കേരളത്തില്‍ വൈദ്യുതിപ്രതിസന്ധി
രൂക്ഷം
അണക്കെട്ടുകളില്‍
വെള്ളം 16 ശതമാനം മാത്രം
മഴ പെയ്തില്ലെങ്കില്‍ പവര്‍കട്ടിന് ആലോചന
വൈദ്യുതോത്പാദന
അണക്കെട്ടുകളിലെ ജലം സംഭരണശേഷിയുടെ 16 ശതമാനം മാത്രം. ഈയാഴ്ചയും
സംഭരണ പ്രദേശങ്ങളില്‍ നല്ല മഴ ലഭിച്ചില്ലെങ്കില്‍ പവര്‍കട്ടിന് ശുപാര്‍ശ ചെയ്യാന്‍
ആലോചിക്കുന്നതായി വൈദ്യുതിബോര്‍ഡിലെ ഉന്നത കേന്ദ്രങ്ങള്‍ പറഞ്ഞു. വന്‍കിട ഉപഭോക്താക്കള്‍ക്ക്
വൈദ്യുതി ഉപയോഗം നിയന്ത്രിക്കുകയും അതിനപ്പുറം ഉപയോഗിക്കുന്നതിന് താപവൈദ്യുതിയുടെ
യഥാര്‍ഥവില ഈടാക്കാനുമുള്ള ശുപാര്‍ശ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് നല്‍കാനുമാണ്
ആലോചന. ഇപ്പോള്‍ യൂണിറ്റിന് ശരാശരി 9.20 രൂപയാണ് താപവൈദ്യുതിയുടെ
വില. ഏപ്രില്‍, മെയ് മാസങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുകയും
അധിക ഉപഭോഗത്തിന് യൂണിറ്റിന് 10 രൂപ ഈടാക്കുകയും
ചെയ്തിരുന്നു.


എന്നാല്‍ വീടുകളെ നിശ്ചിത സമയത്തേക്ക് ഇരുട്ടിലാക്കുന്ന ലോഡ്‌ഷെഡ്ഡിങ്
ഇനി വേണ്ടെന്നാണ് ബോര്‍ഡിന്റെ നിലപാട്. ലോഡ്‌ഷെഡ്ഡിങ് കൊണ്ട് ദിവസം
ലാഭിക്കാനാവുന്നത് വെറും ഒന്നരക്കോടി യൂണിറ്റാണ്. അതേസമയം, ജനങ്ങളില്‍
നിന്ന് വന്‍തോതില്‍ എതിര്‍പ്പുനേരിടേണ്ടിയും വരും. എന്നാല്‍ ഏതെങ്കിലും
ഒരുവിഭാഗത്തിന് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റെഗുലേറ്ററി കമ്മീഷന്‍
അനുവദിക്കാനിടയില്ല. അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം ബോര്‍ഡ് ശുപാര്‍ശ
ചെയ്താല്‍ വീടുകള്‍ക്കും ഒരളവില്‍ അത് ബാധകമാവും. വൈദ്യുതോത്പാദനം
കുറഞ്ഞതിനാല്‍ ഒരാഴ്ചയായി കായംകുളം നിലയത്തില്‍ നിന്നുള്ള താപവൈദ്യുതി
ഉപയോഗിക്കുന്നുണ്ട്. പ്രതിസന്ധിയെപ്പറ്റിയുള്ള അവലോകനം തിങ്കളാഴ്ച നടക്കും. ഇതു
വിലയിരുത്തി , വരുന്ന ആഴ്ചയിലെ മഴലഭ്യത കൂടി നോക്കിയിട്ട് നിയന്ത്രണങ്ങളെപ്പറ്റി
തീരുമാനമെടുക്കുമെന്ന് ബോര്‍ഡിലെ ഉന്നത കേന്ദ്രങ്ങള്‍ പറഞ്ഞു. സംസ്ഥാനത്തെ ജലസംഭരണികളില്‍
കഴിഞ്ഞവര്‍ഷത്തെക്കാള്‍ 21 ശതമാനം ജലം കുറവാണ്. കഴിഞ്ഞ ജൂലായിലേതിനെക്കാള്‍ ദിവസം ഒരുകോടിയില്‍പ്പരം
യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോള്‍ അധികം വേണ്ടിവരുന്നത്. ജൂലായ് 14 ശനിയാഴ്ച കേരളത്തില്‍ 55.47 ദശലക്ഷം യൂണിറ്റാണ്
ഉപയോഗിച്ചത്. ഇതില്‍ സംസ്ഥാനത്തിലെ ജലപദ്ധതികളില്‍ ഉത്പാദിപ്പിച്ചത് 14.11 ദശലക്ഷം യൂണിറ്റ് മാത്രമാണ്. കേന്ദ്രത്തില്‍ നിന്നുകിട്ടിയത് 22.20 ദശലക്ഷം. പുറത്തെ ഏജന്‍സികളില്‍ നിന്ന് വാങ്ങിയത് 11.34 ദശലക്ഷം യൂണിറ്റ്. കായംകുളത്തുനിന്നുള്ളത് 3.34
ദശലക്ഷം യൂണിറ്റ്. ശേഷിക്കുന്നത് അണ്‍ഷെഡ്യൂള്‍ഡായി പുറത്തുനിന്നും ലഭിച്ചു.
താപവൈദ്യുതിയുടെ യഥാര്‍ഥ വില പവര്‍കട്ടിലൂടെ ഉപഭോക്താക്കളില്‍ നിന്ന് കിട്ടിയാല്‍ താപവൈദ്യുതി കൂടുതല്‍ വാങ്ങി ജലം കരുതിവെക്കാനാണ് നീക്കം.
രാത്രി ഒമ്പതുമണിക്കുശേഷമുള്ള വൈദ്യുത ദീപാലങ്കാരത്തിനും പരസ്യബോര്‍ഡുകള്‍ക്ക്
വൈദ്യുതി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. സംസ്ഥാനം
കടുത്ത വൈദ്യുതപ്രതിസന്ധിയിലാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്നെ
മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈവര്‍ഷം വൈദ്യുതി നിയന്ത്രണം
ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വാഗ്ദാനവും ചെയ്തിട്ടുണ്ട്. വാവുബലിയോട്
അടുത്തുള്ള ദിവസങ്ങളില്‍ മഴ പെയ്യാനിടയുണ്ട്. ഈ മഴ കിട്ടിയാലേ നിയന്ത്രണങ്ങള്‍
വേണ്ടെന്നുവെക്കാനാവൂ എന്നതാണ് സ്ഥിതിയെന്ന് ബോര്‍ഡ് കേന്ദ്രങ്ങള്‍ പറഞ്ഞു.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment