മാധുര്യവും ചൂടുംപകര്‍ന്നു തന്ന കര്‍ക്കിടകത്തിലെ മഴ

'എന്തൊരു നശിച്ച മഴ, എപ്പോ തുടങ്ങിയതാ... ഇതിനി
എപ്പോഴാ തോരുക? ഇക്കുറി ഇതു വളരെ നേരത്തെയാണല്ലോ? മനുഷ്യനൊന്നു പുറത്തിറങ്ങാന്‍ വയ്യാതായല്ലോ? ഒരൊറ്റ
ഡ്രസ്സ് ഉണങ്ങുന്നില്ല. ശോ ..മടുത്തു... 'ഇതൊക്കെ മഴക്കാലം
നന്നായൊന്നു കനത്താല്‍ ഉള്ള പ്രതികരണങ്ങളും ആത്മഗതങ്ങളും. 'ഇതെന്തായിത്?
മിഥുന മാസമാണെന്ന് ആരെങ്കിലും പറയുമോ? മനുഷ്യന്‍
വെന്തു ചാവുകയാ.. ഇതെന്തു ചൂടായിത്? കിണറ്റിലാണെങ്കില്‍
തുള്ളി വെള്ളമില്ല. ഇക്കുറി ഇനിയെന്നാണാവോ മഴ പെയ്യുക? കാലം
പോയ പോക്കേ ..'മഴക്കാലം തുടങ്ങാന്‍ വൈകിയാല്‍
ഇങ്ങനെയായിരിക്കും പ്രതികരണം. പിന്നെയുള്ളത് താരതമ്യങ്ങള്‍ ആണ്. ' ഇപ്രാവശ്യം കഴിഞ്ഞ പ്രാവശ്യത്തെ അത്ര മഴയില്ല. കഴിഞ്ഞതവണ
മഴയില്ലാത്തതിന്റെ കൂടി ഇത്തവണ പലിശയടക്കം മഴ പെയ്യുന്നുണ്ട്. ' അങ്ങനെ പോകുന്നു.. രണ്ടായാലും മഴ എന്നും മനോഹരമായ ഒരനുഭൂതിയാണ്.
രാത്രിമഴയുടെ സംഗീതം ...അതിനു ഗുലാം അലിയുടെ ഗസലിനോളമോ ഒരു പക്ഷെ അതിനേക്കാള്‍
ഏറെയോ മാധുര്യമില്ലേ? കുട്ടിക്കാലത്ത് ഉയരം കുറഞ്ഞ ഓട്ടിന്‍
പുറത്തു ചന്നം പിന്നം പെയ്യുന്ന മഴ തീര്‍ത്തിരുന്ന താളത്തിന് സക്കീര്‍ ഹുസൈന്റെ
തബലയോളമോ അതിനേക്കാള്‍ ഏറെയോ താളവും ലയവും ഉണ്ടായിരുന്നില്ലേ? ആര്‍ത്തിരമ്പി പെയ്യുന്ന മഴയത്ത് നാട്ടിലെ തറവാട്ടു വീടിന്റെ
ഉമ്മറക്കോലായില്‍ ഇരുന്നു തൊടിയിലേക്ക് നോക്കുമ്പോള്‍ കാണുന്ന ആ കാഴ്ചയാണോ രവിവര്‍മച്ച്ചിത്രമാണോ
കൂടുതല്‍ മനോഹരം എന്ന് ചോദിച്ചാല്‍ ഒരു നിമിഷം ശങ്കിച്ചു പോവില്ലേ ഉത്തരം പറയാന്‍? മനസ്സിലെ വീണയിലെ തന്ത്രികളില്‍ പ്രണയത്തിന്റെ സംഗീതം മീട്ടുന്ന നീണ്ടു
മെലിഞ്ഞ ആ മനോഹരാന്ഗുലികള്‍ മഴയുടെതല്ലാതെ പിന്നെയാരുടെതാണ്? പ്രണയിനിയുടെ കവിളിലെ ചിരിക്കുമ്പോള്‍ വിരിയുന്ന ആ നുണക്കുഴികള്‍ക്കോ
മഴയത്ത് പെട്ടെന്ന് ഉദിക്കുന്ന വെയിലിനോ ഏറെ ഭംഗി? പുതുമഴ
പെയ്യുമ്പോള്‍ മണ്ണില്‍ നിന്നുയരുന്ന ഗന്ധമോ പ്രിയതമയുടെ മുടിയിഴകളില്‍
നിന്നുയരുന്ന കാച്ചിയ എണ്ണയുടെയും മുല്ലപ്പൂവിന്റെയും സമ്മിശ്ര ഗന്ധമോ കൂടുതല്‍
മത്തു പിടിപ്പിക്കുക? തുള്ളിക്കൊരുകുടം മഴ പെയ്യുന്ന പുലര്‍കാലത്ത്
ഞായറാഴ്ചയുടെ ആലസ്യത്തില്‍ കാലുകള്‍ക്കിടയില്‍ കയ്യും തിരുകി അമ്മയുടെ
ഗര്ഭാപാത്രതിലെന്നപോലെ പുതപ്പിനുള്ളില്‍ ചുരുണ്ടുകിടക്കുമ്പോള്‍ കിട്ടുന്ന സുഖം
പോലൊന്ന് വേറെയേതുണ്ട് ? കുടയെടുക്കാന്‍ മറന്ന ദിവസം
അപ്രതീക്ഷിതമായി പെയ്ത മഴനനഞ്ഞ് വീട്ടില്‍ കയറിവന്ന ആ ദിവസം ദേഹത്ത് ചേര്‍ത്ത്
നിറുത്തി സാരിത്തലപ്പുകൊണ്ട് തലതുവര്ത്തിത്തന്നു അമ്മയിട്ടു തന്ന ആ
ചക്കരക്കാപ്പിയുടെ മാധുര്യവും ചൂടും മറ്റെന്തിനുണ്ടായിരുന്നു? പ്രകൃതിയെ അങ്ങേയറ്റം ദ്രോഹിക്കുകയും നിന്ദിക്കുകയും ചെയ്തിട്ടും
ഇപ്പോഴും വരുണ ദേവന്റെ അനുഗ്രഹത്തില്‍ അല്പം ബാക്കി നില്‍ക്കുന്നത് കൊണ്ട് മഴ
ലഭിക്കുന്ന കേരളത്തില്‍ ജനിക്കാനും ജീവിക്കാനും ഭാഗ്യം ലഭിച്ചവര്‍ നമ്മള്‍
മലയാളികള്‍ അല്ലാതെ വേറെയാരുണ്ട്?
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment