Pages

Thursday, July 26, 2012

വൈദ്യുതി നിരക്ക് വര്‍ധന മറ്റൊരു ഭാരം


വൈദ്യുതി നിരക്ക് വര്‍ധന മറ്റൊരു ഭാരം

നിത്യോപയോഗവസ്തുക്കളുടെ വിലക്കയറ്റം കൊണ്ട് ക്ലേശിക്കുന്ന ജനങ്ങള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധന മറ്റൊരു ഭാരമായി. റെഗുലേറ്ററികമ്മീഷന്റെ ഉത്തരവനുസരിച്ച് വീടുകള്‍ക്കുള്ള നിരക്കില്‍ യൂണിറ്റിന് 35 പൈസ മുതല്‍ 2.20 രൂപ വരെയാണ് വര്‍ധന. ഗാര്‍ഹികമേഖലയിലെ ശരാശരി വര്‍ധന 41 ശതമാനം വരുന്ന നിലയ്ക്ക് ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗത്തെ ഇത് കാര്യമായി ബാധിക്കും. 40 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫിക്‌സ്ഡ് ചാര്‍ജും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഏതാണ്ട് 85 ലക്ഷം ഗാര്‍ഹികഉപഭോക്താക്കളാണ് കേരളത്തിലുള്ളത്. ഇവരില്‍ 28 ലക്ഷം പേരാണ് മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കളില്‍ ബഹുഭൂരിപക്ഷത്തിനും ഫിക്‌സ്ഡ് ചാര്‍ജും നല്‍കേണ്ടിവരും. സിംഗിള്‍ ഫെയിസ് കണക്ഷന് 20 രൂപയും ത്രീഫെയിസ് കണക്ഷന് 60 രൂപയുമാണ് ഫിക്‌സ്ഡ് ചാര്‍ജ്. വ്യവസായ, വാണിജ്യ വൈദ്യുതിനിരക്കുകളും ഉയര്‍ത്തിയിട്ടുണ്ട്. അത് ഈ മേഖലകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. നിരക്കു വര്‍ധിപ്പിച്ച റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ വിഷമതകള്‍ മനസ്സിലാക്കിക്കൊണ്ടുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണം.

ഉപഭോക്താക്കളുടെ എണ്ണം കൂടുകയും വൈദ്യുതി ആവശ്യമായ സാമഗ്രികള്‍ വ്യാപകമാവുകയും ചെയ്യുന്നതിനാല്‍ ഉപയോഗം വര്‍ധിക്കുക സ്വാഭാവികമാണ്. നിലവിലുള്ള വൈദ്യുതിപദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്താനും പുതിയവ ആവിഷ്‌കരിച്ച് സമയബദ്ധമായി നടപ്പാക്കാനും കഴിഞ്ഞാലേ ഈ സാഹചര്യം നേരിടാനാവൂ. ദൗര്‍ഭാഗ്യവശാല്‍, വൈദ്യുതിബോര്‍ഡിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും എത്തുന്നത് നിരക്ക് കൂട്ടാനുള്ള തീരുമാനത്തിലായിരിക്കും. ബോര്‍ഡിന് വന്‍ തുക കുടിശ്ശികയിനത്തില്‍ പല സ്ഥാപനങ്ങളില്‍ നിന്നും കിട്ടാനുണ്ട്.
 ഇത് പിരിച്ചെടുക്കാനുള്ള വഴി ബന്ധപ്പെട്ട അധികൃതര്‍ തേടണം. പൊതുമേഖലാസ്ഥാപനങ്ങളും സര്‍ക്കാര്‍വകുപ്പുകളും കുടിശ്ശിക വരുത്തുന്നത് സാധാരണമാണ്. ഇത്തരം സ്ഥാപനങ്ങളുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. പ്രസരണവേളയില്‍ മുന്‍ പ് 20 ശതമാനംവരെ വൈദ്യുതി നഷ്ടപ്പെട്ടിരുന്നു. അത് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ലക്ഷ്യത്തിലെത്തിയിട്ടില്ല. വൈദ്യുതിമോഷണവും ദുരുപയോഗവും പലേടത്തും തുടരുന്നുണ്ട്. കേടായ മീറ്ററുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയാത്തതും ബോര്‍ഡിന് വലിയ നഷ്ടം വരുത്തുന്നു. 

ജലവൈദ്യുതിപദ്ധതികളില്‍ നിന്നുള്ള ഉത്പാദനം കാല്‍നൂറ്റാണ്ടിനുള്ളില്‍ കാര്യമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പല പദ്ധതികളുടെയും 20 മുതല്‍ 30 ശതമാനം വരെ ശേഷി വിനിയോഗിക്കപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പരിസ്ഥിതിപ്രശ്‌നങ്ങള്‍ കാരണം, പുതിയ ജലവൈദ്യുതിപദ്ധതികള്‍ തുടങ്ങാന്‍ പ്രയാസമുണ്ടായേക്കാം. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത പാരമ്പര്യേതര പദ്ധതികള്‍ തുടങ്ങുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കണം.
 കാറ്റില്‍ നിന്നുള്ള ഊര്‍ജോത്പാദനം കൂടുതല്‍ വ്യാപകമാക്കാവുന്നതാണ്. പുതിയ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനുള്ള പഠന, ഗവേഷണങ്ങളും ഊര്‍ജിതമാക്കേണ്ടതുണ്ട്. അനാസ്ഥ, പാഴ്‌ച്ചെലവുകള്‍ തുടങ്ങിയവയും ബോര്‍ഡിന്റെ സ്ഥിതി മോശമാക്കുന്നു. ഭരണച്ചെലവ് കുറയ്ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ ഉണ്ടാകണം. ഉപയോഗം ചുരുക്കി വൈദ്യുതി ലാഭിക്കുന്നത് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു തുല്യമാണെന്ന സന്ദേശം ഉപഭോക്താക്കള്‍ക്കിടയില്‍ ബോര്‍ഡ് പ്രചരിപ്പിക്കുന്നുണ്ട്. ഉപയോഗം കുറയ്ക്കാനായി ഗാര്‍ഹികഉപഭോക്താക്കള്‍ക്ക് സി.എഫ്. ലാമ്പുകള്‍ നല്‍കുന്നതടക്കമുള്ള പരിപാടികളും വൈദ്യുതി ബോര്‍ഡ് നടപ്പാക്കിയിരുന്നു. ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ വൈദ്യുതിനല്‍കല്‍ എന്ന ലക്ഷ്യം കൂടി ഉള്‍ക്കൊള്ളുന്നതാവ ണം ഇത്തരം നടപടികള്‍. മഴ കുറവായതിനാല്‍ ഉണ്ടാ യേക്കാവുന്ന കടുത്ത ഊര്‍ജപ്രതിസന്ധി കണക്കിലെടു ത്ത് വൈദ്യുതിഉപയോഗം പരമാവധി ചുരുക്കി അധികൃതരോട് സഹകരിക്കാന്‍ ജനങ്ങളും തയ്യാറാ
കണം.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: