Pages

Wednesday, July 11, 2012

വല്ലാര്‍പാടംപദ്ധതിയും കബോട്ടാഷ് നിയമവും


വല്ലാര്‍പാടംപദ്ധതിയും

  കബോട്ടാഷ് നിയമവും



വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് കബോട്ടാഷ് നിയമത്തില്‍ ഇളവ് ലഭിക്കാന്‍ വൈകുന്നത് പദ്ധതിയുടെ പുരോഗതിയെ കാര്യമായി ബാധിക്കുന്നു. കണ്ടെയ്‌നറുകള്‍ പരിശോധിക്കുന്നകാര്യത്തില്‍ പ്രത്യേക സാമ്പത്തികമേഖലാ അധികൃതരും കസ്റ്റംസും തമ്മിലുണ്ടായ തര്‍ക്കം ഈയിടെയാണ് പരിഹരിച്ചത്. പരിശോധനാ അധികാരം ആര്‍ക്കാണെന്ന കാര്യത്തിലായിരുന്നു തര്‍ക്കം. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടുകയുണ്ടായി. ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് ഇരുവിഭാഗത്തിനും പരാതികളില്ലാത്ത വിധം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. വല്ലാര്‍പാടത്ത് കണ്ടെയ്‌നറുകള്‍ എത്തുമ്പോള്‍ ഇനി കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നാശിക്കാം. സമാധാനപരമായ അന്തരീക്ഷത്തില്‍ ജോലികള്‍ നടക്കുമെന്നും ഉറപ്പായിരിക്കുന്നു. കബോട്ടാഷ് നിയമത്തില്‍ ഇളവു ലഭിച്ചാലേ ഇതുകൊണ്ടെല്ലാം പ്രയോജനമുണ്ടാകൂ. കമ്മീഷന്‍ചെയ്ത് 17 മാസങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷ്യത്തിന്റെ അടുത്തുപോലും എത്താന്‍ വല്ലാര്‍പാടം പദ്ധതിക്ക് കഴിഞ്ഞിട്ടില്ല. ആദ്യവര്‍ഷത്തെ കണക്കനുസരിച്ച് വളരെ താഴെയാണ് വളര്‍ച്ചാനിരക്ക്. അതിനനുസൃതമായി കൊച്ചി തുറമുഖത്തിനും നഷ്ടം വര്‍ധിക്കുന്നു.
രാജ്യത്തെ ഒരു തുറമുഖത്തുനിന്ന് മറ്റൊരു തുറമുഖത്തേക്ക് ചരക്ക്‌നീക്കം നടത്തുവാനുള്ള അവകാശം, ഇന്ത്യയില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള കപ്പലുകള്‍ക്ക് മാത്രമാണെന്ന് കബോട്ടാഷ് നിയമം അനുശാസിക്കുന്നു. എന്നാല്‍ ഈ രീതിയില്‍ ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് ഫീഡര്‍ സര്‍വീസ് നടത്തുന്നതിന് വേണ്ടത്ര കപ്പലുകള്‍ ലഭ്യമല്ല. വിദേശകപ്പലുകള്‍ ഉപയോഗിക്കുവാന്‍ വിലക്കുമുണ്ട്. വല്ലാര്‍പാടത്തുനിന്ന് മറ്റ് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് ചരക്കുനീക്കുന്നതിന് വിദേശകപ്പലുകളെ അനുവദിച്ചാല്‍, വല്ലാര്‍പാടത്തേക്ക് വന്‍തോതില്‍ കണ്ടെയ്‌നറുകള്‍ എത്തുമെന്നാണ് പ്രതീക്ഷ. പ്രതിവര്‍ഷം 10 മുതല്‍ 30 ലക്ഷം വരെ കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നതിന് സ്ഥാപിച്ച ടെര്‍മിനലിന്റെ പ്രവര്‍ത്തനം, ഏതാനും ഇന്ത്യന്‍ കപ്പലുകളെമാത്രം ആശ്രയിച്ച് മുന്നോട്ടുകൊണ്ടുപോകുന്നത് പ്രായോഗികമല്ല. കബോട്ടാഷ് നിയമം നേരത്തേ നിലവിലുള്ളതാണ്. എന്നാല്‍ അക്കാലത്ത് ഇന്ത്യയില്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. രാജ്യത്ത് ആദ്യമായി ഒരു ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ തുടങ്ങുമ്പോള്‍, അതിന് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നവിധത്തില്‍ നിയമങ്ങളും പരിഷ്‌കരിക്കണം. നിലവിലുള്ള നിയമം, രാജ്യം വലിയ പ്രതീക്ഷ അര്‍പ്പിക്കുന്ന, വല്ലാര്‍പാടം പദ്ധതിക്ക് തിരിച്ചടിയായി മാറരുത്. 1700 കോടി രൂപയാണ് വല്ലാര്‍പാടംപദ്ധതിക്കായി ചെലവഴിച്ചത്. 

മുംബൈയില്‍ ജവാഹര്‍ലാല്‍ നെഹ്രു പോര്‍ട്ട്ട്രസ്റ്റും (ജെ.എന്‍.പി.ടി.) ആരംഭഘട്ടത്തില്‍ ഇതുപോലെ പ്രതിസന്ധി നേരിട്ടിരുന്നു. മുംബൈ തുറമുഖത്തിന് മാത്രമായി കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കിയാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്. രണ്ട് ഘട്ടങ്ങളിലായി ആറ് വര്‍ഷം മുംബൈ ജെ.എന്‍.പി.ടിക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇളവു നല്‍കി. ആ തുറമുഖം പിന്നീട് അതിവേഗം വളര്‍ന്നു. ഇതുപോലെ വല്ലാര്‍പാടത്തിനും ഇളവ് നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാം. ആദ്യഘട്ടത്തില്‍ അഞ്ച് വര്‍ഷത്തേക്കെങ്കിലും ഇളവ് അനുവദിക്കണം. കബോട്ടാഷ് നിയമത്തില്‍ ഇളവ് അനുവദിച്ച് കൊച്ചിയെ രക്ഷപ്പെടുത്തണമെന്ന് പാര്‍ലമെന്റ് ഉപസമിതി നിര്‍ദേശിച്ചിരുന്നു. ഏറ്റവും ഒടുവില്‍ കേന്ദ്ര ആസൂത്രണക്കമ്മീഷനും ഇളവ് അനുവദിക്കാമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കണ്ടെയ്‌നറുകള്‍ കൊളംബോ, സലാല, സിങ്കപ്പൂര്‍ തുടങ്ങിയ വിദേശ തുറമുഖങ്ങളില്‍ കൈകാര്യം ചെയ്യുന്നതുവഴി പ്രതിവര്‍ഷം 3000 കോടി രൂപയുടെ നഷ്ടം ഇന്ത്യന്‍ വ്യവസായസമൂഹത്തിന് ഉണ്ടാകുന്നതായാണ് കണക്ക്. ഈ നഷ്ടം ഒഴിവാക്കുന്നതിനും വല്ലാര്‍പാടം, ലക്ഷ്യമിട്ടതുപോലെ പ്രവര്‍ത്തിച്ചാലേ കഴിയൂ. കബോട്ടാഷ് നിയമത്തില്‍ ഇളവുവരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്, പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. വല്ലാര്‍പാടത്തുനിന്ന് കാര്യമായ വരുമാനം ലഭിക്കാതെ കൊച്ചിത്തുറമുഖത്തിനും മുന്നോട്ടുപോകാന്‍ പ്രയാസമായിരിക്കും. സാഹചര്യം ഇതായിരിക്കെ, കബോട്ടാഷ് നിയമത്തില്‍ ഇളവ് അനുവദിക്കുന്നതിന് താമസമുണ്ടാകരുത്. പരിശോധനാതര്‍ക്കം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കാണിച്ച താത്പര്യം ഈ ഇളവിന്റെ കാര്യത്തിലും ഉണ്ടാകണം.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍




No comments: