പശ്ചിമഘട്ടമലനിരകള്‍
സംരക്ഷിക്കുക
പല തെക്കന്‍ സംസ്ഥാനങ്ങളുടെയും പാരിസ്ഥിതിക സന്തുലനത്തെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ടത്തിന് നിര്‍ണായക പ്രാധാന്യമുണ്ട്. ആ പ്രദേശം അമിതമായ പ്രകൃതിചൂഷണത്തിന്റെ ക്ഷതം ഏല്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. വികസനപദ്ധതികള്‍ നാട്ടിലായാലും നഗരത്തിലായാലും പശ്ചിമഘട്ടവും അതിനുവില കൊടുക്കേണ്ടിവരുമെന്ന സ്ഥിതിയാണ് പൊതുവെയുള്ളത്. കല്ല്, മണ്ണ്, മരം എന്നിവ വന്‍തോതില്‍ അവിടെ നിന്ന് എടുത്തുകൊണ്ടിരുന്നു. അതിന്റെ ഫലമായി സംഭവിച്ച ജൈവവൈവിധ്യനാശം കനത്തതാണ്. പാരിസ്ഥിതികപഠനമോ ഔചിത്യമോ ഇല്ലാതെയുള്ള ഇത്തരം കവര്‍ന്നെടുക്കലുകള്‍ കേരളത്തിലടക്കം രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും വരള്‍ച്ചയ്ക്കും ഇടയാക്കുന്നു. അന്തരീക്ഷതാപം, മഴ, കാറ്റിന്റെഗതി തുടങ്ങിയവ നിയന്ത്രിക്കുന്നതില്‍ പശ്ചിമഘട്ടത്തിന്റെ പങ്ക് വലുതാണെന്ന് വിദഗ്ധര്‍ ഓര്‍മിപ്പിച്ചിട്ടുള്ളതാണ്. കാലാവസ്ഥാമാറ്റത്തെയും ആഗോളതാപനത്തെയും നേരിടാനുള്ള ഇന്ത്യന്‍ പദ്ധതികളുടെ ഫലപ്രാപ്തി വലിയൊരളവോളം ഈ പ്രദേശത്തിന്റെ സംരക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. വനനശീകരണം പലേടത്തും പശ്ചിമഘട്ടത്തിന്റെ നൈരന്തര്യത്തെത്തന്നെ ബാധിച്ചിട്ടുണ്ട്. ചിലപ്രദേശങ്ങളില്‍ കൃഷിയുടെ പേരിലും വനനശീകരണമുണ്ടായി. പാറപൊട്ടിക്കലും ഖനനവുമാണ് ഈ പ്രദേശം നേരിട്ടുകൊണ്ടിരിക്കുന്ന മറ്റ് ചില വിപത്തുകള്‍.
പശ്ചിമഘട്ടത്തെക്കുറിച്ച് പഠിച്ച പ്രൊഫ. മാധവ് ഗാഡ്ഗില്‍ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അതിന്റെ സ്ഥിതിയെയും പ്രാധാന്യത്തെയും കുറിച്ചെന്നപോലെ സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പറയുന്നു. പാരിസ്ഥിതികപ്രസക്തിയനുസരിച്ച് പശ്ചിമഘട്ടത്തെ മൂന്നു മേഖലകളായി തിരിച്ച സമിതി, ഓരോ പ്രദേശത്തും ചെയ്യാവുന്നതും അരുതാത്തതുമായ പ്രവൃത്തികള്‍ എന്തൊക്കെയെന്നും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ടുകള്‍, ഹില്‍സ്റ്റേഷനുകള്‍ എന്നിവ പാടില്ല, വനഭൂമി വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്. ഖനികള്‍ 2016ഓടെ നിര്‍ത്തണം എന്നിവയടക്കം ഒട്ടേറെ നിര്‍ദേശങ്ങള്‍ സമിതി മുന്നോട്ടുവെക്കുകയുണ്ടായി. ഓരോ മേഖലയുടെയും സ്വഭാവത്തിനനുസരിച്ചാണ് നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. അവയുടെ പ്രായോഗികതയെച്ചൊല്ലി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കുന്നത് ജനജീവിതത്തെയും വികസന പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് ചിലരുടെ ആശങ്ക. അതെന്തായാലും, ലോകപൈതൃകപദവി പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് ബന്ധപ്പെട്ടവരെയെല്ലാം കൂടുതല്‍ ബാധ്യസ്ഥരാക്കുന്നു. സാംസ്‌കാരികമായും പാരിസ്ഥിതികമായും പ്രാധാന്യമുള്ള പ്രദേശങ്ങള്‍ വികസനത്തിന്റെ പേരിലോ അല്ലാതെയോ ഒരു വിധത്തിലും നശിപ്പിക്കപ്പെട്ടുകൂടാ. പ്രകൃതിയോടിണങ്ങിയ വികസനമെന്ന ആശയത്തിന് ഇപ്പോള്‍ ആഗോളതലത്തില്‍ത്തന്നെ പ്രചാരം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പശ്ചിമഘട്ടമടക്കമുള്ള ജൈവ വൈവിധ്യ കലവറകളുടെയെല്ലാം സംരക്ഷണത്തിനും ആ ആശയം പ്രാവര്‍ത്തികമാക്കുകയേ വഴിയുള്ളൂ.
പ്രൊഫ്.
ജോണ്‍ കുരാക്കാര്‍
No comments:
Post a Comment