Pages

Wednesday, June 20, 2012

SOCIAL ORGANISATION AND POLLUTION CONTROL


മാലിന്യ നിര്‍മാര്‍ജനംസാമൂഹ്യ സംഘടനകള്‍ കൂടി  രംഗത്ത്‌  വരണം


കേരളം  പകര്‍ച്ചവ്യാധികളുടെ  പിടിയില്‍  അകപെട്ടിരിക്കുകയാണ് .മഴക്കാലപൂര്‍വശുചീകരണം വേണ്ടതുപോലെ നടക്കാത്തതാണ്  കാരണം . കേരളത്തില്‍ പലേടത്തും മാലിന്യപ്രശ്‌നം വീണ്ടും രൂക്ഷമായിരിക്കുന്നു. സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനമില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ താത്കാലിക നടപടികളിലൂടെ ജനരോഷം ശമിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് ശിക്ഷാര്‍ഹമാക്കിയത് ഈ പ്രശ്‌നം ഗൗരവമായി കണ്ട് പരിഹരിക്കാന്‍ അധികൃതര്‍ മുന്നോട്ടുവരണമെന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍, നീതിപീഠത്തിന്റെയും സര്‍ക്കാറിന്റെയും നിബന്ധനകള്‍ പാലിക്കണമെന്നാഗ്രഹിക്കുന്നവരും അധികൃതരുടെ അനാസ്ഥ മൂലം വലയുകയാണ്. നഗരങ്ങളിലെന്നപോലെ നാട്ടിന്‍പുറങ്ങളിലും മാലിന്യം തള്ളാനോ സംസ്‌കരിക്കാനോ വഴി കാണാതെ വിഷമിക്കുന്നവരുണ്ട്. ഇതിന്റെ പരിഹാരം അധികൃതരുടെ ഇച്ഛാശക്തിയെയും ജനങ്ങളുടെ സഹകരണത്തെയും ആശ്രയിച്ചിരിക്കുന്നു. മാലിന്യസംസ്‌കരണത്തില്‍ കൂടുതല്‍ ജനകീയപങ്കാളിത്തം ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാകും. റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് മാലിന്യസംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്താന്‍ സബ്‌സിഡി നല്‍കാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തെ ഈ വഴിക്കുള്ള ചുവടുവെപ്പായികാണാം. ചെലവിന്റെ പകുതിയോ പരമാവധി ഒരു ലക്ഷം രൂപയോ ആണ് സബ്‌സിഡിയായി നല്‍കുക.
കോളനികള്‍, സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍,ഓഫീസുകള്‍, ഹോസ്റ്റല്‍, ഹോട്ടല്‍, കല്യാണമണ്ഡപങ്ങള്‍ തുടങ്ങിയവയ്ക്കും സബ്‌സിഡി കിട്ടും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പദ്ധതിക്ക് ശുചിത്വമിഷനാണ് സബ്‌സിഡി നല്‍കുക. ഉറവിട മാലിന്യസംസ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. അത് ശരിയാണെന്നതിന്റെ തെളിവാണ് പലേടത്തും ഇക്കാര്യത്തില്‍ വര്‍ധിച്ചുവരുന്ന പരാതികള്‍. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ശുചിത്വമിഷനെ ചുമതലപ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്. ജില്ലാതലത്തില്‍ ശുചിത്വമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ക്കാണ് ഇതിന്റെ ചുമതല. പുതിയ സംവിധാനം കാര്യക്ഷമമായിത്തന്നെ നടപ്പാക്കാന്‍ കഴിയണം. കേരളത്തിലെവിടെയും വീടുകളും മറ്റ് കെട്ടിടങ്ങളും പെരുകുകയാണ്. ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഗ്രാമങ്ങളില്‍പ്പോലും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പലേടത്തും പുഴകള്‍ക്കോ ജലാശയങ്ങള്‍ക്കോ സമീപമാണ് ഫ്ലാറ്റുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ചുറ്റും അല്പം പോലും സ്ഥലമില്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ മാലിന്യനിര്‍മാര്‍ജനപ്രശ്‌നം കൂടുതല്‍ അലട്ടും. വീടുകളുടെയും ഫ്ലാറ്റുകളുടെയും ആവശ്യം മുഴുവന്‍ നിറവേറ്റത്തക്കവിധം മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറെ ശ്രമകരമായിരിക്കും. അതുകൊണ്ടു തന്നെ ജനകീയ സഹകരണത്തോടെയുള്ള വികേന്ദ്രീകൃതപദ്ധതികള്‍ക്ക് പ്രസക്തിയേറുന്നു. സബ്‌സിഡി കിട്ടിയാല്‍ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും ക്വാര്‍ട്ടേഴ്‌സുകള്‍ക്കും മറ്റും മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്താന്‍ വലിയ പ്രയാസം ഉണ്ടാവില്ല. ഇതുവഴി ഓരോ പ്രദേശത്തെയും ആവശ്യവും സാഹചര്യവും അറിഞ്ഞ് സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയും. സംഘടനകളുടെയും മറ്റും മേല്‍നോട്ടത്തിലാവുമ്പോള്‍ അവയുടെ കുറ്റമറ്റ പ്രവര്‍ത്തനം ഉറപ്പാക്കുന്നതും എളുപ്പമാകും. പാര്‍പ്പിടങ്ങള്‍ മാത്രമല്ല, പരിസരങ്ങളും ശുചിയായി സൂക്ഷിക്കുന്നതിന് റെസിഡന്റ്‌സ് അസോസിയേഷനുകളും അതുപോലുള്ള മറ്റ് സംഘടനകളും മുന്നോട്ടു വരണം. പൊതുശുചിത്വത്തിന്റെ കാര്യത്തില്‍ അല്പംപോലും നിഷ്‌കര്‍ഷയില്ലാത്തവരാണ് കേരളീയരില്‍ പലരും. ഈ ദുശ്ശീലം മാറ്റിയെടുക്കുകയും ഉള്ള സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ത്തന്നെ സ്ഥിതി ഏറെ മെച്ചപ്പെടും. രണ്ടിനും പ്രേരണ ചെലുത്താനും ഇത്തരം സംഘടനകള്‍ വിചാരിച്ചാല്‍ കഴിയും. മാലിന്യ നിര്‍മാര്‍ജനത്തില്‍ സ്വന്തംപങ്കുവഹിക്കാന്‍ ഓരോരുത്തരും തയ്യാറായാലേ ഈ രംഗത്തെ ഏതു പദ്ധതിയും ലക്ഷ്യത്തിലെത്തൂ.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: