെള്ളത്തില്‍ കലരുന്നതും സാധാരണമായിരിക്കുന്നു. ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും രോഗാണുമുക്തമെന്നുറപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിയണം.
 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: