Pages

Sunday, July 15, 2012

ഡോക്ടറുടെ അശ്രദ്ധയും ഇന്‍ഷുറന്‍സ് ആനുകൂല്യം




ഡോക്ടറുടെ അശ്രദ്ധയും
 ഇന്‍ഷുറന്‍സ് ആനുകൂല്യം

ഡോക്ടറുടെ അശ്രദ്ധ മൂലം രോഗി മരിച്ചാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന ദേശീയ ഉപഭോക്തൃതര്‍ക്കപരിഹാരഫോറത്തിന്റെ വിധി എല്ലാ നിലയ്ക്കും സ്വാഗതാര്‍ഹമാണ്. ഉപഭോക്താക്കളുടെ ന്യായമായ അവകാശങ്ങള്‍ ഏതു സാഹചര്യത്തിലും സംരക്ഷിക്കപ്പെടണമെന്ന് അത് വ്യക്തമാക്കുന്നു. ഡോക്ടറുടെ അശ്രദ്ധ മൂലമുള്ള രോഗിയുടെ മരണത്തെ അപകടമരണമായി കണക്കാക്കി ബന്ധപ്പെട്ടവര്‍ക്ക് അപകടമരണ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ഫോറം വിധിച്ചത്. ഹരിയാണസ്വദേശി നരേന്ദര്‍ സിങ് നല്‍കിയ ഹര്‍ജി ഫോറം പരിഗണിച്ചപ്പോള്‍, ശസ്ത്രക്രിയയ്ക്കിടെയുള്ള മരണത്തെ അപകടമരണമായി കണ്ട് ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വാദിച്ചത്. ഈ സംഭവത്തില്‍ ഇന്‍ഷുര്‍ ചെയ്ത വ്യക്തി മരിച്ചത് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുമ്പോഴായതിനാല്‍ അതിനെ അപകടമരണമായിത്തന്നെ കണക്കാക്കണമെന്നും ആ വ്യക്തിയുടെ ബന്ധുവിന് ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കാനുള്ള കടമയില്‍ നിന്ന് എല്‍.ഐ.സിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും ഫോറം വ്യക്തമാക്കി. ഡോക്ടര്‍മാരുടെ അശ്രദ്ധകൊണ്ടല്ല രോഗിമരിച്ചതെന്ന വാദം ഫോറം അംഗീകരിച്ചില്ല. അനസ്‌തേഷ്യവിദഗ്ധനെ വിളിക്കാതെ ഡോക്ടര്‍ ശസ്ത്രക്രിയനടത്തിയതുതന്നെ സേവനത്തിലെ വീഴ്ചയെയാണ് കാണിക്കുന്നതെന്ന് ഫോറം ബെഞ്ച് വിലയിരുത്തി.ഡോക്ടറുടെ അശ്രദ്ധയോ ചികിത്സയിലെ പിഴവോ മൂലം രോഗി മരിക്കുന്നത് ഇന്ത്യയില്‍ അസാധാരണമല്ല. രോഗിയുടെ മരണകാരണം ഡോക്ടറുടെ അശ്രദ്ധയാണെന്ന സംശയമുണ്ടായാല്‍ത്തന്നെ പലരും പരാതിപ്പെടാന്‍ മുതിരാറില്ല. കിട്ടുന്ന പരാതികളില്‍ പലതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടക്കാറുമില്ല. ചികിത്സയിലെ അശ്രദ്ധയെന്നപോലെ ഗൗരവമായതാണ് അതിനെക്കുറിച്ച് അന്വേഷണം നടക്കാത്ത സ്ഥിതിവിശേഷവും. രണ്ടിന്റെയും ദുഷ്ഫലം അനുഭവിക്കേണ്ടിവരുന്നത് രോഗിയും ബന്ധുക്കളുമാണ്. രോഗിയുടെ മരണം ഡോക്ടറുടെ അശ്രദ്ധമൂലമെന്നു വ്യക്തമായിരിക്കെ, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും ഇതുതന്നെയാണ് സ്ഥിതി. ഡോക്ടറില്‍ വിശ്വാസമര്‍പ്പിച്ചാണ് രോഗികള്‍ ചികിത്സയ്‌ക്കെത്തുന്നത്. ആ നിലയ്ക്ക് ഡോക്ടറുടെ അനാസ്ഥകൊണ്ട് രോഗി മരിച്ചാല്‍, ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന്റെ കാര്യത്തില്‍, അതിനെ അപകടമരണമായിത്തന്നെ കണക്കാക്കണം.

അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ ആശ്രിതര്‍ സാമ്പത്തികമായി കഷ്ടപ്പെടാതിരിക്കാനാണ് പലരും ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരുന്നത്. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട ബാധ്യത ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ട്. നീതിയും ധാര്‍മികതയുമായിരിക്കണം ആ പ്രവര്‍ത്തനത്തിന് അടിസ്ഥാനം. ദൗര്‍ഭാഗ്യവശാല്‍, പലപ്പോഴും അതല്ല കണ്ടുവരുന്നത്. ഏതെങ്കിലും തരത്തിലുള്ള സാങ്കേതികതയുടെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാനോ തടഞ്ഞുവെക്കാനോ അധികൃതര്‍ മുതിരുന്നതായി പലപ്പോഴും പരാതി ഉണ്ടാകുന്നു. ഇത് ബന്ധുക്കള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഊഹിക്കാവുന്നതേയുള്ളു.പലര്‍ക്കും ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടാന്‍ ഒടുവില്‍ നീതിപീഠത്തെ അഭയം പ്രാപിക്കേണ്ടിവരുന്നു. ഇന്‍ഷുര്‍ ചെയ്ത വ്യക്തി മരിച്ചാല്‍ ബന്ധുക്കള്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാന്‍ മുന്‍പൊക്കെ കാലതാമസം നേരിട്ടിരുന്നു. ഇപ്പോള്‍ ആസ്ഥിതി മാറിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ ലളിതമാക്കിയതാണ് അതിനുകാരണം. ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന കാര്യത്തിലും കുറച്ചുകൂടി ഔദാര്യവും ഉത്തരവാദിത്വവുമുള്ള സമീപനം ഇന്‍ഷുറന്‍സ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് ഉപഭോക്തൃതര്‍ക്കപരിഹാര ഫോറം ഓര്‍മിപ്പിച്ചിരിക്കുന്നത്. ആനുകൂല്യങ്ങള്‍ നല്‍കുന്നതു സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സാങ്കേതികതയ്ക്ക് അമിതപ്രാധാന്യം നല്‍കുകയും സാമാന്യനീതി, ധാര്‍മികത എന്നിവയെ അവഗണിക്കുകയും ചെയ്യുന്നത് ആശാസ്യമല്ല. അപകടമരണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, വാഹനാപകടങ്ങള്‍, കൃഷിനാശം തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുമ്പോഴും ചിലപ്പോള്‍ ഈ രീതി അനുവര്‍ത്തിച്ചു കാണാറുണ്ട്. ഇക്കാര്യത്തില്‍ ഉപഭോക്തൃസൗഹൃദത്തിലധിഷ്ഠിതമായ നടപടികളാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: