Pages

Friday, July 13, 2012

ഭൂഗര്‍ഭജലം പൊതുസമ്പത്താണ്. തികഞ്ഞ ശ്രദ്ധയോടെ പരിപാലിക്കണം


ഭൂഗര്‍ഭജലം പൊതുസമ്പത്താണ്. തികഞ്ഞ ശ്രദ്ധയോടെ പരിപാലിക്കണം
 തികഞ്ഞ ശ്രദ്ധയോടെ പരിപാലിക്കേണ്ട സമ്പത്താണ് ജലമെന്ന് കാലം തെളിയിച്ചുകഴിഞ്ഞു. ഒരു നിയന്ത്രണവുമില്ലാതെ ജലസമ്പത്ത് ചൂഷണം ചെയ്യുന്നതുമൂലം സംസ്ഥാനത്തും രാജ്യത്തൊട്ടാകെയും വെള്ളക്ഷാമം രൂക്ഷമാകുകയാണ്. ഭൂഗര്‍ഭജലവിതാനവും അപകടകരമായി താഴുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അടുത്ത ലോകമഹായുദ്ധം വെള്ളത്തിനു വേണ്ടിയാവുമെന്ന് ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പ് തന്നു കഴിഞ്ഞു. എന്നാല്‍, നമ്മുടെ ലാഭക്കൊതിയും ആര്‍ത്തിയും മൂലം ഉപരിതലജലം മത്രമല്ല, ഭൂഗര്‍ഭജലവും വന്‍തോതില്‍ നഷ്ടപ്പെടുന്നു. ഭൂഗര്‍ഭജലം പൊതുസ്വത്തായി കണ്ട് വിനിയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നത് ആശ്വാസകരമാണ്. ജലവിഭവമന്ത്രാലയത്തിന്റെ ഉപദേശക സമിതി യോഗത്തിലാണ് മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ഇക്കാര്യം പറഞ്ഞത്. പുതിയ ജലനയത്തില്‍ ഇത് ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. 
ഭൂഗര്‍ഭജലം പൊതുസമ്പത്താക്കുകയും ഇത് എടുക്കുന്നതിന് കണക്കു വെക്കുകയും അമിത ഊറ്റല്‍ കണ്ടെത്തി തടയുകയും വേണം. സ്വന്തം ഭൂമിയില്‍ കുഴല്‍ക്കിണര്‍ ഉണ്ടാക്കിയാല്‍ ആര്‍ക്കും ഭൂഗര്‍ഭജലം ഊറ്റാം. എത്ര വെള്ളം എടുക്കുന്നുവെന്നതിന് കണക്കില്ല. ഈ അവസ്ഥയില്‍ മാറ്റം വരണം. എടുക്കുന്ന വെള്ളത്തിന് വില നല്‍കണമെന്ന് വരുമ്പോള്‍ ചൂഷണം കുറയുമെന്ന് കരുതപ്പെടുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് ശരിയായിരിക്കാം. എന്നാല്‍ വന്‍കിട ഫാക്ടറികള്‍ക്ക് വില പ്രശ്‌നമേ ആകില്ല. ഭൂഗര്‍ഭജലത്തിന് വില നല്‍കേണ്ടിവന്നാലും അവര്‍ അമിതമായ ഊറ്റല്‍ തുടരും. അതിനാല്‍ എടുക്കുന്ന വെള്ളത്തിന്റെ അളവ് വിലയിരുത്താനും പരിധിവിടുമ്പോള്‍ അത് നിര്‍ത്തിവെക്കാനുമാണ് സംവിധാനം വേണ്ടത്. ഇത് നിരീക്ഷിക്കാനും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും കഴിയണം. ഓരോ പ്രദേശത്തെയും ഭൂഗര്‍ഭജലത്തിന്റെ ലഭ്യതയാണ് ആദ്യം പഠിക്കേണ്ടത്. ഇതില്‍നിന്ന് എത്രത്തോളം വിനിയോഗിക്കാമെന്നും മനസ്സിലാക്കണം. ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തിലാവണം ഉപയോഗത്തിന്റെ പരിധി നിശ്ചയിക്കുന്നത്. കുഴല്‍ക്കിണറിന് ലൈസന്‍സ് ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഇത് സാധ്യമാകൂ. അമിത ജലചൂഷണം മൂലം ഉണ്ടാകാവുന്ന മറ്റ് പ്രശ്‌നങ്ങളെന്തൊക്കെയെന്നും പഠിക്കണം. ഇതിനകം നടന്ന ജലചൂഷണം പരിസ്ഥിതിക്ക് വരുത്താവുന്ന ആഘാതമെന്തെന്നും അത്തരം പ്രശ്‌നങ്ങള്‍ക്ക് എന്ത് പരിഹാരനടപടി സ്വീകരിക്കാനാവുമെന്നും പരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ കര്‍മപദ്ധതി തയ്യാറാക്കുകയും വേണം. അമിതമായി ഭൂഗര്‍ഭജലം ഊറ്റുന്നതിനാല്‍ സംസ്ഥാനത്ത് പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പ്രദേശത്ത് ജലവിതാനം ഓരോ വര്‍ഷവും 15 സെന്‍ീമീറ്റര്‍ വീതം താഴുന്നുണ്ടെന്നാണ് സൂചന. ചിറ്റൂരില്‍ ഭൂഗര്‍ഭജലത്തിന്റെ ലഭ്യതയേക്കാള്‍ കൂടുതല്‍ ഊറ്റുന്നുണ്ടന്നാണ് കേന്ദ്ര, സംസ്ഥാന ഭൂജലവകുപ്പുകള്‍ നടത്തുന്ന പഠനത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആശങ്കാജനകമാണ് ഈ സ്ഥിതി വിശേഷം. ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല. വടക്കുപടിഞ്ഞാറുള്ള സംസ്ഥാനങ്ങളിലും സ്ഥിതി മോശമാണ്. പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍, ന്യൂ ഡല്‍ഹി എന്നീ പ്രദേശങ്ങളുള്‍പ്പെടുന്ന ഈ മേഖലയില്‍ മൂന്നു കൊല്ലം കൊണ്ട് ഭൂഗര്‍ഭജലവിതാനം ഒരു മീറ്റര്‍ താഴ്ന്നുവെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആറ് കൊല്ലം കൊണ്ട് ഈ മേഖലയില്‍ നിന്ന് വന്‍തോതില്‍ ഭൂഗര്‍ഭജലം ഊറ്റിയെടുത്തു. ഇത്തരത്തിലുള്ള അമിത ജലചൂഷണം ഏറെക്കാലം തുടരാനാവില്ല എന്നുറപ്പാണ്. ഭൂഗര്‍ഭജലവിനിയോഗത്തിന് എത്രയുംവേഗം നിയന്ത്രണം കൊണ്ടുവന്നാല്‍ മാത്രമേ ഇതുമൂലമുള്ള അത്യാപത്ത് ഒഴിവാക്കാനാകൂ. പല രാജ്യങ്ങളും ഇതിനകം ഭൂഗര്‍ഭജലത്തെ ദേശീയസമ്പത്തായി പ്രഖ്യാപിച്ച് സംരക്ഷണത്തിന് നടപടിയാരംഭിച്ചിട്ടുണ്ട്. പൊതുസ്വത്തെന്ന നിലയില്‍ ഭൂഗര്‍ഭജലം സംരക്ഷിക്കുന്നതിന്റെ ബാധ്യത സര്‍ക്കാറിനു മാത്രമല്ല, വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുണ്ട്. ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതിനനുസൃതമായി അവിടെ ജലം പുതുതായി സംഭരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ശാസ്ത്രീയ മാര്‍ഗങ്ങള്‍ ആരായണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: