Pages

Wednesday, July 18, 2012

ആദ്യത്തെ സൂപ്പര്‍താരം രാജേഷ് ഖന്ന.


ആദ്യത്തെ സൂപ്പര്‍താരം രാജേഷ് ഖന്ന.
 ഹിന്ദി സിനിമയിലെ നിത്യഹരിത കാമുകനായിരുന്നു രാജേഷ് ഖന്ന. ഡിംപിള്‍ കപാഡിയയുമായുള്ള പ്രണയവും വിവാഹവും ദാമ്പത്യവും അതിന്റെ തകര്‍ച്ചയുമെല്ലാം രാജേഷ്ഖന്നയെ സിനിമയിലും ജീവിതത്തിലും എന്നും വിവാദ പുരുഷനാക്കിമാറ്റി. 'ആരാധന'യിലൂടെ ഇന്ത്യയിലെങ്ങുമുള്ള യുവാക്കളുടെയും ആരാധകരുടെയും ആരാധനാബിംബമായി...
രാജേഷ് ഖന്നയെ വിശേഷിപ്പിക്കാന്‍ ഒറ്റവാചകമേയുള്ളൂ-ബോളിവുഡ്ഡിന്റെ എക്കാലത്തെയും 'എന്റര്‍ടെയ്‌നര്‍'. ഈ വിശേഷണം കൃത്യമായും സത്യമായും ചേരുന്ന വലിയ ഇതിഹാസ താരമാണ് രാജേഷ് ഖന്ന. 1969നും 72നും ഇടയില്‍ ബോളിവുഡ്ഡില്‍ പിറന്നുവീണ പതിനഞ്ചോളം ചിത്രങ്ങള്‍,സൂപ്പര്‍ ഹിറ്റായതിനു പിന്നില്‍ രാജേഷ് ഖന്നയുടെ അഭിനയചാരുതയിലെ 'രസതന്ത്രം' ഒന്നു മാത്രമായിരുന്നു.പ്രേക്ഷകനിലേക്ക് തന്നെ വലിച്ചടുപ്പിക്കുന്ന ശക്തമായ രസതന്ത്രം അക്കാലത്തെ സിനിമകളില്‍ രാജേഷ്ഖന്നയ്ക്ക് തന്നിലെ നടനിലൂടെ പ്രേക്ഷകനിലേക്ക് പകര്‍ന്നു നല്‍കാനായി.ആ ശരീരത്തിന്റെ അനായാസതയാണ് രാജേഷ്ഖന്ന എന്ന നടന്റെ സിനിമകള്‍ ഹിറ്റായതിനു പിന്നില്‍.രാജേഷ് ഖന്നയെ ബോളിവുഡിലെ ആദ്യ സൂപ്പര്‍ താരമായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ജതിന്‍ഖന്നയില്‍ നിന്ന് രാജേഷ് ഖന്നയിലേക്കും പ്രിയപ്പെട്ടവര്‍ക്ക് 'കാക്ക' എന്ന ചെല്ലപ്പേരിലേക്കും ഈ നടനെ ചേര്‍ത്തു നിര്‍ത്തിയതും ആരിലേക്കും പ്രസരിപ്പിച്ച ആ സ്‌നേഹ മാണ്. ആരോടും തലക്കനമില്ലാതെ സംസാരിക്കുന്ന രീതി രാജേഷ്ഖന്നയെ എല്ലാവരുടെയും പ്രിയ താരമാക്കി മാറ്റി.പ്രധാന നടന്മാര്‍ക്ക് നാലുലക്ഷം രൂപ പ്രതിഫലം കിട്ടിയിരുന്ന നാളില്‍ രാജേഷ് ഖന്ന അന്ന് കൈപ്പറ്റിയിരുന്ന പ്രതിഫല തുക ഇരുപത് ലക്ഷത്തോളമായിരുന്നു.രാജേഷ് ഖന്ന തന്നെ തന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആവ ശ്യപ്പെട്ട് അക്കാലത്തെ നിര്‍മാതാക്കള്‍ കാത്തു നിന്നു.രാജേഷ് ഖന്നയുടെ ഡേറ്റായിരുന്നു എല്ലാവര്‍ക്കും മുഖ്യം.
 
നൂറ്റി അറുപത്തിമൂന്നിലേറെ ചിത്രങ്ങള്‍ രാജേഷ്ഖന്നയുടേതായുണ്ട്. യുവതികളുടെ ആരാധനാതാരമായിരുന്നു അദ്ദേഹം. സൂപ്പര്‍ താരമായി കത്തിജ്ജ്വലിച്ചു നിന്ന നാളില്‍ യുവതികള്‍ സ്വന്തം രക്തത്തില്‍ എഴുതിയ എത്രയോ പ്രണയലേഖനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. രാജേഷ് ഖന്നയുടെ ഒരു ഫോട്ടോ ലഭിക്കാന്‍ അക്കാലത്തെ ആരാധികമാര്‍ സഹിച്ച ത്യാഗത്തിന് കണക്കില്ല, 'കാസനോവ' എന്നു പോലും രാജേഷ് ഖന്ന അക്കാലത്ത് വിശേഷിപ്പിക്കപ്പെടുകയുണ്ടായി. ഡിംപിള്‍ കപാഡിയയെ രാജേഷ്ഖന്ന വിവാഹം ചെയ്യുന്നുവെന്ന വാര്‍ത്ത 1973-ല്‍ പുറത്തെത്തിയപ്പോള്‍ ഈ കാര്യം സഹിക്കാനാവാതെ എട്ടോളം യുവതികളാണ് ആത്മഹത്യ ചെയ്തത്. അത്രമാത്രം അദ്ദേഹ ത്തെ യുവതികള്‍ അകമഴി
ഞ്ഞ് സ്‌നേഹിച്ചിരുന്നു.1942 ഡിസംബര്‍ 29ന് പഞ്ചാബിലെ അമൃത്‌സറിലാണ് രാജേഷ് ജനിച്ചത്. ആദ്യ നാമം ജതിന്‍ ഖന്ന എന്നായിരുന്നു. മാതാപിതാക്കള്‍ക്ക് മൂന്ന് പെണ്‍മക്കളായിരുന്നതുകൊണ്ട് ആണായ തന്നെ ദത്തെടുക്കുകയായിരുന്നുവെന്ന് രാജേഷ്ഖന്ന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
 
കോളേജില്‍ പഠിക്കുന്ന സമയത്തെ നാടക പരിചയവും പിന്നീട് അഭിനയ ജീവിതത്തില്‍ മുതല്‍ക്കൂട്ടാവുകയായിരുന്നുവെന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം അഞ്ജു മഹേന്ദ്രയെ വിവാഹം ചെയ്തു. ഏഴുവര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അവര്‍ വേര്‍പിരിഞ്ഞു. പിന്നീടാണ് ഡിപിംള്‍ കപാഡിയ രാജേഷ് ഖന്നയുടെ ജീവിത സഖിയാവുന്നത്.1966ലാണ് സിനിമയില്‍ എത്തുന്നത്.ആദ്യ ചിത്രം 'ആഖരി കത്താ'ണ്. പിന്നീട് നായകനായ റാസ് എന്ന ചിത്രമാണ് രാജേഷ് ഖന്നയിലെ നടനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.പിന്നീട് രാജേഷ് ഖന്നയുടെ ജൈത്രയാത്ര തന്നെയായിരുന്നു. ശര്‍മിള ടാഗോര്‍, ഫരീദ ജലാല്‍, മും
താസ് ഉള്‍പ്പെടെ ഒട്ടേറെ താരറാണിമാര്‍ക്കൊപ്പവും രാജേഷ് ഖന്ന തന്റെ വേഷം നന്നായി അവതരിപ്പിച്ചു. 'സച്ച ജുട്ട', 'ആനന്ദ്', 'ആവിഷ്‌ക്കാര്‍', 'ആരാധന', 'കതി പതംഗ്', 'അമര്‍ പ്രേം' എന്നീ ചിത്രങ്ങള്‍ രാജേഷ് ഖന്നയിലെ നടനെ പ്രേക്ഷകര്‍ ഏറ്റുവാങ്ങിയ ചിത്രങ്ങളാണ്. നിരവധി പുരസ്‌കാരങ്ങളും രാജേഷ് ഖന്നയെ തേടിയെത്തിയിട്ടുണ്ട്.ഫിലിംഫെയറിന്റെ നല്ല നടനുള്ള പുരസ്‌കാരം മൂന്നു തവണ തേടിയെത്തിയപ്പോള്‍ പതിന്നാലു തവണ അതേ മത്സര വിഭാഗത്തില്‍ രാജേഷ് ഖന്ന എത്തുകയുണ്ടായി.

രാഷ്ട്രീയക്കാരന്റെ വേഷവും നിര്‍മാതാവിന്റെ വേഷവും രാജേഷ് ഖന്ന എടുത്തണിയുകയുണ്ടായി. രാജേഷ് ഖന്നയുമായി അകന്നു കഴിയുന്ന മുന്‍ ഭാര്യയും പ്രശസ്ത നടിയുമായ ഡിംപിള്‍ കപാഡിയയാണ് അവസാന നാളില്‍ അദ്ദേഹത്തോടൊപ്പം ആസ്പത്രിയില്‍ ഉണ്ടായിരുന്നത്. റിങ്കി ഖന്ന, ട്വിങ്കിള്‍ ഖന്ന എന്നിവര്‍ മക്കളാണ്. ബോളിവുഡ്ഡ് താരം അക്ഷയ് കുമാര്‍ മരുമകനാണ്.'ആനന്ദ് 'എന്ന ചിത്രത്തിലെ രാജേഷ് ഖന്ന അവതരിപ്പിച്ച കഥാപാത്രം എല്ലാവരിലേക്കും പ്രസരിപ്പിച്ച ആ ശക്തി എന്നും നിലനിര്‍ത്തിയാണ് ബോളിവുഡ്ഡിന്റെ ഇതിഹാസതാരം കടന്നുപോയത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: