Pages

Wednesday, July 18, 2012

കലാലയങ്ങള്‍ വീണ്ടും കാലാപാലയങ്ങള്‍ ആയി മാറുന്നു .


കലാലയങ്ങള്‍  വീണ്ടും കാലാപാലയങ്ങള്‍  ആയി മാറുന്നു .
 ചെങ്ങന്നൂരില്‍ കോളേജ്കവാടത്തില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ച സംഭവം കേരളത്തെയാകെ നടുക്കി. കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ അക്രമത്തിനു മുതിരുന്നതു തടയാന്‍ എല്ലാതലങ്ങളിലുംനിന്ന് ഊര്‍ജിതശ്രമം ഉണ്ടാകണമെന്നാണ് ഇതോര്‍മിപ്പിക്കുന്നത്. എ.ബി. വി.പി. നേതാവായ വിശാല്‍കുമാറെന്ന 19-കാരനാണ് കുത്തേറ്റ് ആസ്പത്രിയില്‍ കഴിയവെ മരിച്ചത്. പുതിയ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനെച്ചൊല്ലിയായിരുന്നു വാക്കുതര്‍ക്കവും കത്തിക്കുത്തുമെന്നാണ് റിപ്പോര്‍ട്ട്. കോളേജില്‍ വിദ്യാര്‍ഥിസംഘടനയുണ്ടാക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങളാണ് പലപ്പോഴും ബഹളങ്ങളിലും സംഘട്ടനങ്ങളിലും കലാശിക്കുന്നത്. കലാലയങ്ങളിലെ അക്രമം തടയാന്‍ വിദ്യാര്‍ഥി സംഘടനകള്‍ മാത്രമല്ല, പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കളും ശ്രദ്ധിക്കണം. കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത പ്രായത്തില്‍ അവരെക്കൊണ്ട് ചുടുചോറ് വാരിക്കാനുള്ള ശ്രമം ഉണ്ടാകരുത്. 
കലാലയങ്ങളില്‍ സംഘടനാബലം തെളിയിക്കാനും ആധിപത്യം ഉറപ്പിക്കാനും വിദ്യാര്‍ഥികള്‍ മാത്രമല്ലപുറമേ നിന്നുള്ളവരും എത്താറുണ്ട്. പുസ്തകവും പേനയുമായി പഠിക്കാനെത്തേണ്ടവരുടെ കൈകളില്‍ കത്തിയും കഠാരയും സൈക്കിള്‍ചെയിനുമൊക്കെ എത്തുന്നത് ഇത്തരം ബാഹ്യഇടപെടല്‍ മൂലമാണ്. കലാലയങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍, അക്രമങ്ങള്‍ നടത്തി കൈത്തഴക്കം വന്ന മുതിര്‍ന്നവരും ചിലപ്പോള്‍ വിദ്യാര്‍ഥികളോടൊപ്പമുണ്ടാവും. സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥിസംഘടനകള്‍ക്ക് ബലം പകരുന്നത് ബന്ധപ്പെട്ട രാഷ്ട്രീയകക്ഷികളാണ് എന്നത് പരസ്യമായ രഹസ്യമാണ്. അതിനാല്‍ അക്രമം തടയുന്ന കാര്യത്തിലും രാഷ്ട്രീയസംഘടനകള്‍ക്ക് കാര്യമായ പങ്ക് വഹിക്കാനുണ്ട്. ചെങ്ങന്നൂര്‍സംഭവത്തിന്റെ തുടര്‍ച്ചയായി കൂടുതല്‍ അക്രമങ്ങളുണ്ടാകാന്‍ പാടില്ല. തുടര്‍പ്രകോപനങ്ങള്‍ ഒഴിവാക്കാന്‍ സംഘടനകള്‍ തന്നെ ശ്രദ്ധിക്കണം. വരുംവരായ്കകളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ വാശിയും വൈരാഗ്യവും വെച്ച് ഏറ്റുമുട്ടുന്ന വിദ്യാര്‍ഥികളെ കൂടുതല്‍ അക്രമോത്സുകരാക്കാനല്ല മാതൃസംഘടനാപ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടത്. അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ അവര്‍ക്ക് കഴിയണം.സാര്‍ഥകമായ കലാലയരാഷ്ട്രീയം, യുവതലമുറയില്‍ പഠനകാലത്തുതന്നെ മൂല്യബോധം വളര്‍ത്താന്‍ സഹായകമാകും. അവരില്‍ ജനാധിപത്യത്തെക്കുറിച്ച് ധാരണയുണ്ടാക്കാനും ഐക്യം വളര്‍ത്താനും സംഘടനാപ്രവര്‍ത്തനം നല്ലതാണ്. വിദ്യാര്‍ഥികളെ സമൂഹനന്മയ്ക്കുതകുന്ന പൗരന്മാരായി വളര്‍ത്തിയെടുക്കലാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍ മറിച്ചാണ് ഇന്ന് പലപ്പോഴും സംഭവിക്കുന്നത്. രാഷ്ട്രീയബോധമുള്ള ഉത്തമപൗരന്മാരായി വളര്‍ന്നുവരേണ്ട വിദ്യാര്‍ഥികള്‍ അക്രമത്തിലേക്ക് വഴി തിരിയുന്നതിനെതിരെ രക്ഷിതാക്കളും രംഗത്തുവരണം. വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കേണ്ടത് രക്ഷിതാക്കളും അധ്യാപകരുമാണ്. കര്‍ശന മായ ഉപദേശങ്ങളും നിയന്ത്രണങ്ങളും ശ്രദ്ധിക്കാനോ മനസ്സിലാക്കാനോ വിദ്യാര്‍ഥികളില്‍ പലരും തയ്യാറാ യെന്നു വരില്ല. സ്‌നേഹപൂര്‍വമായ ഇടപെടലിലൂടെ മാത്രമേ ഇത് സാധ്യമാകൂ. പരസ്പരസ്‌നേഹത്തിന്റെയു പങ്കുവെക്കലിന്റെയും സന്ദേശം കുട്ടികൡ ഊട്ടിയുറപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് കാര്യമായ പങ്കുണ്ട്. ചെങ്ങന്നൂര്‍സംഭവം കലാലയരാഷ്ട്രീയത്തില്‍ കാണുന്ന ദുഷ്‌നപ്രവണതകള്‍ക്കെതിരായ പ്രചാരണവും പ്രവര്‍ത്ത നവും ശക്തമാക്കാന്‍ പ്രേരകമാകണം. രാഷ്ട്രീയ സംഘടനകളും അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളുമൊക്കെ ഇക്കാര്യത്തില്‍, മറ്റെല്ലാഭിന്നതകളും മറന്ന് സഹകരിക്കണം. പോലീസിന്റെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാത്രം സമാധാനം നിലനിര്‍ത്താനാവില്ല.

പ്രൊഫ് .ജോണ്‍ കുരാക്കാര്‍

No comments: