രാസ
വളം വില ഉയരുന്നു
കര്‍ഷകര്‍
വലയുന്നു

രാസവളത്തിന്
വീണ്ടും വില ഉയരുകയാണ്. പൊട്ടാഷ്, മിശ്രിത വളങ്ങള്‍ തുടങ്ങിയവയ്ക്ക്
ചാക്കൊന്നിന് 300 രൂപ വരെയാണ് ചില കമ്പനികള്‍ ഒറ്റയടിക്ക്
വില കൂട്ടിയിട്ടുള്ളത്. അസംസ്‌കൃതവസ്തുക്കള്‍ക്ക് വില ഉയര്‍ന്നതാണ് ഇതിനു
കാരണമെന്നാണ് പറയുന്നത്. വളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി
കുറച്ചതാണ് മറ്റൊരു കാരണം. അതെന്തുതന്നെയായാലും വളം വില ഇത്തരത്തില്‍
അനിയന്ത്രിതമായി കൂടുന്നത് കര്‍ഷകരെ അങ്ങേയറ്റം വിഷമിപ്പിക്കുന്നുണ്ട്. നെല്ലിനും
പച്ചക്കറികള്‍ക്കും ഉപയോഗിക്കുന്ന വളങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രധാനമായും വിലവര്‍ധന.
നെല്ല് ,പച്ചക്കറി ഉത്പാദനത്തില്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കേരളത്തിന് ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സംസ്ഥാനത്ത് പകുതി വിലയ്ക്ക് വിതരണം ചെയ്യുന്ന വളത്തിന്റെ പെര്‍മിറ്റ് യഥാസമയം ലഭ്യമായിട്ടില്ലെന്നും പരാതിയുണ്ട്. നെല്ല് പോലുള്ള ഹ്രസ്വകാല വിളകള്‍ക്ക് വളപ്രയോഗം കൃത്യസമയത്ത് തന്നെ വേണം. ഇത്തരം കാര്യങ്ങളില്‍ കര്‍ഷകരെ വലയ്ക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. കാര്‍ഷിക മേഖലയാണ് നാടിന്റെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ല് എന്നത് മറക്കരുത്. ഭക്ഷ്യോത്പാദനത്തില്‍ രാജ്യം സ്വയം പര്യാപ്തമാവുക എന്നത് പരമപ്രധാനമാണ്.
കൃഷി ഇല്ലാതാവുന്നതിനെക്കുറിച്ചും പാടം തരിശുഭൂമിയാകുന്നതിനെക്കുറിച്ചും ഭരണാധികാരികള്‍ ഖേദം പ്രകടിപ്പിക്കാറുണ്ട്. ആത്മാര്‍ഥതയോടെയാണ് ഇത് പറയുന്നതെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്, വളം വില വര്‍ധന പോലുള്ള കര്‍ഷകവിരുദ്ധമായ നടപടികള്‍ ഒഴിവാക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങള്‍ക്കെന്ന പോലെ രാസവളത്തിനും സബ്‌സിഡി ക്രമമായി കുറച്ചു കൊണ്ടുവരികയെന്നതാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നയം. സര്‍ക്കാറിന്റെ വില നിയന്ത്രണം എടുത്തുകളയുക വഴി പെട്രോള്‍ വില കൂടിയാല്‍ അതിന്റെ ഉപയോഗം കുറയുമെന്നും ഇത് ക്രൂഡ് ഇറക്കുമതി കുറയ്ക്കാന്‍ സഹായിക്കുമെന്നും കരുതാം. എന്നാല്‍ വളത്തിന് വില കൂടുന്നത് കാര്‍ഷികമേഖലയെ തളര്‍ത്തും. തരിശിടുന്ന പാടങ്ങള്‍ ഭൂമാഫിയ കൈയേറാന്‍ ഏറെ സമയം വേണ്ട. ഇത്തരത്തില്‍ നഷ്ടപ്പെട്ടു പോകുന്ന കൃഷിയിടങ്ങള്‍ പിന്നീട് തിരിച്ചുപിടിക്കാന്‍ സാധിച്ചെന്ന് വരില്ല. ഭക്ഷ്യവസ്തുക്കള്‍ക്കു വരെ അന്യരാജ്യങ്ങളെ ആശ്രയിക്കേണ്ടുന്ന അവസ്ഥയിലെത്തി നിന്നെന്നും വരും. സര്‍ക്കാര്‍ സ്വീകരിക്കുന്ന കര്‍ഷകവിരുദ്ധ നടപടികള്‍ ഇങ്ങനെ വളരെ ദൂരവ്യാപകമായ ഭവിഷ്യത്ത് സൃഷ്ടിക്കുന്നതായേക്കാം. ഇത്തവണ മണ്‍സൂണ്‍ വൈകിയത് രാജ്യത്തെ കാര്‍ഷിക മേഖലയെ തെല്ലൊന്നാശങ്കയിലാക്കിയിട്ടുണ്ട്. ഈയൊരു ഭീഷണി നിലനില്‍ക്കുമ്പോഴാണ് വളപ്രയോഗത്തിന് സമയമാകുമ്പോഴത്തെ ഈ വില വര്‍ധന. ജലസേചനത്തിലെ അപര്യാപ്തതയെ എങ്ങനെയെങ്കിലും മറികടക്കുമ്പോഴാകും കീടബാധ വിളയെ നശിപ്പിക്കുന്നത്. പലവിധ പ്രതികൂല സാഹചര്യങ്ങളെ നേരിട്ടാണ് കര്‍ഷകര്‍ കൃഷി നടത്തിക്കൊണ്ടു പോകുന്നത് എന്ന കാര്യം അവഗണിക്കാനാവില്ല.
രാസവളത്തിന് പകരം ജൈവവളത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാവുമോ എന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കേണ്ടതാണ്. ഖരമാലിന്യം വലിയൊരു പ്രശ്‌നമായി ഉയര്‍ന്നുവരുന്ന സമയമാണിത്. മാലിന്യം സംസ്‌കരിച്ച് ജൈവവളമാക്കുന്ന കാര്യം ഗൗരവത്തോടെ കാണണം. രാസവളത്തെ അപേക്ഷിച്ച് ജൈവവളത്തിന് പല ഗുണങ്ങളുമുണ്ട്. എന്നാല്‍ വ്യാപകമായ ഉപയോഗം പരിഗണിക്കുമ്പോള്‍ ചില വിഷമതകളുമുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്‌കരണ രീതി ശാസ്ത്രീയമാകണമെന്നതാണ് ഒരു പ്രധാന ഘടകം. വിവിധതരം അസംസ്‌കൃത വസ്തുക്കളില്‍ നിന്നുണ്ടാക്കുന്ന ജൈവവളങ്ങളില്‍ നിന്ന് സസ്യങ്ങള്‍ക്ക് കിട്ടുന്ന പോഷകാംശം എത്രയെന്ന് കൃത്യമായി പറയാനാവില്ലെന്നത് പ്രശ്‌നം സൃഷ്ടിച്ചേക്കും. സംസ്‌ക രണ ഘട്ടത്തില്‍ത്തന്നെ ഓരോ ബാച്ചിലും ജൈവവളത്തിന്റെ ഗുണനിലവാരം വിലയിരുത്താനും അത് രേഖപ്പെടുത്താനും സാധിക്കണം. രാസവളത്തില്‍ നിന്നുള്ള പോഷകാംശം വളരെപ്പെട്ടെന്ന് ജലത്തിലും മണ്ണിലും അലിഞ്ഞ് ചെടികളിലെത്തും. എന്നാല്‍ ജൈവവളത്തിലെ പോഷകവസ്തുക്കള്‍ പതുക്കെ മാത്രമേ മണ്ണില്‍ കലരുകയുള്ളൂ.
ഇക്കാര്യം കണക്കിലെടുത്ത് ദീര്‍ഘകാല വിളകള്‍ക്ക് ജൈവവളപ്രയോഗം പരമാവധി പ്രോത്സാഹിപ്പിക്കാവുന്നതാണ്. ഇക്കാര്യങ്ങളില്‍ ശാസ്ത്രീയമായ പഠനവും വിലയിരുത്തലും രാജ്യത്തെ കാര്‍ഷിക ശാസ്ത്രജ്ഞരുടെ കടമയാണ്. തുടര്‍ച്ചയായ രാസവളപ്രയോഗം മൂലം കീടബാധ കൂടുന്നതായി പരാതിയുണ്ട്. ഉത്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ പരിസ്ഥിതിയുമായി കലഹിക്കാത്ത കൃഷിരീതികള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനാവണം സര്‍ക്കാറിന്റെ ശ്രമം.
പ്രൊഫ്.ജോണ്‍
കുരാക്കാര്‍

No comments:
Post a Comment