Pages

Wednesday, June 13, 2012

SECURITY FOR MIGRANT WORKERS


അന്യസംസ്ഥാനകള്‍ക്ക്  സൗകര്യവും സുരക്ഷയുംഏര്‍ പെടുത്തണം

കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പാര്‍പ്പിടങ്ങളില്‍ പലതിന്റെയും സ്ഥിതി അതിശോചനീയമാണ്. കൊച്ചിയില്‍ ഇവര്‍ പാര്‍ക്കുന്ന ചില ക്യാമ്പുകളില്‍ ഈയിടെ മിന്നല്‍പരിശോധന നടത്തിയ ആരോഗ്യവകുപ്പ് സ്‌ക്വാഡ് ദയനീയമായ കാഴ്ചകളാണ് കണ്ടത്. രണ്ടുക്യാമ്പുകള്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചതില്‍നിന്നു തന്നെ അവയിലെ സ്ഥിതി എന്തായിരുന്നുവെന്ന് ഊഹിക്കാം. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം പോലും അവിടെ ഉണ്ടായിരുന്നില്ല. അമ്പതുപേരെ മാത്രം പാര്‍പ്പിക്കാന്‍ കഴിയുന്ന ഒരുഹാളില്‍ തൊഴിലാളികളെ കുത്തിനിറച്ചിരുന്നു. ക്യാമ്പുകളില്‍ രണ്ടു കുളിമുറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കക്കൂസും പരിസരവും വൃത്തിഹീനമായിരുന്നു. പാചകത്തിന് അടുക്കളപോലും ഉണ്ടായിരുന്നില്ല. ഹാളിനോട് ചേര്‍ന്നുതന്നെ താത്കാലികമായി ഒരുക്കിയ അടുപ്പില്‍ മണ്ണെണ്ണ ഉപയോഗിച്ചാണത്രേ പാചകം ചെയ്തിരുന്നത്. മാലിന്യവും ദുര്‍ഗന്ധവും നിറഞ്ഞ ഇത്തരം പാര്‍പ്പിടത്തിലാണ് മറ്റുപലസ്ഥലങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ കഴിഞ്ഞുകൂടുന്നത്. പരിഷ്‌കൃതസമൂഹത്തിന് അപമാനവും അസ്വാസ്ഥ്യവുമുണ്ടാക്കുന്നതാണ് ഈ സ്ഥിതിവിശേഷം.

കേരളത്തില്‍ ലക്ഷക്കണക്കിന് അന്യസംസ്ഥാനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ദിവസേനയെന്നോണം ഒട്ടേറെപ്പേര്‍ പുതുതായി എത്തുന്നുമുണ്ട്. പറമ്പുകളിലും പാടങ്ങളിലും നിര്‍മാണമേഖലയിലും പണിയെടുക്കുന്നവര്‍ മുതല്‍ വിദഗ്ധതൊഴിലാളികള്‍ വരെ ഇവരിലുള്‍പ്പെടുന്നു. ജോലിക്കാരിലധികവും ഏജന്റുമാര്‍ വഴി എത്തുന്നവരാണ്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മറ്റും ജോലിക്കാരെ എത്തിച്ചുകൊടുക്കുന്ന വലിയൊരു ശൃംഖല കേരളത്തിലുണ്ട്. ജോലിക്കാരുടെ പാര്‍പ്പിടങ്ങളില്‍ അത്യാവശ്യസൗകര്യങ്ങളെങ്കിലുമുണ്ടെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ക്കുകഴിയണം. ഇടനിലക്കാരും മറ്റും ഏര്‍പ്പെടുത്തുന്ന പാര്‍പ്പിടങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. വേണ്ടത്ര സൗകര്യമില്ലാത്ത പാര്‍പ്പിടങ്ങളില്‍ പരിധിയുടെ പലമടങ്ങ് ജോലിക്കാരെ പാര്‍പ്പിച്ച് ലാഭം കൊയ്യുന്നവരും ഈ രംഗത്തുണ്ട്. അത്തരം ഒട്ടേറെ പാര്‍പ്പിടങ്ങളിലെ സ്ഥിതിയും അടുത്തകാലത്ത് പുറത്തുവന്നു. അന്യസംസ്ഥാനക്കാരുടെ നിസ്സഹായതയാണ് ഇക്കൂട്ടര്‍ ചൂഷണം ചെയ്യുന്നത്. പ്രതിഷേധിക്കാനോ അധികൃതരോട് പരാതിപ്പെടാനോ ജോലിക്കാര്‍ പൊതുവേ തയ്യാറാവുകയില്ലെന്നതും ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമാകുന്നു. ചുരുക്കംചില ഇടനിലക്കാരും സ്ഥാപനങ്ങളും മാത്രമേ അന്യസംസ്ഥാനജോലിക്കാര്‍ക്ക് മതിയായ സൗകര്യങ്ങളുള്ള പാര്‍പ്പിടങ്ങള്‍ ഏര്‍പ്പെടുത്താറുള്ളൂ. ജോലിക്കാരുടെ ക്യാമ്പുകളിലെല്ലാം പരിശോധന നടത്തണം. സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും വേണം.

കേരളത്തില്‍ പലേടത്തും മഴക്കാലരോഗങ്ങള്‍ പടരുന്നുണ്ട്. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇത്തരം ക്യാമ്പുകളിലും അനിവാര്യമാണ്. രോഗം ബാധിച്ചവര്‍ക്ക് ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കണം. അന്യസംസ്ഥാനക്കാരെന്നതുകൊണ്ടുമാത്രം അവരുടെ വിഷമതകള്‍ അവഗണിക്കപ്പെട്ടുകൂടാ. സുരക്ഷിതത്വവും അത്യാവശ്യസൗകര്യങ്ങളും അവരും അര്‍ഹിക്കുന്നു. തൊഴിലാളികളെന്ന ഭാവത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് മോഷ്ടാക്കളും തീവ്രവാദികളും മറ്റും കേരളത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അത് ശരിയെന്നു തെളിയിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ അടുത്തകാലത്തുണ്ടായി. നഗരങ്ങളിലെന്നപോലെ നാട്ടിന്‍പുറങ്ങളിലും ഒട്ടേറെ അന്യസംസ്ഥാനക്കാര്‍ ജോലിചെയ്യുന്നസ്ഥിതിക്ക് ഇക്കാര്യത്തില്‍ അധികൃതരും നാട്ടുകാരും ജാഗ്രത പുലര്‍ത്തണം. മറുനാടന്‍ തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ പോലീസ് ഉന്നതതലയോഗം ഈയിടെ തീരുമാനിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് അവര്‍ക്ക് മാത്രമല്ല, നാട്ടുകാര്‍ക്കും ആശ്വാസകരമാകും. അപരിചിതരായ 10ലക്ഷം തൊഴിലാളികള്‍ ഇവിടെ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരുടെ നിരീക്ഷണത്തിന് വിപുലമായ സംവിധാനം വേണമെന്ന് പോലീസധികൃതര്‍ മുന്‍പ് ആവശ്യപ്പെട്ടിരുന്നു. പോലീസ് സ്റ്റേഷനുകളില്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുക തന്നെയാണ് അതിന് ആദ്യം ചെയ്യേണ്ടത്. കുഴപ്പക്കാരെ പെട്ടെന്ന് പിടികൂടാനും യഥാര്‍ഥ തൊഴിലാളികള്‍ക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കാനും ഇത്തരം സംവിധാനങ്ങള്‍ സഹായകമാകും.
പ്രൊഫ് .ജോണ്‍ കുരാക്കാര്‍


No comments: