Pages

Wednesday, July 4, 2012

കൊച്ചി മെട്രോറെയിന് എന്നസ്വപ്നപദ്ധതി


കൊച്ചി മെട്രോറെയിന്
 എന്നസ്വപ്നപദ്ധതി

ഒടുവില്‍ ആ ശുഭവാര്‍ത്തയെത്തി . കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോറെയിലിന് കേന്ദ്ര അംഗീകാരം ലഭിച്ചു. രണ്ട് ദശാബ്ദമായി കേരളം ചര്‍ച്ചചെയ്തുവരുന്ന പദ്ധതി, ഒട്ടേറെ കടമ്പകള്‍ കടന്നാണ് ഇപ്പോള്‍ അംഗീകാരം നേടിയെടുത്തിരിക്കുന്നത്. ഒരു ഘട്ടത്തില്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയിട്ട് ധനമന്ത്രാലയത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി മാറ്റിവെക്കുകയുണ്ടായി. കേരളത്തില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്നാണ് വീണ്ടും പദ്ധതിപ്രശ്‌നം ചൂടുപിടിച്ചത്. കക്ഷിഭേദമെന്യേ എല്ലാ ഭാഗത്തുനിന്നും പദ്ധതിക്കുവേണ്ടിയുള്ള സമ്മര്‍ദം മുറുകി. കേരളത്തിന്റെ ഒന്നാമത്തെ ആവശ്യമായി കൊച്ചി മെട്രോപദ്ധതി വീണ്ടും ഡല്‍ഹിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ കേന്ദ്രത്തിന് അനുമതി നല്‍കാതെ നിവൃത്തിയില്ലെന്നായി. ചെന്നൈ മോഡലില്‍ പൊതുമേഖലയിലാണ് കൊച്ചിപദ്ധതിയും നടപ്പാക്കാന്‍ പോകുന്നത്. 5184 കോടിയുടെ പദ്ധതിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ 15 ശതമാനം വീതം ഓഹരി പങ്കാളിത്തം വഹിക്കും. 

ജപ്പാന്‍ ഇന്റര്‍ നാഷണല്‍ കോര്‍പ്പറേഷനില്‍ ( ജിക്ക ) നിന്നാണ് പദ്ധതിക്കായി വായ്പയെടുക്കുന്നത്. വായ്പ നല്‍കാമെന്ന് ജപ്പാന്‍ ഏജന്‍സി തത്ത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. 1.5 ശതമാനം പലിശയ്ക്കാണ് വായ്പ നല്‍കുന്നത്. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയെന്ന കാര്യമാണ് സംസ്ഥാനസര്‍ക്കാറിന് ഏറ്റവും പ്രധാനമായി ചെയ്യാനുള്ളത്.
 വായ്പയില്‍ നിന്നുള്ള പണം ലഭിക്കുന്നതിന് മുന്‍പ് കേന്ദ്ര, സംസ്ഥാനസര്‍ക്കാറുകളുടെ പണം കൊണ്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടി വരും. കേന്ദ്ര ബജറ്റില്‍ 60 കോടി രൂപയും സംസ്ഥാനബജറ്റില്‍ 150 കോടിയുമാണ് ഇപ്പോള്‍ മാറ്റി വെച്ചിട്ടുള്ളത്. ഈ തുക വര്‍ധിപ്പിക്കേണ്ടതുണ്ട്. നിലവിലുള്ള കൊച്ചി മെട്രോ റെയില്‍ കമ്പനിയുടെ ഘടനയിലും ഉടനെ മാറ്റം വരുത്തേണ്ടിവരും. കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധികളെക്കൂടി കമ്പനിയില്‍ ഉള്‍പ്പെടുത്തേണ്ടിവരും. കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ ചെയര്‍മാന്‍ സ്ഥാനം കേന്ദ്രത്തിന് അവകാശപ്പെട്ടതായിരിക്കും. കേന്ദ്ര നഗരവികസന സെക്രട്ടറിയാണ് സാധാരണ മെട്രോയുടെ ചെയര്‍മാനായി വരിക. എന്നാല്‍ കമ്പനിയുടെ ചെയര്‍മാനായി 'മെട്രോ മാന്‍' ഇ. ശ്രീധരനെ നിയമിക്കണമെന്നാണ് സംസ്ഥാനസര്‍ക്കാറിന്റെ ആഗ്രഹം. കേന്ദ്രപ്രതിനിധിയായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുന്‍ എം.ഡി. കൂടിയായ ഇ. ശ്രീധരനെ നിയമിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടേക്കുമെന്നുതന്നെയാണ് കരുതുന്നത്. 

നാലുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കണക്കാക്കപ്പെടുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ തീര്‍ക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഇ. ശ്രീധരന്‍ പ്രകടിപ്പിച്ചിട്ടുള്ളത്. ഈ രംഗത്ത് അദ്ദേഹത്തിനുള്ള പ്രവൃത്തിപരിചയം കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിന് മുതല്‍ക്കൂട്ടാവും.
 
അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി അന്തിമ തീരുമാനമെടുക്കേണ്ട കാര്യങ്ങളുമുണ്ട്. ഇടപ്പള്ളി, വൈറ്റില എന്നിവിടങ്ങളില്‍ മേല്‍പ്പാലത്തിന് പദ്ധതിയുള്ളതിനാല്‍ ഇവിടെ മെട്രോ റെയിലിന്റെ തൂണുകള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കണം.
 
വൈറ്റില മുതല്‍ പേട്ടവരെയുള്ള ഭാഗത്തെ അലൈന്‍മെന്റുകാര്യത്തിലും അന്തിമമായ തീരുമാനം വരേണ്ടതുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിലേക്ക് മെട്രോ റെയില്‍ സ്റ്റേഷന്‍ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. അവിടെ നിന്ന് പ്രധാന റോഡിലേക്ക് കടക്കാതെ സില്‍വര്‍ സാന്‍ഡ് ഐലന്റിലൂടെ പേട്ടയിലേക്ക് എത്തിക്കുന്ന ദിശയാണ് ഒടുവില്‍ ചര്‍ച്ചചെയ്തിട്ടുള്ളത്. ഇക്കാര്യത്തിലും അന്തിമ തീരുമാനം വേഗം എടുക്കണം.
 

മെട്രോ റെയിലിന്റെ സ്റ്റേഷനില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കുന്നതെങ്ങനെയെന്നതിനെക്കുറിച്ച് കുസാറ്റ് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തിലും വേഗം തീരുമാനം ഉണ്ടാകണം. പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനായി വിജ്ഞാപനം ഉടനെ ഇറക്കേണ്ടതുണ്ട്. കൊച്ചിയില്‍ ഏറ്റവുംവലിയ കീറാമുട്ടിയാണ് സ്ഥലം ഏറ്റെടുക്കല്‍. 32 ഹെക്ടറോളം സ്ഥലമാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി ഏറ്റെടുക്കേണ്ടത്.
 
ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്ന തരത്തിലുള്ള ഇടപെടലായിരിക്കണം ഇക്കാര്യത്തില്‍ അധികൃതരില്‍ നിന്ന് ഉണ്ടാകേണ്ടത്. സ്ഥലമേറ്റെടുക്കല്‍ സമയബദ്ധമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലുള്ള പാക്കേജുകള്‍ ആവിഷ്‌കരിക്കുകയും വേണം. സ്ഥലമേറ്റെടുക്കല്‍ നീണ്ടുപോയാല്‍ അത് പദ്ധതിയുടെ ഭാവിയെത്തന്നെ ബാധിക്കും.

പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: