വായന ദിനം
പി.എന്‍ പണിക്കരുടെ
ഓര്‍മ ദിനം
വായനയ്ക്ക് സൗകര്യമൊരുക്കാന്‍ സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച പി.എന്‍. പണിക്കരുടെ ഓര്‍മകള്‍ അയവിറക്കുന്ന വായനദിനത്തില്‍ ഏറ്റവും പ്രധാനം വായനയുടെ പ്രാധാന്യവും ആവശ്യകതയും തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്. ചിന്തയുടെ ഇന്ധനമാണ് വായന. എവിടെ വായന ഇല്ലാതാകുന്നുവോ അവിടെ ചിന്ത മരവിക്കുകയും സമൂഹം അധഃപതിക്കുകയും ചെയ്യും. നക്ഷത്രപ്രഭയുള്ള കാലവും ഉള്‍ക്കനമുള്ള രചനകളും മലയാളിക്ക് അവിസ്മരണീയമായ ഓര്‍മകളാണ്. അക്ഷരമെന്നാല്‍ ഒരിക്കലും നാശമില്ലാത്തത് എന്നാണ്. മറ്റൊരു മാധ്യമത്തിനും വായനയെ ഇല്ലാതാക്കാനാവില്ല. നമ്മുടെ സമീപനത്തിലാണ് മാറ്റം വരേണ്ടത്. പണ്ടൊക്കെ കേരളീയ ജീവിതത്തെ സ്വാധീനിക്കാന്‍ ശക്തമായ ഗ്രാമീണ വായനശാലകളുംവായനക്കൂട്ടങ്ങളുമൊക്കെയുണ്ടായിരുന്നു. എന്നാല്‍, ഇന്നവയൊക്കെ നിഷ്‌നപ്രഭമാകുന്നുവെന്നത് ഏറേ വേദനജനകമാണ്- വായനക്കൂട്ടം ഓര്‍മിപ്പിച്ചു. കോടിക്കണക്കിന് രൂപ ചെലവഴിച്ചാലും ചിത്രീകരിക്കാന്‍ കഴിയാത്ത ഉദാത്തവും അതിമനോഹരവുമായ ലോകത്തെ വരച്ചുകാട്ടാന്‍ കഴിയുമെന്നതാണ് വായനയുടെ സവിശേഷത. ടെക്‌നോളജിയുടെ അനന്തസാധ്യതകളില്‍ വായന നഷ്ടപ്പെടാതിരിക്കുവാന്‍ സോദ്ദേശ്യപരമായ ശ്രമങ്ങളുണ്ടാവണം. മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ വരമായ വിവരം നേടാനും മനുഷ്യനെ സംസ്‌കരിക്കാനും വായനയ്ക്കുള്ള കഴിവ് അപാരമാണെന്നും ഈ രംഗത്ത് സമകാലിക സമൂഹം അലംഭാവം കാണിക്കരുതെന്നും വായനക്കൂട്ടം ഓര്‍മിപ്പിച്ചു.
മലയാളിയുടെ വായന സംസ്‌കാരത്തിന്റെ ശേഷിപ്പും തിരിച്ചറിവും ശക്തിപ്പെടുത്തുവാനുള്ള അവസരമാണ് വായനദിനം. അറിവിന്റെ വിശാലമായ ലോകത്തേക്കുള്ള താക്കോലാണ് വായന. വായിക്കുന്നവരാണ് യഥാര്‍ഥ നേതാക്കളെന്ന വാക്യം അന്വര്‍ഥമാക്കണം. വായിക്കാനാഹ്വാനം ചെയ്താണ് ഖുര്‍ആന്‍ അവതരണം തന്നെ ആരംഭിച്ചത്. വായനയുടെ അനന്ത സാധ്യതകളെ തിരിച്ചറിഞ്ഞ് അതിന്റെ ഗുണഭോക്താക്കളാകുവാന്‍ പ്രവാസികള്‍ പരിശ്രമിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. മലയാളികളില്‍ വായന അന്യമാകുന്നു എന്ന വിലാപങ്ങള്‍ക്കൊന്നും വലിയ അര്‍ഥമില്ല. വായനയുടെ തലങ്ങളില്‍ മാത്രമാണ് മാറ്റം വരുന്നത്. വിശാലമായ മാനങ്ങളുള്ള ഒരു പ്രക്രിയയാണ് വായന. കഥയും കവിതയും നോവലും സര്‍ഗ രച നകളുമെന്നപോലെ തന്നെ പ്രകൃതിയുടെ ദൃശ്യവായനയും വൈകാരിക വായനയും വ്യത്യസ്തമായ തലങ്ങളാണ്.
എന്തിന് വായിക്കണം, എന്തു വായിക്കണം എന്നിത്യാദി ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി കണ്ടെത്തി കേവലം അറിവിനുമപ്പുറം തിരിച്ചറിവിലേക്ക് നയിക്കുന്ന വായനകളാണ് കാലാതീതമായി നിലനില്‍ക്കുക. അക്ഷരങ്ങളെ പ്രണയിക്കുന്ന ഓരോരുത്തര്‍ക്കും വായന അവാച്യമായ അനുഭൂതിയാണ് നല്‍കുന്നത്. വായിക്കുന്നതും വായനയ്ക്ക് പ്രചോദനമേകുന്നതും ഒരു പോലെ പുണ്യമാണ്. ഞാന്‍ സുഹൃത്തുക്കളുടെ അഭാവം പരിഹരിക്കുന്നത് പുസ്തകങ്ങളിലൂടെയാണെന്ന അംബേദ്കറുടെ പ്രസ്താവന പുസ്തകങ്ങളെ കൂട്ടുകാരാക്കാനുള്ള ആഹ്വാനമാണ്. സിജി ഖത്തര്‍ ചാപ്റ്റര്‍ സ്ഥാപക പ്രസിഡന്റ് കെ.പി. നൂറുദ്ദീന്‍, ജപ്പാന്‍ ടെക്സ്റ്റയില്‍സ് മാനേജിങ് ഡയറക്ടര്‍ എന്‍. വി. മമ്മു, സള്‍ഫര്‍ കെമിക്കല്‍സ് മാനേജിങ് ഡയറക്ടര്‍ എന്‍. കെ. എം. മുസ്തഫ സാഹിബ്, ഹാസല്‍ ഖത്തര്‍ ജനറല്‍ മാനേജര്‍ അബ്ദുല്‍ ഗഫൂര്‍, സൈനുല്‍ ആബിദ് ദാരിമി, അമാനുല്ല വടക്കാങ്ങര, എക്‌സിക്യൂട്ടീവ് അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment